ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 February 2018

കൊല്ലാന്‍ പറയുന്ന ദൈവം

കൊല്ലാന്‍ പറയുന്ന ദൈവം
🎀🎀🎀☬❉☬🎀🎀🎀
"അല്ല മുത്തച്ഛാ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."

"ഏതു ദൈവാഡോ കൊല്ലാന്‍ പറഞ്ഞത്

"നമ്മടെ കൃഷ്ണന്‍,ഈ കൃഷ്ണനല്ലേ മുത്തച്ഛാ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ധത്തില് ??"

"അത് ശരി, അതാണ്‌ കാര്യം..

"അതെന്നെ, ദൈവംന്നൊക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ? ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?"

"അത് ന്യായം..."

"ആ അര്‍ജുനന്‍ പറഞ്ഞതല്ലേ എല്ലാരും ന്റെ ബന്ധുക്കളാ. എനിക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??"

"അത് ശരിയാണല്ലോ, ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത്...??"

"ആരെയാ കൊല്ലാഞ്ഞത്?? സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ? ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ? ഒന്നുല്ലേലും ആ അര്‍ജ്ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ സ്ഥാനത്ത് ഉള്ളതല്ലേ...??"

"ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല, വേറൊന്നു കൂടിയാ.."

"അതെന്താ മുത്തച്ഛാ, അത് ?? "

"പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിനപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ...എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ"

"ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നത്. ഭീഷമര്‍ അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ നേടിയത്. ഭയപ്പെടുത്തീട്ട്. സ്വന്തം അര്‍ദ്ധസഹോദരന് കല്യാണം കഴിക്കാന്‍ പെണ്ണിനെ കൊണ്ട് വരുന്നത് പോലും ഭയപ്പെടുത്തീട്ടല്ലേ.."

"ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജ്ജുനന്‍ ആരാ... ?"

"അര്‍ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍- ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്. ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ? സുദര്‍ശനം കയ്യിലേന്തിയ ബുദ്ധിയാണ് ഭഗവാന്‍.."

"സുദര്‍ശനം എന്ന് പറഞ്ഞാല്‍ ആ കറങ്ങുമ്പോ തീ വരുന്ന സാധനം ല്ലേ.. "

"അല്ലല്ലോ... സുദർശനം എന്നു പറഞ്ഞാൽ ശരിയായ ദർശനം. ശരിയായ ദർശനം ഉള്ള ബുദ്ധിയാണ് ഭഗവാൻ, ആ ബുദ്ധിയാണ് മനസ്സിന്റെ തേരാളി. "

"തേരാളീന്ന് പറഞ്ഞാൽ രഥത്തിന്റെ ഡ്രൈവർ ന്നല്ലേ?"

"അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ച് കുതിരകൾ പഞ്ചേന്ദ്രിയങ്ങളും. കടിഞ്ഞാൺ ബുദ്ധിയുടെ കയ്യിലല്ലെങ്കിൽ പഞ്ചേന്ദ്രീയങ്ങളും നമ്മളെ തോന്നുന്നിടത്തേക്ക് കൊണ്ടുപോകില്ലേ...?"

" അതൊക്കെ ശരി, ന്നാലും ആ ഭീഷ്മരോട് ചെയ്തത് ഇത്തിരി കുപ്പായിപ്പോയില്ലേ? നേരിട്ട് ജയിക്കേണ്ടേ? ഇതൊരുമാതിരി ആണും പെണ്ണുംകെട്ട ശിഖണ്ഡിയെ മുന്നില് നിർത്തി... ഛെ, മോശമായിപ്പോയി... "

"ആരാ പറഞ്ഞേ, ശിഖണ്ഡിയെന്നാൽ ആണും പെണ്ണും കെട്ടതാന്ന്... ശിഖ എന്നാൽ കുടുമ, ഖണ്ഡിക്കുക എന്നാൽ മുറിക്കുക. എപ്പഴാ ഈ കുടുമ മുറിക്കുക?"

"എപ്പോഴാ? മുറിക്കണംന്ന് തോന്നുമ്പോ അങ്ങു മുറിക്കല്ലാതെ... "

"സന്യസിക്കാൻ പോവുമ്പോഴാ കുടുമ മുറിക്കുക. എല്ലാം ഉപേക്ഷിച്ചു സന്യസിക്കാൻ പോകുന്ന ആൾക്ക് ഭയം ഉണ്ടാകുമോ..?"

" ഇല്ല."

"അതാണ് ഇവിടെയും ചെയ്യുന്നത്. ഭയത്തെ ജയിക്കാൻ മനസ്സ് സന്യാസഭാവത്തെ മുന്നിൽ നിർത്തുന്നു. മനസ്സിലായോ?"

" അപ്പോ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരെ കൊന്നതെന്തിനാ? അങ്ങോരല്ലേ ഇവരെയൊക്കെ അമ്പുംവില്ലും ഒക്കെ പിടിക്കാനും, കാക്കയെ വെടിവയ്ക്കാനും, ബോംബെറിയാനും ഒക്കെ പഠിപ്പിച്ചേ..??"

"ആരാ ഈ ദ്രോണർ എന്നറിയില്ലേ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ, തെറ്റായി ഉപയോഗിക്കപ്പെടുന്നത്."

" ദ്രോണർ ഇവരുടെയൊക്കെ ഗുരുവായിരുന്നില്ലേ? "

"അതെ, പക്ഷെ, ചുമ്മാ അവരെ പഠിപ്പിച്ചതല്ല. അങ്ങോരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാ അത്ചെയ്തത്. സ്വന്തം ക്ലാസ്മേറ്റ് ആയ ദ്രുപദനോടുള്ള വാശിയും വൈരാഗ്യവും തീർക്കാൻ വേണ്ടിയാ ദ്രോണർ പാണ്ഡവരേയും കൗരവരേയും അസ്ത്രശസ്ത്രങ്ങൾ പഠിപ്പിക്കുന്നത്. പിന്നെ, അങ്ങേര് ആളത്ര വെടിപ്പായിരുന്നില്ലല്ലോ.. ഏകലവ്യന്റെ വിരൽ മുറിച്ചു വാങ്ങിയതും, കർണ്ണന് അഡ്മിഷൻ നിഷേധിച്ചതും ഒക്കെ ഓർമ്മയില്ലേ...? തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്ന അറിവുകൾ ഇല്ലായ്മ ചെയ്യപ്പെടണം. ന്നാലേ മോക്ഷം ലഭിക്കു."

"ന്നാലും... ആയുധം താഴെ വച്ചൊരാളെ കൊല്ലാൻ പാടുണ്ടോ?"

"യുദ്ധനീതിക്കെതിരാണത്. ദ്രോണർ നീതി കൊടുക്കാത്ത ഒരാൾ ഉണ്ടായിരുന്നു, ഓർമ്മിയില്ലേ അഭിമന്യുവിനെ? നമ്മുടെയൊക്കെ അഭിമാനബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കിൽപ്പോലും പ്രശ്നങ്ങളിലേക്ക് എടുത്തു ചാടും. ആരുടേയും മുന്നിൽ മിഥ്യാഭിമാനം അടിയറവെക്കാൻ കഴിയാത്തവർക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തിൽ തന്നെ ഒടുങ്ങേണ്ടിവരും. ഒരു യോദ്ധാവിനെ ഒന്നിൽ കൂടുതൽ പേർ ചേർന്ന് ആക്രമിക്കരുതെന്ന നിയമം ലംഘിക്കാൻ ആജ്ഞ നൽകുകയായിരുന്നു ദ്രോണർ. സർവ്വസൈന്യാധിപൻ എന്ന നിലയിൽ അധർമ്മം കാട്ടിയ ദ്രോൺർക്കും ധർമ്മം നിഷേധിക്കപ്പെടുന്നു."

" അപ്പൊ പിന്നെ കർണ്ണനെ കൊന്നതോ? ആളൊരു ഡീസന്റ് ജന്റിൽമാൻ ആയിരുന്നില്ലേ?"

" ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല എന്ന നമ്മുടെയൊക്കെ തോന്നലാണ് കർണ്ണൻ. ആരെങ്കിലും അത് അംഗീകരിക്കാൻ തയ്യാറായാൽ അവർക്കുവേണ്ടി എന്ത് അനീതിക്കും നമ്മഞ്ച കൂട്ടുനിൽക്കേം ചെയ്യും. അതാണ് കർണ്ണന് സംഭവിച്ചത്.

"കർണ്ണനെ ഒരർത്ഥത്തിൽ പറഞ്ഞാൽ ചതിച്ചതല്ലേ?"

"ചതിച്ചില്ലല്ലോ.. യുദ്ധനീതി നിഷേധിച്ചു. കാരണമുണ്ട്. പാഞ്ചാലിയോട് അനീതി - വസ്ത്രാക്ഷേപം - കാണിച്ചപ്പോൾ അത് തടയാൻ കഴിവുള്ളയാളായിട്ടും മൗനം പാലിച്ചതുകൊണ്ട്. അനീതി തടയാത്തവർക്ക് നീതി വേണം എന്നു പറയാൻ എന്തവകാശം..?"

" ആ ശല്യരെ കൊന്നതെന്തിനാരുന്നു.. ഒന്നൂല്ലേൽ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ..?"

"ദുര്യോധനന്റെ കെണിയിൽപ്പെട്ട് കൗരവപക്ഷത്ത് ആയിപ്പോയെങ്കിലും ശല്യർ ഒരു ശല്യം തന്നെയായിരുന്നല്ലോ കർണ്ണന്.തേരാളിയെന്ന നിലയിൽ മുന്നോട്ട് നയിക്കേണ്ട ആൾ തന്നെ ശത്രുവിനെ പുകഴ്ത്തിക്കും തന്നെ ഇകഴ്ത്തിയും പറഞ്ഞാൽ പിന്നെ അതൊരു ശല്യമല്ലേ...? നിരുത്സാഹപ്പെടുത്തുന്ന ശല്യങ്ങളെ ഇല്ലായ്മ ചെയ്യുകതന്നെ വേണം. ദുര്യോധനനേയും ദുശ്ശാസനനേയും ക്വട്ടേഷൻ കൊടുത്തിട്ടാണെങ്കിലും കൊല്ലേണ്ട ടീംസ് തന്നെയാണല്ലോ. അവരല്ലേ ദ്രൗപതിയെ പീഠിപ്പിക്കാൻ ശ്രമിച്ചത്. ധനം ദുർവ്യയം ചെയ്യുന്ന സ്വഭാവമാണ് ദുര്യോധനനെങ്കിൽ തെറ്റായ ശാസനകൾ ആണ് ദുശ്ശാസനൻ.എല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതു തന്നെ. ഒരുതരത്തിൽ പറഞ്ഞാൽ ദ്രൗപതി ആ അപമാനം അർഹിച്ചിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ മായ കാഴ്ചകളിൽപ്പെട്ട് കുളത്തിൽ വീണ സ്വന്തം ഭർതൃജേഷ്ഠനെ 'അന്ധനായ പിതാവിന്റെ അന്ധനായ പുത്രൻ' എന്ന് വിളിച്ചാക്ഷേപിച്ചത് ദ്രൗപതിയല്ലേ..?"

" കർമ്മഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിൽ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കേണ്ടിയിരുന്ന ഭീഷ്മർ സ്വന്തം കർമ്മത്തിൽ നിന്നും വ്യതിചലിച്ചു. സ്വന്തം പുത്രന്മാരുടെ ദുഷ്ചെയ്തികൾ കാണാൻ കഴിയാത്ത അന്ധനായ ധൃതരാഷട്രർ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഭർത്താവിന് കാഴ്ചയായി മക്കളെ നേർവഴിക്ക് നടത്തേണ്ടിയിരുന്ന ഗാന്ധാരി , സ്വയം അന്ധത വരിച്ചപ്പോൾ നാമാവശേഷമായത് ആ കുടുംബം തന്നെയാണ്."

" അപ്പോ മുത്തച്ഛാ, എല്ലാവരും മരിച്ചു കഴിഞ്ഞപ്പോ കൗരവർക്ക് സ്വർഗ്ഗവും, നല്ലത് മാത്രം ചെയ്ത പാണ്ഡവർക്ക് നരകവുമാണ് ലഭിച്ചത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ശരിയാണോ?"

" അധർമ്മത്തിനുള്ള ശിക്ഷ ഒന്നുകിൽ ഇഹത്തിൽ അല്ലെങ്കിൽ പരത്തിൽ. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാൻ പറ്റില്ലല്ലോ. കൗരവർക്ക് അവരുടെ അധമപ്രവൃത്തികൾക്കുള്ള ശിക്ഷ കുരുക്ഷേത്രഭൂമിയിവെച്ചു കിട്ടുന്നുണ്ട്. അതേസമയം ഭർത്താക്കന്മാരിൽ അർജ്ജുനനോട് കൂടുതൽ ഇഷ്ടം കാണിച്ച ദ്രൗപതിയും, വില്ലാളിവീരനെന്ന അഹങ്കാരമുണ്ടായിരുന്ന അർജ്ജുനനും, മഹാബലവാനെന്ന ബോധം കൊണ്ടുനടന്നിരുന്ന ഭീമനും, സൗന്ദര്യത്തിലും അറിവിലും മികച്ചവർ എന്ന ബോധം ഉണ്ടായിരുന്ന നകുലസഹദേവന്മാർക്കും, ധർമ്മപുത്രർ എന്ന പേരുണ്ടായിരുന്നിട്ടും ഗുരുവിനോട് അർദ്ധസത്യം മാത്രം പറഞ്ഞ യുധിഷ്ഠിരനും പരത്തിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നു."

"ചുരുക്കിപ്പറഞ്ഞാൽ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്. ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെത്തന്നെ. എന്റെ ധർമ്മത്തിനെന്തുപറ്റി 'മമ കർമ്മ കിം അകുർവ്വത?' എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ്ഗീത."

യദായദാഹിധർമ്മസ്യ, ഗ്ലാനിർഭവതി ഭാരത,
അഭ്യുത്ഥാനമധർമ്മസ്യാ, തതാത്മൻ ശ്രുജാമ്യഹം

എവിടെയാണോ ധർമ്മത്തിന് ക്ഷയമുണ്ടാകുന്നത്, അധർമ്മത്തിന് ഉയർച്ചയുണ്ടാകുന്നത് അവിടെ ഞാൻ അവതരിക്കുന്നു.

അധർമ്മം ചെയ്യുമ്പോൾ ചെയ്യുന്നത് തെറ്റാണെന്നുള്ള നമ്മുടെയുള്ളിൽ ഉണ്ടാകുന്നതോന്നൽ തന്നെയാണ് നേർബുദ്ധിയായ ഭഗവാന്റെ അവതാരം. അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമ്മപാതയിൽ ചരിക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.

ഓർക്കുക, അനീതിയും അധർമ്മവും ചെയ്യുന്നവർക്ക് നീതി നിഷേധിക്കപ്പെടുകതന്നെ ചെയ്യും.

No comments:

Post a Comment