മാധവന്റെ മായാലീല
ഒരിക്കൽ, തപോനിധിയായ ദുർവ്വാസാവ് മഹർഷി വ്രജത്തിൽ ചെന്നു. ശ്രീകൃഷ്ണദർശനമായിരുന്നു ഉദ്ദേശ്യം. ലതാകുഞ്ജനിബിഡമായ യമുനാതടത്തിൽ ആ ഋഷിപ്രൗഢൻ ശ്രീകൃഷ്ണഭഗവാനെക്കണ്ടു. അപ്പോൾ, ലീലാലോലനായ നന്ദകിശോരൻ സമവയസ്കരോടൊപ്പം വിനോദകേളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുട്ടികളോടൊത്ത്, ചേറാണ്ടും പൊടിയണിഞ്ഞും മുടിയഴിഞ്ഞും വസ്ത്രമിഴിഞ്ഞും ഓടിക്കളിക്കുന്ന നന്ദജനെക്കണ്ട് മുനി വിസ്മിതനായി. ഇക്കാണുന്ന ശ്രീകൃഷ്ണൻ ഈശ്വരനോ? എങ്കിൽ, കുട്ടികളുമായിങ്ങനെ കേളിയാടുമോ? ഇല്ല, ഈ കുട്ടി നന്ദഗോപന്റെ പുത്രൻമാത്രം! ഒരിക്കലും പരാത്പരനായ ഭഗവാനല്ല. ദുർവ്വാസാവ് ഇപ്രകാരം മോഹിതനായി ചിന്തിച്ചിരിക്കവേ, അദ്ദേഹത്തെ ശ്രീകൃഷ്ണൻ കണ്ടു. ഉടൻതന്നെ ഭഗവാൻ ഓടിച്ചെന്ന് മാമുനിയുടെ അങ്കതലത്തിൽ കയറിയിരുന്നു. പിന്നീട്, മടിയിൽ നിന്നിറങ്ങി ദൂരെചെന്ന് തിരിഞ്ഞ്, ബാലസിംഹമെന്നപോലെ ഒന്നു ചിരിച്ചു. ചിരിച്ചുകൊണ്ടിരുന്ന ഭഗവാന്റെ ശ്വാസവേഗത്താൽ മുനി, ഭഗവാന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. അവിടെ നിബിഡവനമായ മറ്റൊരുലോകം കണ്ട് ആശ്ചര്യഭരിതനായി.) മഹർഷി അവിടെ പരിഭ്രമിച്ചു നടന്നു. അപ്പോൾ ഒരു പെരുമ്പാമ്പ് അദ്ദേഹത്തെ വിഴുങ്ങി. അതിനുള്ളിൽ പല ബ്രഹ്മാണ്ഡങ്ങൾ! പല ലോകങ്ങൾ! ഗുഹകൾ! ദ്വീപുകൾ! മുനി നടന്നുനടന്നു ഒരു പർവ്വതത്തിലെത്തി.) ആ പർവത സാനുവിൽ ദുർവ്വാസാവ് തപസ്സുചെയ്തു. അനേകവർഷം! അപ്പോൾ, ഭയങ്കരമായ ഒരു പ്രളയമുണ്ടായി. ഭൂമി സമുദ്രത്തിൽ മുങ്ങിപ്പോയി. ഒപ്പം മഹർഷീഷശ്വരനും പർവതവും വെള്ളത്തിലായി. ആ സമുദ്രജലപ്രവാഹത്തിലൂടൊഴുകി മുനി വലഞ്ഞു. എവിടെയും ജലം! എങ്ങും ഒരന്തവും കണ്ടില്ല. അങ്ങനെ ആയിരം യുഗങ്ങൾ കഴിഞ്ഞു. മുനി കണ്ടു. ആ മഹാണ്ഡത്തിൽ കാണായ ഒരു പർവതത്തിൽ ചെന്ന് ശ്രീഹരിയെ സ്മരിച്ചുകൊണ്ട് ചുറ്റും നോക്കി. എങ്ങും ജലമയമായിക്കണ്ട് അദ്ഭുതാധീനനായി. നിറഞ്ഞുകണ്ട ജലരാശിയിൽ അനേകമനേകം ബ്രഹ്മാണ്ഡങ്ങൾ കാണുമാറായി. അതിനുമപ്പുറം വിരജാ നദിയൊഴുകുന്നതായും കണ്ടു. ജലത്തിലൂടെ സഞ്ചരിച്ച മുനി വിരജാ നദി കടന്ന് മറുകരപറ്റി. അവിടെ നിന്നു നോക്കിയപ്പോൾ വൃന്ദാവനം കണ്ടു. ഗോവധർനാചലവും യമുനാപുളിനവും കണ്ടു. യമുനാതടസ്ഥമായ ഒരു വള്ളിക്കുടിലിൽ മഹർഷി പ്രവേശിച്ചു. അദ്ഭുതം! അവിടെ സർവബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണഭഗവാൻ! ഗോലോകപതിയും പരിപൂർണ്ണതമനുമായ ശ്രീരാധാപതിയെ മുന്നിൽക്കണ്ട് ദുർവ്വാസാവു മഹർഷി ആനന്ദപുളകിതനായി.
മുനീശ്വരനെക്കണ്ട് ഭഗവാൻ ഹരി ഒന്നു ചിരിച്ചു. അപ്പോൾത്തന്നെ ദുർവ്വാസാവ് ശ്രീകൃഷ്ണന്റെ മൂക്കിനുള്ളിലേക്കു കയറിപ്പോയി. പുറത്തുവന്നപ്പോൾ യമുനാതീരത്തു കുളിച്ചുകൊണ്ടിരുന്ന നന്ദകുമാരനെക്കണ്ടു. കാളിന്ദീ തടത്തിൽ ചങ്ങാതികളൊത്തു കളിച്ചുകൊണ്ടിരുന്ന കൃഷ്ണനെ മുന്നിൽ കണ്ടപ്പോൾ മഹർഷി വിസ്മയപരതന്ത്രനായി.
പരമാത്മാവായ കൃഷ്ണൻ തന്നെയാണ് നന്ദനന്ദനെന്നു മനസ്സിലാക്കിയ ദുർവ്വാസാവ്, അഞ്ജലീബദ്ധനായി നമസ്ക്കരിച്ച് സ്തുതിച്ചു. പലപാട് സ്തുതിച്ചശേഷം അഹം നശിച്ച ദുർവാസാവ്, ഭഗവാന്റെ അനുജ്ഞയും അനുഗ്രഹവും വാങ്ങി, ബദര്യാശ്രമത്തിലേക്കുപോയി.
ഉൽക്കൃഷ്ടതപോധനനെങ്കിലും അസമീക്ഷ്യകാരിയായ ഒരു മുനിയാണ് ദുർവ്വാസാവ്. ക്ഷിപ്രകോപം അദ്ദേഹത്തിന്റെ അപാകമനസ്സിന്റെ പ്രത്യക്ഷനിദർശനമാണ്. കാമക്രോധവിവർജ്ജിതരും ദ്വന്ദ്വഭാവനിർമുക്തരുമാണ് സ്ഥിതപ്രജ്ഞരായ മുനീശ്വരന്മാർ. അവർ അദൈ്വതീഭാവത്തിനതീതരാകയാൽ, ‘, അവരുടെ മനസ്സ് അസ്പന്ദമായിരിക്കും. കണ്ടമാത്രയിൽ ഒന്നിനെപ്പറ്റി സംശയിക്കുക, അവരുടെ രീതിയല്ല. എന്നാൽ, ആ രീതിയായിരുന്നില്ല ദുർവ്വാസാവിന്. വ്രജവനവിഹാരിയായ ശ്രീകൃഷ്ണനെ കണ്ടപ്പോൾ ആ മുനിക്ക് ഭേദചിന്തയാണുണ്ടായത്. ഭേദഭാവം ആരുടെയും വസ്തു ദർശന സാമർഥ്യമില്ലാതാക്കും. മഹർഷിക്ക് ഗോലോകനാഥനെ ഗോപാലബാലനായേ കാണാൻ കഴിഞ്ഞുള്ളൂ. വാസ്തവദൃഷ്ടി മൂടിക്കളയുന്ന അജ്ഞാനത്തിന് (മായയ്ക്ക്) മാമുനി വശംവദനായിപ്പോയി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന’ സത്യത്തെ കാണാൻ, ഋഷിയായിരുന്നിട്ടും, അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗോകുലബാലന്മാരുമായി കളിച്ചുരസിക്കുന്ന ശ്രീകൃഷ്ണനെ കേവലം നന്ദകുമാരനായി കാണാനേ കഴിഞ്ഞുള്ളൂ. ‘രജ്ജൂഖണ്ഡത്തിങ്കൽ പന്നഗബുദ്ധി’യുണ്ടാക്കാൻ മായയ്ക്കുള്ള കഴിവ് അപാരം തന്നെ!
സംശയാലുവായി നിന്ന മുനിയുടെ അങ്കതലത്തിലേക്കോടിവന്നിരുന്നശേഷം ഇറങ്ങിദൂരെപ്പോയി നിന്ന് ചിരിച്ച ശ്രീകൃഷ്ണന്റെ നാസാദ്വാരത്തിലേക്ക് ദുർവ്വാസാവ്, ബലാൽ, കയറിപ്പോയി! മുനി മാധവന്റെ മായാലീലകൾക്ക് അധീനനനായി എന്നു സാരം! അങ്ങനെയാവുന്ന വ്യക്തിയുടെ മനസ്സ് വിചിത്രമായ കല്പനകളിൽ മുഴുകും. അയഥാർത്ഥങ്ങളായ അനവധി കാഴ്ചകൾ കാണും! ‘യാ മാ സാ മായ!’ എന്നാണല്ലോ. വാസ്തവമല്ലാത്തവയെക്കാണുന്ന ആ മായയ്ക്ക് യതിവര്യർപോലും വിധേയമാകുന്നത് കഷ്ടംതന്നെ. ഭഗവാന്റെ നാസാദ്വാരത്തിൽ പ്രവേശിച്ച മുനി അനവധി വിചിത്രലോകങ്ങൾ കണ്ടു. എന്നുവച്ചാൽ, മായിയുടെ മായാജാലത്തിൽപ്പെട്ട് പലതും അനുഭവിച്ചു എന്നുസാരം. പല പല ബ്രഹ്മാണ്ഡങ്ങളും അവിടെ, പലതരം പർവ്വതങ്ങളും ഗുഹകളും നികുഞ്ജങ്ങളും നദികളും മുനിവര്യൻ ദർശിച്ചു. മുൻപൊരുളറിയാതെ കുഴങ്ങിപ്പോയി. അദ്ദേഹം മായാബദ്ധനും ഐന്ദ്ര്യാനുസാരിയുമായ ഒരു സാധാരണപുരുഷനായി മാറിപ്പോയി.
അപ്പോൾ, മഹർഷിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. ഈ പെരുമ്പാമ്പ് കാലത്തിന്റെ പ്രതീകമാണ്. മായാബദ്ധനായി കുറച്ചുകാലം കാലം കഴിച്ചപ്പോൾ മുനിക്ക് പുനശ്ചിന്തുയണ്ടായി. മനഃപരിപാകത്തിന് ദീർഘകാലം ആവശ്യമാണെന്നുസാരം. ആ പാമ്പിന്റെ ഉള്ളിലിരുന്ന് ദുർവ്വാസാവ് പല പല കാഴ്ചകൾ കണ്ടു. മായയിൽ മുഴുകിയ വ്യക്തി കാലം കഴിയുമ്പോൾ, ക്രമേണ തിരിച്ചറിവിലേക്കും വരും. കാലം പലതരം പരിണാമങ്ങൾക്ക് കാരണമാകാറുണ്ടല്ലോ! തുടർന്ന്, ശരണാഗതിയിലൂടെ രക്ഷോപാധിതേടും. ആ രീതി ദുർവ്വാസാവിനുണ്ടായ അനുഭവത്തിലും കാണാം. വിചിത്രലോകങ്ങൾ കണ്ട് വിസ്മിതനായ മുനി പിന്നീട് കണ്ടത്, ആ വിചിത്രകാഴ്ചകൾക്കിടയിൽ, ഒരു പർവ്വതത്തെയാണ്. ദുർവ്വാസാവ് അതിന്റെ സാനുപ്രദേശത്തിരുന്ന് തപസ്സാരംഭിച്ചു. മായാബന്ധം വിട്ട് ഉണരുന്ന ബുദ്ധിയുടെ യത്നമാണ് തപസ്സ്. പുരാണകഥകളിൽ പരാമൃഷ്ടങ്ങളാകുന്ന പർവ്വതങ്ങൾ പലതും ബുദ്ധിയുടെ പ്രതീകങ്ങളായി നിരീക്ഷിക്കാവുന്നതാണ്. ഗോവർദ്ധനോദ്ധാരണാദി സന്ദർഭങ്ങളിലും ആവക ചിന്തകൾക്കവസരമുണ്ട്. താന് ചെന്നെത്തിയിരിക്കുന്നത് ഒരപകടത്തിലാണെന്നു തോന്നുമ്പോഴാണ് ഒരാൾ, രക്ഷാമാർഗ്ഗം ചികയുന്നത്. ജന്തുക്കൾപോലും.
ദുർവ്വാസാവിന്റെ തപസ്സു മുറുകി. ഭഗവാനിൽ ശരണം പ്രാപിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് തോന്നിത്തുടങ്ങി. ഉണ്ടായ ഭേദചിന്ത കുറയാൻ തുടങ്ങി. തപസ്സിൽ നിന്നുണർന്നപ്പോൾ കണ്ടതോ, സർവ്വത്ര ജലം! വ്യക്തിചിന്തം മായക്കാഴ്ചകൾ വിട്ട് ഭക്തിയിൽ മുഴുകിയെന്നതാണ് ജലമയമെന്ന പ്രതീകം വിശദമാക്കുന്നത്. സാക്ഷാൽ പ്രളയം (പ്രലയം) തന്നെ. ആ പ്രളയത്തിന്റെ ഭൂമിയും പർവ്വതവുമെല്ലാം മുങ്ങുന്നു. ഭക്തിയിൽ മുങ്ങിയ ഭക്തൻ സർവ്വവും ഒന്നായി കാണുന്നു. ‘ അന്യഥാശരണം നാസ്തി ത്വമേവശരണം മമ’ എന്നുറയ്ക്കുന്ന ഭക്തൻ മറ്റൊന്നും കാണാൻ സാധിക്കുകയില്ല. താനും ഭഗവാനുമായുള്ള പ്രലയത്താൽ (പ്രകർഷേണലയം) അന്യഭാവങ്ങളെല്ലാമൊടുങ്ങുന്നു.
അനേകയുഗങ്ങൾ ആവിധം കഴിച്ചുകൂട്ടിയ ദുർവ്വാസാവ് പിന്നെയും പല പല ബ്രഹ്മാണ്ഡങ്ങൾ കണ്ടു. അവിടെച്ചെന്ന മാമുനി യമുനാ വ്രജദൃശ്യങ്ങൾ കണ്ടു. യമുനാതടത്തിലെ വള്ളിക്കുടിലിൽ രാധാപതിയായ ശ്രീകൃഷ്ണനേയും കണ്ടു. ഭക്തപരായണനായ ഭഗവാൻ ഭക്തനെ പരീക്ഷിച്ച് പ്രീതനായി, സ്വയം പരീക്ഷിച്ച്, അനുഗ്രഹിക്കുക പതിവാണ്. ഇക്കഥയിലും അതാണ് സംഭവിച്ചത്. മായാബന്ധനത്തിൽ നിന്ന് മോചിതനായി ഭഗവദ്ദർശനം നേടി ആനന്ദമനുഭവിക്കുകയാണ് ദുർവ്വാസാവ്. അഥവാ ദുർവാസാവിന്റെ വിശുദ്ധമായ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ, ഭക്തനെ അനുഗ്രഹിച്ച് ദർശനം നല്കിയെന്നർത്ഥം!
ദുർവ്വാസാവ്, യമുനാദതടത്തിൽ വള്ളിക്കുടിലിൽ ശ്രീകൃഷ്ണനെ കണ്ടു. ഈ വള്ളിക്കുടിൽ മനസ്സുതന്നെയാണ്. യമുനയാകട്ടെ ഭക്തിപ്രതീകവും. ഭക്തിനദീതീരം ഭഗവാന്റെ വസതിയാണ്. യമുനാതടനികുഞ്ജത്തിൽ ശ്രീകൃഷ്ണൻ വസിക്കുകയായിരുന്നല്ലോ? ഭക്തമാനസത്തിൽ ഭഗവാൻ നിത്യവാസം ചെയ്യുന്നു എന്നാണിതിന്നർത്ഥം! അപ്പോൾ, ഭക്തനുണ്ടാകുന്ന ആനന്ദം അനവദ്യമായ അനുഭൂതിയാണ്. ദുർവ്വാസാവു ചെയ്ത ശ്രീകൃഷ്ണസ്തുതിയിൽ ആ അനഘാനന്ദത്തിന്റെ നിറവുകാണാം. ഭേദചിന്തയാൽ മായയിൽ മുഴുകിക്കണ്ട ദുർവ്വാസാവല്ല, ഈ സന്ദർഭത്തിൽ. ശ്രീകൃഷ്ണഭഗവാനെ യമുനാതടത്തിൽ വീണ്ടും കണ്ടപ്പോൾ, ദുർവ്വാസാവ്, ആ പരാൽപ്പരനെ അഞ്ജലീബദ്ധനായി നമസ്കരിച്ചു. നന്ദകുമാരൻ സാക്ഷാൽ ശ്രീകൃഷ്ണനാണെന്നുറച്ച് ആനന്ദം അനുഭവിച്ചു.
ദുർവ്വാസാവിന്റെ നമസ്കാരം വിവേകമാർന്ന മനസ്സിനെ വ്യക്തമാക്കുന്ന വസ്തുവിവേകംതന്നെ.
‘ബാലം നവീന ശതപത്ര വിശാലേ നേത്രം
ബിംബാധരം സഘനമേഘ രുചിം മനോജ്ഞം
മന്ദസ്മിതം മധുരസുന്ദരമന്ദയാനം
ശ്രീനന്ദനന്ദനമഹം മനസാ സ്മരാമി’-
ദുർവ്വാസാവിന്റെ ഈ സ്തുതിയിൽ ഭക്തി തുളുമ്പിയൊഴുകുകയാണ്. ഈ ബാലൻ നന്ദനന്ദനൻ മാത്രമാണ് ഈശ്വരനല്ല എന്നുഭാവിച്ച മുനി ‘ ശ്രീനന്ദനന്ദനമഹം മനസാസ്മരാമി’ എന്നു പറയുമാറ് മാറി. ഭക്തൻ ഭഗവാനെ, അംഗപ്രത്യംഗവർണ്ണനയിലൂടെ, എത്ര സ്തുതിച്ചാലും മതിവരുകയില്ല. അതുപോലെതന്നെ, ഭഗവാന്റെ ഓരോ ചലനവും. ‘രൂപം മധുരം വചനം മധുരം’ എന്നു തുടങ്ങി, ‘മധുരാധിപതേരഖിലം മധുരം’ എന്നുവരെ സങ്കല്പിച്ചേ ഭക്തൻ തൃപ്തനാവൂ! ദുർവ്വാസാവും ഭിന്നനല്ല.
മദം ശമിക്കുമ്പോൾ മാത്രമേ തിരിച്ചറിവുണ്ടാകൂ. ശ്രീകൃഷ്ണമായയിൽ പെട്ടുപോയ ദുർവ്വാസാവിന് തത്ത്വമറിയാൻ വളരെ കഷ്ടപ്പെടേണ്ടിവന്നു. പാപിയേയും തങ്കലേക്കാകർഷിക്കുക എന്ന തത്ത്വപ്രപഞ്ചനമാണ് കൃഷ്ണലീലകളുടെ പൊരുൾ! അഹമ്മാനിതയോടെ എത്തുന്നവരെ ‘അഖിലം ഞാനിതെന്നപടി’ തോന്നിച്ച് ആനന്ദമനുഭവിപ്പിക്കുകയാണ് അതിന്റെ രീതി. കൃഷ്ണമായയിൽ നിന്ന് ദുർവ്വാസാവ് പഠിച്ചതും അതുതന്നെ. തുടർന്ന് തിരുനാമപ്പഴും, നാവിന്മേൽ, പിരിയാതിരിക്കണമെന്ന ചിന്തയോടെ ‘കൃഷ്ണനാമജാലങ്ങളെ ജപിപ്പൂതും ചെയ്തു’ മാമുനി! അദ്ദേഹം ബദര്യാശ്രമത്തിലേക്കാണു പോയത്. തപസ്സിന്റേയും സന്ന്യാസത്തിന്റെയും ലക്ഷ്യസ്ഥാനമാണത്. ബ്രഹ്മതത്ത്വമറിഞ്ഞ വ്യക്തി ആനന്ദമയമായ മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് ആരാധന നടത്തിക്കൊണ്ടേയിരിക്കും. ഈശ്വരസ്തുതിയുടെ അനുസ്യൂതി കാണിക്കാനാണ് ബദര്യാശ്രമത്തിലേക്കുപോയി എന്നു പറഞ്ഞിരിക്കുന്നത്. ഭക്താഗ്രണിയായ ഉദ്ധവനും ശ്രീനാരദനും നരനാരയണന്മാരും സുദീർഘകാലം തപം ചെയ്ത പുണ്യഭൂമിയാണല്ലോ ബദരികാശ്രമം!
No comments:
Post a Comment