ബ്രഹ്മ വൈവർത്ത പുരാണം
പതിനെട്ടു മഹാപുരാണങ്ങളുള്ളതിൽ പത്താമത്തെ പുരാണമാണ് ബ്രഹ്മവൈവർത്ത മഹാപുരാണം . ഇന്ന് ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണം, ഭഗവാൻ കൃഷ്ണന്റെ അതിശയകരമായ മഹിമാതിരേകങ്ങളെ വർണ്ണിക്കുന്നവയാണ്. ബ്രഹ്മാവിന്റെ പരിണാമത്തെ സൂചിപ്പിക്കുന്നതായ കാര്യങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നെങ്കിലും വാസ്തവത്തിൽ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്തമായൊരു ഉജ്ജ്വലഭാവമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും. ബ്രഹ്മത്തിന്റെ വിവർത്തഭാവങ്ങളിൽ നിന്നുമായി ലോകവും ചരാചരങ്ങളുമുണ്ടായി എന്നാണു ഇതിൽ പറയപ്പെടുന്നത്. ബ്രഹ്മാവിന്റെ സൂക്ഷ്മമായ പരിണാമങ്ങളെക്കുറിച്ചു വർണ്ണിച്ചിട്ടുണ്ടെന്നു ഇതിലും മറ്റു പുരാണങ്ങളിലും സൂചനയുണ്ട്.
ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് .
1. ബ്രഹ്മ ഖണ്ഡം - 30 അദ്ധ്യായങ്ങൾ .
2. പ്രകൃതി ഖണ്ഡം - 67 അദ്ധ്യായങ്ങൾ .
3. ഗണപതീ ഖണ്ഡം - 46 അദ്ധ്യായങ്ങൾ .
4. ശ്രീകൃഷ്ണജന്മ ഖണ്ഡം -133 അദ്ധ്യായങ്ങൾ .
ഇത്തരത്തിൽ ആകെ 276 അദ്ധ്യായങ്ങളും, 20500 ശ്ളോകങ്ങളുമുള്ളതാണ് ഈ പുരാണം.
മൽസ്യ പുരാണത്തിൽ പറയപ്പെടുന്ന ബ്രഹ്മവൈവർത്ത പുരാണം ഇപ്പോൾ കിട്ടുന്ന ബ്രഹ്മവൈവർത്ത പുരാണത്തിൽ നിന്നും വളരെ വ്യത്യാസപ്പെട്ടതാണ്.
ബ്രഹ്മഖണ്ഡത്തിലെ പരബ്രഹ്മ നിരൂപണത്തിൽ ബ്രഹ്മത്തിന്റെ സഗുണവും നിർഗ്ഗുണവുമായ ഭാവവും, ബ്രഹ്മം ക്ഷോഭിച്ചു സൃഷ്ടി തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നെങ്കിലും, ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിൽ അതൊന്നും കാണുന്നില്ല. പകരം കൃഷ്ണന്റെ ഗോലോകത്തെയും ജാതി ക്രമങ്ങളെക്കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു. രാധാമാധവന്മാരുടെ ക്രീഡയും മറ്റുമൊക്കെ ഇതിൽ വിശദീകരിച്ചിരിക്കുന്നു.
ശ്രീകൃഷ്ണജന്മഖണ്ഡം വാസ്തവത്തിൽ ഈ പുരാണത്തിൽ ഇല്ലാത്തതാണ്. അതിലാകട്ടെ കൃഷ്ണന്റെ ജനനം മുതൽ ഗോലോകാരോഹണം വരെയുള്ളവ വിശദീകരിക്കുന്നത് കൂടാതെ, കൃഷ്ണന്റെ പല അമാനുഷിക ഭാവങ്ങളും അതിന്റെയൊക്കെ തത്ത്വങ്ങളും വിശദീകരിക്കുന്നു. മത്സ്യപുരാണത്തിലെയും മറ്റു ഗ്രന്ഥങ്ങളിലെയും വർണ്ണന പ്രകാരം ഈ പുരാണം ബ്രഹ്മഖണ്ഡം, പ്രകൃതീ ഖണ്ഡം, ഗണപതീഖണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളും, 18000 ശ്ളോകങ്ങളുമുള്ളതാണ്. എന്നാൽ ഇപ്പോൾ ലഭ്യമായവയിൽ 20500 ശ്ളോകങ്ങളുണ്ട്. ഈ പുരാണത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടെന്നു ഇതര ഗ്രന്ഥങ്ങളിൽ പറയുന്ന ബ്രഹ്മത്തിന്റെ "സർവ്വേശ്വര" ഭാവവും, തന്നിൽ നിന്നും തന്നെപോലെ ബഹുവായി പലതായി മാറുവാനുള്ള ബ്രഹ്മത്തിന്റെ ഇച്ഛയും, അതിനെത്തുടർന്ന് ബ്രഹ്മത്തിൽ നിന്നും പ്രകൃതി വേർപിടുന്നതുമൊന്നും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്തത്തിൽ കാണാനാകുന്നില്ല . അപ്പോൾ; ഇക്കാലത്തു ലഭ്യമായ ബ്രഹ്മവൈവർത്തമെന്ന "കൃഷ്ണ"പുരാണത്തെ കൂടാതെ, ഇതിനു മുൻപൊരു "യഥാർത്ഥമായ" ബ്രഹ്മവൈവർത്ത പുരാണമുണ്ടായിരുന്നുവെന്നും , അതാണ് ശെരിക്കുള്ള ബ്രഹ്മവൈവർത്ത പുരാണമെന്നും ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ ചിലരുടെ അഭിപ്രായം പുരാണങ്ങളിൽ ഉൾപ്പെട്ട രണ്ടു ബ്രഹ്മവൈവർത്ത പുരാണങ്ങളുണ്ടായിരുന്നു എന്നാണു. ഇപ്പോൾ ലഭ്യമായത് ശെരിക്കുള്ളതല്ലെന്നും ചിലർ വാദിക്കുന്നുണ്ട്. മൂലപുരാണം നഷ്ടപ്പെട്ടു പോയതാകാനാണ് സാധ്യത .
മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല. മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ്. ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട്. ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല .
എന്നാൽ ബ്രഹ്മവൈവർത്ത പുരാണം ഉൾപ്പെടെയുള്ള പുരാണ-ഇതിഹാസ ഗ്രന്ഥങ്ങളുടെ കർതൃത്വം ദൈവികമെന്ന് കല്പിക്കപ്പെടുന്നതാണ്, കൂടാതെ ഈ ഗ്രന്ഥങ്ങൾ ഭാരതമൊട്ടാകെ പ്രചരിച്ചിരുന്നതുമാണ്. ആയതിനാൽ പൊതുവേ കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ മത പണ്ഡിതന്മാർ സ്വന്തം നിലയ്ക്ക് പുരാണേതിഹാസങ്ങളിൽ തിരുത്തൽ വരുത്താനുള്ള ധൈര്യം കാണിക്കാൻ സാധ്യത വിരളമാണ് എന്നതും സ്മരണീയമാണ്. ആയതിനാൽ പുരാണേതിഹാസങ്ങൾ മുഴുവനും പില്ക്കാലത്തെ ഏതെങ്കിലും പണ്ഡിതന്മാർ തിരുത്തി എഴുതിയിരുന്നു എന്ന പ്രചുര പ്രചാരം നേടിയ നിലപാടിന്റെ സത്യസന്ധതയും തർക്കവിഷയമാണ്.
No comments:
Post a Comment