ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 July 2019

ഏകലവ്യന്‍

ഏകലവ്യന്‍

ഒരിക്കല്‍ ശസ്ത്രവിദ്യയില്‍ കേമന്‍ ആരെന്നറിയാനായി ദ്രോണര്‍ പന്തയം നടത്തുന്നു. അങ്ങു ദൂരെ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കിളിയുടെ ഒരു കഴുത്തില്‍ അമ്പെയ്ത് കൊള്ളിക്കുക എന്നതായിരുന്നു പന്തയം. ദ്രോണര്‍ യുധിഷ്ടിരനോട് (ധര്‍മ്മപുത്രരോട്) എന്തു കാണാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നു, അങ്ങകലെ ഒരു വൃക്ഷം നില്‍ക്കുന്നത് കാണാന്‍ പറ്റും’ എന്ന് പറയുന്നു. അങ്ങിനെ ഓരോരുത്തരും വൃക്ഷവും ഇലകളും ഒക്കെയേ കാണുന്നുള്ളൂ. ഒടുവില്‍ അര്‍ജ്ജുനനോട് എന്തുകാണുന്നു എന്നു ചോദിക്കുമ്പോള്‍, കിളിയുടെ കഴുത്ത് കാണുന്നു’ എന്ന് പറയുന്നു. അപ്പോള്‍ ദ്രോണര്‍ അര്‍ജ്ജുനനോട് അമ്പെയ്യാന്‍ പറയുന്നു. അര്‍ജ്ജുനന്‍ കുറിക്ക് കിളിയുടെ കഴുത്തില്‍ തന്നെ അമ്പെയ്യുന്നു. ലോകൈക ധനുര്‍ധരനായി തീരട്ടെ എന്ന് ദ്രോണര്‍ അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നു.

പിന്നീടൊരിക്കല്‍ ദ്രോണര്‍ ഗംഗാനദിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മുതല ദ്രോണരുടെ കാലില്‍ പിടികൂടുന്നു, മറ്റു ശിഷ്യരെല്ലാം വിഷണ്ണരായി നില്‍ക്കുമ്പോള്‍ അര്‍ജ്ജുനന്‍ സധൈര്യം അമ്പെയ്ത് മുതലയെ കൊല്ലുന്നു. മനം തെളിഞ്ഞ ദ്രോണര്‍ അര്‍ജ്ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുക്കുന്നു.

ഇതിനിടയില്‍ ഒരിക്കല്‍ നിഷാധരാജാവായ ഹിരണ്യധനുസ്സിന്റെ മകന്‍ ഏകലവ്യന്‍ ദ്രോണരുടെ കീഴില്‍ വിദ്യ അഭ്യസിക്കാനാഗ്രഹിച്ച് വരുന്നു.

ഏകലവ്യന്റെ കഥ

ഏകലവ്യന്‍ കാട്ടുരാജനായ ഹിരണ്യധനു എന്ന കാട്ടുരാജന്റെ മകനായിരുന്നു. അദ്ദേഹം കൗരവരെ സഹായിക്കവെയാണു മരണമടഞ്ഞതും ഏകലവ്യന്‍ അച്ഛന്റെ മരണശേഷം അനന്തരാവകാശിയായിതീര്‍ന്നു. ഏകലവ്യനു ആയുധവിദ്യയിൽ ഭ്രമമായി. ഏകലവ്യനു ദ്രോണരുടെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണമെന്ന അദമ്യമായ ആഗ്രഹം വളര്‍ന്നു. ദ്രോണാചാര്യര്‍ തത് സമയം പാണ്ഡവകുമാരന്മാരെയും കൗരവകുമാരന്മാരേയും വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കയുമായിരുന്നു.

ഏകലവ്യന്‍ തന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ ഏകലവ്യനു മുന്നറിയിപ്പു നല്‍കി. ദ്രോണാചാര്യന്‍ രാജഗുരുവാണു. അദ്ദേഹം വിദ്യ അഭ്യസിക്കുമോ എന്ന കാര്യം സംശയമാണു. ഏകലവ്യനു തന്റെ ആഗ്രഹം വലുതായി തോന്നിയതിനാല്‍ അവന്‍ നേരെ ദ്രോണാചാര്യരെ കാണാന്‍ യാത്രയായി.

ദ്രോണാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഏകലവ്യന്‍ ഇദ്ദേഹം തന്നെയാണു തന്റെ ഗുരു എന്നു സ്വയം മനസ്സില്‍ നിനയ്ച്ചു അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു. ഏകലവ്യനെ കണ്ടമാത്രയില്‍ ദ്രോണാചാര്യര്‍ അവന്‍ ആരെന്നു മനസ്സിലാവുകയും ചെയ്‌തു. കാട്ടുരാജന്റെ മകന്‍. അദ്ദേഹം ഏകലവ്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു , ‘എന്താ എന്തിനായി നീ എന്നെ തേടി വന്നു?’ എന്നു അല്‍പ്പം പരിഭ്രമത്തോടെ ചോദിച്ചു. ഏകലവ്യന്‍ തനിക്കു അദ്ദേഹത്തിന്റെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണം എന്ന ആഗ്രഹം അറിയിച്ചു. ദ്രോണാചാര്യര്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അദ്ദേഹം ധര്‍മ്മ സങ്കടത്തിലായി വിദ്യ പകര്‍ന്നു കൊടുക്കാനുള്ളതാണു. ജാതിമതഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ വിദ്യാ ചോദിച്ചു വരുന്നവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണു ഒരു ഉത്തമ ഗുരുവിന്റെ ധര്‍മ്മവും. പക്ഷെ, ഇവിടെ താന്‍ നിസ്സഹായനാണെന്ന വസ്തുത അദ്ദേഹം ഓര്‍ത്തു. രാജശാസനത്തെ മറികടക്കുക എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനു തുല്യമാണു താനും. രാജപുത്രന്മാരെ വിദ്യ അഭ്യസിപ്പിക്കുക എങ്കിലും ഈ കൊച്ചു ബാലനോടെങ്ങിനെ അരുതെന്നു പറയാന്‍ അവന്‍ പഠിച്ചോട്ടെ, പക്ഷെ, തന്റെ കൂടെയല്ല തനിച്ചു. പക്ഷെ തന്റെ മാനസികമായ എല്ലാ അനുഗ്രഹങ്ങളും അവനുണ്ടാകും എന്നു മനസ്സില്‍ നിനയ്ച്ച്‌ ദ്രോണര്‍ ഏകലവ്യനോടു സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി. തനിക്കു ഒരേ സമയം രാജപുത്രന്മാരേയും ഏകലയനേയും ഒരുമിച്ച്‌ വിദ്യ പഠിപ്പിക്കാന്‍ അനുവാദമില്ലെന്നും എന്നാല്‍ നിന്റെ ആഗ്രഹപ്രകാരം സ്വയം അഭ്യാസം ചെയ്‌തു നിനക്കു വേണ്ടുന്ന ശസ്ര്ത വിദ്യ കരസ്ഥമാക്കിക്കൊള്ളുക എന്ന ആശീര്‍വ്വാദം നല്‍കി മടക്കി.

പോകും വഴി ഏകലവ്യന്റെ മനസ്സില്‍ ഗുരുവിനോടുള്ള ഭക്‌തി നിറഞ്ഞു നിന്നു. നോക്കുന്നിടങ്ങളിലൊക്കെ ഗുരുവിന്റെ മുഖം മാത്രമേ ഉള്ളൂ. കേള്‍ക്കുന്നതു ഗുരുവിന്റെ ശബ്ദംആ മനോനിലയിലിരുന്ന്‌ ഏകലവ്യന്‍ കളിമണ്ണാല്‍ തന്റെ ഗുരുനാഥന്റെ രൂപം തീര്‍ത്തു. ശരിയ്ക്കും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഗുരു! ഏകലവ്യന്‍ അറിയാതെ താഴെ വീണു നമസ്ക്കരിച്ചു. അവന്‍ പുതുപുഷ്പങ്ങള്‍ ശേഖരിച്ചു മാലകോര്‍ത്ത്‌ ആചാര്യനു ചാര്‍ത്തി. അദ്ദേഹത്തെ പുഷ്പങ്ങളാല്‍ അഭിഷേകം ചെയ്‌തു. ഗുരുദേവപ്രതിമയ്ക്കു മുന്നില്‍ നിന്ന്‌ ഏകലവ്യന്‍ തന്റെ അഭ്യാസം തുടങ്ങി. ഏതോ അദൃശ്യ ശക്‌തിയാലെന്ന വിധം ഏകലവ്യന്റെ ഓരോ തെറ്റുകളും തിരുത്തപ്പെട്ടു, അവന്‍ സകല വിധ കേട്ടറിവും കണ്ടറിവും ഉള്ള ശസ്ത്ര പ്രയോഗങ്ങളും കരസ്ഥമാക്കി.

ഒരിക്കല്‍ ഏകലവ്യന്‍ ഏകാന്ത ധ്യാനത്തില്‍ ഇരിക്കെ, അടുത്തു ഒരു ശ്വാനന്റെ ഇടതടവില്ലാത്ത കുരകേട്ടു. അത്‌ കാതുകള്‍ക്ക്‌ വളരെ അഗോചരമായി തോന്നുകയാല്‍ തന്റെ വില്ലെടുത്ത്‌ ശബ്ദം കേട്ട ദിക്കിലേയ്ക്ക്‌ തുടരെ തുടരെ ബാണം തൊടുത്തു വിട്ടു. പട്ടിയുടെ കുര നിന്നു. ഏകലവ്യന്‍ തന്റെ ധ്യാനം തുടരുന്നു. ശ്വാനന്‍ അര്‍ജ്ജുനന്റെ വേട്ടനായയായിരുന്നു. ദ്രോണാചാര്യരും അശ്വദ്ധാമാവും അര്‍ജ്ജുനനും കൂടി വേട്ടയ്ക്കായി അതുവഴി പോവുകയായിരുന്നു. അവര്‍ക്കു തുണയായി കൂടെയുണ്ടായിരുന്ന ശ്വാനനാണു കുരച്ചത്‌. ഏകലവ്യന്റെ വില്ലുകള്‍ കുറിക്കുതന്നെ കൊണ്ടു. പട്ടിയുടെ വായ കുത്തിക്കെട്ടിയ നിലയില്‍! അതു ദയനീയമായി കരയാന്‍ തുടങ്ങി.. അര്‍ജ്ജുനന്‍ വല്ലാത്ത ആകാംഷയുണ്ടായി. ശസ്ത്രവിദ്യയില്‍ തന്നെ ജയിക്കാന്‍ ലോകത്തില്‍ ആരും തന്നെയില്ലെന്നു ഗുരുനാധന്‍ തന്നെ വാക്കുപറഞ്ഞ ആത്മവിശ്വാസത്തിനു ഉലച്ചില്‍ തട്ടുന്ന ഒരു ദൃശ്യം.

ഈ കാട്ടില്‍ ഇത്രയും കഴിവുള്ളവന്‍ ആരെന്നറിയുവാനുള്ള ആഗ്രഹം ദ്രോണാചാര്യര്‍ക്കും അശ്വദ്ധാമാവിനും ഉണ്ടായി. അവര്‍ തേടിചെന്നു. അധികം ദൂരത്തല്ലാതെ അവര്‍ ഏകലവ്യന്‍ ധ്യാനിച്ചിരിക്കുന്നതു കണ്ടു. മുന്നില്‍ ദ്രോണാചാര്യന്റെ പൂജിക്കപ്പെട്ട വിഗ്രഹവും. അടുത്തു ചെന്നു. കാല്‍പ്പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഏകലവ്യനു വിശ്വസിക്കാനായില്ല. സാക്ഷാല്‍ ഗുരുദേവന്‍. അവന്‍ ഭക്‌തിയാല്‍ സര്‍വ്വം മറന്ന്‌ അദ്ദേഹത്തിന്റെ മുന്നില്‍ വീണു. ദ്രോണാചാര്യര്‍ അവനെ ആശീര്‍വ്വദിച്ചു. ‘നീ എവിടെ നിന്നു ഇതൊക്കെ കരസ്ഥമാക്കി?’ എന്ന ചോദ്യത്തിനു ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ ചൂണ്ടിക്കാട്ടി. ദ്രോണര്‍ക്ക്‌ വിശ്വസിക്കാനായില്ല. അദ്ദേഹം ചോദിച്ചു, “ശരി, നീ അഭ്യസിച്ച വിദ്യകള്‍ കാട്ടുക" എന്നു. ഏകലവ്യനു ഉത്സാഹമായി. അവന്‍ തന്റെ വിദ്യകള്‍ ഓരോന്നായി പ്രദര്‍ശ്ശിപ്പിക്കാന്‍ തുടങ്ങി. അര്‍ജ്ജുനനും അശ്വദ്ധാമാവും ദ്രോണാചാര്യരും അല്‍ഭുതപരതന്ത്രരായി നോക്കി നിന്നു. അര്‍ജ്ജുനനെ വെല്ലുന്ന കരവിരുത്‌! ദ്രോണര്‍ക്ക്‌ അഭിമാനവും അതേ സമയം ഭീതിയും തലപൊക്കി. വിളറി വെളുത്ത അര്‍ജ്ജുനന്റെ മുഖം അത്‌ കൂടുതല്‍ ദൃഢപ്പെടുത്തി. ഇത്‌ തനിക്കും ഏകലവ്യനും നന്നാല്ല. ആപത്തുണ്ടാക്കുകയേ ഉള്ളു. ഏകലവ്യന്റെ ഈ അറിവു രാജദ്രോഹത്തിനു തുല്യം. അദ്ദേഹം പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. പതിയെ ഏകലവ്യന്റെ  അടുത്തു ചെന്നു, അദ്ദേഹം അശീര്‍വ്വദിച്ചു, നീ ഏറ്റവും വലിയ വില്ലാളി തന്നെയാണു. അറിയേണ്ടതെല്ലാം അറിഞ്ഞ വില്ലാളി. നീ നിന്റെ ഗുരുവിന്റെ എന്തു ദക്ഷിണയാണു നല്‍കുക? ഏകലവ്യന്‍ പറഞ്ഞു എന്റെ ജീവനുള്‍പ്പെടെ എന്തും എന്ന്‌ ഇതുകേട്ടു ഗുരു ശാന്തനായി പറഞ്ഞു ശരി എങ്കില്‍ നിന്റെ വലതുകയ്യിലെ പെരുവിരല്‍ ഈ ഗുരുവിനു ദക്ഷിണയായി തരാമോ? എന്ന്‌.

ഏകലവ്യന്‍ ആദ്യം ഒന്നമ്പരന്നു. പെരുവിരലില്ലാതെ ത്ക്കെങ്ങിനെ തന്റെ കഴിവു പ്രയോജനപ്പെടുത്താനാവും ഉടന്‍ തന്നെ ആ ചിന്ത മാറി, ഗുരുഭക്‌തി നിറഞ്ഞു. ഗുരുവിന്റെ വായില്‍ നിന്നു തന്നെ അംഗീകാരം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക്‌ ഇനി ഇതില്‍ക്കൂടുതല്‍ എന്തു വിജയം വരിക്കാന്‍?! ഏകലവ്യന്‍ കണ്ണടച്ചു തുറക്കുന്നതിനകം തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ചു. ഹൃദയം കുളിര്‍ത്ത അദ്ദേഹം ഏകലവ്യനെ കെട്ടിപ്പിടിച്ചു ആശീര്‍വ്വദ്ദിച്ചു', “ലോകാവസാനം വരെ ഗുരു‍ഭക്‌തിക്കു ഉത്തമോദാഹരണമായി നിന്റെ പേര്‍ വിളങ്ങിനിക്കും കുട്ടീ.. നഷ്ടമായ പെരുവിരല്‍ കൊണ്ടു നേടാവുന്നതിലും വലിയ വീര നാമവും വീരസ്വര്‍ഗ്ഗവും തന്റെ ത്യാഗത്തിലൂടെ പെരുവിരലിലങ്കിലും നിനക്കാ വശ്യമായ വിദ്യകളൊക്കെ നിനക്ക്‌ ചെയ്യാനുമാകും”.

No comments:

Post a Comment