സാകാരത്തിൽ നിന്ന് നിരാകാരത്തിലെക്ക്...
മന്ത്രജപവും ധ്യാനവും പൂര്‍ണമായും മാനസിക ക്രിയകള്‍ ആണല്ലോ. നേരെ മറിച്ച് പൂജ എന്നത് ചില ഉപകരണങ്ങള്‍ കൊണ്ടും സാധന സാമഗ്രികള്‍കൊണ്ടും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശാരീരികം കൂടിയായ ഒരു സാധനാക്രമമാണത്. സാധാരണ സാധനാപഥത്തില്‍ പ്രവേശിക്കുന്നവര്‍ പൂജ ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അതായത് അവരുടെ സാധനാക്രമത്തില്‍ ശരീരത്തെ കൂടി അവര്‍ പങ്കെടുപ്പിക്കുന്നു എന്നര്‍ത്ഥം.
മന്ത്രമൂർത്തിയും പൂജകനും ഒന്നാണെന്ന അടിസ്ഥാന സങ്കൽപത്തിലാണ് പൂജ തുടങ്ങുന്നത്. പ്രണവ പ്രാണായാമം എന്നി ദേഹസംസ്കാര ക്രിയകൾ ചെയ്ത് മനസ്സും ദേഹവും ഏകാഗ്രമായി യോജിപ്പിച്ച് മൂർത്തിയുടെ ലിപി, തത്ത്വം, മൂലാക്ഷരം, അംഗം, ആയുധം, ഭൂഷണം, എന്നിവ ന്യസിച്ച് മൂർത്തിയുടെ നിലയിലേക്ക് സ്വയം ഉയർത്തപ്പെടുന്ന പൂജകൻ തന്നിൽ നിന്ന് ശക്തിയെയും ചൈതന്യത്തെയും ദേവനിലേക്ക്(ദേവിയിലേക്ക്) ആവാഹിച്ച് മാന്യമായ ഒരതിഥിയെപ്പോലെ അർഘ്യാപാദ്യാദികൾ നൽകി ഇഷ്ടഭോജ്യവും താംബൂലവും നൽകി സൽക്കരിച്ച് നൃത്തഗിതാദിവാദ്യങ്ങൾ മുഴക്കി പ്രാസാദിപ്പിക്കുന്നു. തന്നിൽ നിന്ന് ആവാഹിച്ച ചൈതന്യം തന്നിലേക്ക് തന്നെ ഉദ്വസിച്ച ശേഷമാണ് പൂജ അവസാനിക്കുന്നത്.
ശരീരവുംകൂടി പങ്കെടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ്. ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിക്കുമ്പോഴാണ് മനസ്സിന്റെ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകം ചിന്തകള്‍ മസ്തിഷ്കത്തിലൂടെ ‘പരേഡ്’ നടത്തുന്നത്. വെറുതെയിരുന്നു മന്ത്രം ജപിക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്കരിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാര്‍ക്കറിയുവാന്‍ പ്രയാസമില്ല. നമസ്കരിക്കുമ്പോള്‍ അനാവശ്യമായ ചിന്തകള്‍ മനസ്സില്‍ വരുന്നില്ല. ശരീരംകൂടി ആ കര്‍മ്മത്തില്‍ ഭാഗഭാക്കാകുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.
മന്ത്രസാധനയനുഷ്ഠിക്കുന്ന സാധകന്മാര് ആദ്യത്തെ പടിയായി അവരുടെ സാധനക്ക് ദാര്‍ഢ്യം കിട്ടുവാന്‍ ഉപയോഗിക്കുന്നത് പൂജാപദ്ധതിയെയാണ്. സാധനക്ക് ദൈര്‍ഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്തരികപ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരില് സാധാരണ കണ്ടുവരാറുള്ളത് ഇതുകൊണ്ടാണ്. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ ജപസാധനയും പൂജതന്നെയാണ്. മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോകപ്രകാരമുളള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തില്‍ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റുമായ പ്രതിമാ വിശേഷങ്ങളെ പറയുന്നതിനിടക്ക് മനോമയിയായ പ്രതിമയേയും പറയുന്നുണ്ട്.
ധ്യാനോക്തരൂപം മനസ്സിലുറപ്പിച്ച് അതില്‍ മാനസ ഉപചാരങ്ങള്‍ അഥവാ ശരീരഘടകങ്ങളായ പഞ്ചഭൂതങ്ങളെയും ആ ദേവനില്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ മനസ്സുകൊണ്ട് ചെയ്യുകയും തദനുസൃതമായ മുദ്രകള്‍ കൈകള്‍കൊണ്ട് കാണിക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോള്‍ നമ്മുടെ ശരീരഘടകങ്ങള്‍ മുഴുവനും സമര്‍പ്പിക്കുന്നതുകൊണ്ട് ആരാധ്യദേവതയും സാധകനും താദാത്മ്യം പ്രാപിക്കുക എന്നതാണ് പൂജയുടെ പ്രധാന തത്വം.
സജീവമായ സമ്പർക്കം കൊണ്ടുമാത്രം കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഈ ശക്തി നിലനിർത്തുന്നതിനുവേണ്ടിയാണ് മന്ത്രം രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതും, മറിച്ചു പ്രവർത്തിക്കുന്നവന് കഠിനമായ ശിക്ഷ വിധിച്ചിരിക്കുന്നതും. മന്ത്രങ്ങളെ നിസ്സാരമായി കാണുന്നതും അർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ പരിഗണിക്കുന്നതും തടയലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വ്യക്തി ഗൗരവത്തോടെതന്നെ മന്ത്രത്തെ പരിഗണിക്കണം. മന്ത്രം കൊണ്ട് പരീക്ഷണങ്ങൾ നടത്തരുത്. നമ്മുടെ ജീവിതത്തിൽ മന്ത്രങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ആത്മസാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ ഒന്നിനെയും നിസ്സാരമായി കണക്കാക്കരുത്. ഗുരു ശിഷ്യനിലേക്കു പകർന്നുകൊടുക്കുന്നത് മന്ത്രങ്ങൾ മാത്രമല്ല, സ്വയം അനുഭവിച്ചറിഞ്ഞതോ, പാരമ്പരയിലുള്ള ഗുരുക്കന്മാരുടെ അനുഭവത്തിലൂടെ കൈവന്നതോ ആയ അറിവും കൈമാറുന്നു. ഇക്കാര്യം കൊണ്ടുതന്നെ ശിഷ്യനെ വേണ്ടപോലെ അഭ്യസിപ്പിക്കുന്നതിന് അദ്ദേഹം യോഗ്യനായി ഭവിക്കുന്നു.
ഈശ്വരന്റെ പ്രതീകം മൂർത്തമായ ഒരു ബിംബമായിരിക്കാം. അല്ലെങ്കിൽ ഒരു ശബ്ദപ്രതീകത്തിലൂടെയായിരിക്കാം ഈശ്വരൻ പ്രകടമാകുന്നത്. ഇത്തരം അനുഭവങ്ങൾ പക്ഷേ, ഈശ്വരപ്രാപ്തിക്ക് അനിവാര്യമാണ്. പ്രതീകങ്ങളിലൂടെ മാത്രമേ മനുഷ്യമനസ്സിന് ഈശ്വരനെ ഉൾക്കൊള്ളാൻ സാധിക്കൂ - നിരാകാരമായി ഈശ്വരനെ സങ്കല്പിക്കാൻ പ്രയാസമാണ്.
ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. എന്നും സാകാരത്തിൽത്തന്നെ തുടരണോ? ഒരിക്കലും വേണ്ട. സാകാരത്തിൽ നിന്ന് നാം നിരാകാരത്തിലെക്കെത്തിച്ചേരുന്നു. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മാറ്റം വരാതെ നമുക്കുപെട്ടെന്നു നിരാകാരത്തിലെത്താൻ സാധിക്കുകയില്ല. ആരംഭത്തിൽ നമ്മുടെ മനസ്സിന് ആകാരത്തിലൂടെയും ചിഹ്നത്തിലൂടെയും മാത്രമേ ചിന്തിക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്ധ്യാത്മിക സാധനയ്ക്ക് പ്രതീകങ്ങൾ അത്യന്താപേക്ഷിതമാണ്. അങ്ങനെ നോക്കുമ്പോൾ മന്ത്രങ്ങൾ ദിവ്യത്വത്തിന്റെ പ്രതീകങ്ങളാണ്.
ഒരു പ്രത്യേക രൂപത്തിലുള്ള മൂർത്തിയിൽ ദിവ്യത്വത്തിന്റെ പ്രത്യേക ആശയത്തെ നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മൂർത്തിയെ ഒരുവിധത്തിലും വികലമാക്കാൻ നാമാഗ്രഹിക്കുന്നില്ല. അതുപോലെ ഒരു മാറ്റവും വരുത്താതെ മന്ത്രവും ജപിച്ചുകൊണ്ടിരിക്കണം. മാത്രമല്ല, ഏകാഗ്രത കൈവരിക്കുന്നതിനുവേണ്ടി നാം ഒരേ ഒരു മാർഗ്ഗത്തിൽത്തന്നെ ഉറച്ചുനിൽക്കണം.
പ്രതീകങ്ങളിലൂടെ മാത്രമേ മനുഷ്യമനസ്സിന് ഈശ്വരനെ ഉൾക്കൊള്ളാൻ സാധിക്കൂ - നിരാകാരമായി ഈശ്വരനെ സങ്കല്പിക്കാൻ പ്രയാസമാണ്..ബിംബാരാധകർക്ക് പ്രായോഗികമായ കാര്യങ്ങളിലൂടെയുള്ള ഈ വിശദീകരണം തന്നെ.
ReplyDeleteതാഴെ..
സാകാരത്തിൽ നിന്ന് നാം നിരാകാരത്തിലെക്കെത്തിച്ചേരുന്നു. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മാറ്റം വരാതെ നമുക്കുപെട്ടെന്നു നിരാകാരത്തിലെത്താൻ സാധിക്കുകയില്ല..ഏകദൈവത്തിലേക്ക് തന്നെ എല്ലാ വഴികളും എത്തിച്ചേരുമെന്ന ആശയവും കൂട്ടിവായിക്കപ്പെടുന്നു.വളരെ ഹൃദ്യമായ എഴുത്താണ്.. ലളിതമായ ഭാഷ ഏറെ പ്രശംസനീയമാണ്.അഭിനന്ദനങ്ങൾ