ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 February 2017

ഏകാദശി

ഏകാദശി

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.

ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശി വ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.

ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ്

⭐ ഉല്‍പ്പന്ന ഏകാദശി,
⭐ മോക്ഷദാ ഏകാദശി,
⭐ സഫലാ ഏകാദശി,
⭐ പുത്രദാഏകാദശി, 
⭐ ഷഡ്തിലാ ഏകാദശി
⭐ ജയ ഏകാദശി
⭐ വിജയ ഏകാദശി
⭐ ആമലകി ഏകാദശി
⭐ പാപമോചിനി ഏകാദശി
⭐ കാമദാ ഏകാദശി
⭐ വരൂഥിനി ഏകാദശി
⭐ മോഹിനി ഏകാദശി
⭐ അപരാ ഏകാദശി
⭐ നിര്‍ജ്ജലാ ഏകാദശി
⭐ യോഗിനി ഏകാദശി
⭐ പത്മ (ശയന) ഏകാദശി 
⭐ കാമികാ ഏകാദശി
⭐ പുത്രപ്രദാ ഏകാദശി
⭐ അജാ ഏകാദശി
⭐ പരിവര്‍ത്തിനി (പത്മനാഭ) ഏകാദശി
⭐ ഇന്ദിരാ ഏകാദശി
⭐ പാപാങ്കുശ ഏകാദശി
⭐ രമാ ഏകാദശി
⭐ ഹരിബോധിനി (ഉത്ഥാന)ഏകാദശി  എന്നിവയാണ്

കമല (പരമ) ഏകാദശി, പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്. ഈ മഹനീയ ഏകാദശികളുടെ നാമധേയങ്ങളോരോന്നും ഭക്തിപൂര്‍വ്വം ഉച്ഛരിക്കുന്നവര്‍ക്ക് ഏകാദശിവ്രതഫലം ലഭ്യമാകുമെന്നും വിശ്വാസമുണ്ട്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ - ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം.

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.

ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.

ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. ഇതില്‍ അസൂയമൂത്ത ദേവേന്ദ്രന്‍ അതിന് ഭംഗംവരുത്തുവാന്‍ രാജാവിന്റെ അടുത്തേയ്ക്ക് ഉഗ്രകോപിഷ്ഠനായ മുനിശ്രേഷ്ഠന്‍ ദുര്‍വ്വാസാവിനെ പറഞ്ഞയച്ചു. രാജാവിന്റെ സംവത്സരികവ്രതം അവസാനിയ്ക്കുന്ന ദ്വാദശിയില്‍ മഹര്‍ഷി ദുര്‍വ്വാസാവ് അവിടെ എത്തിച്ചേര്‍ന്നു. അങ്ങയെ കാല്‍ക്കഴുകിച്ചൂട്ടിയ ശേഷം വേണമെനിക്ക് പാരണ നടത്തി വ്രതമവസാനിപ്പിക്കാനെന്ന് മഹര്‍ഷിയെ രാജാവ് അറിയിച്ചു.

മഹര്‍ഷി അതിനു സമ്മതിച്ച് സ്‌നാനം ചെയ്യുന്നതിന് യമുനാനദീതീരത്തേയ്ക്കുപോയി. രാജാവിന്റെ വ്രതത്തിന് ഭംഗം വരുത്തുന്നതിന് മഹര്‍ഷി ദ്വാദശി കഴിയുന്നതുവരെയും എത്തിച്ചേര്‍ന്നില്ല. ധര്‍മ്മസങ്കടത്തിലായ മഹാരാജാവ് ദ്വാദശി അവസാനിയ്ക്കുവാനുള്ള സമയത്ത് ഈശ്വരധ്യാനത്തില്‍ മുഴുകി അല്പം തുളസീ തീര്‍ത്ഥമെടുത്ത് സേവിച്ചു. മഹര്‍ഷി എത്തുന്നതിനുമുന്‍പ് രാജാവ് പാരണവീട്ടിയതെന്നറിഞ്ഞ മഹര്‍ഷി കുപിതനായി തന്റെ തലയില്‍നിന്നും ജടപറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍നിന്നും രൂപം കൊണ്ട ദുര്‍ഭൂതം ഈശ്വരധ്യാനത്തില്‍ മുഴുകിയ രാജാവിന്റെ അടുത്തേയ്ക്ക് കുതിച്ചു.

ഈ സമയം അന്തരീക്ഷത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രം പാഞ്ഞെത്തി ദുര്‍ഭൂതത്തെ ഭസ്മീകരിച്ചു. തുടര്‍ന്ന് മഹര്‍ഷിയുടെ അടുത്തേക്ക് നീങ്ങിയ ചക്രത്തെ കണ്ട് ഭയന്നോടിയ മഹര്‍ഷി ശ്രീ ബ്രഹ്മാവിന്റെയും, ശ്രീ പരമേശ്വരന്റെയും, ശ്രീ മഹാവിഷ്ണുവിന്റെയും അടുത്തെത്തി അഭയം തേടി. ഒടുവില്‍ മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം അംബരീക്ഷമഹാരാജാവിന്റെ അടുത്തെത്തി മഹര്‍ഷി മാപ്പപേക്ഷിച്ച ശേഷമാണ് സുദര്‍ശനചക്രം പിന്‍വലിഞ്ഞത്. ഏകാദശി കഠിനവ്രതമനുഷ്ഠിച്ചതിന്റെ മഹത്വം ബോധ്യപ്പെട്ട മഹര്‍ഷി വ്രതാനുഷ്ഠാനത്തിന് മംഗളം നേര്‍ന്ന് അംബരീക്ഷ മഹാരാജാവിനെ അനുഗ്രഹിച്ചു.

ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഇവിടെ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ

വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.

ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ? വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.

ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.

No comments:

Post a Comment