ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2017

ഉപനിഷതകഥകൾ - 15 [ദമം ദാനം ദയ]

ഉപനിഷതകഥകൾ - 15

ദമം ദാനം ദയ

ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിങ്ങനെ മൂന്ന് കൂട്ടരും പ്രജാപതിയുടെ മക്കൾ ആണ്. മൂന്നുകൂട്ടരും സ്വഭാവത്തിൽ വിഭിന്നരായിരുന്നു. ഉത്തമഗുണകളും ദിവ്യശക്തികളും നിറഞ്ഞവരും സത്ത്വഗുണപ്രധാനികളുമാണ് ദേവന്മാർ. എങ്കിലും സ്വർഗീയ സുഖങ്ങളിൽ ആസക്തരാണ്.

എന്നാൽ മനുഷ്യരാകട്ടെ കാമികളും, ലോഭികളുമാണ്. ജന്മനാ മനസ്സുനിറയെ ഓരോരോഗ്രഹങ്ങളാണ്. എവിടെയും ലോഭാബുദ്ധിയോടു മാത്രമേ പ്രവർത്തിക്കുകയുള്ളു.

ലോഭാബുദ്ധി ഒട്ടുമില്ലാത്തവരാണ് അസുരന്മാർ. പക്ഷെ അഹങ്കരികളും ധാരാളികളുമാണ്. ദേവന്മാരെക്കാളും മനുഷ്യന്മാരെക്കാളും ബാഹുബലം കൂടുതൽ ആണ് അസുരന്മാർക്ക്. ശാരീരികമായ കരുത്തിൽ  അഹങ്കരിച്ചു നടക്കുന്നവർ. അധികം പേരും ക്രൂരനൻമാരും പരോപദ്രവകാരികളുമാണ്.

മൂവരും അവരുടെ സ്വഭാവവൈജാത്യം അനുസരിച്ചു ജീവിച്ചു പോന്നു. ക്രമേണ അവർക്കു ജീവിതത്തിൽ തൃപ്തിയില്ലാതെ ആയി. ഒന്നിലും ഒരു സുഖമില്ല. കൂടുതൽ കൂടുതൽ വിഷയസ്കതിയും ലോഭാബുദ്ധിയും ക്രൂരമനോഭാവവും വർദ്ധിക്കുകയാണ്.

എങ്ങനെയും കൂടുതൽ സുഖം നേടണം അതിനു എന്ത് ചെയ്യണം.? പിതാവായ പ്രജാപതിയുടെ അടുക്കൽ ബ്രഹ്മചാരിമാരായി വിദ്യാഭാസം നേടാൻ അവർ തീരുമാനിച്ചു. ആത്മജ്ഞാനത്തിനുള്ള ഉപായം അറിയുന്നതിനുവേണ്ടി ദേവന്മാരും അസുരന്മാരും മനുഷ്യരും ബ്രഹ്മചാരിമാരായി പ്രജാപതിയുടെ അടുത്ത് താമസം ആരംഭിച്ചു.

പണ്ടുകാലത്ത് ഗുരുകുല വിദ്യാഭാസം ആയിരുന്നെല്ലോ, ഏതൊരു വിദ്യയും ഗുരുമുഖത്തിനു നിന്ന് ലഭിക്കാൻ ഗുരുകുലത്തിൽ ബ്രഹ്മചാരിമാരായി  താമസിച്ചു യഥാവിധി ഗുരുശുശ്രൂഷ, നിത്യാനുഷ്ട്ങ്ങൾ, ആശ്രമപരിപാലനം തുടങ്ങിയവ ശ്രദ്ധയോടും ഭക്തിയോടും വിശ്വാസത്തോടും കൂടി കൃത്യമായി ചെയ്യണം. വിദ്യാസമ്പാദനത്തിനുള്ള യോഗ്യത തെളിയിച്ചതിനുശേഷമേ ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഉപദേശം കൊടുത്തിരുന്നുള്ളു. വിശ്വാസവും അനുഷ്ടാനവും ഇല്ലാത്തവരിൽ വിദ്യ ഫലിക്കുകയില്ല.

ബ്രഹ്മചര്യവാസം പൂർത്തിയാക്കിയ ദേവന്മാർ ദേവന്മാർ പ്രജാപതിയോടു പറഞ്ഞു.
 
"ഭഗവൻ, അങ്ങ് ഞങ്ങൾക്ക് ഉപദേശത്തെ നൽകിയാലും."

പ്രജാപതി ദേവന്മാരെ അരികിൽ വിളിച്ചിരുത്തി. എന്നിട്ടു "ദ" എന്ന ഒരക്ഷരത്തെ മാത്രം ഉപദേശമായി പറഞ്ഞുകൊടുത്തു. എന്നിട്ട് അവരോടു ചോദിച്ചു.

"എന്താ നിങ്ങൾക്ക് മനസിലായോ ഞാൻ ഉപദേശിച്ചതിന്റെ പൊരുൾ?"

ദേവന്മാർ നിസ്സംശയം തലയാട്ടി കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞങ്ങൾക്ക് മനസ്സിലായി, ദമം ശീലിക്കുവാനല്ലേ അവിടുന്ന് ഞങ്ങളോട് പറഞ്ഞത്."

പ്രജാപതി അവരെ അനുഗ്രഹിച്ചയച്ചു.

ദേവന്മാർ സുഖലോലുപരാണ്. അവർക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷെ ഇന്ദ്രിയങ്ങൾക്ക് അടക്കമില്ല. സ്വർഗസുഗാനുഭൂതിയിൽ അമഗ്നരാണ് അവർ. ഇന്ദ്രിയനിഗ്രഹമില്ലാത്തവർക്കു ആത്മജ്ഞാനം അസാധ്യമാണ്. പലവിധ ആപത്തുകളിൽ പതിക്കാൻ ഇടയുണ്ട്. അതുകൊണ്ടാണ് ആത്മജ്ഞാനം ആഗ്രഹിക്കുന്നവർ ആദ്യം ദമം ശീലിക്കണം എന്ന് ഉപദേശിക്കുന്നത്.

ദമം എന്ന് പറഞ്ഞാൽ ഭൗതികവിഷയങ്ങളിൽ ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളെയും, കർമ്മേന്ദ്രിയങ്ങളെയും വിഷയങ്ങളിൽ നിന്നും വൃത്തികളിൽനിന്നും പിൻവലിച്ചു അന്തർമുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രമില്ലാതെ ദേവന്മാർ "ദ" എന്ന് കേട്ടപ്പോൾ 'ദാമ്യത' എന്നാണ് പ്രജാപതി അവരോടു പറഞ്ഞത്.

പിന്നീട് ബ്രഹ്മചാരിയാവാസം കഴിഞ്ഞു മനുഷ്യർ പ്രജാപതിയെ സമീപിച്ചു. പ്രജാപതി മനുഷ്യരോടും "ദ" എന്നപദേശിച്ചു.

മനുഷ്യർക്ക് സന്തോഷമായി.

"നിങ്ങളക്ക് മനസ്സിലായോ." പ്രജാപതി ചോദിച്ചു.

"ഞങ്ങൾക്ക് മനസ്സിലായി. ദാനം പരിശീലിക്കുക എന്നാണ് അവിടുന്ന് ഉപദേശിക്കുന്നത്."

"ശരിയാണ്. നിങ്ങള്ക്ക് മനസ്സിലായി. ദാനം പരിശീലിക്കുക. ദാനം മനുഷ്യരെ ശ്രേഷ്ഠന്മാരാക്കും." പ്രജാപതിയുടെ അനുഗ്രഹം വാങ്ങി മനുഷ്യർ പിൻവാങ്ങി.     

സ്വതവേ ദാനവിമുഖരും ലോഭികളുമായതിനാൽ 'ദത്ത' (കൊടുക്കുക ) എന്നാണ് "ദ" എന്നതിന്റെ അർത്ഥംമെന്നു മനുഷ്യർ ധരിച്ചു.

ഒടുക്കം അസുരന്മാരും ആശ്രമവാസത്തിനുശേഷം പ്രജാപതിയെ ഉപദേശലബ്ദിക്കായി സമീപിച്ചു.

പ്രജാപതി അവർക്കു 'ദ' എന്നക്ഷരത്തെ ഉപദേശമായി നൽകി.

അസുരന്മാർ ക്രൂരസ്വാഭാവികൾ ആണ്. സ്വതവേ ദയയില്ലാത്തവരാണ്. അന്യരെ ഉപദ്രവിക്കുന്നതിനും മറ്റുള്ളവരുടെ സ്ഥാനമാനങ്ങൾ കരുത്തുകാട്ടി പിടിച്ചെടുക്കുന്നതിനും വൈമുഖ്യമൊന്നുമില്ല. അതുകൊണ്ട് 'ദ' എന്നക്ഷരത്തിന്റെ ഉപദേശത്തിലൂടെ ദയത്വം എന്നാണ് അസുരന്മാർ ധരിച്ചത്.

നിങ്ങൾക്ക് മനസ്സിലായോ? പ്രജാപതി ചോദിച്ചു.

"മനസ്സിലായി, ദയ ശീലിക്കണമെന്നാണ് അങ്ങ് ഞങ്ങളോട് ഉപദേശിക്കുന്നത്.

"ശരിയാണ്, നിങ്ങൾ ദയ ശീലിക്കണം." പ്രജാപതി അനുഗ്രഹിച്ചു,..

ദമം ദാനം ദയ ഇവ മൂന്നും ഒരു സത്യാന്വേഷിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. ഇവ ആദ്ധ്യാത്മിക സാധനയുടെ അംഗങ്ങളുമാണ്. ആകാശത്തു മഴമേഘങ്ങൾ ഗർജിക്കുന്നതു ശ്രദ്ധിക്കുക.

"ദ, ദ, ദ,  എന്നാണ് മേഘഗർജ്ജനം മുഴങ്ങുന്നത്. ദമ്യത ദത്ത ദയത്വം എന്നാണ് ഇടിമുഴക്കം വിളംബരം ചെയ്യുന്നത്. ദിവ്യ വാക്കുകളാകുന്ന ദമം, ദാനം, ദയ ഇവയാണ് ആകാശത്തുനിന്നും മുഴങ്ങികേൾക്കുന്നത്.

ദമം ശീലിക്കുവിൻ!
ദാനം ചെയ്യുവിൻ!
ദയയുള്ളവരായിരിക്കുവിൻ!

കാമത്തെ ജയിക്കുവാൻ ദമവും  ക്രോധത്തെ ജയിക്കുവാൻ ദയയും ലോഭത്തെ ജയിക്കുവാൻ ദാനംവും. കാമവും ക്രോധവും ലോഭവും ഏതൊരാളെയും നശിപ്പിക്കും. അതുകൊണ്ട് 'ദ' എന്നു തുടങ്ങുന്ന ഈ മൂന്ന് (ദമം ദാനം ദയ) സർവ്വരും അഭ്യസിക്കണം.

No comments:

Post a Comment