ശിവ മാഹാത്മ്യം. - 3
ആദിയോഗിയിൽ നിന്നാണ് യോഗ ഉത്ഭവിച്ചത്
പുരാതനകാലത് ഇന്ത്യ ഒരൊറ്റ രാജ്യമായിരുന്നില്ല. എന്നാലും അതിനെ ഭാരതവര്ഷം എന്ന ഒറ്റ ഘടകമായിട്ടാണ് കണ്ടിരുന്നത്. അതിലെ പ്രജകൾ ഒരേ മത വിശ്വാസികളോ, ഒരേ വർഗ്ഗത്തിൽ പെട്ടവരോ ഒരേ ഭാഷ സംസാരിക്കുന്നവരോ ആയിരുന്നില്ല. അവർ ഒരേ ഈശ്വരനെ അല്ല ആരാധിച്ചിരുന്നത്; രാഷ്ട്രീയമായും അവർ ഒന്നായിരുന്നില്ല. എന്നിട്ടും ഹിമാലയത്തിനു തെക്കുള്ള ഈ ഭൂവിഭാഗം ഭാരതവർഷം എന്ന് അറിയപ്പെട്ടു. അവർക്കുള്ളിലുണ്ടായിരുന്ന ആത്മീയ മനോഭാവം മൂലം അവർക്കിടയിൽ ഐകമത്യം നിലനിന്നിരുന്നു.
ആത്മീയ മനോഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് – നിങ്ങൾ എന്ത് തന്നെ ചെയ്യുകയാണെങ്കിലും, നിങ്ങളുടെ പ്രവൃത്തി ഏതു തരത്തിൽ പെട്ടതാണെങ്കിലും, നിങ്ങൾ ഒരു രാജാവാണെങ്കിലും ഒരു കൃഷിക്കാരനാണെങ്കിലും – നിങ്ങൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമേ ഉള്ളു – അത് മോക്ഷമാണ്. ഇന്നും, ഈ രാജ്യത്തെ സാധാരണക്കാരനായ കർഷകൻ പോലും മുക്തിയെക്കുറിച്ച് സംസാരിക്കും. ഈ രാജ്യത്ത് നടന്നിട്ടുള്ള അളവറ്റ ആത്മീയചര്യകളുടെ ഫലമാണത്. ഇതിനു കാരണക്കാരനായിട്ടുള്ള മനുഷ്യന്റെ ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശിവൻ.
യോഗ സംസ്കൃതിയിൽ ശിവനെ ഈശ്വരനായിട്ടല്ല കാണുന്നത്, ആദ്യത്തെ ഗുരു അഥവാ ആദിഗുരു ആയിട്ടാണ്. അദ്ദേഹം ആദിയോഗി അല്ലെങ്കിൽ ആദിഗുരു ആണ്. ബോധോദയം ലഭിച്ച അദ്ദേഹം ഉന്മത്തനായി മലമുകളിൽ നൃത്തമാടി; അല്ലെങ്കിൽ യാതൊരു അനക്കവുമില്ലാതെ ഇരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ട ദേവന്മാർക്ക് ഒരു കാര്യം വ്യക്തമായി – തങ്ങൾക്കറിയാത്ത എന്തോ ഒന്ന് അദ്ദേഹത്തിന് സംഭവിക്കുന്നുണ്ട്. “നമുക്ക് എന്തോ നഷ്ടമാകുന്നുണ്ട്” എന്നവർ മനസ്സിലാക്കി. അദ്ദേഹം ഈ മാർഗം അവരെ പഠിപ്പിക്കാൻ തയ്യാറായപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്ന ഓരോരുത്തർക്കും അവരവരുടെ തയ്യാറെടുപ്പിനു അനുസൃതമായ മാർഗങ്ങളാണ് പഠിപ്പിച്ചത്.
ശിവൻ ആദ്യം പഠിപ്പിച്ചത് തന്റെ പത്നിയായ പാർവതിയെയാണ്. ആ പഠനം ഒരു പ്രത്യേക അടുപ്പത്തോടെയാണ് നടത്തിയത്. സൗമ്യമായി, വിസ്തരിച്ച്, ശിവൻ യോഗയുടെ മാർഗ്ഗങ്ങൾ ദേവിയെ പഠിപ്പിച്ചു. ശിവന്റെ യോഗസൂത്രത്തിൽ ഓരോ സൂത്രത്തിലും അദ്ദേഹം ദേവിയെ തിളങ്ങുന്നവൾ, മുഗ്ധയായവൾ, സുന്ദരി എന്നൊക്കെ അധിസംബോധന ചെയ്യുന്നുണ്ട്. അതിനാൽ ഈ പഠനക്രിയ വളരെ അടുപ്പത്തിൽ ഉള്ളവർ തമ്മിൽ നടത്തിയതാണെന്നു നമുക്ക് മനസ്സിലാക്കാം. അടുപ്പത്തെ ലൈംഗികതയായി തെറ്റിദ്ധരിക്കരുത്. അടുപ്പമെന്നാൽ പ്രതിബന്ധമില്ലാതെ എന്നാണ് അർത്ഥമാക്കേണ്ടത്. നല്കപ്പെടുന്നതിനെ സ്വീകരിക്കുവാൻ ഇത്തരത്തിലുള്ള പഠിതാവ് എപ്പോഴും തയ്യാറാണ്
രണ്ടാമതായി യോഗയുടെ ചര്യകൾ പഠിപ്പിച്ചത് സപ്തർഷികളെയാണ് – ആദ്യത്തെ ഏഴ് ഋഷികൾ. കേദാര്നാഥിലേ കാന്തിസരോവറിന്റെ തീരത്താണ് ഈ പഠനം നടന്നത്. ഇവിടെയാണ് ലോകത്തിലെ ആദ്യത്തെ യോഗ പരിപാടി നടന്നത്. യോഗ എന്ന് പറയുമ്പോൾ ശരീരം വളയ്ക്കുന്നതിനെപറ്റിയും, ശ്വാസം പിടിക്കുന്നതിനെപറ്റിയും മറ്റും അല്ല ചിന്തിക്കേണ്ടത്. ഞാൻ ഒരു പ്രത്യേക വ്യായാമത്തെപ്പറ്റിയോ, സമ്പ്രദായത്തെ കുറിച്ചോ അല്ല പറയുന്നത്. സൃഷ്ടിയുടെ ശാസ്ത്രത്തെ പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങളാകുന്ന സൃഷ്ടിയെ അതിന്റെ ഏറ്റവും ഉന്നത തലത്തിലേക്ക് എങ്ങിനെ കൊണ്ടുപോകാം എന്നതിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രക്രിയകളിൽ പാടവം നേടുവാനാണ് ശ്രമിക്കുന്നത് – സൃഷ്ടിയിലും സംഹാരത്തിലും പരിണാമത്തിന്റെ ഏതു തലത്തിലാണ് ഒരാൾ നില്കുന്നത് എന്ന കാര്യം പ്രധാനമല്ല. – ഈ പ്രപഞ്ചത്തിലെ ഓരോരുത്തർക്കും അവരവരുടേതായ ഒരു മാർഗമുണ്ട്. ഇതാണ് യോഗയുടെ പ്രധാനപ്പെട്ട ഗുണം.മനുഷ്യന്റെ വിവേചനജ്ഞാനത്തിനു ഒരു പ്രത്യേകതയുണ്ട്. ഒരാൾ ഈ നിമിഷത്തിൽ ഏതു കാര്യവുമായിട്ടാണോ അടുത്തു ഇടപെടുന്നത് അതായിരിക്കും അയാളുടെ അനുഭവത്തിലുള്ള ഏക സത്യം.
No comments:
Post a Comment