നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 25/108
പാരിവാലൂർ – പാഴൂർ പെരും തൃക്കോവിൽ
പാരിവാലൂരെന്ന ക്ഷേത്രം കണ്ടെത്താനായിട്ടില്ല. ആ പേര് രൂപാന്തരം പ്രാപിച്ച് പാഴൂരാകാൻ സാധ്യത കാണുന്നു. അവിടെയുള്ള പെരുംതൃക്കോവിൽ ക്ഷേത്രം പ്രസിദ്ധമാണ്. പാരി+ വാൽ+ ഊർ = പാരിവാലൂർ. ശുദ്ധിയുള്ള ഒരു കുമ്പിൾ ജലമെടുത്തിന്റെ സ്ഥലമെന്നാണ് അതിന്റെ അർത്ഥം. ക്ഷേത്രം മുവാറ്റുപുഴ ആറിന്റെ തീരത്താണ്. ക്ഷേത്രത്തിന്റെ. മുൻപിലും പിൻപിലും വടക്കുഭാഗത്തും നദിയൊഴുകുന്നു. പുണ്യജലപ്രവാഹത്താൽ ക്ഷേത്രസങ്കേതം പരിശുദ്ധ ശുദ്ധമാക്കുന്നു. ഈ പ്രദേശം മുഴുവൻ നമ്പൂതിരി ഭവനങ്ങൾ ആയിരുന്നു കൂറ് മത്സരം മൂത്തപ്പോൾ പന്നിയൂർ ഗ്രാമത്തിൽനിന്നും ഓടിപ്പോന്ന നമ്പൂതിരിമാരുടെ പരദേവതാക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. മുൻപ് 41 ഇല്ലക്കാരുണ്ടായിരുന്നു. ഇപ്പോൾ അതിൽ അവശേഷിക്കുന്നത് 14 ഇല്ലക്കാർ മാത്രമാണ്. പടുതോൾ, പാഴൂർ, കുറൂർ, പുളിമറ്റം, പനമിറ്റം, കാഞ്ഞിരപ്പിള്ളി മുതലായവയാണ്. അതിൽ പാഴൂര് ഇല്ലക്കാർ പുഴയെ ആവാഹിച്ച് കൊണ്ടുവരാൻ പോലും പ്രാപ്തനായിരുന്ന ശങ്കരാചാര്യസ്വാമികളുടെ അനുഗ്രഹം നേടിയിരുന്ന മാതൃ ഭവനമാണ്.
എറണാകുളം ജില്ലയിലെ പിറവത്തു നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് നീങ്ങി പെരുംതൃക്കോവിലപ്പൻ – പരമശിവൻ – പരിലസിക്കുന്നു. ക്ഷേത്രോത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യ കഥ ഇങ്ങനെയാണ്; പ്രസിദ്ധനായ ജ്യോതിഷ പണ്ഡിതൻ തലക്കുളത്ത് ഭട്ടതിരിക്ക് വിജാതീയ സ്ത്രീയിലുണ്ടായ പരമ്പരയാണ് പാഴൂർ കണിയാന്മാരെന്ന് പറയപ്പെടുന്നു. പാഴൂർ കണിയാൻ പറഞ്ഞാൽ പിന്നെ അതിൽ നീക്കുപോക്കില്ലെന്നാണ് വിശ്വാസം. ഒരിക്കൽ കണിയാന്റെ അടുത്ത് ഒരു നമ്പൂതിരി ജാതകം പരിശോധിക്കാൻ എത്തിച്ചേർന്നു. കണിയാന് നമ്പൂതിരിയെ കണ്ടപ്പോൾതന്നെ കാര്യം മനസ്സിലായി. മുഖത്ത് മരണലക്ഷണമുണ്ടായിരുന്നുവത്രേ ! ഇവിടെ ഇരുത്തി താമസിപ്പിച്ചാൽ മരിച്ചുപോയേക്കുമോ എന്നുപോലും സംശയമായി. പിറ്റേന്ന് വരാൻ പറഞ്ഞു തിരുമേനിയെ മടക്കിയയച്ചു. തിരുമേനി പെരുംതൃക്കോവിൽ ചെന്ന് ഭഗവാനെ തൊഴുത് രാത്രി അവിടെ കഴിച്ചുകൂട്ടി. ക്ഷേത്രം നാശോന്മുഖമായി കിടക്കുകയായിരുന്നു. നനയാതെ കിടക്കാൻ പോലും അവിടെ ബുദ്ധിമുട്ടായിരുന്നു. ഈ മഹാക്ഷേത്രം നന്നാക്കണമെന്ന് തിരുമേനി മനസ്സിൽ തീരുമാനിച്ചു . നേരം വെളുത്തു തിരുമേനി ദർശനം കഴിഞ്ഞ് കണിയാന്റ അടുത്തുവന്നു. കണിയാൻ അത്ഭുതപ്പെട്ടു ! തിരുമേനി വലിയൊരു പുണ്യകർമ്മം ആരംഭിച്ചിരിക്കണം അല്ലെങ്കിൽ രാത്രി തന്നെ അദ്ദേഹം മരിക്കേണ്ടതായിരുന്നു. ഈശ്വരേച്ഛ നിറവേറ്റാനുള്ള ഭാഗ്യമുണ്ട്. ശിവ ക്ഷേത്രം നിർമ്മിച്ച് അങ്ങ് ശതാഭിഷേകം കഴിഞ്ഞേ മരിക്കുകയുള്ളൂ. അതിന് പെരുംതൃക്കോവിലപ്പൻ അനുഗ്രഹിച്ചിരിക്കുന്നു. പൊയ്ക്കോളൂ ഇനി ജാതകം നോക്കേണ്ട. തിരുമേനി സന്തോഷ് അവിടെനിന്ന് പോയി. ഉടനെ ക്ഷേത്രം പണിതു. വൈക്കത്തെ മഹാദേവക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചത്. അത് വൈക്കം ഗ്രാമത്തോട് കിടപിടിക്കാനായിരുന്നു എന്നഭിപ്രായവും പ്രചാരത്തിലുണ്ട് .
വലിയ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമേകി ഭഗവാൻ ശിവലിംഗത്തിൽ സാന്നിധ്യമരുളുന്നു .അഞ്ചു പൂജയും ശീവേലിയും ഉണ്ട്. എല്ലാം ഒരു മഹാക്ഷേത്രത്തിന്റെ പദവിക്കൊത്തവണ്ണം ചിട്ടയോടെ നടന്നുവരുന്നു. ഉപദേവതകൾ ശാസ്താവ്, ശ്രീകൃഷ്ണൻ, ഗണപതി, നാഗൻ എന്നിവരാണ്. ശാസ്താവിന് ശിവനോടൊപ്പം പ്രാധാന്യമുണ്ട്. കുംഭമാസത്തിലാണ് ഉത്സവം. ശിവരാത്രി ആറാട്ട് ആറ് ദിവസത്തെയാണ് ഉത്സവം. ശിവനും ശാസ്താവിനും ഒപ്പമാണ് ഉത്സവം. രണ്ടുപേർക്കും ഒപ്പം കൊടികയറും. ഉത്സവം ഗംഭീരമായി കൊണ്ടാടുന്നു. ക്ഷേത്രത്തിൽ ധാര പ്രധാനമാണ് .പക്ഷേ ഇവിടെ ജലധാര പതിവില്ല. ശിവലിംഗത്തിൽ കൂവളത്തില വെച്ച് ശംഖ് തീർത്ഥം തളിക്കുകയേ പതിവുള്ളു .കാരണം പാർവ്വതി മണ്ണുകൊണ്ടുണ്ടാക്കിയ ശിവലിംഗമാണത്രേ പരശുരാമൻ പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിലെ ഉച്ചശീവേലിക്ക് ഇവിടെ ഒരു പ്രദക്ഷിണമേ പതിവുള്ളു .ക്ഷേത്രം നിർമ്മിച്ച തച്ചന്റെ തല ചെമ്പകശ്ശേരിരാജാവ് വെട്ടിയപ്പോൾ ഭഗവാനതറിഞ്ഞ് പെട്ടെന്ന് പ്രദക്ഷിണം നിർത്തിവച്ച് അവിടേക്ക് എഴുന്നുള്ളി എന്നാണ് ഐതിഹ്യം.
No comments:
Post a Comment