ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 21

ദേവി തത്ത്വം - 21

PART - 01

മായയുടെ ഉള്ളിൽ കിടന്ന് വിഷമിച്ച് കഴിയുമ്പോൾ അവസാനം ആ മഹാമായ നമുക്ക് കാണിച്ച് തരുന്നതാണ് ബ്രാഹ്മീ അഥവാ ബ്രഹ്മ വിദ്യ. ഈ ബ്രഹ്മ വിദ്യയാണ് return to the pavillion അല്ലെങ്കിൽ വന്ന വഴിയേ തിരിച്ചു പോകൽ.

ഒരിക്കൽ രമണ മഹർഷിയുടെ അടുത്ത് ആന്ധ്രാ പ്രദേശിൽ നിന്ന് ഒരാൾ വന്നു. അദ്ദേഹത്തിന്റെ ഗുരു പറഞ്ഞുവത്രേ തിരുവണ്ണാമലയിൽ ഒരു സ്വാമിയുണ്ട് തപസ്സ് ചെയ്യാൻ പറ്റിയ സ്ഥലം ആ സ്വാമി തന്നെ പറഞ്ഞ് തരുമെന്ന്. ഇതെല്ലാം കേട്ടിരുന്നതല്ലാതെ രമണ ഭഗവാൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ മഹർഷി പറഞ്ഞു തപസ്സ് പണ്ണണമാ വന്ത വഴിയെ  പോ. ഇത് പറഞ്ഞിട്ട് മഹർഷി നടക്കാൻ പോയി. വന്നയാൾ വലിയ വിഷമത്തിലായി. മഹർഷിയുടെ ഉപദേശം എപ്പോഴും ആ കേന്ദ്രത്തെ ആസ്പദമാക്കി ആയത് കൊണ്ട് ചുറ്റുമുള്ളവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം അടുത്തിരിക്കുന്ന ആളോട് ചോദിച്ചു എന്താ ആ പറഞ്ഞതിനർത്ഥം. അയാൾ വിശദീകരിച്ചു തപസ്സ് എന്നാൽ വേഷം മാറലോ ഗുഹയിൽ പോയി ഇരിക്കലോ ഒന്നുമല്ല. ഈ ഞാൻ എവിടെ നിന്ന് വന്നുവോ ആ വന്ന വഴിക്ക് അന്വേഷിച്ച് മൂലത്തിൽ അടങ്ങുന്നതാണ് തപസ്സ്. ആ മൂലത്തിലടങ്ങുമ്പോൾ തപസ്സുണ്ടാകും.

എന്നാൽ ആ തപസ്സ് നമ്മുടെയല്ല.
ആചാര്യ സ്വാമികൾ  തപശ്ശാസ്മി തപസ്വിഷു എന്ന് ഭഗവത് ഗീതയിലെ ശ്ലോകത്തിനെ വ്യാഖ്യാനിക്കുമ്പോൾ ഭാഷ്യത്തിൽ പറയുന്നത് തപസ്സുണ്ട് ആ തപസ്സിനെ തപസ്വികൾ കണ്ടെത്തുകയാണ്. തപസ്സ് നമ്മുടെ ഉള്ളിലാണ്. ആ തപസ്സിൽ സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ ശുദ്ധമായ ചിത്തിന്റെ സ്രോതസ്സ് അല്ലെങ്കിൽ ധാര അതിനാണ് തപസ്സെന്ന് പേര്. ആ സ്രോതസ്സിനെ കണ്ടെത്തുന്നവനാണ് തപസ്വി. അല്ലാതെ ജഡ ശക്തിയായ മനസ്സിന്റെ വിൽ പവർ വച്ച് ചെയ്യുന്ന തപസ്സൊക്കെ സിദ്ധികളുണ്ടാക്കുകയും അയാളെ ലോകത്തിൽ വലിയ ആളാക്കുകയും ഒക്കെ ചെയ്യുമായിരിക്കും. ഉത്തമമായ തപസ്സ് ഈ ജീവന് മുക്തി പദത്തിലേയ്ക്കുള്ള വഴി കാണിക്കുകയും, സ്വതന്ത്രനാക്കുകയും ചെയ്യുന്നു. ലോക മംഗളത്തിനായി പ്രയോജനപ്പെടണമെങ്കിൽ ഈ ജീവൻ തന്നെയില്ലാതാക്കണം. തന്റെ യഥാർത്ഥ സ്രോതസ്സിൽ തന്നെ ഇല്ലാതാക്കണം.

ഞാനെന്നുള്ള വ്യക്തിത്വത്തിനെ അന്വേഷിച്ചാലെ ഈ സ്രോതസ്സിനെ കണ്ടെത്താനൊക്കുകയുള്ളു. ഈ ബൈന്ധവ സ്ഥാനത്തിലേയ്ക്ക് ചെന്നാലേ ശക്തിയുടെ തപോ രൂപത്തിനെ നാം അകമേയ്ക്ക് കാണുകയുള്ളു. തപസ്സ് ചെയ്തിട്ടാണ് അംബികാ ദേവി തന്നെ ശിവനെ പ്രാപിച്ചത്. തപോ രൂപത്തിൽ അവൾക്ക് അപർണ്ണ എന്നാണ് പേര്. അപർണ്ണ എന്നതിനർത്ഥം പർണ്ണ അഥവാ ഇല പോലും ഭക്ഷിക്കാതെ ദേവി തപസ്സ് ചെയ്തു എന്നാണ്. അപ്പോഴാണ് അപർണ്ണ എന്ന് പേര് വന്നത്. മറ്റൊരർത്ഥം ഋണം മുഴുവൻ ഇല്ലാതാക്കി തീർത്തവൾ. അതായത് ശരീരത്തിന് എന്തെങ്കിലുമൊക്കെ കടം കൊടുക്കാനുണ്ടെങ്കിൽ ഈ ശക്തി ഉള്ളിൽ ആവിർഭവിക്കില്ല. ശരീര മണ്ഡലത്തിലും, മനോ മണ്ഡലത്തിലും ലോകത്തിലുള്ള ഋണം മുഴുവൻ തീർന്ന് കഴിയുമ്പോൾ മനസ്സന്തർമുഖമാവുകയും.

അന്തർമുഖ സമാരാദ്ധ്യ ബഹിർമുഖസുദുർല്ലഭ
മനസ്സന്തർമുഖമാകുമ്പോൾ ഈ ബ്രാഹ്മീ ശക്തിയെ ചിത് ശക്തിയെ ശാരദാ ശക്തിയെ നമ്മൾ അകമേ കാണുകയും ആ ശക്തിയുടെ കൃപ കൊണ്ട് ഇവൻ പൂർണ്ണ തത്ത്വത്തിനെ അഥവാ പൂർണ്ണാഹന്തയെ അകമേ കാണുകയും ചെയ്യുന്നു.

No comments:

Post a Comment