മഹാക്ഷേത്രവും ക്ഷേത്രവും
"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ"
ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത്ഏതാണോ അതാണ് ക്ഷേത്രം. ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ് ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന് രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ് ക്ഷേത്രങ്ങൾ.
താന്ത്രികതയുടെ അടിസ്ഥാനമായ ഷഡ്ചക്രാധിഷ്ഠിത നിർമാണരീതിയെ അവലംബിച്ചും പൗരാണിക / വൈദിക / താന്ത്രിക രീതികളെ അവലംബിച്ചും പൂജകളും പ്രതിഷ്ഠകളും ഉള്ള ദേവാലയങ്ങൾ ക്ഷേത്രങ്ങളാകുന്നു. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.
സപരിവാരപ്രതിഷ്ഠ (ദേവനും അനുചരന്മാരും, ദിക്പാലകരും സഹിതം) പഞ്ചപ്രാകാരങ്ങൾ (ശ്രീകോവിൽ മുതലായവ) മഹാ ഗോപുരവും, ദേവവാഹനം, ദേവസ്വത്ത് ഇവ അഞ്ചു ലക്ഷണങ്ങളും ചേർന്ന ക്ഷേത്രങ്ങൾ മഹാക്ഷേത്രമെന്ന് അറിയപ്പെടുന്നു. പ്രായേണ നമ്മുടെ ഈശ്വരസങ്കല്പ്പത്തിന് പൂർണ്ണത നൽകുന്നത് മഹാക്ഷേത്രങ്ങളാണ്. എന്നാൽ പ്രാര്‍ത്ഥനയ്ക്കു മാത്രമുള്ള ഇടങ്ങളല്ല ക്ഷേത്രങ്ങള്‍. അതി ശക്തമായ ഊര്ജകേന്ദ്രങ്ങളാണിവ. ആര്‍ക്കും അവിടെ പോകാം, ആ ചൈതന്യത്തിൻ്റെ പങ്കുപറ്റാം.
ക്ഷേത്രത്തിൻ്റെ നിര്‍മ്മാണം എങ്ങനെ?
ക്ഷേത്രനിർമാണ ശാസ്ത്രത്തിൽ ഓരോന്നിനും അതിൻ്റേതാ വിധികളുണ്ട്. ആ വിധിപ്രകാരമായിരിക്കണം അതിൻ്റെ നിർമ്മാണം. വിഗ്രഹത്തിൻ്റെ രൂപം, വലിപ്പം, മുദ്ര, ഗർഹഗൃഹം, പ്രദക്ഷിണ പാത അങ്ങനെ ഓരോന്നിനും അതിൻ്റേതായ ശാസ്ത്രവിധികളുണ്ട്.
കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്.
1-അകത്തെ ബലിവട്ടം
2-അന്തഹാര / ചുറ്റമ്പലം / നാലമ്പലം
3-മധ്യഹാര / വിളക്കുമാടം
4-പുറത്തെ ബലിവട്ടം
5-മര്യാദ / പുറംമതിൽ
ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു.
തറയോട് ചേർന്നുള്ള പാദശില - കാലുകൾ
പാദോർദ്ധശില - അരക്കെട്ട്
ഗർഭഗൃഹം - ഉദരം
മേഖല - കടിതടം
നാലു തൂണുകൾ - നാലു കൈകൾ
ശ്രീകോവിലിനു മുൻപിലെ മണി - ജിഹ്വ
ശ്രീകോവിൽ - മുഖം
ശ്രീകോവിലിലെ ദീപം -പ്രാണൻ
ഓവ് - അപാനസ്ഥാനം
മേൽകൂര - ശിരസ്സ്
താഴികക്കുടം - കുടുമ
കൊടിമരം - കശേരുക്കളോട് കൂടിയ നട്ടെല്ല്
കൊടിമരക്കയർ - സുഷുമ്നാ നാഡി
കൊടിക്കൂറ - കുണ്ഡലിനീ
ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു.
മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്ര ശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം.
അന്നമയശരീരം - (ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്)
പ്രാണമയശരീരം - (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണവഴി)
കാമമയ ശരീരം - (വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽവട്ടം)
മനോമയ ശരീരം - (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം)
വിജ്ഞാനമയശരീരം - (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി)
ആനന്ദമയശരീരം - (സുഖവും ആനന്ദവും നൽകുന്നത് - അകത്തെ ബലിക്കൽ വട്ടം)
ചിന്മയ ശരീരം (ജീവാത്മാ - പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ)
No comments:
Post a Comment