ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2020

സ്വപ്ന ദര്‍ശനവും അവയുടെ ഫലങ്ങളും

സ്വപ്ന ദര്‍ശനവും അവയുടെ ഫലങ്ങളും

സ്വപ്നങ്ങളുടെ സ്വാധീനം, സ്വപ്നഫലം ഇവ സഹസ്രാബ്ദങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിലും ഇതിനെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വപ്നത്തില്‍ കാണുന്ന സ്ഥലങ്ങള്‍, ആളുകള്‍, മൃഗങ്ങള്‍, മറ്റു ജീവികള്‍, നിറം, വസ്തുക്കള്‍, ദിക്ക്, സ്വപ്നത്തിലെ പ്രവർത്തികള്‍ തുടങ്ങിയവ ആധാരമാക്കിയാണ് ഫലം പറയുന്നത്. തനിക്ക് അറിവുള്ള കാര്യങ്ങളെപ്പറ്റിയുള്ള സ്വപ്നം ഇന്ദ്രിയസംബന്ധിയാണ്. അറിയാത്തതിനെ സ്വപ്നം കാണുന്നത് ഭാവിയിലുണ്ടാകാവുന്ന അനുഭവത്തെ സൂചിപ്പിക്കുന്നു. രാ‍ത്രി കണ്ട്, പെട്ടെന്ന് മറന്നുപോകുന്ന സ്വപ്നം നിഷ്ഫലവും പ്രഭാതത്തില്‍ കണ്ട സ്വപ്നം ഫലദായകവുമാണ്.

സ്വപ്നത്തില്‍ ശത്രുക്കളെ ജയിക്കുന്നതായി കണ്ടാല്‍ വിജയം ഉണ്ടാകും.

ദേവന്മാരെയും ബ്രാഹ്മണരെയും സജ്ജനങ്ങളെയും ജ്വലിക്കുന്ന അഗ്നിയും കന്യകയേയും ശുഭ്രവസ്ത്രം ധരിച്ച ബാലകരെയും കാണുന്നത് ശുഭം.

കുട, കണ്ണാടി, വിഷം, മാംസം, അമേധ്യം, കായകള്‍ ഇവ നേടുന്നതായി കാണുന്നത് ശുഭം.

മാളികയില്‍ കയറുന്നതും പശു, കുതിര ഇവയില്‍ ഏറുന്നതും നല്ല ഫലം കാണിക്കുന്നു.

നദിയും സമുദ്രവും ജലാശയവും കടക്കുന്നതായുള്ള കാഴ്ചകളും നല്ലത്.

അഗമ്യകളായുള്ള സ്ത്രീകളുമാ‍യി ബന്ധം, കരയുക, വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കല്‍, അഭിനന്ദനം നേടുക ഇവ കാര്യസിദ്ധി, ധനലബ്ധി ഇവ സൂചിപ്പിക്കുന്നു.

രക്തവും മദ്യവും കുടിക്കുന്നതായി കാണുന്നതും ധനയോഗസൂചകമാണ്.

ചന്ദനം, വെഞ്ചാമരം ഇവ കിട്ടുക, അട്ടയുടെ കടിയേറ്റതായി കാണുക ഇവ സന്താന ലാഭത്തെ കാണിക്കുന്നു.

നെയ്പായസം തിന്നതായി കാണുന്നവന് വിദ്യാ സമ്പത്ത് ലഭിക്കും.

ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം ഇവ കാണുന്നത് രോഗികള്‍ക്ക് ആരോഗ്യം നല്‍കും.

തൈര്, കുടം, അരി, പാല്‍ ഇവ നെടുന്നതായി കണ്ടാല്‍ ലക്ഷ്മീ കടാക്ഷം ലഭിക്കും.

പര്‍വതം പൊട്ടുന്നതായും പാപിയുടെ ഗ്രഹത്തില്‍ പോകുന്നതായും ചിതയിലും ഇരുട്ടുമുറിയിലും പ്രവേശിക്കുന്നതായും കാണുന്നവന് ജീവിതദുരിതം ഫലം.

കാഷായ വസ്ത്രം ധരിച്ചവര്‍, ചുവന്ന കണ്ണുള്ളവര്‍, കറുത്ത നിറമുള്ളവര്‍ ഇവരുടെ ദര്‍ശനവും നല്ലതല്ല.

ദുഷ്ടയും ആചാരകര്‍മ്മങ്ങളില്‍ വിമുഖയും നീണ്ട മുടിയും നീണ്ട വലിയ മുലകളും നഖവും ചെമന്നതല്ലാത്ത വസ്ത്രം ധരിച്ചതുമായ സ്ത്രീയെ സ്വപ്നം കണ്ടാല്‍ അടുത്ത രാത്രി തികഞ്ഞ് ജീവിക്കുകയില്ല എന്നറിയണം.

സൂര്യന്‍ ചന്ദ്രന്‍ ഇവര്‍ വീണതായി കാണുന്നത് സ്ഥാനഭ്രംശം സൂചിപ്പിക്കുന്നു.

ചൂരല്‍, വള്ളി, മുള ഇവ തനിക്കു ചുറ്റും പടര്‍ന്നതായി കണ്ടാല്‍ പ്രവ്രുത്തിരംഗത്ത് ശത്രുഭയം ഉറപ്പാണ്.

ഒഴുക്കില്പെട്ട് ഒലിച്ചു പോകുന്നത് നഷ്ട സൂചകം.

വിവാഹം കാണുന്നത് മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഇടയാക്കും.

വ്രുദ്ധനാകുക, ക്ഷൌരം ചെയ്യുക, ചെരിപ്പ് നശിക്കുക, സ്വര്‍ണ്ണം, ഇരുമ്പ് ഇവ ലഭിക്കുക ഇവ അനര്‍ഥസൂചകമാണ്. ഇപ്രകാരം സ്വപ്ന ഫലങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രൂരജന്തുക്കളുടെ ഉപദ്രവം കാണുന്നത് ആഭിചാരത്തെ സൂചിപ്പിക്കുന്നു.

ഗുഹ്യകജമായ സ്വപ്നം പിത്തരോഗത്തെയും ബാധോപദ്രവത്തെയും സൂചിപ്പിക്കുന്നു.

വര്‍ഷ കാലത്ത് രാത്രിയുടെ അന്ത്യത്തില്‍ സ്വപ്നം കാണുന്നത് വാതം കോപിക്കുമ്പോഴാണ്. പിത്തം കോപിച്ചാല്‍ മദ്ധ്യ സമയത്തും കഫം കോപിച്ചാല്‍ രാത്രിയുടെ അന്ത്യത്തില്‍ മിക്കപ്പൊഴും സ്വപ്നം കാണും.

ഉണര്‍ന്ന ശേഷം ഓര്‍മ്മിക്കുന്ന സ്വപ്നത്തിനു പൂര്‍ണ്ണ ഫലം ഉണ്ടാകും. ദുസ്വപ്നം കണ്ടതിന്‍റെ ദുരിതം (ഭാവിയിലെ പ്രശ്നങ്ങള്‍) ഒഴിവാക്കാനായി ദാനം, ഹോമം, ജപം തുടങ്ങിയവ സഹായിക്കുന്നു. സ്വപ്നഫല വിശകലനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സ്വപ്നം ഉപബോധ മനസ്സിന്‍റെ സ്രുഷ്ടിയാകയാല്‍ ഇതില്‍ നിന്നും ഒരാളുടെ വ്യക്തിത്വവും മനസ്സിലാക്കാം. രോഗ നിര്‍ണ്ണയത്തിലും ഈ ശാസ്ത്രം ഫലപ്രദമായി ഉപയോഗിക്കാം. പരിഹാരം ചെയ്യുന്നത് നിശ്ചിത വിധിപ്രകാരമാകുന്നത് ഉത്തമം.

No comments:

Post a Comment