ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2024

ശാന്ത

ശാന്ത

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെ പിതാവുമായ ദശരഥന് 'കൗസല്യയിൽ ജനിച്ച പുത്രിയാണിത്. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.

ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിന് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു.

ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും. 

ഒരു കഥയുടെ പ്രശസ്ത ഭാഗങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀
ഉദയസൂര്യനെ പോലെ നാല് കുഞ്ഞുങ്ങള്‍.. അവരുടെ പേരുകള്‍ പോലും ദശരഥന്‍ മുന്‍കൂട്ടി നിശ്ചയിച്ചു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്

കൗസല്യയുടെ മകനാണ് ശ്രീരാമന്‍. കൈകേയിയുടെ പുത്രന്‍ ഭരതന്‍. ലക്ഷ്മണനും ശത്രുഘ്‌നനും സുമിത്രയുടെ മക്കള്‍. ഇരട്ടകള്‍. ലക്ഷണശാസ്ത്രപ്രകാരം സുമിത്രയ്ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമെന്ന് വിദഗ്ധര്‍. എന്തായാലും ദശരഥന്റെ മനം നിറഞ്ഞു. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നു ഈശ്വരന്‍. ഋഷ്യശൃംഗന്റെ പ്രവചനം അന്വര്‍ത്ഥമാക്കി കൊണ്ട് ഇതാ നാല് കുഞ്ഞുങ്ങള്‍ പിറക്കാന്‍ ഒരുങ്ങുന്നു. കൗസല്യയ്ക്ക് തന്നെയാണ് ആ ഭാഗ്യം ആദ്യം സിദ്ധിച്ചത്.

ആദ്യജാതന്‍ ശ്രീരാമചന്ദ്രന്‍. സൂര്യചന്ദ്രന്‍മാരും താരാഗണങ്ങളും ഒരുമിച്ച് ജ്വലിച്ചു നില്‍ക്കും വിധം സമാനപ്രഭയുളള കുഞ്ഞ്. രാമന്‍ ജനിച്ചതിന്റെ പിറ്റേന്ന് ഭരതന്‍. തൊട്ടടുത്ത ദിവസം ലക്ഷ്മണനും ശത്രുഘ്‌നനും.

കോസലയില്‍ ഉത്സവപ്രതീതിയായിരുന്നു. നാട്ടിലെ ഓരോ കുടുംബത്തിനും രാജാവിന്റെ വക മുധരപലഹാരങ്ങളും പാരിതോഷികങ്ങളും. ഒരു മഹാജനത ഒന്നടങ്കം ആ നവജാതശിശുക്കളുടെ ക്ഷേമത്തിനായി ഉളളറിഞ്ഞ് പ്രാര്‍ത്ഥിച്ചു.

ശാന്തയ്ക്കായി ആരും പ്രാര്‍ത്ഥിച്ചില്ല. അവളുടെ സങ്കടങ്ങള്‍ ആരും അറിഞ്ഞില്ല. അംഗദേശത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ലോമപാദന്‍ കണ്ടെത്തിയ നിധികുംഭം. ഋഷ്യശൃംഗന്‍.

പുറംലോകത്തിന് മുന്നില്‍ ശാന്ത മഹാഭാഗ്യവതി. ഋഷ്യശൃംഗനെ പോലെ ഒരു മഹാതപസ്വിയെ സ്വന്തമാക്കാന്‍ മാത്രം പുണ്യം ചെയ്തവള്‍. തന്റെ പുണ്യം തനിക്കല്ലേ അറിയൂ?

സുമംഗലിയായ ഏതൊരു പെണ്ണിനെയും പോലെ ഒരു കുഞ്ഞിനായി അവളുടെ ഉളളം തീവ്രമായി തുടിച്ചു. തന്നെ പ്രസവിച്ച സ്ത്രീ പോലും വീണ്ടും മാതൃത്വത്തിന്റെ ധന്യതകളിലേക്ക് സഞ്ചരിക്കുമ്പോള്‍ അപഹാസ്യയായ കേവലം ഒരു കാഴ്ചക്കാരിയായി താന്‍..

ശാന്തയ്ക്ക് സങ്കടം കൊണ്ട് തന്റെ ഹൃദയം ഉടഞ്ഞു ചിതറുമെന്ന് തോന്നി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന മഹാപുരുഷന്‍ ഇതാ തന്റെ മുന്നില്‍ നിസഹായതയുടെ പാരമ്യതയായി നില്‍ക്കുന്നു. ഒരു സ്ത്രീയുടെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളും അഭിലാഷങ്ങളും ക്ഷമിക്കാം. പക്ഷെ താലോലിക്കാന്‍ ഒരു കുഞ്ഞ്... തന്റെ ജീവന്റെ അംശം... ജീവന്റെ പ്രതിരൂപം.

അങ്ങനെയൊരു സൗഭാഗ്യത്തിനായി അവളുടെ മനസ് കേണു.. പലകുറി ആവശ്യമായും അപേക്ഷയായും ഋഷ്യശൃംഗനെ സമീപിച്ചു. മറുപടി എന്നും ഒന്ന് തന്നെയായിരുന്നു.

ഞാന്‍ ജിതേന്ദ്രിയന്‍. അതിനപ്പുറം സന്താനങ്ങള്‍ എന്റെ ലക്ഷ്യത്തിന് വിഘാതമാണ്. ഗൃഹസ്ഥാശ്രമത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും വര്‍ദ്ധിപ്പിക്കും അത്..'

'പിന്നെയെന്തിന് അങ്ങ് എന്നെ വിവാഹം ചെയ്തു. ഒരു സ്ത്രീയുടെ ജീവിതം നരകതുല്യമാക്കാനോ?'

ഋഷ്യശൃംഗന്‍ കൂടുതല്‍ നിസംഗത എടുത്തണിഞ്ഞു. 'അച്ഛന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചു'

എന്നും അച്ഛന്റെ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചിരുന്നത് . ഇപ്പോഴും അതില്‍ വലിയ മാറ്റമില്ല. വൈശാലി ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് ശാന്തയ്ക്ക് തോന്നി. ഈ സങ്കടപര്‍വത്തില്‍ നിന്ന് ഈശ്വരന്‍ അവളെ ഒഴിവാക്കിയല്ലോ?

നവജാതശിശുക്കളുടെ നൂലുകെട്ട് അത്യാര്‍ഭാടമായി നടത്തണമെന്ന് ദശരഥന്‍ നിശ്ചയിച്ചു. ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചത് ലോമപാദനെയും വര്‍ഷിണിയെയുമായിരുന്നു. ഋഷ്യശൃംഗനോട് പ്രത്യേകം പറയാനും മറന്നില്ല. ശാന്തയെ ക്ഷണിക്കണമെന്ന് കൗസല്യയ്ക്ക് വലിയ ആഗ്രഹം. ദശരഥന്‍ അത് ലോമപാദനോട് സൂചിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്ന് ലോമപാദന്‍ തുറന്ന് പറഞ്ഞു. തന്നെ ഉപേക്ഷിച്ച ഒരിടത്തേക്ക് ജീവന്‍ പോയാലും ശാന്ത വരില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പതിവു പോലെ അവളെ ഒന്ന് കാണാന്‍ പോലും കഴിയാതെ ദശരഥന്‍ മടങ്ങി. 

വര്‍ഷിണി തഞ്ചത്തില്‍ ശാന്തയുടെ മനസിളക്കാന്‍ ഒരു ശ്രമം നടത്തി. ചതുരംഗന്‍ പോലും പങ്കെടുക്കുന്ന ചടങ്ങില്‍ അവളില്ലാത്തത് അനൗചിത്യമെന്ന് വാദിച്ചു നോക്കി. തനിക്ക് സ്ഥാനമില്ലാത്ത ഒരിടത്തേക്ക് ഒരു അതിഥിയെ പോലെ കാഴ്ചക്കാരിയായി താനില്ല എന്ന നിലപാടില്‍ അവള്‍ ഉറച്ചു നിന്നു. ആ മഹാസങ്കടത്തിന് മുന്നില്‍ വര്‍ഷിണി തോല്‍വി സമ്മതിച്ചു. ഇനിയൊരിക്കലും കോസല എന്നൊരു വാക്ക് അവള്‍ക്ക് മുന്നില്‍ ഉച്ചരിക്കില്ലെന്നും നിശ്ചയിച്ചു.

നൂലുകെട്ടിന് ഋഷ്യശൃംഗനും പോയില്ല. ഒപ്പം വരാന്‍ ലോമപാദന്‍ ക്ഷണിച്ചപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.

'പുത്രകാമേഷ്ടിയോടെ എന്റെ ദൗത്യം പൂര്‍ത്തിയായി. ഇനി അവിടേക്ക് വരുന്നതില്‍ ഔചിത്യമില്ല'

ആ രാത്രി ശാന്ത ഉറങ്ങിയില്ല.

പുറമെ കലഹത്തിന്റെ കവചകുണ്ഡലങ്ങള്‍ അണിയുമ്പോഴും അവള്‍ ഉളളിന്റെയുളളില്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ ഒരുനോക്ക് കാണണം. ദശരഥന്റെ ചോരയില്‍ കൗസല്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞ്. എന്റെ നേരാങ്ങള. ശ്രീരാമചന്ദ്രന്‍. പക്ഷെ എങ്ങിനെ എന്ന ചോദ്യം ഉത്തരമില്ലാത്ത ഒന്നായി. 

പല വഴികളും മനസില്‍ തെളിഞ്ഞു. ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. നൂലുകെട്ട് കഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു. കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊഞ്ചികൊഞ്ചി സംസാരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കോസലരാജ്യത്തെങ്ങും ആഹ്‌ളാദം പതഞ്ഞുപൊങ്ങി. ദൂരെ ഏതോ ക്ഷേത്രത്തില്‍ വഴിപാട് എന്നു പറഞ്ഞാണ് ശാന്ത പുറത്ത് പോയത്. കൊട്ടാരത്തില്‍ കമനീയമായ നിരവധി രഥങ്ങള്‍ ഉണ്ടായിട്ടും വാടകയ്ക്ക് എടുത്ത രഥം തന്നെ സ്വീകരിച്ചപ്പോള്‍ വര്‍ഷിണിക്ക് അതിശയം തോന്നി. പരമാവധി ലാളിത്യത്തില്‍ ഭിക്ഷ എടുത്തുണ്ടാക്കിയ പണം കൊണ്ട് ക്ഷേത്രദര്‍ശനം നടത്തണം പോലും. അതാണ് അവിടത്തെ വഴിപാട് എന്ന് അവള്‍ പറഞ്ഞപ്പോള്‍ മറുവാദത്തിന് നിന്നില്ല വര്‍ഷിണി.

തിളങ്ങി. ആകാംക്ഷകൊണ്ട് ഹൃദയം തുടികൊട്ടി. ഈശ്വരന്‍ തനിക്കൊപ്പമാണ്. കാണരുതെന്ന് ആഗ്രഹിച്ചവരെ ഒഴിവാക്കി ഒരു കൂടിക്കാഴ്ച. വയറ്റാട്ടിയുടെ അടുത്തായിരുന്നു കുഞ്ഞ്. മഞ്ഞളും ചന്ദനവും കുങ്കുമപ്പൂവും തേച്ചുളള കുളി കഴിഞ്ഞ് തോര്‍ത്തുന്നതിനിടയില്‍ ഒരു മിന്നായം പോലെ സന്ദര്‍ശനം.

സാധ്വിയായ ബ്രാഹ്‌മണസ്ത്രീയെ വയറ്റാട്ടിയും സംഘവും പ്രണമിച്ചു. ശാന്ത തിരിച്ചും വന്ദിച്ചു. ആഗമനോദ്ദേശം കൗസല്യ പറഞ്ഞ് അവര്‍ അറിഞ്ഞിരുന്നു. ആഗതയെ സ്വീകരിച്ചിരുത്തി ശീതളപാനീയം നല്‍കി ഉപചരിച്ചു. ശാന്തയുടെ കണ്ണുകള്‍ ചുറ്റിലും പരതി. എവിടെ എന്റെ പൊന്നനുജന്‍? 

കുളിപ്പിച്ച് തോര്‍ത്തി പുതുവസ്ത്രങ്ങള്‍ ധരിച്ച കുഞ്ഞുമായി വയറ്റാട്ടിയുടെ സഹായി വന്ന് ശാന്തയ്ക്ക് കൈമാറി. ഹൃദയം ഒരു വീണയാണെന്ന് അവള്‍ക്ക് തോന്നി. ഏതൊക്കെയോ തന്ത്രികള്‍ വലിഞ്ഞു മുറുകുന്നു. പിന്നെ വീണാനാദം ഉതിരുന്നു.

സൂര്യനേക്കാള്‍ പ്രഭയുളള കുഞ്ഞ്. അസാമാന്യമായ തേജസും ഓജസും തുടിക്കുന്ന കണ്ണുകള്‍..

ഇവന്‍ തന്റെ അനുജന്‍ തന്നെയോ?

ഏതോ അവതാരപുരുഷനെ പോലെ ദിവ്യത്വം ജ്വലിക്കുന്ന മുഖകമലം. ഭാവഹാവാദികള്‍..

എല്ലാറ്റിലും ഈശ്വരീയമായ ഒരു ചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. അവള്‍ക്ക് അനല്‍പ്പമായ അഭിമാനം തോന്നി. ഞാന്‍... ഞാന്‍.. നിന്റെ മൂത്ത സഹോദരി... ഉടപ്പിറന്നവള്‍.. ഏടത്തി... ഏടത്തിയെന്ന് വിളിക്കൂ കുട്ടാ..

അവളുടെ അന്തരംഗം മന്ത്രിച്ചു. കുഞ്ഞ് അതീവനിഷ്‌കളങ്കമായി പുഞ്ചിരിച്ചു.

രാമന്‍... ശ്രീരാമന്‍... ശ്രീരാമചന്ദ്രാ.. അവള്‍ പല രൂപത്തിലും ഭാവത്തിലും വിളിച്ചു.. ഓരോ വിളിക്കും അനുരണങ്ങളുണ്ടായി. കുഞ്ഞ് കൈകാലുകളിളക്കി കളിച്ചു. ചിരിച്ചു മറിഞ്ഞു. അവള്‍ മെല്ലെ കുനിഞ്ഞ് മൂര്‍ദ്ധാവില്‍ ചുംബിച്ചു. മേലാസകലം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.

രാമന്‍ ഇക്കിളിയാല്‍ പുളഞ്ഞു. ശാന്തയുടെ കണ്ണുകള്‍ നനഞ്ഞു. അവന്‍ കുഞ്ഞിക്കൈത്തലം കൊണ്ട് ആ കവിളില്‍ തൊട്ടു. ഒരു ജന്മം സഫലമായതു പോലെ തോന്നി ശാന്തയ്ക്ക്.

കുഞ്ഞിനെ കൈമാറി യാത്ര പറയുമ്പോള്‍ വയറ്റാട്ടി ഓര്‍മ്മിപ്പിച്ചു. 'മഹാറാണി പളളിനീരാട്ട് കഴിഞ്ഞ് ഉടന്‍ വരും. ഒന്ന് മുഖം കാണിച്ച് പാരിതോഷികങ്ങള്‍ വാങ്ങി ഉച്ചഭക്ഷണം കഴിഞ്ഞ് പോകാം.'

'നന്ദി. ഇനിയൊരിക്കലാവാം. ചെന്നിട്ട് കുറച്ച് തിരക്കുണ്ട്'

മൗനം കൊണ്ട് യാത്ര പറഞ്ഞ് ശാന്ത കോസലയുടെ പടിയിറങ്ങി. തേരിലേക്ക് കയറും മുന്‍പ് അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞ് കൊട്ടാരത്തിലേക്ക് ഒരു വിഗഹവീക്ഷണം നടത്തി. ജനിച്ചു വളര്‍ന്ന വീട്. തന്റെ ശ്വാസനിശ്വാസങ്ങള്‍ അലിഞ്ഞുചേര്‍ന്ന മണ്ണ്. അവിടെ ഒരു അന്യയെ പോലെ, അനാഥയെ പോലെ താന്‍.. കണ്ണുകള്‍ വീണ്ടും നിറഞ്ഞു. മനസും നിറഞ്ഞു.

'തേര് ചലിപ്പിക്കൂ. യാത്ര തുടരാം'

അവള്‍ കല്‍പ്പിച്ചു. ഞാണൊലികള്‍ മുഴങ്ങി.

എന്റെ ജന്മനാടേ... വിട.. എന്നേക്കുമായി വിട..




No comments:

Post a Comment