ജമദഗ്നിയും പരശുരാമനും
കുശാംബന്റെ പുത്രനായ ഗാഥിക്ക് സത്യവതി പുത്രിയായി പിറന്നു. അവളെ വേൾക്കാൻ ഋചീകൻ എന്ന മഹർഷി നൽകിയത് വരുണപ്രസാദത്താൽ നേടിയ ഒറ്റക്കാതു കറുത്ത ആയിരം കുതിരകൾ. തനിക്കൊപ്പം തന്റെ മാതാവിനു കൂടി പുത്രഭാഗ്യമുണ്ടാകണമെന്ന സത്യവതിയുടെ ആഗ്രഹത്താൽ മഹർഷി ഒരു ഹോമക്രിയ ചെയ്ത പ്രസാദം രണ്ടു പാത്രത്തിലാക്കി മന്ത്രം ചൊല്ലി നൽകി. ബ്രഹ്മതേജസ്സടങ്ങിയ പ്രസാദം സത്യവതിക്കും ക്ഷാത്രതേജസ്സടങ്ങിയ പ്രസാദം മാതാവിനുമായി നല്കി. പക്ഷേ പ്രസാദം അവർ മാറികഴിച്ചു. ഫലമായി സത്യവതി ജന്മം നല്കിയ ജമദഗ്നി ക്ഷാത്രതേജസ്വിയും മാതാവ് ജന്മം നല്കിയ വിശ്വാമിത്രൻ ബ്രഹ്മതേജസ്വിയുമായി.
ജമദഗ്നി മഹർഷി രേണുകയിൽ അനുരക്തനായി. അവർ വിവാഹിതരായി നർമ്മദാതീരത്തെ ആശ്രമത്തിൽ കഴിഞ്ഞു. അവർക്ക് നാലുപുത്രന്മാർ പിറന്നു, ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു, ഒടുവിൽ പരശുരാമനും.
ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി ബ്രഹ്മാവിനെ ചെന്നു കണ്ടു പറഞ്ഞപ്പോൾ ദേവന്മാരോടൊപ്പം ബ്രഹ്മാവും ഭൂമി ദേവിയും വിഷ്ണു ഭഗവാനെ കണ്ട് സങ്കടം പറഞ്ഞു. ഭഗവാൻ ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു ഭൂഭാരം തീർക്കാമെന്ന് പറഞ്ഞു. അങ്ങനെ രേണുകയിൽ വിഷ്ണു അവതാരമായി പരശുരാമൻ പിറന്നു.
ഒരിക്കൽ, വിശ്വകർമ്മാവ് വിഷ്ണുവിനും ശിവനും വളരെ ഭാരിച്ച ഓരോ വില്ല് നിർമ്മിച്ച് നല്കി. ശിവചാപം ശിവ ഭഗവാൻ ജനകരാജനു നല്കി. വിഷ്ണു ഭഗവാൻ തന്റെ വൈഷ്ണവ ചാപം ഋചീകനു നല്കി. അതുവഴി ജമദഗ്നിക്കും ജമദഗ്നിയിൽ നിന്നും പരശുരാമനിലും എത്തിച്ചേർന്നു.
ഒരു പ്രഭാതത്തിൽ , നദിയിൽ ജലം ശേഖരിക്കാൻ പോയ രേണുക സാല്വരാജാവായ ചിത്രരഥനും പത്നിയും നീരാടുന്നതു കണ്ടു. ആ ദമ്പതിമാരുടെ അഭൗമസൗന്ദര്യം നോക്കി നിന്നു പോയ രേണുക ആശ്രമത്തിൽ മടങ്ങി വരാൻ വൈകി. രേണുക സത്യം പറഞ്ഞു എങ്കിലും കോപം അടങ്ങാത്ത മഹർഷി മക്കളോട് മാതാവിനെ വധിക്കാൻ പറഞ്ഞു. നാലു മക്കളും കഴിയില്ല എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ പരശുരാമൻ തന്റെ മഴുവിനാൽ മാതാവിനെ വധിച്ചു. തന്റെ ആജ്ഞ നിറവേറ്റിയ മകനോട് ഇഷ്ടവരം ചോദിച്ചു കൊളളാൻ ജമദഗ്നി ആവശ്യപ്പെട്ടു. അമ്മയെ ജീവിപ്പിക്കാൻ ആവശ്യപ്പെട്ട മകന് മഹർഷി അത് സാധിച്ചു കൊടുത്തു.
രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് മടങ്ങിയ രാമനെ അനുഗമിച്ച മഹർഷിമാരിൽ ജമദഗ്നിയുമുണ്ടായിരുന്നു. ആർച്ചികൻ, ഭാർഗ്ഗവൻ, ഭൃഗുശാർദ്ദലൻ, ഭൃഗുശ്രേഷ്ഠൻ, ഭൃഗുത്തമൻ, ഋചീകപുത്രൻ എന്നിവ ജമദഗ്നിക്കു പര്യായങ്ങൾ.
തിലോത്തമയുടെ ശാപത്താൽ സഹസ്രാനീകന്റെ പത്നിയായ മൃഗാവതിക്ക് പതിനാലു വർഷം ഭർത്താവിനെ പിരിയേണ്ടിവന്നു. ഗർഭിണിയായിരിക്കേ ഒരു കൂറ്റൻ പരുന്ത് റാഞ്ചികൊണ്ടു പോയി ഉദയപർവ്വതത്തിലുപേഷിച്ച മൃഗാവതി ഒരു പെരുമ്പാമ്പിന്റെ പിടിയിലായി. ഒരു ദിവ്യപുരുഷൻ അവളെ രക്ഷിച്ച് ജമദഗ്നിയുടെ ആശ്രമത്തിൽ എത്തിച്ചു. അവൾക്ക് പിറന്ന പുത്രന് നാമം ഉദയനൻ. ഒരിക്കൽ ഒരു സർപ്പത്തെ പാമ്പാട്ടിയിൽ നിന്നു രക്ഷിക്കുന്നതിനു പ്രതിഫലമായി തന്റെ കൈയിലെ വള നല്കി. സഹസ്രാനീകന്റെ കൊട്ടാരത്തിൽ എത്തിയ ആ പാമ്പാട്ടിയുടെ കൈയ്യിലെ വള മൃഗാവതിയുടെതെന്ന് തിരിച്ചറിഞ്ഞ രാജാവ് ജമദഗ്നിയുടെ ആശ്രമത്തിലെത്തി ഭാര്യയെയും മകനേയും കൊട്ടാരത്തിൽ എത്തിച്ചു.
ഒരിക്കൽ നായാട്ടു കഴിഞ്ഞു തളർന്നെത്തിയ കാർത്തവീര്യാർജുനനും പരിവാരങ്ങൾക്കും അത്ഭുതധേനുവായ സുശീലയുടെ സഹായത്തോടെ ജമദഗ്നി മഹർഷി രാജകീയവിരുന്ന് നല്കി. സുശീലയിൽ മോഹമുദിച്ച കാർത്തവീര്യാർജുനൻ പശുവിനെ സ്വന്തമാക്കാൻ അർദ്ധരാജ്യം വരെ നല്കാമെന്ന് പറഞ്ഞു. മഹർഷി പശുവിനെ നല്കിയില്ല. മഹർഷിയെ കാർത്തവീര്യാർജ്ജുനന്റെ മന്ത്രിയായ ചന്ദ്രഗുപ്തൻ വധിച്ചു. മരിച്ചു കിടക്കുന്ന ഭർത്താവിനെ നോക്കി രേണുക ഇരുപത്തൊന്നുവട്ടം മാറത്തടിച്ച് നിലവിളിച്ചു. അതുകണ്ട് പരശുരാമൻ ഇരുപത്തൊന്ന് പ്രാവശ്യം ഭൂപ്രദക്ഷിണം ചെയ്യത് ക്ഷത്രിയന്മാരെ മുച്ചൂടും മുടിക്കുമെന്ന് ശപഥം ചെയ്തു.
ജമദഗ്നിയുടെ ശരീരം ചിതയിലാകവേ ശുക്രമഹർഷി വന്നു ജീവിപ്പിച്ചു. സുശീല സ്വന്തം ശക്തിയാൽ മറഞ്ഞു. സുശീലയുടെ കുട്ടിയെ കാർത്തവീര്യാർജുനന്റെ മഹീഷ്മതി ആക്രമിച്ചു കാർത്തവീര്യാർജുനനെയും കുറേ പുത്രന്മാരെയും വധിച്ചു പരശുരാമൻ വീണ്ടെടുത്തു. പരശതം ജീവനൊടുക്കിയതിന്റെ പാപം തീരാൻ മഹേന്ദ്രപുരിയിൽ പോയി തപസ്സു ചെയ്യാൻ പരശുരാമനോട് ജമദഗ്നി ആവശ്യപ്പെട്ടു. രാമൻ ആശ്രമത്തിൽ ഇല്ലാ എന്നറിഞ്ഞ് കാർത്തവീര്യാർജുനന്റെ പുത്രൻ ശൂരസേനൻ മഹർഷിയുടെ തല വെട്ടിയെടുത്തു. രേണുക ജീവനൊടുക്കി. അതോടെ രാമൻ ക്ഷത്രിയ കുലാന്തകനായി മാറി️.
ചിരജ്ഞീവിയായ ഭാർഗ്ഗവരാമ ചൈതന്യം ഭൂമിദേവിക്കു തുണയായി എക്കാലവും ഭാർഗ്ഗവക്ഷേത്രത്തിൽ കുടികൊളളുന്നു.
No comments:
Post a Comment