സീതാദേവി
ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയിൽ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തൻറെ ഭർത്താവിനോടുള്ള പരിശുദ്ധവും ആത്മാർത്ഥവുമായ വിശ്വസ്തതയോടും കൂടി കലർന്നിരിക്കുന്നു. ഭാരതീയർ സീതയെ ദേവിയായി – മഹാലക്ഷ്മിയുടെ അവതാരമായി ആരാധിക്കപ്പെടുന്നു.
സീതാദേവി മാതൃകാ പത്നിയായിരുന്നു. ഭർത്താവായ ശ്രീരാമചന്ദ്രനോടുള്ള ആദമ്യമായ ഭക്തിയാൽ അവർ ലോകവിശ്രുതയായിത്തീർന്നു. കീർത്തിമാനും മഹാനുമായ ജനക മഹാരാജാവിൻറെ വത്സലപുത്രിയായിരുന്നു ജാനകീദേവി യജ്ഞം നടത്തുവാൻ വേണ്ടി ജനക മഹാരാജാവ് നിലം ഉഴുതപ്പോൾ സീത ഭൂമിക്കടിയിൽ കാണപ്പെട്ടു. നാരദ മഹർഷിയിൽ നിന്നും സിതാരഹസ്യം കേട്ട ജനകൻ ഭക്തി വാത്സല്യത്തോടെ സീതയെ വളർത്തി.
അസാധാരണ വലിപ്പമുള്ള മഹത്തായ ശൈവചാപം "ത്രൈയംബകം" കുലച്ചുമുറിച്ച ശ്രീരാമചന്ദ്രന് സീതയെ വിവാഹം ചെയ്തു കൊടുത്തു.
സീത സാധാരണയായ സ്ത്രീയായിരുന്നില്ല. വിശ്വസ്തയായ പത്നിയുടെ ധർമ്മങ്ങൾ പിതാവിൽ നിന്നും അവർ മനസ്സിലാക്കിയിരുന്നു.
പിതാവായ ദശരഥമഹാരാജാവിൻറെ സത്യത്തെ പരിപാലിക്കുവാൻ പതിനാലു സംവത്സരം കാനനവാസത്തിന് പുറപ്പെടുന്നതിനുമുമ്പ് ശ്രീരാമചന്ദ്രൻ, സീതയോട് രാമമാതാവായ കൗസല്യയെ ശുശ്രൂഷിച്ച് കൊട്ടാരത്തിൽ താമസിക്കുവാൻ പറയുമ്പോൾ ഹൃദയത്തെ ഉണർത്തുന്ന സീതയുടെ മറുപടിയാണ് ചുവടെ ചേർക്കുന്നത്.
‘അല്ലയോ ആര്യപുത്രാ! അച്ഛൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി ഇവരെല്ലാം സ്വന്തം കർമ്മത്താൽ ജീവിക്കുന്നു. ഭാര്യമാത്രമാണ് വിധിയിൽ പങ്കാളിയാകുന്നത്. ഒരു സ്ത്രീയുടെ സർവ്വവും അവളുടെ ഭർത്താവുമാത്രമാണ്. ഒരു സ്ത്രീ ആഡംബരങ്ങളെയോ സുഖഭോഗങ്ങളെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത് തൻറെ പ്രിയതമൻറെ പാദപത്മങ്ങളുടെ നിഴലാണ്. ഭർത്താവിനു സമമായി ലോകത്ത് അവൾക്ക് ഒന്നുമില്ല. പ്രാണനില്ലാത്ത ദേഹവും ജലമില്ലാത്ത നദിയും പോലെയാണ് ഭർത്താവില്ലാത്ത സ്ത്രീ. കുട്ടിക്കാലത്ത് ഞാൻ പഠിച്ച ഈ ധർമ്മങ്ങൾ ഞാൻ തീർച്ചയായും ഇപ്പോൾ ആചരിക്കും. അല്ലയോ ദേവാ! അങ്ങില്ലാതെയുള്ള അവസ്ഥയിൽ ആഭരണം അണിയുന്നത് ഒരു ഭാരവും ലൗകിക സുഖഭോഗം ഒരു രോഗവുമാണ്. എൻറെ ഭർത്താവിന് ചെയ്യേണ്ട കടമകളെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞാൻ കാനനത്തിൽ അങ്ങുമായി കൊട്ടാരത്തിലെന്നപോലെ ജീവിക്കും. എൻറെ ജീവനാണ് അങ്ങ്. അല്ലയോ ദേവാ എനിക്ക് അങ്ങില്ലാത്ത ഒരു നിമിഷംപോലും ജീവിക്കാൻ വയ്യാ’
ശ്രീരാമചന്ദ്രൻ അതിന് മറുപടി പറഞ്ഞു. ‘പ്രിയേ മിഥിലജേ! നിന്നെ ഞാൻ എൻറെ കൂടെ വനത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. ഘോരസിംഹവ്യാഘ്രസൂകര സൈരഭിവാരണ്യവ്യാള ഭല്ലൂക വൃകാദികൾ, കൂടാതെ മാനഷഭോജികളായ രാക്ഷസന്മാരും മറ്റ് ദുഷ്ടജന്തുക്കളും സംഖ്യയില്ലാതോളമുണ്ട്. പുളിയുള്ള പഴങ്ങളും, വേരുകളും, കിഴങ്ങുകളുമില്ലാതെ കാട്ടിൽ നിനക്ക് മറ്റു ഭക്ഷണമൊന്നും ലഭിക്കുകയില്ല. കല്ലും മുള്ളും നിറഞ്ഞ വൻകാട്ടിൽ കൊടും തണുപ്പും കൊടുംകാറ്റും ഉണ്ടായിരിക്കും. അതുകൊണ്ട് മാതാവിനെ പരിചരിച്ച് കൊട്ടാരത്തിൽ കഴിയുക. പതിന്നാലു സംവത്സരം തികഞ്ഞാൽ ഉടൻതന്നെ ഞാൻ തിരിയെ വരും’.
സീതാദേവി തൻറെ നിശ്ചയത്തിൽ നിന്നും ഒട്ടും ചലിച്ചില്ല ദേവി പറഞ്ഞു ‘ദേവാ! അങ്ങു പറഞ്ഞ കഷ്ടതകൾ എല്ലാം നല്ല ഗുണങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്. പുഷ്പങ്ങളേക്കാൾ മൃദുലമായിരിക്കും മുള്ളുകൾ. ദുഷ്ടജന്തുക്കൾക്കും, രാക്ഷസർക്കും ഞാൻ അങ്ങയുടെ കൂടെയായിരിക്കുമ്പോൾ എന്നെ തൊടുവാൻ ധൈര്യമുണ്ടായിരിക്കയില്ല. അങ്ങയുടെ കൂടെ എവിടെയായിരുന്നാലും അത് എനിക്ക് കൊട്ടാരത്തിലുള്ള വാസം പോലെയാണ്. വല്ലഭോച്ഛിഷ്ടം എനിക്കു അമൃതിനു സമമാണ്. ഞാൻമൂലം ഒരു പീഡയുമുണ്ടാകയില്ല ഭീതിയും എനിക്ക് അശേഷമില്ല. ഭർത്താവിനോടുകൂടി വനത്തിൽ വസിക്കുന്നതിനു അവസരമുണ്ടാകുമെന്ന് ജ്യോതിശാസ്ത്രൻ പണ്ടു പറഞ്ഞിട്ടുമുണ്ട്. ഭാർത്താവിനോടു പിരിയാതെ മരണംവരെ ജീവിക്കണമെന്നാണ് പാണിഗ്രഹണമന്ത്രം അനുശാസിക്കുന്നത്. അതുകൊണ്ട് അങ്ങ് തനിച്ച് എന്നെ കൂടാതെ വനത്തിൽ പോവുകയാണെങ്കിൽ ഞാൻ എൻറെ ജീവനെ ത്യജിക്കുമെന്ന് അങ്ങയെ സാക്ഷിയാക്കി ശപഥം ചെയ്യുന്നു. സീതയുടെ പ്രേമവും ഭക്തിയും കണ്ട് സന്തുഷ്ടനായ ശ്രീരാമചന്ദ്രൻ സീതാദേവിയുടെ ഇംഗിതത്തിനു വഴങ്ങേണ്ടിവന്നു.
താങ്ങാനാവത്ത കഷ്ടതകളുടെ നടുവിലും സീതാദേവി ഹർഷഭരിതയായിരുന്നു. വ്യക്തിപരമായ സർവസുഖങ്ങളും ഉപേക്ഷിച്ച് രാമനോടുകൂടി സീത കാട്ടി ൽപോയി. രാവണൻ സീതയെ കട്ടുകൊണ്ടു ലങ്കയിൽ പോയി. അശോകവനത്തിലെ രാക്ഷസസ്ത്രീകൾ സീതയോടു നിന്ദ്യമായി പെരുമാറി. രാവണൻ സീതയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ലോകാപവാദവും അപകീർത്തിയും, നാണക്കേടും സീതയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. അവരുടെ ചാരിത്ര ശക്തിയാൽ എല്ലാ ദുഃഖങ്ങളും, ദുരിതങ്ങളും വീരോചിതമായി സഹിച്ചു. എന്തൊരു ശക്തമായ സാന്മാർഗിക വീര്യവും ആത്മശക്തിയുമാണ് സീതയക്കുണ്ടായിരുന്നത്! എല്ലാ നിരീക്ഷണവും പരീക്ഷണവും സഹിച്ച സീത ഒടുവിൽ അഗ്നിപരീക്ഷയ്ക്കു വിധേയയാക്കുകയും, പരിശുദ്ധയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
No comments:
Post a Comment