ക്ഷേത്രത്തിന് സമീപം ഗൃഹം നിര്‍മ്മിക്കാമോ?
ക്ഷേത്രപരിസരം ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ല എന്ന് പൊതുവായ ഒരു വിശ്വാസമുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. ക്ഷേത്രദേവതയുടെ സ്വഭാവമനുസരിച്ചാണ് ഇതു നിര്‍ണ്ണയിക്കേണ്ടത്. മൂര്‍ത്തികള്‍ പ്രധാനമായി ഉഗ്ര(രൌദ്ര) ദേവന്മാരും, സൌമ്യ(സാത്വിക) ദേവന്മാരും ഉണ്ട്.
വിഷ്ണോ: പൃഷ്റെ ച വാമേ നരഭവന-
മനര്ത്ഥപ്രദം ദക്ഷിണേ ചാ-
പ്യഗ്രേ ഭാഗേ ച കാളിനരഹരിശിവതത്-
ഭിന്ന സര്വ്വോഗ്രമൂര്ത്തെ:
ആര്യോ നിമ്ന സ്ഥലസ്തോ യദി മനുജഗൃഹം
ദക്ഷിണേ ᶋ ഗ്രേ ᶋ സ്യ തസ്മാ-
ദ്യുച്ചത്വം നേഷ്ടമിഷ്ടം നികടമപി തദ-
ന്യത്ര തത് പാദഭാജാം
(മനുഷ്യാലയ ചന്ദ്രിക അദ്ധ്യായം 1, ശ്ലോകം 28)
മഹാവിഷ്ണു, വൈഷ്ണവ അവതാരങ്ങള്‍, ദേവി ഒക്കെ സാത്വിക ഗണത്തില്‍പ്പെടുന്നു. സുബ്രഹ്മണ്യനെയും ഗണപതിയേയും ഇതിൽപ്പെ ടുത്തുന്നു. ശിവന്, ഭദ്രകാളി, നരസിംഹം പ്രധാനമായി ഉഗ്ര മൂര്‍ത്തികളായി കരുതുന്നു.
ഉഗ്രദേവതമാരുടെ വലത്തുമുന്നില് ഗൃഹം നിഷിദ്ധമാണ്. ഇടത്ത് പിന്നിലായി ഉത്തമം. ഇടത്തുഭാഗത്ത് മുന്നിലും, വലത്തു പിന്നിലും മദ്ധ്യമം. ഇവിടെ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കു നോക്കുന്ന ദിശയാണ് മുന്നില്‍, പിന്നില്‍, ഇടത്ത്, വലത്ത് എന്ന് വിവക്ഷിക്കുന്നത്. അതായത് പ്രതിഷ്ഠ ചെയ്തിരിക്കുന്ന ദേവതയുടെ ദിശയനുസരിച്ചാണ്.
സാത്വിക ദേവതകളുടെ ഇടത്ത് പിന്നില്‍ പാടില്ല. വലത്ത് മുന്നിലാണ് ഉത്തമം. ഇടത്തു മുന്നിലും, വലത്തു പിന്നിലും മദ്ധ്യമം.
ശാസ്താവാണെങ്കില്‍, ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയേക്കാള്‍ ഉയര്‍ന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കില്‍, സൌമ്യനും, താഴ്ന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കില്‍ രൌദ്രമൂര്ത്തിയുമാണ്. ശാസ്താവിന് രണ്ടു ഭാവമുണ്ട്. ഗൃഹം പണിയുന്നതിന്റെ മുകളിലോ, താഴത്തോ എവിടെയാണ് ശാസ്താ ക്ഷേത്രം എന്നു നോക്കണം. അതനുസരിച്ച് ഗൃഹസ്ഥാനം നിര്‍ണ്ണയിക്കാം.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ താന്ത്രിക പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ്, സ്വയംഭൂ വിഗ്രഹമാണെങ്കില്‍, ക്ഷേത്രപരിസരം ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ല എന്നാണ് ആചാര്യ മതം.
ഗൃഹസ്ഥാശ്രമത്തെ വിഗണിച്ചുള്ള താന്ത്രികന്മാര് മുതലായ ദേവപരിചാരകര്ക്ക് ക്ഷേത്രപരിസരത്ത്, ഏതുഭാഗത്തും ഗൃഹം നിര്‍മ്മിച്ച് താമസിക്കാമെന്ന് ശാസ്ത്രത്തില്‍ പറയുന്നു.
ക്ഷേത്രസമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍, ക്ഷേത്രത്തേക്കാള്‍ ഉയരം ആകാമോ?
ദേവാലയത്തേക്കാള്‍ ഉയരത്തില്‍ മനുഷ്യാലയം നിര്‍മ്മിക്കാന്‍ പാടില്ല, പക്ഷേ സമമായി ചെയ്യുന്നതില്‍ വിരോധമില്ല എന്നു പറയുന്നു. അപ്പോള്‍. ക്ഷേത്രസമീപം രണ്ടുനില മുതല്‍ മാളികകളായി ഗൃഹം നിര്‍മ്മിക്കുന്നത് ശാസ്ത്രസിദ്ധം അല്ല. ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതില്‍ മാനദണ്ഡം. കൊടിമരത്തിന്റെ ഉയരമാണ് എന്ന് അഭിപ്രായമുണ്ട്. ശാസ്ത്രപ്രകാരം ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുള്ള താഴികക്കുടത്തിന്റെ അഗ്രഭാഗം വരെയുള്ള ഉയരം തന്നെയാണ് മാനദണ്ഡം.
സൌരയൂഥത്തിന്റെ ആകവേയുള്ള ഊര്‍ജ്ജം സ്വീകരിക്കാന്‍ പാകത്തിനുള്ള ഒരു ചൈതന്യകേന്ദ്രമാണ് ക്ഷേത്രം. അപ്പോള്‍ അതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കേണ്ട എന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
ക്ഷേത്ര കൊടിമരം ഒരു നല്ല വൈദ്യുത ചാലകമാണല്ലോ. അത് സമീപത്തുള്ള നിര്‍മ്മിതികളെ ഇടിമിന്നലില്‍ നിന്നും സംരക്ഷിക്കുന്നു. അതുകൊണ്ടാണ് അടുത്ത് അതിനേക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കരുത് എന്ന വാസ്തു നിര്‍ദ്ദേശത്തിന്റെ ശാസ്ത്രീയാടിസ്ഥാനം.
നെല്‍കൃഷി സ്ഥലം, പര്‍വ്വതം, ദേവാലയങ്ങള്‍, സമുദ്രം, നദി, ആശ്രമങ്ങള്‍, ഗ്രാമത്തിലെ തൊഴുത്ത്, പാറക്കെട്ട് ഇവയുടെ ഏറ്റവും സമീപം ഗൃഹനിര്‍മ്മാണം നിഷിദ്ധമാണ്.
ക്ഷേത്രത്തിന്റെ പുറം മതിലില്‍ നിന്നും 100 കോല് വിട്ട് ഗൃഹം നിര്‍മ്മിക്കുന്നത് ഉത്തമം. 80 കോല് വിട്ട് ചെയ്യുന്നത് മദ്ധ്യമം. 70ല്‍ താഴെ അധമം (1 കോല് = 72 cm). ഈ അകലം പാലിക്കുന്നത് ക്ഷേത്രശുദ്ധി പരിഗണിച്ചുകൂടിയാണ്.
ക്ഷേത്രസമീപം ഗൃഹം നിര്‍മ്മിച്ചു താമസിക്കുന്നവര്‍ സാത്വിക ജീവിതം നയിക്കണം. ശരീര, മന:ശുദ്ധി എപ്പോഴുമുണ്ടാവണം. എങ്കിലേ അവര്‍ക്ക് സന്തോഷവും, സമാധാനവും, ആരോഗ്യവും, ഐശ്വര്യവും നിലനില്ക്കുകയുള്ളൂ.
No comments:
Post a Comment