ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2024

വേദവതി

വേദവതി

രാമായണത്തിലെ ഒരു സ്ത്രീകഥാപാത്രമാണ് വേദവതി. വേദവതിയാണ് മായാ സീതയായി മാറുന്നത്.

ഹിമവത്ഗിരിയുടെ താഴ്‌വരയിലുള്ള വനത്തില്‍ എത്തിച്ചേര്‍ന്ന രാവണന്‍ അവിടെ ഒരാശ്രമത്തില്‍ താപസവൃത്തിയില്‍ കഴിയുന്ന അത്യുത്തമയായ ഒരു കന്യകയെ കാണാനിടയായി. രാവണന്‍ ആ മഹതിയെ സമീപിച്ച് ചോദിച്ചു. സ്ത്രീവര്‍ഗ്ഗങ്ങള്‍ക്കു മുഴുവന്‍ ആദരണീയയായ സര്‍വാംഗമനോഹരിയായ ഭവതി ആരാണ് ഉര്‍വശിയോ, തിലോത്തമയോ, അഥവാ ശര്‍വാണിയോ ലക്ഷ്മിയോ? സര്‍വ്വ ഭോഗങ്ങളും വെടിഞ്ഞ് സമ്പൂര്‍ണ്ണ യൗവനത്തേയും പാഴിലാക്കി, സര്‍വ്വേന്ദ്രിയങ്ങളുമടക്കി താപസിയായിക്കഴിയുന്ന ഭവതിയുടെ ആഗ്രഹം എന്താണ്. ഭവതിയുടെ മാതാപിതാക്കള്‍ ആരാണ്. എല്ലാം വിശദമായി പറഞ്ഞാലും.

രാവണന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. ബൃഹസ്പതി നന്ദനനും വേദവിശാരദനും പണ്ഡിതനുമായ കുശദ്ധ്വജ മഹര്‍ഷിയുടെ മകളായ വേദവതിയാണ് ഞാന്‍. എന്നെ വിവാഹം കഴിക്കാനായി പലരും എത്തിയെങ്കിലും സാക്ഷാല്‍ ശ്രീനാരായണനല്ലാതെ മറ്റാര്‍ക്കും എന്നെ വിവാഹം ചെയ്തുകൊടുക്കുന്നതല്ലെന്ന് പറഞ്ഞ് അച്ഛന്‍ എല്ലാവരേയും തിരിച്ചയച്ചു. അതില്‍ ക്രുദ്ധനായ ഒരു രാക്ഷസന്‍ എന്റെ പിതാവിനെ വധിച്ചുകളഞ്ഞു. അന്നുമുതല്‍ ഞാന്‍ ശ്രീഹരിയെ ഭര്‍ത്താവായി ലഭിക്കുന്നതിന്നു വേണ്ടി തപസ്സനുഷ്ഠിക്കുകയാണ്. ഭവാനും അങ്ങയുടെ അത്യുഗ്രമായ തപസ്സിലൂടെ ശ്രേഷ്ഠത കൈവരിച്ചെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അങ്ങ് ഗമിച്ചാലും അങ്ങേക്ക് മംഗളം ഭവിക്കട്ടെ.

തപസ്വിനിയുടെ വാക്കുകള്‍ ശ്രവിച്ച രാവണന്‍ അവളെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഇല്ല സുന്ദരി ഇല്ല നിനക്ക് യാതൊരു സൗജന്യവും ഞാന്‍ അനുവദിക്കുകയില്ല. മാത്രമല്ല എന്റെ ഒരു കയ്യിനോളമില്ല വിഷ്ണുവിന് ബലവും ശൗര്യവും. അതുകൊണ്ട് നീ വിഷ്ണുവിനെ ഓര്‍ത്തുള്ള തപസ്സ് മതിയാക്കു. നിന്റെ യൗവനം നീ വെറുതെ പാഴാക്കരുത്. ഇതിനുത്തരമായി വേദവതി പറഞ്ഞു. ഇത്തരം യോഗ്യമല്ലാത്ത വാക്കുകള്‍ നീ എന്നോടൊരിക്കലും പറയരുത്. ഇതുകേട്ട രാവണന്‍ അവളുടെ തലമുടി ചുറ്റിപ്പിടിച്ചു. കോപത്തോടുകൂടി വേദവതി രാവണനോട് പറഞ്ഞു നീ ഇപ്പോള്‍ എന്നെ തൊട്ടതിന്നു പകരമായി ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല. കാരണം അങ്ങിനെ ചെയ്താല്‍ അത് എന്റെ തപസ്സിന് ഹാനികരമാണ്.

ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ഈ ദേഹമുപേക്ഷിച്ചുകൊണ്ട് ഒരു ഭൂപന്റെ മകളായി അയോനിജയായി പിറന്ന് വീണ്ടും വരുന്നതാണ്. അന്ന് നിന്റെ മരണവും സുനിശ്ചിതമാണ്. എന്നെക്കൊണ്ട് നിനക്ക് യാതൊരു അനുഭവവും ലഭിക്കാതെത്തന്നെ നിന്റെ കുലനാശവും സംഭവിക്കുന്നതാണ് എന്ന് രാവണനെ ശപിച്ചുകൊണ്ട് യോഗാഗ്നിയില്‍ വേദവതി തന്റെ ശരീരം ദഹിപ്പിച്ചു. ആ വേദവതിയാണ് പിന്നീട് മായസീതയായി ജനിച്ചിട്ടുള്ളത്.

വേദവതിക്ക് കാസർ‍‍ഗോഡ് ജില്ലയിലുള്ള അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേകം സ്ഥാനവും, പൂജയും പതിവുണ്ട്.


No comments:

Post a Comment