യാഗം
ഹിന്ദുക്കളുടെ വേദകാലം മുതലുള്ള ഒരു ആരാധനാ രീതിയാണ് യാഗം അഥവാ യജ്ഞം. വേദങ്ങളുടെ കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ് ബ്രാഹ്മണങ്ങൾ; ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത് യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയിൽ അർപ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങൾ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ് ഗൃഹനാഥൻമാർ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദർഭങ്ങളിൽ ആഘോഷസന്ദർഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ് യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം.
സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം, അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവധി യാഗങ്ങൾ ഉണ്ട്. വിവിധവേദങ്ങൾ വിവിധ യാഗങ്ങളെപ്പറ്റി പരാമർശിക്കുന്ന ഭാഗങ്ങൾ ആണ് ബ്രാഹ്മണങ്ങൾ. പുരാതനകാലത്ത് യാഗങ്ങൾ നടത്തിയിരുന്നത് രാജാക്കന്മാരാണ്. സമ്പദ് വർദ്ധനവിനും രാജ്യാഭിവൃദ്ധിക്കും മറ്റുമായാണ് ഇവ നടത്തിയിരുന്നത്. എന്നാൽ ആധുനിക കാലത്ത് രോഗശാന്തി, വരൾച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാർക്ക് ബുദ്ധിയുദിക്കാൻ വരെ യാഗങ്ങൾ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. കിർലിയൻ ഫോട്ടൊഗ്രാഫി ഉപയോഗിച്ച് യാഗം നടക്കുന്ന സ്ഥലത്തെയും അതിലെ പുരോഹിതന്മാരെയും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.
യജിക്കുക എന്ന സംസ്കൃക പദത്തിൽ നിന്നാണ് യാഗം ഉണ്ടായത് അർത്ഥം ബലി കഴിക്കുക. ത്യാഗം ചെയ്യുക എന്നൊക്കെയാണ്.
യജ്ഞങ്ങൾ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട് തരം ഉണ്ട്. വൈദിക യജ്ഞത്തിൽ സോമയാഗമാണ് മുഖ്യം. കേരളത്തിൽ മൂന്ന് ശ്രൗതകർമ്മങ്ങൾ ആണ് പ്രധാനമായും നടന്നു വരുന്നത് അഗ്ന്യാധാനം (ആധാനം) സോമയാഗം (അഗ്നിഷ്ടോമം) അതിരാത്രം (അഗ്നിഹോത്രം) എന്നിവയാണ്. ഒരു ദിവസം കൊണ്ട് നടത്താവുന്ന യാഗം മുതൽ ആയിരം വർഷങ്ങൾ വരെ നടത്തേണ്ടുന്ന യാഗങ്ങൾ ഉണ്ട്. ഇന്ത്യയിൽ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങൾ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട് ദശാബ്ദക്കാലത്താണ് ഒരു യാഗം നടന്നുവരുന്നത്. ഭാരിച്ച ചിലവ്, അദ്ധ്വാനം, പണ്ഡിതന്മാരുടെ ദൗർലഭ്യം, വിശ്വാസത്തിന്റെ കുറവ് എന്നിവയാണ് കാരണങ്ങൾ.
ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകർമ്മങ്ങൾ ഉണ്ട്.
ഏകാഹം
ഒരു ദിവസം കൊണ്ട് നടത്താവുന്ന യാഗമാണ് ഏകാഹം
അഹീനം
രണ്ട് ദിവസം മുതൽ പന്ത്രണ്ട് നാൾ വരെ വേണ്ടി വരുന്നവയാണ് അഹീനം. സോമയാഗം അഹീനഗണത്തിൽ പെടുന്നു.
സത്രം
പന്ത്രണ്ട് നാൾ മുതൽ എത്ര വേണമെങ്കിലും നീണ്ട് നിൽകാവുന്നവയാണ് സത്രങ്ങൾ. അശ്വമേധയാഗം സത്രത്തിൽ പെടുന്നു വേദങ്ങളിൽ യജുർവേദം ആണ് യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മന്ത്രങ്ങൾ പ്രധാനമായും ഋഗ്വേദത്തിലാണ് കൊടുത്തിരിക്കുന്നത്. യാഗത്തിൽ ഋൿയജുസ്സാമവേദങ്ങൾ ഒന്നായി സമ്മേളിച്ചിരിക്കുന്നു.
യോഗ്യതകൾ
സമയം
ഏറ്റവും യോഗ്യമായ സമയം വസന്തകാലത്തെ ശുക്ല (വെളുത്ത) പക്ഷമാണ് ഈ പക്ഷത്തിൽ മാത്രമേ യാഗം നടത്താവൂ. (മാർച്ച് പകുതി മുതൽ മേയ് പകുതിവരെയാണ് വസന്തകാലം)
കുടുംബങ്ങൾ
കേരളത്തിൽ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാർക്കാണ് യാഗ കർമ്മങ്ങൾ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകൾ നടത്തിക്കൊടുക്കാനും സംശയനിവൃത്തിവരുത്താനും പിഴപറ്റിയാൽ പ്രായശ്ചിത്തങ്ങൾ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങൾ ഒരോ ഗ്രാമത്തിലുമുണ്ട്. ഇവരെ വൈദികന്മാർ എന്നാണ് പറയുന്നത്. തൈക്കാട്, ചെറുമുക്ക്, പന്തൽ, കൈമുക്ക്, കപ്ലിങ്ങാട് തൂടങ്ങിയ കുടുംബക്കാർ വൈദികന്മാരാണ്.
ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാൾ സ്വഭാര്യയോടു കൂടിയാണ് യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തിൽ നിന്നുമായിരിക്കണം യജമാനൻ.
സോമയയാഗം ചെയ്യും മുൻപ് ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കിൽ അതിനു മുൻപ് സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്തവരെ അഗ്നിഹോത്രി (ഉത്തരദേശത്ത്) എന്നോ അക്കിത്തിരി എന്നോ (കേർളത്തിൽ) വിളിക്കുന്നു.
ഋത്വിക്കുകൾ
അധ്വര്യു
അഗ്ന്യാധനം കഴിഞ്ഞാൽ യജമാനൻ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ് ഋത്വിക്കുകൾ. ശാലാമാത്രയിൽ യജുർവേദം ചൊല്ലേണ്ട അധ്വര്യുവാണ് പ്രധാനി. ഈ ഗണത്തിൽ വേറെയും പലർ ഉണ്ട്.
ഹോതാവ്
ഹോതൃഗണം എന്ന ഗണത്തിൽ ഋഗ്വേദ മന്ത്രങ്ങൾ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉൾപ്പെടുന്നു.
ഉദ്ഗാതാവ്
സാമവേദ മന്ത്രങ്ങൾ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.
സദസ്യർ
എല്ലാ ക്രിയാ കർമ്മങ്ങളും ശ്രദ്ധിക്കുന്നവരാണ് സദസ്യൻ അല്ലെങ്കിൽ സദസ്യർ. മേൽ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനൻ ദേവന്മാർക്ക് വേണ്ടിയുമാണ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.
No comments:
Post a Comment