മനുഷ്യജന്മം ആണ് പരമപദം പുൽകാനുള്ള ഏറ്റവും മികച്ച വഴി
"സ്ത്രീപുരുഷ സംയോഗ സമയത്ത് ലക്ഷക്കണക്കിന് പുരുഷരേതസ്സുകളിലൊന്ന് സ്ത്രീകളിലെ അണ്ഡവുമായി കൂടിക്കലർന്ന് ജരായു അഥവാ ഗർഭാവരണത്താൽ മൂടപ്പെടുന്നു.."
ഒരു ദിവസം കൊണ്ട് അത് കലലം അഥവാ ഗർഭപിണ്ഡമായി മാറുന്നു..
അഞ്ച് ദിവസം കൊണ്ട് അത് ബുദ്ബുദാകാരം അഥവാ കുമിളയുടെ രൂപം പ്രാപിക്കുന്നു..
അതിനുശേഷം മാംസപേശിത്വം കൈവരിക്കുന്നു..
25 ദിവസം കഴിയുമ്പോഴേക്കും അവയവങ്ങൾ ഉണ്ടാകുന്നു..
ഒരു മാസം കൊണ്ട് ഹൃദയം മിടിക്കുന്നു..
മൂന്ന് മാസം കൊണ്ട് അവയവങ്ങൾ തോറും സന്ധികൾ ഉണ്ടാകുന്നു... തലച്ചോറും രൂപപ്പെടുന്നു..
നാലാം മാസത്തിൽ കൈവിരലുകളും അഞ്ചാം മാസത്തിൽ ദന്തങ്ങൾ, നഖങ്ങൾ, ഗുഹ്യം, കണ്ണ് , ചെവിട്, മൂക്ക് ഇവയും രൂപപ്പെടുന്നു..
അതേ അഞ്ചാം മാസത്തിൽ തന്നെ ചൈതന്യബോധം ഉടലെടുക്കുന്നു..
എത്ര ആയിരം യോനികളിൽ ജനിച്ചു..
എത്രയെത്ര ഭാര്യമാർ, സന്താനങ്ങൾ, സമ്പാദ്യങ്ങൾ, അതെല്ലാം എവിടെ...! ധാർഷ്ട്യം കാണിച്ച ദേഹങ്ങളെവിടെ...!
ഈ ജന്മമെങ്കിലും ദൈവത്തിങ്കൽ അർപ്പിച്ചു കൊണ്ട് സത്കർമ്മങ്ങൾ ചെയ്ത് ജീവിക്കാൻ കഴിയണേ...
ഇനിയെന്നാണ് ഇവിടെ നിന്നും പുറത്ത് കടക്കുക..
ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ട് ഭഗവദ് സ്മരണകളുമായി കഴിയുന്നു...
ആറാം മാസത്തിൽ ചെവിടിന് സുഷിരങ്ങളും ഏഴാം മാസത്തിൽ ലിംഗം, യോനി , പൊക്കിൾ , മലദ്വാരം (മേഡ്രോപസ്ഥനാഭിപായുക്കളും) ഇവയും രൂപപ്പെടുന്നു..
എട്ടാം മാസത്തിൽ തലമുടിയും രോമങ്ങളും പ്രത്യക്ഷമാകുന്നു..
ഒമ്പതാം മാസത്തിൽ കരചരണാദികൾ ചലിച്ചു തുടങ്ങുന്നു..
പൊക്കിൾകൊടിയുടെ ദ്വാരത്തിലൂടെ (നാഭിസൂത്രാല്പരന്ധ്രേണ ) മാതാവിൽ നിന്ന് ആഹാരത്തിൻറ്റെ രസം സ്വീകരിച്ച് വളരുന്നു..
എങ്ങനെയെങ്കിലും ഇവിടുന്ന് പുറത്ത് എത്തിച്ചു തരണമേ.. പുറത്ത് വന്നു കഴിഞ്ഞാൽ ഭഗവദ് സേവനവുമായി കഴിയാമേ... ഇത്തവണയെങ്കിലും മോക്ഷം തരണേ ഭഗവാനേ എന്നും പ്രാർത്ഥിച്ച് പ്രസവവായുവിൻറ്റെ ബലത്താൽ വേദനയോടെ പുറത്തേക്ക് വരുന്നു..
എന്നാൽ ഇവിടെ എത്തി എല്ലാം സുരക്ഷിതമാണെന്ന് മനസ്സിലായാൽ വീണ്ടും പിടിവാശികൾ നിറഞ്ഞ ബാല്യത്തിലൂടെ ജീവിതം ആരംഭിക്കുകയായി...
മാതാപിതാക്കളുടെ സംരക്ഷണത്തിലാണെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും നിയന്ത്രണങ്ങൾക്കും ഒത്തുള്ള ബാല്യകാലത്തിൽ നിന്ന് കൗമാര - യൗവ്വനത്തിലേക്കെത്തുമ്പോൾ തന്നിഷ്ടത്തിൻറ്റേയും ധാർഷ്ട്യത്തിൻറ്റെയും ജീവിതം ആരംഭിക്കുന്നു...
ഇന്ദ്രിയങ്ങളുടെയും മനസ്സിൻറ്റെ തൃപ്തിയിലും സുഖം കണ്ടെത്തുന്നു... ഭൗതികലോകത്തിലെ പടുച്ചുഴിയിൽ പെടുന്നു...
ഇടക്കിടെ പ്രതിസന്ധികൾ വരുമ്പോൾ ഈശ്വരവിചാരം വരുന്നു.. ഭഗവാനേ രക്ഷിക്കണേ പോംവഴി കാണിച്ചു തരണേ എന്നും പറഞ്ഞ് വിലപിക്കുന്നു.. കാര്യം സാധിച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ തന്നെയാകുന്നു..
ആഗ്രഹങ്ങളുടെയും സാഫല്യത്തിൻറ്റെയും നിരാശകളുടെയും വേദനകളുടെയും യൗവ്വനം പിന്നിട്ട്... അവഗണനകളുടെയും ഒറ്റപ്പെടലിൻറ്റെയും പഴി കേൾക്കലുകളുടെയും വാർദ്ധക്യത്തിലെത്തുമ്പോൾ ഭഗവദ് സ്മരണകൾ വീണ്ടും വരുന്നു...
മുക്തിയുടെയും മോക്ഷത്തിൻറ്റെയും പോംവഴികൾ ആലോചിക്കുന്നു.. അപ്പഴേക്കും പലർക്കും മൃത്യു സംഭവിക്കുന്നു.. സംസാരസാഗരത്തിലെ വിഴുപ്പ് പേറി കഴിഞ്ഞവർ പുനരാവർത്തനത്തിന് വിധേയരാകുന്നു...
"ചെയ്ത സദ് കർമ്മങ്ങൾക്കനുസൃതമായി ഉപരി ലോകങ്ങളെ പുൽകുന്നു.."
"പുണ്യഫലങ്ങൾ ക്ഷയിക്കുമ്പോൾ ചന്ദ്രമണ്ഡലത്തിലെത്തിയിട്ട് അവിടെ നിന്ന് മഞ്ഞു തുള്ളികളായി ഭൂമിയിൽ പതിച്ച് ധാന്യങ്ങളിലെത്തുന്നു.."
"ചിലപ്പോൾ ആ ധാന്യങ്ങളെ പക്ഷികൾ ഭക്ഷിക്കുന്നു , ഒരുപക്ഷേ ആ പക്ഷികളെ ഏതെങ്കിലും മൃഗങ്ങൾ ഭക്ഷിക്കുന്നു.."
ആ മൃഗങ്ങൾ മണ്ണോടു ചേർന്ന് എല്ലാം മണ്ണായി മാറുന്നു.. അഗ്നിയിൽ ദഹിച്ച് ചാരമാകുന്നു.. വായുവിൽ ലയിക്കുന്നു.. " ശിലകളായി മാറുന്നു..
അല്ലെങ്കിൽ പക്ഷിയുടെ ഭക്ഷണ വിസർജ്യത്തിൽ പെട്ട് മണ്ണിൽ അലിയുന്നു... ചിലപ്പോൾ വായുവിലൂടെ പരാഗണം നടത്തപ്പെടുന്നു..
എന്തായാലും അഗ്നി, ജലം, വായു, മണ്ണ്, ആകാശം പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ, ജലാശയങ്ങൾ
അങ്ങനെ സകല ചരാചരങ്ങളിലും വസിച്ച ശേഷമാണ് പലപ്പോഴും മനുഷ്യജന്മം പുൽകുന്നത്...
അതുകൊണ്ട് അവരെല്ലാം നമ്മുടെ പിതൃക്കളാണ്..
അതിനാലാണ് അവയെല്ലാം പൂജിക്കപ്പെടുന്നത്..
മേൽപ്പറഞ്ഞവയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കുവാനും ഉപദ്രവിക്കുവാനും മനുഷ്യന് ഒരിക്കലും അവകാശമില്ല..
"ഇനി ധാന്യങ്ങൾ മനുഷ്യർ ഭക്ഷിച്ച് രക്തത്തിലലിഞ്ഞു എന്ന് കരുതിയാൽ അത് എല്ലായ്പ്പോഴും കുഞ്ഞുങ്ങളാകണം എന്നില്ല... ഭൂരിഭാഗം സമയങ്ങളിലും അത് മലമൂത്രവിസർജ്ജനങ്ങളായി മാറുന്നു..
ചെയ്ത കർമ്മങ്ങൾക്കനുസൃതമായി നൂറ് നൂറായിരം അസഹനീയമായ ജന്മജന്മാന്തരങ്ങൾക്ക് വിധേയമാകുന്നു..
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് ഭക്ഷണം പുരുഷരേതസ്സോ അണ്ഡമോ ആയി ഭവിക്കുന്നത്..
അതിനാൽ മനസ്സിലാക്കുക മനുഷ്യജന്മം ഒരു സൗഭാഗ്യം തന്നെയാണ്.. വെറുതെ പ്രത്യുൽപ്പാദനം നടത്തി സുഖദുഖങ്ങളിൽ പെട്ട് ഉഴലാനുള്ളതല്ല അത്...
ഈശ്വരസാക്ഷാത്കാരത്തിനുള്ള മികച്ച അവസരമാണ് മനുഷ്യജന്മം അതിനിടയിൽ മറ്റു കാര്യങ്ങളും കൃത്യമായി ചെയ്യണം എന്നു മാത്രം..
ചെറുപ്രായത്തിലേ സത്സംഗത്താലും ശ്രവണത്താലും അഭ്യാസത്താലും ദേഹാഭിമാനം വിടുക...
അൽപ്പം വൈകിയാലും ഇന്നു തന്നെ
ആത്മസാക്ഷാത്കാരത്തിനായി യത്നിക്കുക..
എത്ര വലിയ പ്രതിസന്ധിയിലും ദൈവം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ
സ്വാർത്ഥലാഭേച്ഛയില്ലാതെ..
കർമ്മനിരതനാവുക..
"അത്തരമൊരു സുവർണ അവസരമാണ് ഈ കാലഘട്ടം നിങ്ങൾക്ക് മുന്നിലേക്ക് വെച്ച് നീട്ടുന്നത്..
ദൈവം കൂടെയുണ്ട് എന്നുറപ്പായിട്ടും അലസരും നിരാശരും ദുഖിതരും ആകേണ്ട കാര്യമെന്താണ്..
എന്തിനാണ് മരണഭയം..!
ദേഹം സ്വീകരിച്ചാൽ എന്നെങ്കിലും അതുപേക്ഷിക്കണം എന്നുറപ്പല്ലേ..
എന്ത് കർമ്മം ചെയ്യുമ്പോഴും മറ്റു മനുഷ്യർ കാണട്ടെ അല്ലെങ്കിൽ കാണാത്ത രീതിയിൽ ചെയ്യാം എന്ന് കരുതുന്നതിലും നല്ലത്, എല്ലാം ദൈവം കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന് കരുതിക്കഴിഞ്ഞാൽ, അത് കളങ്കമില്ലാതെ പൂർത്തീകരിച്ച് ആ കർമ്മത്തിൽ ശോഭിക്കാൻ കഴിയില്ലേ..!
ആത്മസംതൃപ്തി ഉള്ളിലൊരു വികാരമായ് അനുഭവിച്ചറിയണം ഓരോ കർമ്മം ചെയ്യുമ്പോഴും..
"നിങ്ങൾക്ക് വേണ്ടതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു.. പരമപദം പുൽകാനുള്ള ഈ അതുല്യമായ അവസരത്തെ ഏറ്റവും ഉചിതമായി വിനിയോഗിക്കൂ....
വാനരൻമാരെ ഉദ്ബോധിപ്പിക്കുവാനായി മനുഷ്യജന്മത്തിൻറ്റെ അവസ്ഥാന്തരങ്ങളെ വിവരിച്ച് , തത്തുല്യമായ അവസരമാണ് നിങ്ങൾക്ക് കൈവന്നതെന്നും പറഞ്ഞ ശേഷം ജടായു അവിടെ നിന്നും പറന്നകന്നു...
(രാമായണം - ജടായു വാക്യം)
No comments:
Post a Comment