ആഴ്ചയിൽ ഒരു വട്ടമെങ്കിലും സകുടുംബ ക്ഷേത്ര ദർശനം ശീലമാക്കരുതോ...?
"തദസ്യാനീ കമുത ചാരു നാമാപീച്യം വര്‍ദ്ധതേ നപ്തുരപാമ്
യമിന്ധതേ യുവതയ: സമിത്ഥാ ഹിരണ്യവര്‍ണം ഘൃതമന്നമസ്യ
അസ്മൈ ബഹുനാമവമായ സഖേ യജ്ഞൈര്വിധേമ നമസാ ഹവിര്‍ഭി:
സംസാനു മാര്‍ജ്മീ ദിധിഷാമി ബില്‍മൈര്‍ദധാമ്യനൈ: പരി വന്ദ ഋഗ്ഭി:"
"അഴകുള്ള ശരീരത്തോടുകൂടിയ അങ്ങയുടെ നാമവും അഴക് നിറഞ്ഞതാണ്. വീഴ്ത്താത്തവനെന്നും നശിപ്പിക്കാത്തവനെന്നും അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് മേഘത്തിനിടയിലായി അങ്ങ് വസിക്കുന്നു. എപ്പോഴും തിളങ്ങിനില്‍ക്കുന്ന ശരീരത്തോടുകൂടിയ അങ്ങയില്‍നിന്നും ഒഴുകുന്ന വെള്ളം അതീവഹൃദ്യമാണ്. ദേവന്മാര്‍ക്ക് മുന്നിലായി എഴുന്നെള്ളുന്ന അങ്ങേയ്ക്ക് നമസ്ക്കാരം അര്‍പ്പിക്കട്ടെ... അങ്ങയുടെ സോപാനം വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അങ്ങയെ ഹവിസ്സുകള്‍ കൊണ്ടും വേദമന്ത്രങ്ങള്‍ കൊണ്ടും പ്രണമിക്കുന്നു...."
ഏതൊരു മന്ത്രങ്ങളിലും ദേവതയെ പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് സാരം. ദേവതകളെ പൂജിച്ച്, പ്രകീര്‍ത്തിച്ച്, തന്നാലാകുന്ന ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച് സകുടുംബബമായി പ്രാര്‍ത്ഥിക്കുന്നതിന്‍റെ ഗുണം നിങ്ങള്‍ക്ക് ആർക്കെങ്കിലും നാളിതുവരെ ലഭിച്ചിട്ടുണ്ടോ?
'ഇല്ല' എന്നായിരിക്കും മറുപടിയെങ്കില്‍ ഇതുകൂടി നിങ്ങള്‍ വായിച്ചിരിക്കണം.
കുടുംബാംഗങ്ങളോടൊപ്പം ആഴ്ചയിലൊരു ദിവസമെങ്കിലും ക്ഷേത്രദര്‍ശനം നിങ്ങള്‍ നടത്താറുണ്ടോ?
നിങ്ങളുടെ ഗ്രാമദേവതയ്ക്ക് സമര്‍പ്പിക്കാനുള്ള പൂമാലയോ അല്ലെങ്കില്‍ അല്പം പുഷ്പമോ അല്ലെങ്കില്‍ അല്പം എണ്ണയോ നെയ്യോ അതുമല്ലെങ്കില്‍ ഇതെല്ലാമായോ ആഴ്ചയിലൊരുദിവസം നിങ്ങളുടെ ഗ്രാമക്ഷേത്രം സന്ദര്‍ശിച്ച് നിങ്ങളിവ ആ ദേവന് അല്ലെങ്കില്‍ ദേവിയ്ക്ക് നല്‍കി ആയുരാരോഗ്യ സൗഖ്യത്തിന് പ്രാര്‍ത്ഥിക്കാറുണ്ടോ?
നിങ്ങളുടെ ഗ്രാമത്തില്‍ 500 കുടുംബങ്ങളുണ്ടെന്ന് കരുതുക. ഇവരെ ഓരോ ആഴ്ചയിലും ആ ക്ഷേത്രത്തിലെ പ്രാധാന്യമുള്ള ദിവസത്തില്‍ ദര്‍ശനത്തിന് എത്താവുന്ന തരത്തില്‍ നാലോ എട്ടോ പതിനാറോ കുടുംബങ്ങളായി ഗ്രൂപ്പു തിരിക്കുക. ശുദ്ധം/അശുദ്ധം/പുല/വാലായ്മ എന്നിവകൂടി ശ്രദ്ധിച്ചുകൊണ്ട് ആ കുടുംബങ്ങള്‍ എല്ലാവരും അവരവര്‍ക്ക് പറഞ്ഞിരിക്കുന്ന ദിവസം നിശ്ചയമായും ആഴ്ചയിൽ ഓരോ ദിവസവും കൃത്യസമയത്ത് ക്ഷേത്രദര്‍ശനം നടത്തുക. മറ്റുള്ളവര്‍ക്കും സൗകര്യാര്‍ത്ഥം ദര്‍ശനമാകാം, മുൻകൂറായി തെരഞ്ഞെടുത്ത ദിവസത്തിൽ അസൗകര്യം ഉണ്ടെങ്കിൽ.
ഇങ്ങനെയെങ്കില്‍ നിങ്ങളുടെ ക്ഷേത്രം ആഴ്ചയിൽ ഒരുദിവസമെങ്കിലും ദിവസമെങ്കിലും ദേശവാസികളായ ഭക്തജനങ്ങളെക്കൊണ്ട് നിറയും. സകുടുംബമായെത്തുന്നതിനാല്‍ ക്ഷേത്രനടയില്‍വെച്ച് സുഹുർത്ബന്ധം, പരിചയം എന്നിവ പുതുക്കുകയും ചെയ്യാം.
നമ്മുടെ പരിസരപ്രദേശങ്ങളിലേക്ക് ഒന്ന്‍ തിരിഞ്ഞുനോക്കൂ; മറ്റ് മതസ്ഥര്‍ എങ്ങനെയാണ് അവരുടെ ദേവാലയങ്ങളില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തുന്നതെന്ന്. നിങ്ങളുടെ ഗ്രാമത്തിലെ പ്രധാനക്ഷേത്രത്തിലെ ഭാരവാഹികളുമായി ഒരുപക്ഷെ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. അല്ലെങ്കില്‍ അവിടുത്തെ പൂജാകര്‍മ്മിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. എന്നുകരുതി നിങ്ങളുടെ ഗ്രാമദേവതയുമായി നിങ്ങള്‍ ഭിന്നിപ്പിലല്ലാത്ത കാലത്തോളം, ഭക്തിയുള്ളിടത്തോളം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും അവിടെ സധൈര്യമെത്തി ദര്‍ശനം നടത്താമല്ലോ. വളർന്നു വരുന്ന ബാലികാ ബാലന്മാരേയും യുവതീയുവാക്കളേയും ക്ഷേത്ര ദർശനം ഒരു പതിവാക്കാൻ ശീലിപ്പിക്കുക, രാവിലെയോ വൈകീട്ടോ ഏതുമാകട്ടെ. ദേശവാസികൾ കൂട്ടമായെത്തുന്ന ദിവസവും സാമൂഹികമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനയുമല്ലേ ഏതൊരു ക്ഷേത്രത്തിന്‍റെയും പ്രശസ്തിക്ക് നിദാനം.
ശബരിമലയില്‍ ഭക്തജനങ്ങളുടെ ശരണംവിളിയും ഗുരുവായൂരിലെയും അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെയും നാരായണജപവും ശാക്തേയക്ഷേത്രങ്ങളിലെ ദേവീസ്തുതികളും (അതുപോലെ മറ്റ് ക്ഷേത്രങ്ങളും) മുഖരിതമാകുമ്പോള്‍ ആ ക്ഷേത്രങ്ങള്‍ എത്ര പ്രശസ്തമാകുന്നുവെന്ന് പറയാതെതന്നെ നമുക്കേവര്‍ക്കും മനസ്സിലാകുന്നതാണ്.
കാളസര്‍പ്പദോഷത്തിന് പരിഹാരമായി ഏറ്റവും അടുത്തുള്ള ശിവക്ഷേത്രത്തില്‍ ജാതകന്‍ ജനിച്ച തിഥികളില്‍ കൂവളമാലയും കൂവളദളങ്ങള്‍ കൊണ്ട് മൃത്യുഞ്ജയാര്‍ച്ചനയും ചെയ്ത് വിജയം വരിക്കാമെന്നിരിക്കെ ആന്ധ്രാപ്രദേശിലെ കാളഹസ്തിയില്‍ പോകാനുള്ള തിടുക്കവും അല്ലെങ്കില്‍ അതിനുള്ള ഉപദേശവും ലഭിക്കുമ്പോള്‍ സത്യത്തില്‍ ഭക്തനും ധര്‍മ്മസങ്കടത്തിലാകുകയാണ് ചെയ്യുന്നത്.
സ്വന്തം ദേശത്തെ ദേവതയെ മറന്നുകൊണ്ടുള്ള യാതൊരു ഭക്തിയും നമ്മെ എവിടെയും കൊണ്ടെത്തിക്കുകയില്ല. "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ...." എന്ന വരികളില്‍ കൃത്യമായി പറഞ്ഞിരിക്കുന്നത് 'ഷഡാധാരങ്ങള്‍' തന്നെയാകുന്നു. അപ്പോള്‍ നമ്മള്‍ 'ഷഡാധാരങ്ങള്‍' എന്താണെന്ന് അറിയണം. ഇതിനെക്കുറിച്ചൊക്കെ പഠിക്കണമെങ്കില്‍ നാം നമ്മുടെ ഗ്രാമക്ഷേത്രങ്ങളിലെ കര്‍മ്മിയുമായി ഊഷ്മളമായൊരു 'ഗുരു-ശിഷ്യബന്ധം' ഉണ്ടാക്കേണ്ടതുണ്ട്. അതുമൂലം ഇന്ന് കേരളത്തിൽ ക്ഷയോന്മുഖമായി വർത്തിക്കുന്ന നിരവധി ചെറു ക്ഷേത്രങ്ങൾ അഭിവൃദ്ധിയിലെത്തും. ദേവസ്വം ബോർഡുകളുടെ ദൂരെയുള്ള പ്രശസ്ത ക്ഷേത്രങ്ങളേക്കാൾ എപ്പോഴും സ്വന്തം ദേശത്തുള്ള ചെറിയ ക്ഷേത്രങ്ങളാണ് നിങ്ങളോരോരുത്തരുടേയും ശ്രദ്ധാകേന്ദ്രങ്ങളാവേണ്ടത്.ഈശ്വരൻ സർവവ്യാപിയാണ്.
കോടികളുടെ മുതൽമുടക്കിൽ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടെന്ത് കാര്യം? കൂട്ടമായെത്തുന്ന ഭക്ത സമൂഹമില്ലെങ്കിൽ പിന്നെന്തിനാണ് കോടികളുടെ ക്ഷേത്രനിര്‍മ്മാണം?
ഇതുപോലെ കേരളത്തിലെ, ഗ്രാമീണ മേഖലയിലുള്ള സകല ചെറു ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ 'സകുടുംബ ക്ഷേത്രദര്‍ശനം' ഒരു പതിവാക്കി നടത്തിയാല്‍ ലഭിക്കുന്ന പുണ്യം നമുക്കും, കുടുംബത്തിനും, നമ്മുടെ തലമുറകള്‍ക്കും പിന്നെ നമ്മുടെ സംസ്കാര പാരമ്പര്യത്തിനും സർവോപരി നാടിനും സര്‍വ്വൈശ്വര്യം ലഭിക്കുന്നതിന് ഉതകുമെന്ന് അടിവരയിട്ട് പറയട്ടെ...
ഈ നവ ഉദ്യമത്തിലേക്ക് നമ്മുടെ നാട്ടിലെ സകല ക്ഷേത്രവിശ്വാസികളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയോടെ...
No comments:
Post a Comment