കർക്കിടകവും രാമായണവും
മനുഷ്യശരീരവും പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്. പ്രപഞ്ചശരീരത്തില്‍ അല്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു.
മധ്യരേഖയെ ആസ്പദമാക്കിയുള്ള ഉത്തരായന ദക്ഷിണായന രേഖകളെപ്പോലെ മനുഷ്യശരീരത്തിലും ചില ക്രമീകരണങ്ങളുണ്ട്. ‘ജാബാലദര്‍ശനോപനിഷത്ത് അനുസരിച്ച് സുഷുമ്നാനാഡി ഭൂമധ്യരേഖയും ഇഡാനാഡി ദക്ഷിണായനരേഖയും പിംഗല ഉത്തരായനരേഖയുമാണ്.
ഇഡാനാഡിയെ ചന്ദ്രനാഡിയെന്നും, പിംഗലാനാഡിയെ സൂര്യനാഡിയെന്നും വിളിക്കുന്നു. മനുഷ്യശരീരവും, പ്രപഞ്ചശരീരവും നാഡികള്‍ മുഖേന ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
പിംഗലയില്‍ നിന്ന് ഇഡയിലേക്കുള്ള പ്രാണസൂര്യന്റെ സഞ്ചാരഗതിയെ ഉത്തരായനം എന്നു വിളിക്കുന്നു. ഇതിനെടുക്കുന്ന സഞ്ചാരസമയമാണ് അയന സമയം.
ഇഡയില്‍നിന്നും പിംഗലയിലേക്കുളള സഞ്ചാരത്തെ ദക്ഷിണായനം എന്നു വിളിക്കുന്നു. പ്രാണചലനം ഒരു സംവത്സരം ഇങ്ങനെ ശരീരത്തില്‍ പൂര്‍ത്തിയാവുന്നു. പ്രപഞ്ചശരീരത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതുമൂലം ശരീരത്തോടു ബന്ധപ്പെട്ട പ്രാണന് ഉണ്ടാകുന്ന പ്രധാനസംസ്കാരഗതിയെ രണ്ടായി തിരിച്ചു.
ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും, ഇഡയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണസൂര്യന്റെ പേര് അപാനനെന്നും, പിംഗലാനാഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണനെന്നുമാണ്. അതായത്, ദക്ഷിണായനസൂര്യനും, ഉത്തരായന സൂര്യനും അപാനന്‍ അഥവാ ദക്ഷിണായനസൂര്യന്‍ തികച്ചും ശരീരത്തില്‍ സഞ്ചരിച്ച് കര്‍മഭാരം വഹിച്ച് അശുദ്ധിയാര്‍ജിച്ചവനാണ്. അതുകൊണ്ട് കര്‍മബദ്ധനും അഥവാ വിഷയസംബന്ധിയും ആകുന്നു ഇത്. കര്‍ക്കടകമാസാരംഭത്തിലാണ് പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും തുടക്കം കുറിക്കുന്നത്.
പിംഗലയിലൂടെ സഞ്ചരിക്കുന്ന പ്രാണസൂര്യന്‍ സ്വതന്ത്രനും, ശുദ്ധനും, ഈശ്വരാഭിമുഖസംസ്കാരമുള്ളവനുമാണ്. ഇങ്ങനെ ബദ്ധവും മുക്തവുമായ രണ്ടു സംസ്കാരികാനുഭവങ്ങളില്‍പ്പെട്ട് പ്രാണന് പാപഫലവും പുണ്യഫലവും അനുഭവിക്കുന്നു. ഇതില്‍ പാപഫലാനുഭവം ദക്ഷിണായനസംസ്കാരമാണ്. പുണ്യഫലമാകട്ടെ ഉത്തരായന സംസ്കാരവും.
നിവര്‍ന്നു നില്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചാല്‍ ഉത്തരഭാഗം ശിരസ്സും, ദക്ഷിണഭാഗം ഗുദവും, ജനനേന്ദ്രിയവുമാണ് ഈ രണ്ടു അയനങ്ങളിലും പ്രാണസൂര്യന്‍ പ്രവര്‍ത്തിച്ചാലുള്ള അനുഭവം എടുത്തു പറയേണ്ടതില്ല. ജന്മകോടികള്‍ ആവര്‍ത്തിക്കുന്ന അനുഭവം സംസാര ദുഃഖാനുഭവം കൊണ്ട് ഉണ്ടാകുന്നു. ജീവന് അനന്തകോടി യോനികളില്‍ ജനിച്ച് അധഃപതനംമൂലം ദുഃഖം അനുഭവിക്കാന്‍ ഇടവരുന്നു. പുനര്ജന്മത്തിന് അവകാശിയായിത്തീരുന്നു. മരണദുഃഖം ആവര്‍ത്തിക്കുന്നു.
ജന്മജരാമരണാര്‍ത്ഥമായ മനുഷ്യജീവന്റെയും ദക്ഷിണായന സംസ്കാരം ഈ ഫലം തന്നെയാണ് നല്ക്കുന്നത്. കാലാവസ്ഥയും, ശരീരനിലയും വിഷയലോലുപതയ്ക്ക് ജന്തുജാലങ്ങള്‍ക്കുവരെ പ്രേരണ നല്കുന്ന സമയമാണ് ഇതില്‍നിന്ന് ജീവനെ മുക്തനാകേണ്ട ആവശ്യമുണ്ട്. അതിനാവശ്യമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഒന്നാണ് രാമായണപാരായണം.
രാമനെ ആദര്‍ശ പുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്കാരചലനങ്ങള്‍ അഥവാ ഉത്തരായന സാംസ്കാരിക ചനലങ്ങളെ സൃഷ്ടിക്കുന്നു. തത്ഫലമായി കര്‍ക്കടകമാസം മുതല്‍ തുടങ്ങുന്ന ദുരിത പൂര്‍ണമായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിക്കാന്‍ കഴിയുന്നു ജന്തുജാലങ്ങളിലേക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളിറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടമാസമെന്ന പ്രത്യേക സങ്കല്പത്തിന്റെ ആവശ്യം വരുന്നില്ല. കാരണം അവന് നിത്യേന പ്രസാദാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്.
No comments:
Post a Comment