ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 August 2017

ഹീരാപൂരിലെ 64 യോഗിനിമാര്‍

ഹീരാപൂരിലെ 64 യോഗിനിമാര്‍

ഭുവനേശ്വറിനടുത്ത് 15 കിലോമീറ്റര്‍ അകലെ ഹീരാപൂര്‍ എന്ന കര്‍ഷകഗ്രാമം. കുശഭദ്രാനദിയും, അതിനു സമാന്തരമായി നിറഞ്ഞൊഴുകുന്ന ഭാര്‍ഗവിനദിയുടെ കനാലും, കുളങ്ങളും, ചെമ്മണ്‍പാതയുമൊക്കെയായി, നമ്മുടെ ഗ്രാമപരിസരങ്ങളില്‍നിന്നും കൈമോശം വന്നുപൊയ കാഴ്ചകളുമായി പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. ഭുവനേശ്വര്‍ എന്ന തലസ്ഥാന നഗരത്തിനടുത്ത് തന്നെയോ എന്നു നമ്മെ ആശ്ചര്യപ്പെടുത്തുന്ന ഗ്രാമവിശുദ്ധി. ഇവിടെയാണു 64 യോഗിനിമാരുടെ ക്ഷേത്രമന്ദിരം.

അമ്പലമുറ്റം നിറയെ കൂവളമരങ്ങള്‍ തണല്‍ വിരിക്കുന്നു. പുരാതന താന്ത്രിക ക്രിയകളുടെ മൂലസ്ഥാനം എന്നു വിശ്വസിക്കുന്ന ക്ഷേത്രം. ഒരുകാലത്ത് ഇവിടം ഒരു നിബിഡ വന പ്രദേശമായിരിക്കണം. വിജന നിഗൂഡതയില്‍ ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം കാഴ്ചപ്പുറത്തു വരുന്ന മേല്‍ക്കൂരയില്ലാത്ത വൃത്താകൃതിയിലുള്ള കരിങ്കല്‍ ക്ഷേത്രമാണിത്. യോഗിനീമന്ദിരങ്ങള്‍ മേല്‍ക്കൂരകള്‍ ഇല്ലാത്തവയാണ്. അന്തരീക്ഷത്തില്‍ പറന്നുയരാനും, മാനായും, മയിലായും മാറാനും മാറ്റാനും കഴിവുള്ളവരുമായ യോഗിനികളുടെ സൗകര്യത്തിനു വേണ്ടിയാവണം മേല്‍ക്കൂരകള്‍ ഇല്ലാത്ത ക്ഷേത്രനിര്‍മ്മാണം. യോഗിനിമാര്‍ സംഘമായി പറന്നുവരികയും വൃത്തമായി ഇരിക്കുകയും ചെയ്യുന്നു എന്നാണത്രെ സങ്കല്‍പ്പം. രക്തബീജ അസുരനുമായുള്ള യുദ്ധത്തില്‍ രക്തം കുടിക്കാന്‍ ദുര്‍ഗ്ഗാദേവി ചുമതലപ്പെടുത്തിയ അനുചരവൃന്ദമാണത്രെ യോഗിനികള്‍. വളരെയധികം ഉയരമുള്ള ക്ഷേത്രനിര്‍മിതികള്‍ നിരവധിയുള്ള ഭുവനേശ്വറില്‍ രണ്ട് മീറ്റര്‍ മാത്രം ഉയരമുള്ള ഈ ക്ഷേത്രം അതിന്റെ നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തിനകത്ത്, കല്‍ച്ചുമരില്‍ വെട്ടിയെടുത്ത മുഖവും ഹസ്തങ്ങളും നഷ്ടമായ വിനായകിരണ്ടടിയോളം ഉയരമുള്ള അറകള്‍ക്കകത്ത് ക്ലോറൈറ്റ് കല്ലുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന 64 സ്ത്രീ ശില്‍പങ്ങള്‍. 64 രൂപത്തില്‍, 64 ഭാവത്തില്‍, 64 വേഷഭൂഷാദികളില്‍... കേശാലങ്കാരങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തം. സ്ത്രീശക്തിയുടെ 64 വിഭിന്ന മുഖങ്ങള്‍. ഓരോ ശില്‍പവും ചവിട്ടി നില്‍ക്കുന്നതു വ്യത്യസ്തമായ പ്രതലങ്ങളില്‍, ഭൂമികകളില്‍. ഒരുപക്ഷേ യോഗിനിമാരുടെ വ്യത്യസ്ത വാഹനങ്ങള്‍ പോലെ. ഉരഗങ്ങള്‍, മത്സ്യം, മൃഗങ്ങള്‍, ജലം, അഗ്നി, പൂക്കള്‍, മനുഷ്യ ശിരസ്സ്, അങ്ങനെ പലതരം വാഹനങ്ങള്‍. ശില്‍പകലയുടെ ഉദാത്തഭാവന നിറഞ്ഞു നില്‍ക്കുന്നു ഓരോന്നിലും. അഷ്ടഗ്രീവ, ഗൗരി, ഇന്ദ്രാണി, ചണ്ടിക, താര, ബദ്യരൂപി, ചര്‍ച്ചിത, ജലകാമിനി, ഖടവരാഹ, നരസിംഹി, കര്‍ക്കാരി, വിരാകുമാരി, ഖടോബാരി, കാമാക്ഷ, സമുദ്രി, ജ്വാലാമുഖി, അഗ്നിഹോത്രി, ചന്ദ്രകാന്തി, ധൂമാവതി, സൂര്യപുത്രി, വായുവീണ, പഞ്ചവരാഹി അങ്ങനെ 64 പേരുകള്‍. 64 യോഗിനിമാര്‍ക്കു കൂട്ടായി നാല് ശിവ ശില്‍പങ്ങള്‍. ഒപ്പം, ക്ഷേത്രകാവലിന് 9 കാര്‍ത്യായനി ശില്‍പങ്ങളും, ഭൂതഗണങ്ങളും. സാന്‍ഡ് സ്റ്റോണില്‍ ആണ് ഈ ശില്‍പ നിര്‍മിതി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചരിത്രത്തിന്റെ വിവിധങ്ങള്‍ ആയ അധിനിവേശത്തിലും, വിശ്വാസവ്യതിയാനങ്ങളിലും പെട്ട് മൂക്കും, മുലയും ഛേദിക്കപ്പെട്ട നിലയിലാണ് ഈ യോഗിനിമാര്‍ എല്ലാം തന്നെ. ഒരു യോഗിനി ശില്‍പം നഷ്ടപെട്ടിട്ടും ഉണ്ട്. കുബേരിതച്ചുടക്കപ്പെട്ട സ്ത്രീശക്തിയുടെ പ്രതീകമെന്നോണം മൂക്കും, മുലയും ഛേദിക്കപ്പെട്ട ഈ യോഗിനിമാര്‍ ചരിത്രത്തിന്റെ സാക്ഷികളായി നിലകൊള്ളുന്നു. മന്ത്രവാദത്തിന്റെയും, ആഭിചാരക്രിയകളുടെയും പേരില്‍ ദുര്‍മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട് അഗ്നിക്കിരയാക്കപ്പെട്ട മറ്റു പലരെയും പോലെ ഇവരും ഏതോ കാലഘട്ടത്തില്‍ നശിപ്പിക്കപ്പെട്ടവരാവാം. ഭാരതത്തില്‍ കണ്ടെത്തിയിട്ടുള്ള നാലു യോഗിനി മന്ദിരങ്ങളില്‍ ഒന്നാണ് ഹീരാപൂരിലേത്. മറ്റുള്ളവ ഒറീസയില്‍ത്തന്നെ, റാണിപൂരിലും മധ്യപ്രദേശിലെ ഖജുരാഹൊയിലും, ജബല്‍പൂരിലുമാണ്. യോഗിനികള്‍ പൊതുവെ മന്ത്രവാദിനികളും, ആഭിചാരക്രിയകളും, ശവാനുഷ്ഠാനങ്ങളും നടത്തുന്നവരായാണ് വിവക്ഷിക്കപ്പെടുന്നത്. അതിന്റെ നിഗൂഡാത്മകതയ്ക്ക് ഇണങ്ങും വിധമാണ് ഈ മന്ദിരത്തിന്റെ നിര്‍മിതിയും. 60 യോഗിനിമാര്‍ മന്ദിരത്തിന്റെ ചുവരിലും, ബാക്കി നാലെണ്ണം അകത്തുള്ള നാലു തൂണുകളിലും ആണുള്ളത്. തൂണുകള്‍ക്കിടയില്‍ ബലിപീഠം പോലെ ഒരു കരിങ്കല്‍ത്തറയുമുണ്ട്. ബലികര്‍മ്മങ്ങളും, താന്ത്രിക കര്‍മ്മങ്ങളും നടത്തിയിരുന്നത് ഇവിടെ വെച്ചായിരിക്കണം. ശിവന് മേല്‍ നൃത്തമാടുന്ന കാളിപത്ത് കൈകള്‍ ഉള്ള മഹാമായ ആണ് യോഗിനീപീഠത്തിലെ പ്രതിഷ്ഠയും ആരാധനാമൂര്‍ത്തിയും. പുറത്ത് ഭൈരവ പ്രതിഷ്ഠകള്‍ കാവല്‍ നില്‍ക്കുന്ന ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ വാതിലിലൂടെ കുനിഞ്ഞു വേണം മഹാമായയും, യോഗിനിമാരും സ്ഥിതി ചെയ്യുന്ന മന്ദിരത്തിലേക്ക് പ്രവേശിക്കുവാന്‍. ഒരേയൊരു വാതില്‍ മാത്രം. ക്ഷേത്രത്തിന്റെ വൃത്ത ചുവരില്‍ ഒന്നരയടിയോളം മാത്രം ഉയരമുള്ള യോഗിനീ ശില്‍പങ്ങള്‍ നിരന്നു നില്‍ക്കുന്നു. മനുഷ്യമുഖത്തിനു പുറമേ കുതിര, മാന്‍, ആന, കുരങ്ങ് തുടങ്ങിയ ജന്തു രൂപങ്ങളിലും ആണ് യോഗിനിമാരുടെ മുഖങ്ങള്‍. ഗണപതിയുടെ സ്ത്രീ രൂപമാണെന്നു തോന്നിപ്പിക്കുന്ന ഗണേശിയും, നരസിംഹത്തിന്റെ സ്ത്രീരൂപമായി നരസിംഹിയും ഇതിലുണ്ട്. പുരുഷ കേന്ദ്രീകൃതമായ ദൈവ സങ്കല്‍പ്പങ്ങളെ സ്ത്രീപക്ഷത്തേക്കും സ്ത്രീ രൂപങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യുന്നവയാണ് ഇവയില്‍ പലതും. മദാലസകളും അലംകൃതമായ അരഞ്ഞാണങ്ങളും ആഭരണങ്ങളും കേശാലങ്കാരങ്ങളും കൊണ്ട് സര്‍വാഭരണ വിഭൂഷിതരാണിവരൊക്കെയും. മഹാമായ വെള്ളികൊണ്ടുള്ള കണ്ണുകളാല്‍ വേറിട്ടു നില്‍ക്കുന്നു. ചുവന്ന പട്ടും പൂക്കളും കൊണ്ട് അലംകൃതം. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ നിയന്ത്രണത്തില്‍ ആണെങ്കിലും നിത്യപൂജ ഇപ്പൊഴും പതിവ്. മന്ദിരത്തിന്റെ കെയര്‍ടേക്കര്‍ സുരേന്ദ്രനാഥ് റാവുത്തറായ് വളരെയധികം സഹായ മനസ്ഥിതിയുള്ള വ്യക്തിയാണ്. മന്ദിരത്തെപ്പറ്റിയും, യോഗിനിമാരെപ്പറ്റിയും, ഓരോ കാര്യവും വ്യക്തമായ ഇംഗ്ലീഷില്‍ വിശദമാക്കി തന്നു.

ചെന്നായായും, നായായും ഇടം വലം നില്‍ക്കുന്ന ഛേദിച്ച മനുഷ്യശിരസില്‍ ആണ് കാവല്‍ക്കാരായ ഒന്‍പത് കാര്‍ത്യായനി പ്രതിമകളില്‍ ചിലര്‍ ചവിട്ടി നില്‍ക്കുന്നത്. ചിലര്‍ നൃത്തം ചെയ്യുന്നതും. ഒരു കയ്യില്‍ രക്ത കപാല ചഷകവും മറുകയ്യില്‍ വാളുമുണ്ട് എല്ലാവര്‍ക്കും. ഒപ്പം വലിയ കുട പിടിച്ചു നില്‍ക്കുന്ന ദാസികളും കൂട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ 'ചൗസാത്തീ യോഗിനീ മന്ദിര്‍' നിര്‍മ്മിക്കപ്പെട്ടത് എന്നു വിശ്വസിക്കപ്പെടുന്നു. ഭാരതീയ വിശ്വാസപ്രകാരം ഭഗവതിക്കു എട്ടു വ്യത്യസ്ത രൂപങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും എട്ടു സേവികമാരും. അങ്ങനെ 64 എന്ന സംഖ്യ. 64 ഇന്ത്യന്‍ മിത്തോളജിയില്‍ വളരെ പ്രധാനപ്പെട്ടതാണ്. പലയിടത്തും ഇത് ആവര്‍ത്തിച്ചു വരുന്നുണ്ട്. ഒറീസ്സ ടൂറിസത്തില്‍ ഇനിയും ഹീരാപൂര്‍ യോഗിനീമന്ദിര്‍ പ്രതിഷ്ഠ നേടിയിട്ടില്ല എന്നു തോന്നുന്നു. ഒ.ടീ.ഡീ.സി. നടത്തുന്ന ദൈനംദിന യാത്രകളില്‍ ഇവിടം ഉള്‍പ്പെടുത്തിയിട്ടുമില്ല. അതുകൊണ്ടു തന്നെ പലര്‍ക്കും അറിയുകയുമില്ല. നിരവധി പേരോട് അന്വേഷിച്ച ശേഷമാണ് വഴി അറിയാവുന്ന ഒരു ഓട്ടോക്കാരനെ കിട്ടിയത്. അതുകൊണ്ട് സഞ്ചാരികളുടെ ബാഹുല്യം ഇല്ലാതെ മന്ദിരദര്‍ശനം സാധ്യം. ഏതോ നിഗൂഡ സ്മൃതികളില്‍ നിന്നും പുറത്തു വന്നതു പോലെ തോന്നി, മടക്കയാത്രയില്‍. നിഗൂഡമല്ലാത്ത സ്മൃതികളില്‍ ശില്‍പസൗകുമാര്യംഅവശേഷിപ്പിച്ചു കൊണ്ട് യോഗിനിമാര്‍, ഹീരാപൂരിനെ യാത്രയുടെ നിറവുകളില്‍ ഒന്നാക്കി മാറ്റി.....

 

No comments:

Post a Comment