അഗ്നിപുരാണം
പതിനെട്ടു പുരാണങ്ങളിൽ എട്ടാമത്തേത് ആണ് അഗ്നിപുരാണം അഥവാ ആഗ്നേയപുരാണം പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യംകൊണ്ടും മഹാപുരാണങ്ങളിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാൽ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാൻ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠൻ വേദവ്യാസനും, വേദവ്യാസൻ സൂതനും, സൂതൻ നൈമിശാരണ്യത്തിൽവച്ചു ശൌനകാദിമഹർഷിമാർക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതാതിൽ വിദഗ്ദ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.
383 അധ്യായങ്ങളും 15,000 ശ്ളോകങ്ങളുമടങ്ങിയ ഈ പുരാണത്തിൽ മതം, ദർശനം, രാഷ്ട്രമീമാംസ, കല, വിവിധശാസ്ത്രങ്ങൾ, അനുഷ്ഠാനങ്ങൾ, മന്ത്രങ്ങൾ എന്നു തുടങ്ങി അക്കാലത്തു ശ്രദ്ധേയമായിരുന്ന സകല വിഷയങ്ങളും സംഗ്രഹരൂപത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരു മഹാപുരാണമാണ് ഉപപുരാണമല്ല. വൈഷ്ണവം, ശൈവം മുതലായ ശാഖാശ്രിതങ്ങളായ ദർശനങ്ങൾക്കും ആരാധനകൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നുള്ളതാണ് മഹാപുരാണങ്ങൾക്ക് ഉപപുരാണങ്ങളെ അപേക്ഷിച്ചുള്ള ഒരു സവിശേഷത. ഇന്ന് ഉപലബ്ധമായ അഗ്നിപുരാണം ആദ്യം രചിതമായ രൂപത്തിലല്ലെന്നും, അതു സമാപ്തീകൃതമായശേഷം പല ശാസ്ത്രങ്ങളും ദർശനങ്ങളും മറ്റും കൂട്ടിച്ചേർത്തു പല ശതാബ്ദങ്ങൾക്കിടയിൽ വികസിപ്പിച്ചുകൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.
അഗ്നിപുരാണത്തിന്റെ ആഖ്യാനശൈലി മറ്റു പുരാണങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകൾ പലതും ഉണ്ട്. ആദ്യമായി ചില പ്രത്യേക വിഷയങ്ങൾ വിസ്തരിച്ചുവർണിക്കുന്ന പുരാണസഹജമായ പഴയ പ്രവണതയുപേക്ഷിച്ചു വിവിധ വിഷയങ്ങൾ സംഗ്രഹിച്ചു നിബന്ധിക്കുന്ന രീതിയാണ് അഗ്നിപുരാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ബ്രഹ്മാണ്ഡം, വായു, മത്സ്യം, വിഷ്ണു തുടങ്ങിയ പുരാണങ്ങളിൽ ഒരവതാരത്തിന് ഒന്നോ അതിലധികമോ അധ്യായങ്ങൾ വിനിയോഗിക്കുമ്പോൾ അഗ്നിപുരാണത്തിൽ വിഷ്ണുവിന്റെ മൂന്നവതാരങ്ങളെ ഒരു ചെറിയ അധ്യായത്തിൽ സംഗ്രഹിച്ചിരിക്കുകയാണ്.
രണ്ടാമതായി, സമകാലീനഭാരതത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ നേട്ടങ്ങളെ അഗ്നിപുരാണം പ്രതിഫലിപ്പിക്കുന്നു. അർവാചീനരായ വിദ്വാൻമാരുടെ ചിന്തകളെയും മഹാചിന്തകന്മാരുടെ ദർശനങ്ങളെയും അതു പ്രകാശിപ്പിക്കുന്നു. അഗ്നിപുരാണം ഈശാനകല്പത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് മത്സ്യ, സ്കന്ദപുരാണങ്ങളിൽ പറയുന്നു. എന്നാൽ ഇന്നു ലഭിച്ചിട്ടുള്ള അഗ്നിപുരാണത്തിൽ ഈശാനകല്പത്തെപ്പറ്റി യാതൊരു പരാമർശവുമില്ല; പ്രത്യുത വാരാഹകല്പത്തെപ്പറ്റി പരാമർശമുണ്ടുതാനും. അതിനാൽ പ്രസ്തുത പുരാണങ്ങൾ രണ്ടിലും പരാമൃഷ്ടമായ അഗ്നിപുരാണമല്ല ആ പേരിൽ ഇന്ന് ലഭിച്ചിരിക്കുന്നതെന്നു സ്പഷ്ടം. ഇതിനും പുറമേ, സ്മൃതിനിബന്ധങ്ങളിൽ അഗ്നിപുരാണത്തിൽ നിന്നുദ്ധരിച്ചിട്ടുള്ള ശ്ളോകങ്ങൾ ഇന്നത്തെ അഗ്നിപുരാണത്തിൽ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. തീർഥചിന്താമണിയിൽ അഗ്നിപുരാണത്തിൽ നിന്നുദ്ധരിച്ചിട്ടുള്ള ഒരു ശ്ളോകത്തിന്റെ വക്താവു സൂര്യനാണ്. ഇന്നത്തെ അഗ്നിപുരാണത്തിലാകട്ടെ സൂര്യൻ വക്താവായി ഒരു ഭാഗവുമില്ല. സ്മൃതിനിബന്ധത്തിൽ വസിഷ്ഠൻ അംബരീഷരാജാവിനോടുപദേശിക്കുന്നതായി അഗ്നിപുരാണത്തിലില്ല. ഇന്ന് കാണുന്നരൂപത്തിലുള്ള അഗ്നിപുരാണം ആദിരചനയുടെ യഥാർഥരൂപമല്ലെന്നും വിവിധ വിഷയങ്ങളുടെ സങ്കലനംകൊണ്ടും മറ്റും ക്രമേണ പരിണാമം പ്രാപിച്ചതാണെന്നും ഇക്കാരണങ്ങളാൽ വ്യക്തമാണ്.
No comments:
Post a Comment