നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 20/108
അഷ്ടമംഗലം ശിവക്ഷേത്രം
തൃശൂർ നഗരത്തിൽനിന്നും കാഞ്ഞാണി ബസിൽ കയറി എൽത്തുരുത്ത് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും സെൻറ് അലോഷ്യസ് കോളേജിലേക്ക് പോകുന്ന വഴിക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ പിൻവശത്തുള്ള വിസ്തൃതമായ ക്ഷേത്ര പറമ്പിൽ എത്താം. പറമ്പിന്റെ കിഴക്കേ അറ്റത്താണ് ക്ഷേത്രം. ക്ഷേത്രത്തിന് ഗോപുരമോ അലങ്കാര കവാടമോ ഒന്നുംതന്നെയില്ല. പ്രവേശന ദ്വാരത്തിൽ ക്ഷേത്രത്തിന്റെയും ഉടമസ്ഥനായ ദേവസ്വം ബോർഡിന്റെയും പേര് എഴുതിവച്ച ബോർഡ് കാണാം.
വിശാലമായ മൈതാനത്തിലൂടെനടന്ന് ക്ഷേത്രനടയിലെത്താം. കിഴക്കോട്ടാണ് ദർശനം. മുന്നിൽ ഒരു വലിയ കുളമുണ്ട്. കരയിൽ ഒരാലും. ആലിനും ക്ഷേത്രത്തിനുമിടയ്ക്ക് വെട്ടുകല്ലിൽ മിനുസപ്പെടുത്തി പണിത വലിയ ബലിക്കല്ല് ഉണ്ട്. ആൽ മരത്തിനും കുളത്തിനും ബലിക്കല്ലിനുമെല്ലാം ശോക കഥകളെപറയാനുള്ളൂ.
ക്ഷേത്രത്തിലെ ദേവൻ ശിവലിംഗത്തിൽ സാന്നിധ്യം ചെയ്യുന്നു. ലിംഗത്തിന് പീഡനത്തിൽനിന്ന് രണ്ടടി ഉയരം കാണും. മനോഹരമായ വട്ടശ്രീകോവിൽ. കലാപരമായ മേന്മയൊന്നും പറയാനില്ലെങ്കിലും ശ്രീകോവിൽ തികച്ചും ശില്പചാതുരിയോടെ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹ മുണ്ട്. ഗർഭഗൃഹത്തിൽ ചുറ്റും നടക്കാവുന്ന രീതിയിൽ ഇടനാഴിയുണ്ട്. ഉപപ്രതിഷ്ഠകൾ ഒന്നും തന്നെ ഇല്ല .മുമ്പിൽ ചെറിയ നമസ്കാരമണ്ഡപമുണ്ട്. ചുറ്റമ്പലം ഇല്ല. അതിന്റെ സ്ഥാനത്ത് മതിൽ കെട്ടി ക്ഷേത്രത്തെ വിസ്തൃതമായ പറമ്പിൽനിന്ന് സംരക്ഷിച്ചിരിക്കുന്നു. കിഴക്കുഭാഗത്ത് കാണുന്ന വലിയമ്പലത്തിന്റെ ഒരുഭാഗത്ത് തിടപ്പള്ളിയും ക്ഷേത്ര കിണറും ഉണ്ട്. ശിവൻ രൗദ്രഭാവത്തിലായതുകൊണ്ടാണ് ക്ഷേത്രത്തിന് മുന്നിൽ കുളമുള്ളതത്രെ.! ഭഗവാൻ ജലത്തിലേക്ക് ദർശനം ചെയ്തിരിക്കുന്നു. തന്ത്രിസ്ഥാനം പുലിയന്നൂർ മനയിലേക്കാണ് രണ്ട് പൂജയുണ്ട്. കന്നി മാസത്തിലെ തിരുവാതിരക്ക് തന്ത്രിപൂജയും, ശിവരാത്രി ആഘോഷവും പതിവുണ്ട്.
No comments:
Post a Comment