ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 May 2016

രാഹുകാലവും തെറ്റിദ്ധാരണകളും

രാഹുകാലവും തെറ്റിദ്ധാരണകളും


      കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
        ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം.
          ഈ ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.
         ജ്യോതിഷത്തില്‍ ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്‍ത്തന്നെ കേതുവിനേക്കാള്‍ സൌമ്യനായ രാഹുവിന് കൂടുതല്‍ പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്‍പ്പാരാധന, കാവുകള്‍ ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.
            കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്‍ രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്‍ പരദേശപക്ഷരീതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്‍ പതിക്കുന്ന ഈ സമയം ശുഭകാര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതര്‍ അനുശാസിക്കുന്നു.
             അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.
  ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്‍ രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര്‍ഥ രാഹുകാലത്തായിരിക്കും.
     രാഹുകാലം ഓര്‍ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്‍ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്‍ നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്‍ഘ്യം. താഴെപ്പറയുന്ന വാചകത്തിലെ വാക്കുകള്‍ ആഴ്ച ക്രമത്തില്‍ ഓര്‍ക്കുക.

Eleven Boys Have A Good Football Club
തിങ്കള്‍ - E (Eleven) അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണല്ലോ E. 5 നൊപ്പം അതിന്റെ പകുതിയും കൂടെ കൂട്ടുക. 5 + 2.5 = 7.5. ഒന്നര മണിക്കൂറാണല്ലോ രാഹുകാലം. അതിനാല്‍ തിങ്കളാഴ്ച ഏഴര മുതല്‍ ഒന്‍പതുവരെയാണ് രാഹുകാലം.
ചൊവ്വ - B (Boys) അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം. 2 ഉം അതിന്റെ പകുതിയായ 1 ഉം കൂട്ടിയാല്‍ 3 കിട്ടും. അങ്ങനെ അന്ന് രാഹുകാലം 3 മുതല്‍ 4.30 വരെ.
ബുധന്‍ - H (Have) അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. 8 + 4 = 12. അപ്പൊള്‍ 12 മുതല്‍ 1.30 വരെ രാഹു.
വ്യാഴം - A അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരം. 1 + .5 = 1.5. ഒന്നര മുതല്‍ മൂന്നുവരെ രാഹു.
വെള്ളി - G (Good) അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം. 7 + 3.5 = 10.5. രാഹുകാലം 10.30 മുതല്‍ 12 വരെ.
ശനി - F (Football) അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. 6 + 3 = 9. 9 മുതല്‍ 10.30 വരെ രാഹു.
ഞായര്‍ - C (Club) അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. 3 + 1.5 = 4.5. രാഹുകാലം നാലര മുതല്‍ 6 വരെ.
ഈ രീതിയില്‍ കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.
        ഉദയസമയമനുസരിച്ച് നോക്കുമ്പോള്‍ ഇതില്‍ വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്‍പും പിന്‍പും അരമണിക്കൂര്‍ കൂട്ടി സുരക്ഷിതമാക്കുന്നതാണ് നല്ലത്.

No comments:

Post a Comment