കന്യാദാനത്തിന്റെ മഹത്വം
മഹത്തരമായ ഗുണങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ് സ്ത്രീ. ക്ഷമയുടെ പര്യായമായ അവള്‍ക്ക് 'സര്‍വ്വംസഹ' എന്നുകൂടി പേരുണ്ട്. സ്ത്രീപുരുഷ ബന്ധത്തില്‍ എത്രയും പ്രാധാന്യമേറിയതാണ് പിതാവും പുത്രിയുമായും മാതാവും പുത്രനുമായുള്ള ബന്ധം. മാതാവിന് പുത്രിയോട് ഉള്ളതിനേക്കാള്‍ ബന്ധവും ഉത്തരവാദിത്വവും പിതാവിന് പുത്രിയോട് ഉണ്ട്. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ പദവികളില്‍ ഒന്നാണ് പിതൃത്വം. ഒരു പുത്രിയുടെ ജനനം മുതല്‍ വിവാഹം വരെ പിതാവിനുള്ള ഉത്തരവാദിത്വം അത്യന്തം മഹത്തരമാണ്.
കന്യാദാനം എന്ന മഹത്തരമായ ആചാരത്തില്‍ കന്യകയെ പിതാവ് പ്രതിശ്രുത വരനെ ഏല്‍പ്പിക്കുന്നു. ആധുനിക നാഗരിക സംസ്കാരത്തില്‍ പെണ് കുട്ടികളുടെ കന്യകാത്വം കേവലം നേരമ്പോക്കിനായുള്ള ഒരു ഉപാധിയായി മാറുന്നു. അതുകൊണ്ട് ഈ ചടങ്ങിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ഒരു സ്ത്രീ മഹതിയാവുന്നത് വിവാഹം വരെ അവള് കന്യകാത്വം നിലനിര്‍ത്തുമ്പോഴും വിവാഹശേഷം പ്രതിവ്രതയായി കഴിയുമ്പോഴുമാണ്. ഭാരത സ്ത്രീകളുടെ ഭാവശുദ്ധി പല മഹത് കവികളുടെയും തൂലികത്തുമ്പില്‍ വിരിഞ്ഞിട്ടുണ്ടല്ലോ.
കന്യാദാനത്തിന്റെ ആശയം മഹത്തരമാണ്. സര്‍വ്വോത്തമയായ കന്യകയെ ഉത്തമനായ കുമാരന് നല്കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് കന്യാദാനത്തിന്റെ ആശയം. വധുവിന്റെ പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലത് കയ്യില്‍ ചേര്‍ത്ത് വച്ച് അനുഗ്രഹിക്കുന്നു.
പ്രപഞ്ചം രൂപംകൊള്ളുന്നതിനു മുമ്പ് ഈ ലോകത്തില്‍ ഒരേയൊരു തത്ത്വമേ ഉണ്ടായിരുന്നുള്ളൂ. ഈ തത്ത്വത്തില്‍ സൃഷ്ടിക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ബ്രഹ്മത്വത്തില്‍ ഒരു മായാ തത്ത്വം നിഷിപ്തമായിരുന്നു. ഈ മായാ തത്ത്വം സൃഷ്ടി കാമനയോടെ ബ്രഹ്മത്വവുമായി ലയിച്ചാണ് ഈ പ്രപഞ്ചം രൂപംകൊണ്ടത്. മുമ്പ് പ്രതിപാദിച്ച മായാ തത്ത്വത്തെ ബ്രഹ്മത്വത്തിന്റെ പുത്രീ സ്ഥാനത്ത് വ്യാഖ്യാനിക്കാം. അങ്ങനെയാണ് ഈ ലോകത്തില്‍ സഗുണ സൃഷ്ടിക്ക് തുടക്കമായത്. മേല്‍പ്പറഞ്ഞ ആദ്ധ്യാത്മിക തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ കന്യാദാനം എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നു. ഹൈന്ദവാചാരങ്ങളില്‍ കന്യാദാനം എന്ന ചടങ്ങ് ഇന്നും നിലനിന്ന് പോരുന്നു.
No comments:
Post a Comment