മംഗല്യഭാഗ്യമേകും സൂര്യനാരായണക്ഷേത്രം
സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള കതിരൂരിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം. സൂര്യദശാകാലം നന്നാവാനും, സൂര്യന്റെ അനുഗ്രഹം സിദ്ധിക്കാനും ജാതകത്തിലുള്ള ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ഭക്തജനങ്ങള്‍ ഇവിടെ സന്ദർശിച്ച് പ്രാർഥന നടത്തുന്നു. കതിരവൻ ഊര് ലോപിച്ചാണ് സ്ഥലനാമം കതിരൂർ ആയതെന്നാണ് വിശ്വാസം.
സാക്ഷാൽ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠിച്ചതാണിവിടത്തെ വിഗ്രഹം. കണ്ണൂർജില്ലയിൽ പിണറായിയിൽ മഹാദേവക്ഷേത്രവും പെരളശ്ശേരിയിൽ സുബ്രഹ്മണ്യക്ഷേത്രവും ശ്രീരാമൻ പ്രതിഷ്ഠിച്ചതായുണ്ട്.
ആദ്യം ഈ ക്ഷേത്രം രണ്ടു കുടുംബക്കാരുടേതായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്.
ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള ഏഴ് ദിവസത്തെ ഉത്സവച്ചടങ്ങുകൾ നഗരത്തിലൂടെയുള്ള രഥോത്സവത്തോടെ സമാപിക്കുന്നു. എല്ലാവർഷവും മാർച്ച് മാസം ഒന്നാം തിയതി പുനപ്രതിഷ്ഠ മഹോത്സവമായി ആഘോഷിക്കുന്നു. കൂടാതെ ധനു പത്തിനു അവസാനിക്കുന്ന രീതിയിൽ മണ്ഡല മഹോത്സവവും ആഘോഷിക്കുന്നു. മേടമാസത്തിലെ രോഹിണി, ശിവരാത്രി, നവരാത്രി എന്നിവയും ആഘോഷമാണ്. മലയാളമാസം അവസാന വെള്ളിയാഴ്ച ഭഗവതിസേവ നടക്കുന്നു.
ഉദയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും നടക്കുന്നു.
കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിന്റെ മുന്നിൽ ഒന്നര ഏക്കറോളം വിസ്തീർണമുള്ള ക്ഷേത്രക്കുളം (ചിറ) കാണാം. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാ തിങ്കളാഴ്ചയും സ്വയംവരപൂജ നടക്കുന്നു. സ്വയംവരപൂജയാണ്, പുഷ്പാഞ്ജലിയല്ല. രണ്ട് മൂന്നു പൂജ നടത്തുമ്പോഴേക്കും വിവാഹം നടക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്.
എല്ലാമാസവും തിരുവോണം ഊട്ട് ഉണ്ട്. ചിങ്ങമാസത്തിൽ തിരുവോണ സദ്യയാണ്. വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും, ശിവ സങ്കൽപത്തിൽ മാർത്താണ്ഡശിവനും, ദേവീ സങ്കൽപത്തിൽ ഗായത്രിയുമാണ് സൂര്യൻ.
കണ്ണൂർ ജില്ലയിലെ തലശ്ശേരി – കൂത്തുപറമ്പ് റൂട്ടിൽ കതിരൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശംഖ്, ചക്ര, ഗദ, പത്മ ധാരിയായി ചതുർബാഹുവായ രൂപത്തിൽ കൃഷ്ണശിലയിലാണ് വിഗ്രഹം. രണ്ടു നിലയായുള്ള ശ്രീകോവിലിന് മുകളിൽ ദശാവതാരങ്ങളുടെ ദാരു വിഗ്രഹങ്ങൾ കാണാം. ക്ഷേത്രം രാവിലെ അഞ്ചു മുതൽ പതിനൊന്നു വരെയും വൈകിട്ട് 5 മുതൽ 7.45 വരെയും തുറന്നിരിക്കും.
സൂര്യനാരായണക്ഷേത്രം ഫോൺ : 0490 2305222
ആദിത്യഹൃദയ മന്ത്രം
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
No comments:
Post a Comment