ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ?
മിക്കവരും കൈകളിൽ ചരടുകെട്ടാറുണ്ട്. ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിലുമാണെന്നു മാത്രം.ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന് ചിലർക്കു സംശയം തോന്നാം. ആരാധനാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു പോസിറ്റീവ് എനർജിയാണ്.ഉത്തമനായ കർമ്മി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണം .മൂക്കോളം മുങ്ങി നിൽക്കുന്നവന് കച്ചിതുരുമ്പും രക്ഷയാവാം അതുപോലെ ചരട് ജപിച്ച് കെട്ടിയാൽ ഭക്തന് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഭയപ്പെടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്യും.
പല നിറത്തിലുള്ള ചരടുകൾ ജപിച്ചു കെട്ടാറുണ്ട്. നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ട് . നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങൾക്കും അനുകൂലമായ ഓരോ നിറങ്ങൾ ഉണ്ട് . വെറുതെ ചരട് കെട്ടിയാൽ പോലും അതിൽ നിന്ന് അനുകൂല ഊർജം ലഭിക്കുമെന്നാണ് വിശ്വാസം. ഓരോ നിറത്തിലുള്ള ചരടുകൾ കെട്ടുന്നതിന് ഓരോ ഫലങ്ങളാണ് .
കറുത്ത ചരട്
➖➖➖➖➖➖➖➖➖
മിക്കവരും കറുത്ത ചരടാണ് കെട്ടാറുള്ളത് .കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി ,രാഹു പ്രീതികരമാണ് .ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും .ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്. കുഞ്ഞുങ്ങളുടെ ഇരുപത്തെട്ടു കെട്ടിന് കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അരയിൽ കെട്ടുന്നത് . കറുത്ത ചരടിൽ നിന്നും പഞ്ചലോഹത്തിൽ നിന്നുമുള്ള എനർജി കുഞ്ഞിനെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷിക്കുന്നു .
ചുവന്ന ചരട്
➖➖➖➖➖➖➖➖➖
നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ് . ബാധാദോഷം നീങ്ങാനും ചുവന്ന ചരട് കെട്ടാറുണ്ട് .
മഞ്ഞച്ചരട്
➖➖➖➖➖➖➖➖➖
വിവാഹവേളയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞച്ചരട് .ദമ്പതികൾ തമ്മിലുള്ള ഐക്യവർധനവിനാണ് മഞ്ഞച്ചരടിൽ കോർത്ത് താലി ചാർത്തുന്നത് . വ്യാഴ പ്രീതികരമായ നിറമാണ് മഞ്ഞ . ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം.വിഷ്ണു പ്രീതികരവുമാണ്. മഞ്ഞനിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ അഭിവൃദ്ധിയാണ് ഫലം.
ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട്
➖➖➖➖➖➖➖➖➖
സൂര്യ പ്രീതികരമായ നിറങ്ങളാണിവ . ഈ നിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ ജീവിത പ്രശ്നങ്ങളെ എരിച്ചു കളഞ്ഞു ശാന്തിയും സമാധാനവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം .
ചിലർ ഈ നിറങ്ങളിലുള്ള ചരടുകളെല്ലാം ചേർത്ത് കൈകളിൽ കെട്ടാറുണ്ട് . ഇത് ദോഷങ്ങൾ നീക്കി അഭിവൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
No comments:
Post a Comment