ദേവി തത്ത്വം - 20
PART - 01
ഞാനെന്നുള്ളത് അഹങ്കാര രൂപിണിയാണ് . ആ അഹങ്കാരത്തിനെ ബിന്ദു അല്ലെങ്കിൽ ബൈന്ധവ സ്ഥാനം എന്ന് പറയും. അതിൽ നിന്നുമാണ് ശബ്ദം അല്ലെങ്കിൽ നാദം ഉദിക്കുന്നത്. അതിൽ നിന്നുമാണ് വെളിച്ചമുദിക്കുന്നത്. ഊർജ്ജത്തിന്റെ മൂല സ്രോതസ്സാണ് ഞാനെന്നുള്ള സ്പന്ദനം. ഊർജ്ജം ,ശബ്ദം, വെളിച്ചം. നാദം, ബിന്ദു, കലാ.
ആത്മവിചാരം എന്ന് പറയുന്നത് ഒരു ബൗദ്ധിക വ്യായാമമല്ല. ഞാനെന്നുള്ള വ്യക്തിത്വം സൃഷ്ടിയുടെ മുഴുവൻ കേന്ദ്രമാണ്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാണ്. അതിനെ കേന്ദ്രമാക്കിയാണ് നമ്മൾ ജീവിക്കുന്നത്. സത്സംഗത്തിൽ ഇരിക്കുമ്പോൾ പോലും നമുക്ക് വേണ്ടത് കിട്ടിയിട്ടില്ലെങ്കിൽ നമ്മൾ എഴുന്നേറ്റ് പോകും. ലോകത്തെവിടെയും നമ്മളുമായി സംബന്ധിക്കുന്ന കാര്യങ്ങളേ നമ്മളെ ബാധിക്കാറുള്ളു. ഒരു ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കയാണെങ്കിൽ അതിൽ എന്റെ എന്ന് കരുതുന്ന പക്ഷം ജയിക്കയാണെങ്കിൽ സന്തോഷവും, തോൽക്കുകയാണെങ്കിൽ വിഷമവും ഉണ്ടാകുന്നത് ഈ ചിത്ജഡഗ്രന്ഥിയുടെ പ്രവർത്തനമാണ്.
ചുരുക്കത്തിൽ ഈ ജീവിതം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കുക ഞാനെന്നുള്ള കേന്ദ്രത്തിൽ നിന്ന് കൊണ്ട് ദൃശ്യത്തോടുള്ള വിനിമയമാണ്. അതിനാൽ ഈ ഞാനിനെ ബിന്ദു എന്ന് പറയുന്നു. ശക്തിയുടെ മുഴുവൻ മൂലസ്ഥാനം, ആദ്യ സ്പന്ദനം.
ആദ്യ സ്പന്ദനത്തിനെ ശ്രദ്ധിച്ചാൽ കാണാം അത് നമ്മെ വീണ്ടും ഒരു മൂലത്തിലേയ്ക്ക് കൊണ്ട് പോകും. ചിത്ശക്തി എവിടെ ഉദിച്ചോ അവിടെ അടങ്ങും, അവിടെ ശക്തി ശിവനിൽ ഇല്ലാതാകും.
ശക്തിയെ നമുക്ക് പൂർണ്ണമായി അറിയാൻ കഴിയില്ല. പക്ഷേ ശക്തിയെ ശിവനിൽ ഇല്ലാതാക്കാൻ കഴിയും. ശിവത്തിനെ കാണാൻ ശക്തിയുടെ മൂലത്തിനെ അന്വേഷിച്ചാൽ അറിയും അവിടെ ശിവമേയുള്ളു ശക്തിയില്ല എന്ന്. സകല വിഷമത്തിനും പരിഹാരം ഈ വിഷമിക്കുന്നവനെ അന്വേഷിക്കലാണ്.
No comments:
Post a Comment