എന്താണ് ഹിന്ദുത്വം
ഞാനൊരു ഹിന്ദുവായതുകൊണ്ടും ഹിന്ദുവായി വളർന്നതുകൊണ്ടും ഈ ചോദ്യം പലപ്പോഴും എന്നോട് ചോദിക്കപ്പെട്ടിട്ടുണ്ട് - 'എന്താണ് ഹിന്ദുത്വം?' എന്ന്. എനിക്ക് എല്ലാംകൂടി കുഴഞ്ഞുമറിയും - ധാരാളം ദേവന്മാർ, ധാരളം ദേവതമാർ, ഇത്രയധികം വ്യാപ്തി... ഞാൻ എങ്ങനെ അവയെ വാക്കുകളിൽ ഒതുക്കും? അതുകൊണ്ട് എന്താണ് ഹിന്ദുത്വം എന്നതിന് ഉത്തമമെന്ന് അങ്ങു കരുതുന്ന നിർവ്വചനം ഞങ്ങൾക്കു പറഞ്ഞുതന്നാൽ, ഞാൻ വളരെ നന്ദിയുള്ളവനായിരിക്കും.
ഹിന്ദു' എന്ന വാക്ക് എവിടെ നിന്നാണ് വന്നത്?
അത് വന്നത് 'സിന്ധു' എന്ന വാക്കിൽ നിന്നാണ്. സിന്ധു ഒരു നദിയാണ്. സിന്ധു നദിക്കരകളിലെ നാഗരികതയെ 'സിന്ധൂനദീതട സംസ്കാരം' എന്നു വിളിച്ചിരുന്നു. പേർഷ്യക്കാർ വന്നപ്പോൾ അവർക്ക് 'സിന്ധു' എന്നുച്ചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ 'ഇന്ദു' എന്ന് വിളിച്ചു. അങ്ങനെ അത് 'ഇന്ദു' ആയി.
കാലക്രമേണ - എനിക്കറിയില്ല ആരാണ് അതു ചെയ്തതെന്ന് - അവർ അതിനെ 'ഹിന്ദു' ആക്കി. ആയതിനാൽ ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു തിരിച്ചറിവാണ്, ഒരു പരിധിവരെ ഒരു സംസ്കാരികമായ തിരിച്ചറിയൽ, അത് ഒരു മതപരമായ തിരിച്ചറിയലല്ല.
ഹിന്ദു ഒരിക്കലും ഒരു സിദ്ധാന്തമോ തത്ത്വസംഹിതയോ ആയിരുന്നില്ല. അത്യധികമായും, അക്രമപരമായും മത്സരബുദ്ധിയുള്ള മതങ്ങൾ ഇതിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ മാത്രമാണ് അവർ സ്വയം സംഘടിച്ച് ഒരു മതം ആകാൻ ശ്രമിച്ചത്. എന്നാൽ ഇപ്പോഴും അവർ അതിൽ വിജയിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ അതിൽ 'ഒരു വിശ്വാസ സമ്പ്രദായം' ഇല്ല എന്നതുതന്നെ - സത്യം പറഞ്ഞാൽ, വിശേഷണം അർഹിക്കുന്ന യാതൊരു വിശ്വാസ സമ്പ്രദായവും ഇല്ല.
ദൈവം ഒരു പുരുഷനാണ് അല്ലെങ്കിൽ ഒരു സ്ത്രീയാണെന്നു വിശ്വസിച്ചുകൊണ്ട് ഒരു മാതൃകാ ഹിന്ദു ആയിരിക്കാം, ദൈവം ഒരു കുരങ്ങാണ് അല്ലെങ്കിൽ ഒരു പശു ആണെന്ന് വിശ്വസിച്ചുകൊണ്ട് ഒരു മാതൃകാ ഹിന്ദു ആയിരിക്കാം, ഒരു സർപ്പത്തെ ആരാധിച്ചുകൊണ്ട് അല്ലെങ്കിൽ ഒരു മരത്തെ ആരാധിച്ചുകൊണ്ട് ഒരു മാതൃകാഹിന്ദു ആയിരിക്കാം. ഇനി ഒന്നിനെയും ആരാധിച്ചില്ലെങ്കിലും നിങ്ങൾക്കൊരു നല്ല ഹിന്ദുവാകാം.
എന്തുകൊണ്ടെന്നാൽ ഇത് ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഉള്ള ഒരു ഏകതയാണ്. അത് ഏതെങ്കിലുമൊരു പ്രത്യേക വിശ്വാസ പ്രമാണത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്.
ഭൂമിയുടെ ഈയൊരു പ്രത്യേക ഭാഗത്ത് കാലക്രമേണ വളർന്നുവന്ന ഈ സംസ്കാരം, മാനവികതയുടെ അന്തിമമായ വികസനത്തിൽ, അല്ലെങ്കിൽ അന്തിമമായ സുസ്ഥിതിയിലാണ് അതിന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചത്. അവരെ സംബന്ധിച്ചടത്തോളം തത്ക്ഷണമായ ക്ഷേമം അത്രയധികം പ്രാധാന്യമുള്ളതായിരുന്നില്ല; അന്തിമമായ ക്ഷേമം അത്യധികം പ്രാധാന്യമുള്ളതായിത്തീർന്നു. സാധാരണയായി പറയെപ്പടുന്നത് 'ഹിന്ദു' എന്നാൽ, അവനു ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു എന്നാണ്... അവന്റെ 'മുക്തി'... അവന്റെ അന്തിമമായ മോചനം.
അന്തിമമായ മോചനം, അത് മാത്രമാണ് ഒരു ഹിന്ദുവിന്റെ ലക്ഷ്യം. അവന്റെ വ്യാപാരം, അവന്റെ തൊഴിൽ, അവന്റെ കുടുംബം എന്നിവയ്ക്കൊക്കെ രണ്ടാം സ്ഥാനമേയുള്ളൂ, അവയെല്ലാം അവന്റെ മോചനത്തിനുള്ള ചവിട്ടുപടികൾ മാത്രമായി അവൻ കാണുന്നു. എല്ലാം അപ്രധാനം. അവന്റെ ബന്ധങ്ങൾ അവന് പ്രധാനമല്ല. അവന് ഒരേ ഒരു ലക്ഷ്യം - മുക്തി. ദൈവം പോലും അവന് അവന്റെ മുക്തി പ്രാപിക്കുന്നതിലേക്കുള്ള ഒരു ഉപകരണം മാത്രം. മറ്റാരുംതന്നെ ഇതിനെ ഈ രീതിയിൽ നോക്കി കാണുന്നില്ല.
പൊതുവെ മറ്റെല്ലാ മതങ്ങളിലും, ദൈവമാണ് ആത്യന്തികമായ ലക്ഷ്യം. പക്ഷെ ഈ സംസ്കാരത്തിൽ നാം ദൈവത്തെ പരമമായ ഒന്നായി കാണുന്നില്ല. കാരണം, ദൈവത്തെ സൃഷ്ടിച്ചത് നമ്മളാണെന്ന് നമുക്കറിയാം. നമുക്ക് എത്ര ദൈവങ്ങളെ വേണമെങ്കിലും സൃഷ്ടിക്കാം, ഏതു തരത്തിലുള്ള ദൈവങ്ങളെ വേണമെങ്കിലും സൃഷ്ടിക്കാം. നമ്മൾ പ്രതിഷ്ഠാപനത്തിന്റെ മുഴുവൻ കലയും, ശാസ്ത്രവും പഠിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു പാറയെ ദൈവമാക്കാനുള്ള കഴിവ് നമ്മുടെ ശാസ്ത്രങ്ങൾക്കുണ്ട്.
നിങ്ങൾ ഉച്ചയ്ക്കു കോഴിയിറച്ചി കഴിച്ചു എന്നിരിക്കട്ടെ, ഒരു സായാഹ്നംകൊണ്ട് ആ ജീവൻ ഒരു മനുഷ്യജീവന്റെ ഭാഗമായിത്തീരുന്നു, അല്ലേ? ഡാർവിന്റെ പരിണാമസിദ്ധാന്തപ്രകാരം, കോഴിയിൽനിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന് എത്ര ദശലക്ഷം വർഷങ്ങളെടുക്കുമെന്ന് നമുക്കറിയില്ല. എന്നാൽ ഒരൊറ്റ മധ്യാഹ്നംകൊണ്ട് നിങ്ങൾ ഒരു കോഴിയെ മനുഷ്യനായി നിങ്ങളുടെ ശരീരത്തിൽ രൂപാന്തരപ്പെടുത്തി, അല്ലേ? ഇങ്ങനെ ഒന്നിനെ സംസ്കരിച്ചു മറ്റൊന്നാക്കി മാറ്റുന്ന പ്രക്രിയയെ 'ദഹനം' എന്നു പറയുന്നു.
കുറെക്കൂടി പുറകോട്ടു പോകുകയാണെങ്കിൽ... കുറച്ചു ചാണകവും ചവറും കലർത്തി ഒരു ആപ്പിൾ ചെടിയുടെ ചുവട്ടിൽ ഇട്ടാൽ, ഒരുപക്ഷേ കുറച്ചു മാസങ്ങൾക്കുള്ളിൽ, ആ ചപ്പുചവറിന്റെ പ്രാബല്യത്താൽ മധുരമുള്ള ആപ്പിളുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം.
ചെളിയും ചാണകവും എന്നാൽ വെറും മാലിന്യത്തിന്റെ ഒരു കൂമ്പാരം, പക്ഷെ അതേ ചാണകത്തിന്റെ പ്രാബല്യത്തോടെ മരം പൂത്ത്, അതിൽ കായ് പിടിച്ചു, പഴമായി ആവിർഭവിച്ച ആപ്പിൾ എത്രയധികം മധുരം പകരുന്നു, എത്രപേർക്കത് പങ്കു വയ്ക്കുന്നു? ഇതിനെയാണ് 'കൃഷി' അല്ലെങ്കിൽ കാർഷികവൃത്തി എന്നു പറയുന്നത്.
അതുപോലെ, ഒരു കല്ലിനെ ദൈവമായി മാറ്റാം. ഈ ശാസ്ത്രത്തെ ബൃഹത്തായ രീതിയിൽ സുക്ഷ്മനിരീക്ഷണം നടത്തി, അതീതമായ തീവ്ര ഊർജ്ജത്തിന്റെ രൂപങ്ങളെ എങ്ങനെ സൃഷ്ടിക്കാമെന്ന വിദ്യയിൽ മനുഷ്യൻ വൈദഗ്ധ്യം നേടി. മനുഷ്യൻ ഇന്നെത്തി നിൽക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യയിൽ നിന്നൊക്കെ എത്രയോ ഉയരങ്ങളിലെത്തിയിരുന്നു ആ ശാസ്ത്രം. വെറും ഒരു നിർജീവമായ രൂപത്തിൽ ദൈവീകതയെ ആവാഹിച്ചെടുക്കുന്ന ഈ ശാസ്ത്രത്തെയാണ് പ്രതിഷ്ഠാപനം എന്നു പറയുന്നത്.
എല്ലാ മതങ്ങളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു ദൈവം എല്ലായിടത്തും ഉണ്ട് എന്ന്. അങ്ങിനെയാണെങ്കിൽ, ഈ മരവും ദൈവമാണ്, ഈ പുഴയും ദൈവമാണ്, ആ മലയും ദൈവമാണ്. പക്ഷെ അതെല്ലാം ഒരേ വസ്തുവാണോ? കാഴ്ചയിലും പ്രവർത്തനങ്ങളിലും അതൊരു വസ്തുവല്ല. എല്ലാ വസ്തുക്കളിലും ഉൾക്കൊണ്ടിരിക്കുന്നത് ഒരേ ഊർജ്ജമാണ് എന്ന് ഇന്ന് ശാസ്ത്രം തെളിയിക്കുന്നു.
അങ്ങിനെയാണെങ്കിൽ നിങ്ങളും ഒരു പാറയും തമ്മിൽ എന്താണ് വ്യത്യാസം? വ്യത്യസ്ത തലങ്ങളിലുള്ള തീവ്രതയും പ്രവർത്തനവും, അല്ലേ? അതിന്റെ ആത്യന്തികമായ പ്രവർത്തനങ്ങളിലും ആത്യന്തികമായ സാധ്യതകളിലും എന്താണോ ഉള്ളത് അതിനെ നിങ്ങൾ 'ദൈവം' എന്നു വിളിക്കുന്നു; എന്നാൽ അതേ ഊർജ്ജം അതിന്റെ ഏറ്റവും താഴ്ന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾ അതിനെ പാറയെന്നോ കല്ലെന്നോ ഒക്കെ വിളിക്കുമായിരിക്കും.
എന്തിനെയും അതിന്റെ ആത്യന്തികമായ സാധ്യതയിലേക്ക് പരിവർത്തനം ചെയ്ത് എടുക്കുന്നതാണ് പ്രതിഷ്ഠാപനമെന്ന ശാസ്ത്രം. ഈ ശാസ്ത്രത്തെ പര്യവേക്ഷണം നടത്തി, അന്നു ജീവിച്ചിരുന്നവർ ദൈവീകതയെ ദശലക്ഷക്കണക്കിന് രീതികളിൽ, അവർക്കിഷ്ടമുള്ള തരത്തിലൊക്കെ, മനുഷ്യർക്ക് ഉപകരിക്കുന്ന എല്ലാ വിധത്തിലും തരത്തിലും, ആവിഷ്കരിക്കാൻ തുടങ്ങി. എത്രയെത്ര രീതികളിൽ ആവിഷ്ക്കരണം ചെയ്തിരിക്കുന്നു എന്നൊന്നു നോക്കിയാൽ, അത് തികച്ചും അവിശ്വസനീയമായി തോന്നിയേക്കാം.
നിർഭാഗ്യവശാൽ, ഇന്ത്യയിൽ ജീവിക്കുന്നവർ പോലും ഈ വക കാര്യങ്ങളെ സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല, പഠിച്ചിട്ടില്ല. ഈ പുരാതന ശാസ്ത്രവും അതിന്റെ സവിശേഷതകളും ഇപ്പോൾ നമുക്ക് വലിയതോതിൽ നഷ്ടമായിരിക്കുന്നു - നമ്മുടെ പല ആചാരങ്ങളും എന്തിനുവേണ്ടി നിലവിൽ വന്നു, എന്തിനു വേണ്ടിയായിരുന്നു അവയെ വികസിപ്പിച്ചെടുത്തത്എന്നുള്ളവ.
നമ്മൾ ഇരിക്കുന്ന രീതി, ഭക്ഷണം കഴിക്കുന്ന രീതി, ഉറങ്ങാൻ കിടക്കുന്ന രീതി, ഉണർന്നെഴുന്നേൽക്കുന്ന രീതി, എല്ലാത്തിനും പിന്നിൽ ഒരു ശാസ്ത്രമുണ്ട്. നിങ്ങൾ ഈ സംസ്കാരത്തിന്റെ അഗാധതലങ്ങളിലേക്ക് പര്യവേക്ഷണം നടത്തിയാൽ, മറ്റൊരിടത്തും മനുഷ്യരാശി മനുഷ്യന്റെ ആന്തരിക സുസ്ഥിതിക്കുവേണ്ടി ഇത്രയധികം സമയവും, ഊർജ്ജവും ഒരിക്കലും മുടക്കിയിട്ടില്ല എന്നു കാണാം - ഇതെല്ലാം തികച്ചും വിസ്മയകരമായതാണ്!
'ഹിന്ദു ജീവിതരീതി' എന്നാൽ അർത്ഥമാക്കുന്നത് എല്ലാവർക്കും അവരവർക്കു യോജിച്ച രീത്തിയിലുള്ള മതം ആകാമെന്നാണ്. അതായത്, നിങ്ങളുടെ കുടുംബത്തിൽ അഞ്ചംഗങ്ങൾ ഉണ്ടെങ്കിൽ, അഞ്ചുപേർക്കും അവരുടെ സ്വന്തം മതം ആകാം. നിങ്ങൾക്ക് വേണമെങ്കിൽ കുരങ്ങിനെ ആരാധിക്കാം, മറ്റൊരാൾക്ക് സർപ്പത്തെ ആരാധിക്കാം, വേറൊരാൾക്ക് പശുവിനെ ആരാധിക്കാം, ഇനിയൊരാൾക്ക് മരത്തെ ആരാധിക്കാം, അവരവരുടെ ഇഷ്ടംപോലെ.
വേണമെങ്കിൽ ഒരു പുതിയ ആരാധനാ മൂർത്തിയെ വാർത്തെടുത്ത് അതിനെ ആരാധിക്കാം. ഒരാൾക്ക് എന്തുമായാണോ ബന്ധപ്പെടാൻ കഴിയുന്നത്, അയാൾക്കതിനെ ആരാധിക്കാ. ഇനി അതല്ല, ഒരാൾക്ക് ആരാധനയുടെ ആവശ്യമേയില്ല എന്നു തോന്നുന്നുവെങ്കിൽ, അയാൾക്കങ്ങിനെയും ആകാം. എന്നിരുന്നാലും അയാൾ നല്ലൊരു ഹിന്ദുവാണ്.
ഈ സ്വാതന്ത്ര്യവും വിശാലമനസ്ഥിതിയും ആണ് ഇന്ന് നമുക്ക് ഈ ലോകത്ത് വേണ്ടത്. സംഘർഷങ്ങൾ എപ്പോഴും നല്ലതും ചീത്തയും തമ്മിലാണെന്നാണ് പ്രകടിപ്പിച്ചിട്ടുള്ളത്, എന്നാൽ അതങ്ങിനെയല്ല. സംഘർഷം എപ്പോഴും ഒരാളുടെ വിശ്വാസവും മറ്റൊരാളുടെ വിശ്വാസവും തമ്മിലുള്ളതാണ്.
ആദ്യമായി, എന്തുകൊണ്ടാണ് നിങ്ങൾ എന്തിനെയെങ്കിലും വിശ്വസിക്കുന്നത്? നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളെ, 'അറിയില്ല' എന്ന് സമ്മതിക്കാനുള്ള അടിസ്ഥാനപരമായ ആത്മാർത്ഥത നിങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ടു പോയതുകൊണ്ട്, അല്ലേ? 'എനിക്ക് അറിയില്ല' എന്ന സത്യാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാനായാൽ, നിങ്ങൾക്ക് പിന്നെ മറ്റാരുമായും പൊരുതാനാവില്ല. നിങ്ങൾ 'ഇത് ഇന്നതാണ്' എന്നു വിശ്വസിക്കുമ്പോഴേ അവിടെ ഭിന്നമായ അഭിപ്രായങ്ങൾക്ക് ഇടമുള്ളു. വിശ്വാസം നിങ്ങൾക്ക് ഒരുതരം അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസവും ഉറപ്പും തരുന്നു.
കഴമ്പില്ലാത്ത ആത്മവിശ്വാസം മാരകമാണ്. ജീവിതത്തിൽ അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല, നിങ്ങൾക്കു വേണ്ടത് വ്യക്തതയാണ്, സമ്പൂർണ്ണമായ വ്യക്തത!
ഇന്ത്യയിലെ അദ്ധ്യാത്മദർശനത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ, ഭൂമിയെന്ന ഈ ഗ്രഹത്തിൽ തന്നെയാണ് ഇതൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാൻപോലും കഴിയില്ല, അത്രയ്ക്കും അഭൂതപൂർവമായ വികസനങ്ങൾ! ഇത് ഉതിർത്തു വന്നത് വിശ്വാസ പ്രമാണങ്ങളിൽ നിന്നല്ല, ഇത് ഒരു ശാസ്ത്രമായി ആവിർഭവിച്ചു. ഈ കാരണം കൊണ്ടുതന്നെ 'ഹിന്ദു' എന്നതിനെ ഒരു മതം എന്ന് പറയാൻ കഴിയില്ല.
അതൊരു ജീവിത രീതിയാണ്, ഒരു സംസ്കാരമാണ്, ഭൂമിശാസ്ത്രപരമായ ഒരു ഐക്യമാണ്. അത്യധികമായ മത്സരം കാരണം അത് ഒരു മതമായി സംഘടിപ്പിക്കാൻ തീവ്രമായ ശ്രമങ്ങൾ നടക്കുന്നു. എന്നാൽ അവരതിൽ വിജയിക്കില്ല. കാരണം, നേരത്തേ ഞാൻ സൂചിപ്പിച്ചതുപോലെ, എല്ലാവരെയും സംഘടിപ്പിക്കാനുതകുന്ന ഒരൊറ്റ വിശ്വാസ പ്രമാണം ഇവിടെയില്ല.
No comments:
Post a Comment