ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2018

വാമന മഹാപുരാണം

വാമന മഹാപുരാണം

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അഞ്ചാമത്തേതാണ് വാമനമൂർത്തി. വിഷ്ണുവിന്റെ വാമനാവതാരത്തിന്റെ കഥയാണ് വാമനപുരാണത്തിലെ മുഖ്യ വിഷയം. 18 മഹാപുരാണങ്ങളിൽ പതിനാലാമത്തെ പുരാണമാണിത്.

മത്സ്യ പുരാണം, സ്കന്ദ പുരാണം തുടങ്ങിയവയിലെ വിവരമനുസരിച്ച് വാമനപുരാണത്തിൽ 10000 ശ്ളോകങ്ങളുണ്ട്. എന്നാൽ ഇപ്പോൾ ലഭ്യമായ വാമനപുരാണത്തിൽ വെറും ആറായിരത്തിനു മേൽ (6000) ശ്ളോകങ്ങൾ മാത്രമാണുള്ളത്. നാരദീയ പുരാണമനുസരിച്ച് വാമനപുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ആറായിരം ശ്ളോകങ്ങളടങ്ങിയ പൂർവ്വഭാഗവും, നാലായിരം ശ്ളോകങ്ങൾ ഉള്ള ഉത്തര ഭാഗവും. ഇപ്പോൾ ലഭ്യമായത് ചിലപ്പോൾ പൂർവ്വഭാഗമാകാം. ദേവി, ഭഗവതി, സൂര്യൻ, ഗണപതി എന്നിവരെ സ്തുതിക്കുന്നതാണ് ഉത്തരഭാഗം. ഈ ഭാഗത്തെ ബൃഹത് വാമനപുരാണം എന്നും പറയുന്നുണ്ട് .

വിഷ്ണുവിന്റെ അവതാരകഥയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്ന വൈഷ്ണവ പുരാണമാണ് ഇതെങ്കിലും, എല്ലാ ദേവതമാരെയും സമഭാവനയോടെ ഇതിൽ വീക്ഷിക്കുന്നു . വിഷ്ണുവിനെപ്പോലെ തന്നെ ശിവനെയും ബ്രഹ്‌മാവിനെയും ഇതിൽ പ്രാധാന്യത്തോടെ വർണ്ണിക്കുന്നു.

വാമനപുരാണത്തിന്റെ കാലഘട്ടത്തെപ്പറ്റി ഏതാനും ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ. കാളിദാസ കൃതികളുടെ സ്വാധീനം ഇതിൽ കാണുവാൻ സാധിക്കും. ഗുപ്തഭരണ കാലത്താണ് കാളിദാസൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അപ്പോൾ ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഈ പുരാണത്തിന്റെ കാലഘട്ടമെന്ന് ഊഹിക്കാം.

നൈമിശാരണ്യത്തിൽ വച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമുനി നാരദനോട് വിവരിക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം. പലതരം വിചിത്രങ്ങളായ കഥകളും ഉപകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു. പല വിശിഷ്ട തീർത്ഥങ്ങളുടെ മാഹാത്മ്യവും, ദേവീ മാഹാത്മ്യം, ദേവാസുരയുദ്ധം, മഹാബലി ചരിതം, ശിവ പാർവ്വതീ വിവാഹം, വാമനാവതാരം, മഹാബലി ബന്ധനം എന്നിവ ഇതിൽ പ്രധാനങ്ങളാണ്.



No comments:

Post a Comment