ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 February 2018

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു. പൊങ്കാല സമയത്ത്  ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി. മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ഇപ്പോള്‍ ഈ ക്ഷേത്രം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ ന്റെ കീഴിലാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. അമൃതവർഷിണിയായ മാതൃദൈവമാണ് ആറ്റുകാലമ്മ. ഭവജന്മദുരിതം പകരാതെ ഒഴിയുവാൻ തിരുമിഴി ഉഴിയുന്ന സ്നേഹഭാവം. വരദാനം, വാത്സല്യം, അഭയം എന്നിവയുടെ വസന്തകാലം. ഉള്ളുരുകി പ്രാർഥിക്കുന്നവർക്ക് ഇഷ്ടവരദായിനി. സർവംസഹയായ മാതാവിന് തുല്യം മക്കൾക്ക് മാപ്പ്‌ നൽകി സ്നേഹം പകരുന്ന അമ്മ. മന്ത്രവും തന്ത്രവും അറിയാത്ത മനസ്സുകൾക്ക് കണ്ണീരിലും മൗനത്തിലും തെളിയുന്ന മഹാമായ. അമ്മയ്ക്ക്‌ മുന്നിൽ ഭക്തർ വരപ്രസാദത്തിനായി കാത്തുനിൽക്കുന്നു. അത് കൊണ്ടുതന്നെ ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു.

അനന്തപുരിയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി ആറ്റുകാല്‍ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.

ഐതിഹ്യം

തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരത്തിലെ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ആറ്റുകാൽ  ഭഗവതിക്ഷേത്രത്തിനും പൊങ്കാലയ്ക്കുമുള്ളത്.

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി. കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന്‍ തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന് തീരുമാനിച്ചു. ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്‌നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു. അവസരം മുതലാക്കി തട്ടാന് കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില് കോവലന്‍ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു. പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവിതയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഐതിഹ്യം

ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്.

രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്.

മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ മധുരാനഗരം ഉപേക്ഷിച്ച കണ്ണകി ബാലികാരൂപത്തില്‍ കാരണവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.  "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു.

ബാലികയുമായി വീട്ടിലെത്തി,  ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി. ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു.
ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു.
പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത്. ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്‌. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.

ആറ്റുകാല്‍ ക്ഷേത്രം

ആദിശങ്കരന്‌ ശേഷം കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്‌. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി,  രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്‌. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌- മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനേയും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും, മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്‌.

പൊങ്കാല

പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.

ചില സ്ത്രീകള്‍ പൊങ്കാലവ്രതം ഉത്സവം കൊടിആരംഭിക്കുന്നതോടെ ആചരിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ കഴിയുന്നതും പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം.

പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

കുത്തിയോട്ട

ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌.

പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാള്‍ നീണ്ടനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്‌. പൊങ്കാല കഴിയുന്നതോടെ കുതത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നുള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.

No comments:

Post a Comment