ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2016

മരണത്തിന്റെ പല ഘട്ടങ്ങൾ

മരണത്തിന്റെ പല ഘട്ടങ്ങൾ

ഒരു വ്യക്തിയുടെ മരണത്തോടനുബന്ധിച്ച നിങ്ങളുടെ അനുഭവം, നിങ്ങൾ സ്നേഹിച്ചിരുന്ന ആ വ്യക്തി എന്നെന്നേക്കുമായി നിങ്ങൾക്കു നഷ്ടപ്പെട്ടുപോയി എന്നതാണ്, എന്നാൽ മരണപ്പെട്ട ആ ജീവന്റെ അനുഭവം താൻ ഒരു ശരീരത്തിൽനിന്നും പുറത്തു കടന്നിരിക്കുന്നു എന്നതായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ജീവനെ നിങ്ങൾക്കു തിരിച്ചറിയാനാവില്ല, അതുമായി ഇടപെടാനുമാകില്ല.

ഇനി അഥവാ ആ ജീവൻ തിരിച്ചു വന്നാലോ? നിങ്ങൾ ഭയം കൊണ്ട് ബോധംകെട്ടു വീഴുകയേയുള്ളൂ. നിങ്ങൾ എത്രതന്നെ സ്നേഹിച്ചിരുന്ന വ്യക്തിയായാലും മരണം സംഭവിച്ചതിനു ശേഷം, ആ വ്യക്തി നിങ്ങളുടെ മുന്നിൽ വന്നു നിന്നാൽ, നിങ്ങൾ ഭയന്നുവിറക്കുക തന്നെ ചെയ്യും, അല്ലേ?

കാരണം നിങ്ങളുടെ ബന്ധം പൂർണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കിൽ ആ വ്യക്തിയുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും - ശരീരവും മനസ്സും ഇല്ലാതാവുന്നു. ഇത് രണ്ടും ആ ജീവനിൽ നിന്നും അറ്റുപോകുന്നു.

മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവയ്ക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേകരീതിയിൽ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും ബുദ്ധിയുടെ പ്രവർത്തനവും അശേഷം ഇല്ലാതാകുന്നു. കുഞ്ഞുങ്ങളെ പ്പോലെയാണത്. അവർക്ക് കളി നിർത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളർന്നുറങ്ങും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകൾ അറിയാൻ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.

പ്രാണൻ തട്ടുകളായി ജീവനിൽ നിന്നും വിട്ടുപോകുന്നു

ജീവന്റെ ആഴത്തിലോട്ടു പോയാൽ, അതിനെ അടിസ്ഥാനജീവനെന്നും സ്ഥൂലജീവനെന്നും തരം തിരിക്കാം. സ്ഥൂലശരീരത്തിലെ ഊർജ്ജത്തെയാണ് പ്രാണൻ എന്നുപറയുന്നത്. അത് അഞ്ചുവിധത്തിൽ പ്രകടമാകുന്നു.

1.സമാന
2.പ്രാണ
3.അപാന
4.ഉദാന
5.വ്യാന

ഡോക്ടർ വന്ന് ഒരാൾ മരിച്ചുവെന്ന് ഉറപ്പാക്കിയാൽ 21 മുതൽ 24 മിനിറ്റിനുള്ളിൽ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിലനിർത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരത്തിന്റെ താപനില താഴോട്ടു പോകുക എന്നതാണ്. പരമ്പരാഗതമായി ഒരാൾ മരിച്ചോ എന്നറിയാനായി കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല, മൂക്ക് തൊട്ടു നോക്കും, മൂക്ക് തണുത്തിട്ടുണ്ടെങ്കിൽ അയാൾ മരിച്ചുവെന്നാണ് നിഗമനം.

മരിച്ച് 48, 64 മിനിറ്റുകൾക്കിടയിൽ പ്രാണൻ ബഹിർഗമിക്കുന്നു.

ആറും പന്ത്രണ്ടും മണിക്കൂറുകൾക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ചില തന്ത്ര വിദ്യകളിലൂടെ ഉദാന വിടവാങ്ങുന്നതിനു മുൻപ് ജീവനെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഉദാന പോയിക്കഴിഞ്ഞാൽ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാദ്ധ്യമാണ്.

മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകൾക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാൻ തുടങ്ങുന്നത്. പ്രാണനെ ജീർണിക്കാതെ സൂക്ഷിക്കുന്നത് വ്യാനയാണ്. സ്വാഭാവിക മരണമാണെങ്കിൽ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ.

വാർദ്ധക്യത്തിലാണ് മരണമെങ്കിൽ ജീവൻ പടിപടിയായി ദുർബലമായിട്ടുണ്ടാകും. ഈ പതിനാലു ദിവസങ്ങളിൽ ശരീരത്തിൽ ചില പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്റെ ചെറിയൊരംശം അപ്പോഴും ബാക്കിനിൽക്കുന്നു എന്നതുതന്നെ.

രണ്ടോ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാൽ അതിൽ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കിൽ ഈ വളർച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളിൽ ശവശരീരം പല ദിവസങ്ങൾ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളിൽ ചുമതലപ്പെട്ടവർ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും.

ശരീരം ഊർജ്ജസ്വമായിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കിൽ, നാൽപ്പത്തെട്ടോ തൊണ്ണൂറോ ദിവസത്തോളം ചില ആന്തരികമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകർന്നുപോയിട്ടുണ്ടെങ്കിൽ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കിൽ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടർന്നുപോകും. ഈ കാലയളവിൽ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും. മരണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പലവിധ കർമ്മങ്ങളുണ്ട്. എത്രത്തോളം ഗൗരവപൂർവം നടത്തുന്നു, അതെത്രത്തോളം പരിഹാസ്യമാണ് എന്നതെല്ലാം തികച്ചും വേറെ വിഷയം. ഓരോരോ ഘട്ടത്തിലും കൃത്യമായി എന്തെല്ലാം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രം തന്നെ നമുക്കുണ്ട്.

മരണം കഴിഞ്ഞാൽ, പിന്നെ ഒരു കുഞ്ഞിനുള്ളയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ സമയത്ത് ഒരിറ്റു സന്തോഷം അവരുടെ മനസ്സിലേക്കു പകർന്നു നൽകാനായാൽ അത് ഒരായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ ദുരിതത്തിന്റെ കാര്യവും - ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവർ അനുഭവിക്കുന്നു. ഇതിനെയാണ് സ്വർഗമെന്നും നരകമെന്നും നമ്മൾ പറയുന്നത്.

സുഖമായ അവസ്ഥയാണെങ്കിൽ സ്വർഗം, ക്ലേശപൂർണമാണെങ്കിൽ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവൻ ഇത്തരം അനുഭവങ്ങളിൽ കൂടി കടന്നുപോകുന്നു. മുറപ്രകാരം നടത്തുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൂടി വിട്ടുപോയ ജീവന്റെ മനസ്സിലേക്ക് നമ്മൾ ഒരു തുള്ളി സ്നേഹജലം പകരുകയാണ്. ഓരോരോ കർമ്മങ്ങളിലൂടെ നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവർക്കു ബൃഹത്തായ സുഖവും സന്തുഷ്ടിയും പകരാൻ സഹായിക്കുന്നു. ചെയ്യുന്നതെന്തായാലും അത് ആ ജീവന് അനുഭവിക്കാനുതകുന്ന രീതിയിൽ വിധിപ്രകാരം ചെയ്താൽ അത് അവർക്ക് ഉപകരിക്കും.

മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ

ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ, ബന്ധുക്കൾ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പരമ്പരാഗതമായി ആദ്യം ചെയ്യുന്നത് ശവശരീരത്തിന്റെ കാലിലെ പെരുവിരലുകൾ തമ്മിൽ കൂട്ടികെട്ടുകയാണ്. ഇപ്രകാരം ചെയ്യുന്നത് മൂലാധാരത്തെ നന്നായി ഇറുക്കിവെക്കാനാണ്.

ശരീരത്തിൽനിന്നും വിട്ടുപോയ ജീവൻ വീണ്ടും അതിലേക്ക് കടന്നുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന ഈ ശരീരം യഥാർത്ഥത്തിൽ ഞാനല്ല എന്ന ബോധത്തോടുകൂടിയല്ല ഒരാൾ ജീവൻ വെടിയുന്നതെങ്കിൽ ഏതെങ്കിലും ദ്വാരങ്ങളിൽകൂടി അത് വീണ്ടും അതേ ശരീരത്തിൽ കയറിപ്പറ്റാൻ ശ്രമം നടത്തും, പ്രത്യേകിച്ചും മൂലാധാരത്തിൽ കൂടി. ജീവന്റെ ഉത്ഭവം മൂലാധാരത്തിൽ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്.

ദഹിപ്പിക്കൽ നല്ല കാര്യമാണ്, എല്ലാം പെട്ടെന്ന് അവസാനിക്കുന്നു. മരണം സംഭവിച്ചുകഴിഞ്ഞാൽ ഒന്നര മണിക്കൂറിനുള്ളിൽ ശവം ദഹിപ്പിക്കണം എന്നാണ് പഴയ ആചാരം. ഏറിവന്നാൽ നാലുമണിക്കൂർവരെ വെക്കാം. ജീവൻ തരം കിട്ടിയാൽ വീണ്ടും ആ ശരീരത്തിൽ പ്രവേശിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

ജീവിച്ചിരിക്കുന്നവർക്കും പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങാണിത്. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുമ്പോൾ മനസ്സ് തരത്തിലും വിധത്തിലും കുതിക്കാൻ തുടങ്ങും. ഈശ്വരനൊരു തെറ്റുപറ്റിപ്പോയതായിരിക്കും. അതു തിരുത്തും അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കും, മരിച്ചയാൾ വീണ്ടും ജീവിക്കും അങ്ങനെ പോകും അവരുടെ സങ്കൽപങ്ങൾ.

ഇതെല്ലാം യുക്തിക്കു ചേർന്നതല്ല എന്നിറിയാഞ്ഞിട്ടല്ല. മരിച്ച വ്യക്തിയോടുള്ള സ്നേഹാധിക്യം അങ്ങനെയെല്ലാം തോന്നിപ്പിക്കുന്നതാണ്. അതുപോലെത്തന്നെ ശരീരം വിട്ടുപോയ ജീവനും ആശിക്കുന്നു, തനിക്ക് വീണ്ടും ആ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന്.

പഴയകാലത്ത്, വിശേഷിച്ചും കൃഷിപ്രധാനമായ സമൂഹങ്ങളിൽ, ശവം മണ്ണിൽ മറവുചെയ്യുകയാണ് പതിവ്. ഈ ശരീരം മണ്ണാണ്, മരണശേഷം അത് മണ്ണിലേക്ക് തിരിച്ചേൽപ്പിക്കപ്പെടേണ്ടതാണ്. പൂർവികരുടെ മൃതദേഹം മണ്ണിന് വളക്കൂറേകി പുതിയ തലമുറകൾക്ക് അന്നം പ്രദാനം ചെയ്യുന്നു. ഇന്നത്തെ തലമുറ കടകളിൽ നിന്നാണ് ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നത്. മണ്ണിന്റെ പ്രാധാന്യം അവർക്കറിയില്ല.

ശവം മണ്ണിൽ മറവുചെയ്യൽ ഏതാണ്ടില്ലാതായിരിക്കുന്നു. മൃതദേഹങ്ങൾ സ്വന്തം പറമ്പുകളിലും പാടങ്ങളിലും മറവുചെയ്തിരുന്ന കാലങ്ങളിൽ, കുഴിയിൽ ധാരാളമായി മഞ്ഞളും ഉപ്പും നിറയ്ക്കുമായിരുന്നു. ശവശരീരം വേഗത്തിൽ ജീർണിച്ച് മണ്ണിൽ ലയിക്കാൻ ഇത് സഹായിക്കുന്നു.

മരണം നടന്ന വീട്ടിൽ എല്ലാവരും അലമുറയിട്ടു കരയുന്നതു കാണാം, എന്നാൽ ശവദാഹം കഴിയുന്നതോടെ ഏല്ലാവരും ശാന്തരാവുകയും ചെയ്യുന്നു. മരണമെന്ന യാഥാർത്ഥ്യം അവരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്നാണതിനർത്ഥം.

ശരീരം ചാമ്പലാകുന്നതോടു കൂടി ഇത് മനസ്സിലാക്കുന്നത് ജീവിച്ചിരിക്കുന്നവർ മാത്രമല്ല. ശരീരത്തിൽ നിന്നും വിട്ടുപോകേണ്ടിവന്ന ജീവനും കൂടിയാണ്. ഇനി ആ ശരീരത്തിലേക്കു കയറിപ്പറ്റാൻ തനിക്കു സാദ്ധ്യമല്ല എന്ന് അതിന് ബോദ്ധ്യപ്പെടുന്നു.

*ഋണാനുബന്ധം*
ഋണാനുബന്ധം എന്ന് നിങ്ങളിൽ അധികം പേരും കേട്ടിട്ടുണ്ടാകും. ഭൗതികതലത്തിൽ, വിശേഷിച്ചും ശാരീരികതലത്തിലുള്ള ഒരു ബന്ധമാണ് അത് സൂചിപ്പിക്കുന്നത്. രണ്ടു ശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ അവിടെ ഋണാനുബന്ധം ഉളവാകുന്നു.

പരസ്പരമുള്ള ഒരു ഐക്യം, അത് സ്നേഹത്തിന്റെയോ സൗഹൃദത്തിൻരെയോ ആകാം, ലൈംഗികബന്ധമാകാം. വെറുതെ ഒരാളുടെ കൈപിടിച്ച് കുറച്ചുനേരം ഇരുന്നാലും മതി. അന്യോന്യം വസ്ത്രങ്ങൾ കൈമാറുന്നതും ഋണാനുബന്ധത്തിന് വഴിയൊരുക്കുന്നു.

കുടുംബത്തിൽ ഒരാൾ മരിച്ചുകഴിഞ്ഞാൽ ഈ ഋണാനുബന്ധത്തെ മായ്ച്ചുകളയണം. ഇതിനുവേണ്ടിയും വിശേഷാൽ ചടങ്ങുകളുണ്ട്. സമുദ്രത്തിലോ ഗംഗയിലോ മറ്റു ജലാശയങ്ങളിലോ ചിതാഭസ്മം ഒഴുക്കുന്ന പതിവുണ്ട്. മരിച്ചവരുമായുള്ള ഋണാനുബന്ധം നിശ്ശേഷം അവസാനിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ ബന്ധം മുറിച്ചു കളഞ്ഞാലേ ജീവിക്കുന്നവരുടെ ജീവിതം സുഗമമായി തുടർന്നുപോകു, അതല്ല എങ്കിൽ അത് നിങ്ങളുടെ മാനസിക -ശരീരാവസ്ഥകളെ പലതരത്തിൽ ബാധിച്ചെന്നുവരാം. എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇത് ബാധിക്കുന്നില്ല.

പ്രകൃതി തന്നെ അവർക്കതിനുള്ള സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ കൗമാരപ്രായക്കാരെ ഇത് ശക്തിയായി ബാധിക്കുന്നു. അതുകൊണ്ടാണ് മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കണം എന്നുപറയുന്നത്. പ്രേതാത്മാക്കളുടെ ഊർജ്ജം അന്തരീക്ഷത്തിൽ തന്നെയുണ്ട്. അതിന് എളുപ്പത്തിൽ കടന്നുപിടിക്കാൻ സാധിക്കുന്നത് കൗമാര പ്രായത്തിലുള്ളവരെയാണ്.

ആ പ്രായത്തിൽ മനസ്സ് ഏറ്റവും ലോലവും ചഞ്ചലവുമായിരിക്കും. കൗമാരക്കാരുടെ ഇടയിലുള്ള സംഘർഷങ്ങൾക്ക് ഒരു കാരണം, നമ്മൾ മരിച്ചുപോയവരുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലാത്തത് കൊണ്ടാവാം, ഋണാനുബന്ധങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ നമ്മൾ കാണിക്കുന്ന അലംഭാവം.

നമ്മുടെ മുൻതലമുറക്കാർക്ക് ഈ പ്രശ്നം അത്ര കാര്യമായി നേരിടേണ്ടി വന്നിട്ടില്ല, കാരണം പരേതാത്മാക്കളുടെ കാര്യത്തിൽ അവർ അതീവ ശ്രദ്ധ പാലിച്ചിരിക്കുന്നു.

1 comment:

  1. ശവശരീരത്തിലേക്ക് ജീവന് തിരികെ പ്രവേശിച്ചാല് എന്ത് സംഭവിക്കും?

    ReplyDelete