ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2022

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പണ്ട് പരശുരാമന്‍ വളരെക്കാലം കഠിനമായ തപസ്സു ചെയ്തിട്ടും തപസ്സിദ്ധി വരാത്തതിനാല്‍ അഗസ്ത്യ മഹര്‍ഷിയെ ശരണം പ്രാപിച്ചു. ഏതു വിധത്തിലുള്ള ജന്മജന്മാന്തര കര്‍മ്മങ്ങളെയും നശിപ്പിച്ച് പരിശുദ്ധമാകുവാന്‍, ശ്രീ അഗസ്ത്യ മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട ശ്രീ രാധാകൃഷ്ണ മന്ത്രത്താല്‍ രാധാകൃഷ്ണന്മാരേ പ്രത്യക്ഷപ്പെടുത്തി . പരശുരാമനില്‍ സംപ്രീതരായ രാധാകൃഷ്ണന്മാര്‍ ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. എപ്പോഴും തനിക്ക് ഈ രാധാകൃഷ്ണ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കണം എന്നു പ്രാര്‍ത്ഥിച്ചു നമസ്കരിച്ചു.ഇപ്പോള്‍ സ്മരിച്ചാലും ഉടന്‍തന്നെ വരാം എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകതിലേക്ക് തിരിച്ചു പോയി.ഒരിക്കല്‍ ശ്രീ മഹാദേവനില്‍ നിന്നും ഗോലോകത്തെയും, ശ്രീ രാധാകൃഷ്ണന്മാരേയും കുറിച്ച് അറിഞ്ഞ ശ്രീ പാര്‍വതിക്ക് രാധാകൃഷ്ണന്മാരുടെ മനോഹര രൂപം കാണുവാന്‍ അതിയായ ആഗ്രഹം തോന്നി. അതറിഞ്ഞ മഹേശ്വരന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശ്രീ പാര്‍വ്വതിയാകട്ടെ രാധാകൃഷ്ണ സ്മരണയില്‍ മുഴുകി കഴിഞ്ഞു.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തില്‍ എത്തി .എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വക്കുതര്‍ക്കമായി. ഗണപതി തന്‍റെ തുമ്പിക്കരം കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട പരശു എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി. ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ്തന്‍റെ കയ്യില്‍ പിടിച്ചു.ഈ ബഹളങ്ങളെല്ലാം കേട്ടു പര്‍വതിപരമേശ്വരന്മാര്‍ അവിടേക്ക് വന്നു.ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ മനം നൊന്തു പറഞ്ഞു

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നിങ്ങനെ പലതും പറഞ്ഞു വെങ്കിലും ശ്രീ പരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നിലത്തു കിടക്കുകയാണ്. എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരേ സ്മരിച്ചു. ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസ ശൈലോപരിയില്‍ നിന്നും ഒഴുകി വന്നു. ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.പുത്ര ദു:ഖത്താല്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു. എല്ലാം മറന്നു ആനന്ദസമാധിയില്‍ ലയിച്ചു.കൈലാസ വാസികള്‍ക്ക് കര്‍ണ്ണാമൃതമായികേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.കണ്ടാലും കണ്ടാലും മതിവരാത്ത ആ പ്രഭാപൂരത്തില്‍ പരസ്പരപ്രേമത്തിന്‍റെമികവുറ്റ രൂപമായ ഒരത്ഭുതാംഗനും, അത്ഭുതാംഗിയും ആയിരുന്നു. കാര്‍മേഘ കന്തിയുള്ള ശരിരമുള്ളവനും, ഒടക്കുഴലോട്കൂടി തിളങ്ങുന്ന പാണികള്‍ ഉള്ളവനും, മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും, ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്. കൂടെ ചമ്പക പൂ തോല്‍ക്കുന നിറത്തോട് കൂടിയവളും, ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള പൂമുഖത്തോട് കൂടിയവളും, .പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും, മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗി. എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ പറഞ്ഞു.

“മുരന്തക, ശ്രീധര,ദേവി രാധികേ, വരാം വരാം സ്വാഗതം!”

ഇതു കേട്ട എല്ലവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാകൃഷ്ണന്മാരാണെന്നു മനസ്സിലായി വീണുവീണു നമിച്ചു.
രധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി. (ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട്.) പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു ഗണപതിയുമായി പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു. ലോകനന്മക്കായിട്ടാണ് ഇതെല്ലം സംഭവിച്ചത്. മാത്രമല്ല പാര്‍വതി ദേവിയുടെ ആഗ്രഹം സാധിക്കുവാന്‍ വേണ്ടി കൂടിയാണ് ഇതെല്ലാം സംഭവിച്ചത്, ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി. പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.


No comments:

Post a Comment