പൂജാമുറി ഒരുക്കുമ്പോള് - 03
നാലുകെട്ട് നിർമ്മാണരീതിയാണ് കേരളത്തിന്റെ ഗൃഹരൂപകല്പനയ്ക്ക് പ്രധാനമായും ഉപയോഗിച്ചുവന്നിരുന്നത്. അങ്ങനെ വരുമ്പോൾ ശാസ്ത്രപ്രകാരം ഒരു നാലുകെട്ടിന്റെ വടക്കിനിയിലോ, കിഴക്കിനിയിലോ ആണ് പരദേവതയെ ഭജിക്കേണ്ടത്. അതായത് പൂജാമുറി, പൂജാസ്ഥാനം അഥവാ പ്രാർത്ഥനാമുറി എന്നിവയ്ക്ക് ഗൃഹത്തിന്റെ വടക്കുവശത്തോ, കിഴക്കുവശത്തോ ആണ് ഉത്തമമായി സ്ഥാനം കാണേണ്ടത്. എന്നാൽ തെക്കിനിയിലും പടിഞ്ഞാറ്റിനിയിലും പരദേവതാ ഭജനം ദോഷമാണെന്ന് ശാസ്ത്രത്തിൽ പറയുന്നില്ല. വാസ്തുശാസ്ത്രപ്രകാരം സമചതുരമോ, ദീർഘചതുരമോ ആയ ഒരു വീടിന്റെ വടക്കുകിഴക്കേ മൂല(ഈശാനകോൺ) മുതൽ തെക്കുപടിഞ്ഞാറെ മൂല (നിര്യതികോൺ) വരെയുള്ള കിഴക്കും തെക്കും വശങ്ങളിൽ പൂജാമുറി കിഴക്ക് വശത്ത് പടിഞ്ഞാറോട്ട് ദർശനമായും തെക്കുപടിഞ്ഞാറെ മൂല മുതൽ വടക്കുകിഴക്കേ മൂലവരെയുള്ള പടിഞ്ഞാറും വടക്കു ദിക്കുകളിൽ കിഴക്കോട്ട് ദർശനമായും സ്ഥാനം നിശ്ചയിക്കേണ്ടതാണ്.
അതായത് ഗൃഹത്തിന്റെ കിഴക്കുവശത്തോ, തെക്കുവശത്തോ ഉള്ള മുറികൾ പൂജാമുറിയായി ഉപയോഗിക്കുമ്പോൾ പടങ്ങളും വിഗ്രഹങ്ങളും മൂർത്തികളും മറ്റും കിഴക്കുഭിത്തിയിൽ പടിഞ്ഞാട്ടു തിരിച്ചുവെക്കുകയാണ് ഉത്തമം. ഗൃഹത്തിന്റെ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറികളാണ് പൂജാമുറിയായി ഉപയോഗിക്കുന്നതെങ്കിൽ ഫോട്ടോയും മറ്റു വിഗ്രഹങ്ങളും പടിഞ്ഞാറെ ഭിത്തിയിൽ കിഴക്കോട്ടുതിരിച്ചുവെക്കുകയും ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ ചെയ്യുമ്പോൾ മാത്രമാണ് പൂജാമുറിക്ക് മുൻ വശത്തായി വീടിന്റെ ഭൂരിഭാഗം മുറികളും വരുന്നത്. അതായത് ദൈവങ്ങൾ നമ്മുടെ ഗൃഹത്തിനെ നോക്കിയിരിക്കുന്ന രീതിയിൽ വേണം പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കാൻ. ഇത്തരത്തിലുള്ള ഒരു പൂജാമുറിയിൽ സ്ഥാപിച്ച ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹങ്ങളും മറ്റും എപ്പോഴും നമ്മുടെ വീടിനെ നോക്കിക്കൊണ്ടേയിരിക്കും. വീടിന്റെ ഐശ്വര്യത്തിനുവേണ്ടിയാണ് പൂജാമുറി വെക്കുന്നത്. അത് ഗൃഹത്തിന്റെ മുൻഭാഗങ്ങളിലായാൽ പൂജാമുറിയിൽ നിന്നുള്ള ദർശനം കൂടുതലും പുറത്തേക്കായിരിക്കും. പൂജാമുറികൊണ്ടുള്ള ഐശ്വര്യം ഗൃഹത്തിനു കുറവായിരിക്കുമെന്നർത്ഥം.
അടുക്കളയുടെ അഥവാ ഊണ്മുറിയുടെ അടുത്ത് പൂജാമുറിവെക്കുന്നത് ശുഭകരമല്ല എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാൽ പണ്ടത്തെ ചിട്ടപ്രകാരം വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നത് ദൈവത്തിനുവേണ്ടിയാണെന്നും അവർക്കുനേദിച്ചതിനുശേഷം അതിന്റെ ഉച്ചിഷ്ടമാണ് നമ്മൾ കഴിക്കുന്നതെന്നുമാണ് ശരിയായ സങ്കല്പം. അതുകൊണ്ടുതന്നെ പൂജാസ്ഥാനവും പ്രാർത്ഥനാമുറിയും അടുക്കളയുടെയും ഊൺതളത്തിന്റെയും അടുത്താകുന്നതിൽ ദോഷമില്ല.
എന്നാൽ പഴയരീതിയിൽ പടിഞ്ഞാറ്റി മച്ചിൽ കുടിയിരുത്തിയിട്ടുള്ള പരദേവതാസങ്കല്പമോ, പീഠംവെച്ചുള്ള ആരാധനയോ, ഉപാസനയോ ഉണ്ടെങ്കിൽ അശുദ്ധി വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൂജാസ്ഥാനമോ, പ്രാർത്ഥനാമുറിയോ, വിളക്കുമാത്രം കൊളുത്തിവെച്ച് ആരാധിക്കുന്ന രീതിയിലുള്ള പൂജാമുറിയോ ആണെങ്കിൽ വീടിന്റെ രണ്ടാം നിലയിൽ ആയാലും വിരോധമില്ല. എന്നാൽ ഗൃഹത്തിൽവെച്ച് പൂജയോ ഹോമങ്ങളോ നടത്തുമ്പോൾ അത് താഴത്തെ നിലയിൽ തന്നെ നടത്തേണ്ടതാണ്. അതാത് ഭൂസ്പർശം ഉള്ളിടത്ത്വേണം എന്നതാണ് ശാസ്ത്രം.
No comments:
Post a Comment