രാമകഥാ മാധുര്യം
കര്‍ക്കടകമാസത്തിന്റെ ഇരവുപകലുകളില്‍ രാമായണ വായനയുടെ പുണ്യവും മധുരവും നിറയുന്നു. കര്‍ക്കടകത്തെ കള്ളക്കര്‍ക്കടകമെന്നും പഞ്ഞമാസമെന്നുമൊക്കെയാണ് വിളിച്ചുകൊണ്ടിരുന്നത്. തിമിര്‍ത്തുപെയ്യുന്ന മഴയും രോഗങ്ങളും ജോലിക്കുപോകാന്‍ കഴിയാതെയുള്ള പട്ടിണിയുമൊക്കെയാകുമ്പോള് കര്ക്കടകത്തിന് പേരുദോഷം കൂടുന്നു. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്. കൂടാതെ അല്പം ആശ്വാസത്തിനും.
1982 ലെ വിശാല ഹിന്ദു സമ്മേളനത്തിന്റെ ആഹ്വാനമാണ് കര്‍ക്കടകമാസത്തെ രാമായണ ശീലുകളാല്‍ മുഖരിതമാക്കിയത്. വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനം മുഴുവന്‍ ഹൈന്ദവ ജനതയും ഏറ്റെടുക്കുകയായിരുന്നു. കര്‍ക്കടകം സുഖചികിത്സയുടേയും കാലമാണ്. സസ്യാഹാരം ഭക്ഷിച്ച് നല്ലതുമാത്രം ചിന്തിച്ച്, രാമായണ കാവ്യം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി ഒരു ജനത ധ്യാനമിരിക്കുന്നു. ഭക്തിയുടെ നിറദീപങ്ങളാണ് ഓരോ വീട്ടിലും രാമായണത്തിനൊപ്പം നിറതിരിയിട്ട് കത്തിച്ചുവയ്ക്കുന്നതെങ്കിലും അക്ഷരങ്ങളെ ഈശ്വരനു തുല്യം സ്നേഹിക്കുന്ന ഒരുജനതയുടെ സംസ്കാരത്തിന്റെ തെളിവു നല്കല് കൂടിയാണ് രാമായണ പാരായണം. വ്രതം നോറ്റ്, ഭക്തിപാരവശ്യത്തോടെ അക്ഷരങ്ങള്‍ക്കു മുന്നില്‍ ഒരു ജനത ധ്യാനമിരിക്കുമ്പോള്‍ ഭക്തിമാത്രമല്ല പ്രചരിപ്പിക്കപ്പെടുന്നത്. അച്ഛനമ്മമാരെയും സഹോദരങ്ങളെയും സ്നേഹിക്കണമെന്നും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു മാത്രമാകണം ജീവിതമെന്നും ഉദ്ഘോഷിക്കപ്പെടുകയാണ്.
രാമന്റെ അയനം അഥവാ യാത്രയെന്നാണ് രാമായണത്തെക്കുറിച്ച് പറയുന്ന ഒരര്‍ത്ഥം. രാ എന്നാല്‍ ഇരുട്ടെന്നും അര്‍ത്ഥം പറയുന്നു. രാ-മായണം എന്നാല്‍ ഇരുട്ട് മായണം എന്നര്‍ത്ഥം. രാമായണം അറിയുന്നതിലൂടെ എല്ലാ മനുഷ്യരും മനസ്സിലെ അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി നല്ലവരായിത്തീരണമെന്നും ധര്‍മ്മത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും വിവക്ഷിക്കുന്നു. രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ, അതുവായിച്ചറിയുന്നവരെ നല്ല വ്യക്തികളാക്കാനുള്ളതെല്ലാം വാല്മീകി ഒരുക്കിവച്ചിരിക്കുന്നു. പ്രജാക്ഷേമം, പുത്രധര്‍മ്മം, സഹോദരസ്നേഹം, സത്യസന്ധത തുങ്ങിയവ എങ്ങനെപാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. കഥാനായകനായ രാമനെ എല്ലാതരത്തിലും ഉത്തമ പുരുഷനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സകലമനുഷ്യരും സന്മാര്ഗ്ഗികളും ഈശ്വരഭക്തരുമായിരിക്കണമെന്നതിലേക്കെത്തുകയായിരുന്നു കവിയുടെ ലക്ഷ്യം.
പലഭാഷകളില്‍, പലദേശങ്ങളില്‍ രാമായണം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ രാമായണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെയാണ്. പിന്നെയാണ് വാല്മീകി രാമായണത്തിന് മലയാളി സ്ഥാനം നല്‍കുന്നത്. തമിഴില്‍ കമ്പര്‍ എഴുതിയ കമ്പരാമായണത്തിനാണ് പ്രാധാന്യം. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. ഹിന്ദിയില്‍ തുളസീദാസന്റെ രാമചരിതമാനസം. ബംഗാളിയില്‍ കൃത്തിവാസന്‍ രചിച്ച ശ്രീരാമപാഞ്ജലി. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേരാമായണമാണ്.
നരഹരിയാണിതിന്റെ രചയിതാവ്. കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന. മറാഠിയില്‍ ഏകനാഥന്റെ ഭാവര്ഥരാമായണം. ശ്രീലങ്കയിലെ സിംഹള ഭാഷയിലും രാമായണമുണ്ട്. ഇതില്‍ രാമന് ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി.
തിബറ്റിലും തുര്‍ക്കിയിലും ഇന്തോനേഷ്യയിലും ചൈനയിലും രാമായണമുണ്ട്. ബുദ്ധ, ജൈനമതങ്ങള്‍ക്കൊപ്പമാണ് ഭാരതത്തില്‍ നിന്ന് രാമായണവും വിദേശത്തേക്കെത്തിയതെന്നാണ് ചരിത്രം പറയുന്നത്. ടിബറ്റന്‍ രാമായണത്തില്‍ രാജാവായ ദശരഥന് രണ്ട് ഭാര്യമാരേയുള്ളൂ. രണ്ടാം ഭാര്യയുടെ മകനായി വിഷ്ണുദേവന് അവതരിച്ചത് രാമനായി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യഭാര്യക്ക് ലക്ഷ്മണന് പിറന്നു. ലങ്കാധിപനായിരുന്ന രാവണന് മകള്‍ പിറന്നു. അവളാണ് സീത. മകള്‍ രാവണന് ദോഷംവരുത്തുമെന്ന് പ്രവചനം ഉണ്ടായപ്പോള്‍ രാവണന് മകളെ കൊല്ലാനായി സമുദ്രത്തിലെറിഞ്ഞു. പക്ഷേ, അവള് മരിച്ചില്ല. പിന്നീടുള്ള കഥ നമ്മുടെ രാമായണത്തിനു സമാനം.
കിഴക്കേ തുര്‍ക്കിസ്ഥാനില്‍ ഒമ്പതാം ശതകത്തിലുണ്ടായ രാമകഥയാണ് ഖോത്താനി രാമായണം. അതില്‍ രാമനും ലക്ഷ്മണനും ദശരഥ പുത്രന്മാരല്ല. ദശരഥ പുത്രനായ സഹസ്രബാഹുവിന്റെ പുത്രന്മാരാണ്. പരശുരാമന്റെ പിതാവിന്റെ പശുക്കളെ സഹസ്രബാഹു മോഷ്ടിച്ചപ്പോള്‍ പരുശുരാമന്‍ സഹസ്രബാഹുവിനെ കൊന്നു. രാമലക്ഷ്മണന്മാര് അപ്പോള്‍ കുട്ടികളായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ പരുശുരാമനെ വധിച്ചു. പിന്നീട് കാട്ടിലലയുമ്പോഴാണ് സീതയെ കല്യാണം കഴിക്കുന്നതും രാവണന് തട്ടിക്കൊണ്ടു പോകുന്നതുമെല്ലാം.
ഇന്തോനേഷ്യക്കാരുടെ വീരപുരുഷനാണ് ശ്രീരാമചന്ദ്രന്. തമിഴിലെ കമ്പരാമായണവുമായി ഇന്തോനേഷ്യക്കാരുടെ രാമായണത്തിന് വലിയ ബന്ധമുണ്ട്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ബാലിയിലും സുമാത്രയിലും പ്രചാരമുള്ള രാമകഥയില്‍ രാമന്റെ സഹോദരിയാണ് സീത. രാവണനെ തോല്പിച്ച് അയോധ്യയിലെത്തുന്ന രാമനും പരിവാരങ്ങളും സീതയെ ചക്രവര്‍ത്തിയായി വാഴിക്കുന്നു. ഇന്തോനേഷ്യക്കാരുടെ ജീവിതത്തെ രാമായണം വളരെയധികം സ്വാധിനിച്ചിട്ടുണ്ട്.
ദക്ഷിണ കമ്പോഡിയായിലെ രാമകഥയാണ് രാമകേര്‍ത്തി. തായ്ലന്റിലെ രാമകഥ രാമകിയേന എന്നറിയപ്പെടുന്നു. സേതുബന്ധനത്തിനു മുമ്പ് രാവണന് ഒരു സന്യാസിയുടെ വേഷത്തില്‍ രാമന്റെ അടുത്തെത്തി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി രാമകിയേനയില്‍ പറയുന്നുണ്ട്. ലാവോസ്, മലേഷ്യ, മ്യാന്മര് എന്നിവിടങ്ങളിലും രാമായണമുണ്ട്. ഉസ്ബക്കിസ്ഥാന് മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്നാം വരെയുമുള്ള പതിനാലില്‍പ്പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. രാമന്റെ ജീവിതവും ജീവിതരീതിയും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.
എല്ലാ രാമായണത്തിലും പലതരത്തിലുള്ള കഥകളുണ്ടെങ്കിലും എല്ലാത്തിനും അടിസ്ഥാനം വാല്മീകി രാമായണമാണ്. ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തില്‍പ്പെടും. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങള്‍ ഒരേതരത്തിലുള്ളതല്ല. അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞും പാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അത്തരത്തില്‍ കേട്ടും പാടിയുമാണ്. നമ്മുടെ നാടിനും കാലാവസ്ഥയ്ക്കുമൊക്കെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടും രാമകഥയ്ക്കു മാത്രം മാറ്റം ബാധകമായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തില്‍ നിലനില്ക്കുന്നു. എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതാതു ഭാഷകളില്‍ മികച്ചവയായി നിലനില്ക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം. എന്നാല്‍ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കില്‍ കേള്‍വിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തില്‍ നിന്ന് ഇവയൊന്നും വ്യതിചലിക്കുന്നില്ല.
രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, അട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യരചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ തുടര്‍ന്ന് രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു.
മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകള്‍ ഉണ്ടായി. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. കഥകളിയില്‍ രാമായണത്തെ അടിസ്ഥാനമാക്കി നിരവധി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങള്‍ നിരവധി മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്.
രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്രത്തോളം മഹത്തരസാഹിത്യമായ രാമായണത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്.
No comments:
Post a Comment