കൊട്ടിയൂർ ക്ഷേത്രം
വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട് തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്. വയനാടൻ ചുരങ്ങളിൽനിന്ന് ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്.
ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയുംഅവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
കൊട്ടിയൂർ വൈശാഖ ഉത്സവം
ॐ➖➖➖➖ॐ➖➖➖➖ॐ
ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനം മാസത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിൽ ഉത്സവം കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.
ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം.
ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
ചടങ്ങുകൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.
മേട മാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ പ്രാക്കൂഴം കൂടും. കൂടാതെ കൊട്ടിയൂരിൽ നിന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള മണത്തണയിലെ ശ്രീപോർക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും.
ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോൾ പൂജകൾ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകൾ പൂര്ത്തിയാക്കിക്കൊണ്ടാണ്.
നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാൻ എന്ന കുറിച്യസ്ഥാനികൻ, ജന്മാശാരി, പുറംകലയൻ എന്നീ അവകാശികൾ അവിടെ കാത്തുനിൽക്കും. കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്‌നാനം നടത്തി കൂവയിലയിൽ ബാവലിതീർഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീർഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും.
കുറിച്ച്യരുടെ വാസസ്ഥമായി മാറിയ കൊട്ടിയൂരിൽ ഒരിക്കൽ ഒരു കുറിച്ച്യയുവാവ് തന്റെ അമ്പിന്റെ മൂർച്ചകൂട്ടാനായി അവിടെ കണ്ട ശിലയിൽ ഉരച്ചപ്പോൾ ശിലയിൽ നിന്ന് രക്തം വാര്ന്നു . അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയെന്നാണ് ഐതിഹ്യം. .
ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം.
വാള്‍ മടങ്ങുന്നതുവരെ മുതിരേരിക്കാവ് ഉറങ്ങുന്നു
ॐ➖➖➖➖ॐ➖➖➖➖ॐ
കൊട്ടിയൂരിലേക്കു വാളുപോയാല്‍ പിന്നെ 27 ദിവസം വൈശാഖ മഹോത്സവം കഴിയുന്നതുവരെ വയനാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളുമില്ല. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന രീതിയാണിത്. ഇനി വാളുമടങ്ങിവന്നിട്ടുമാത്രമേ കുടുംബത്തില്‍ കല്യാണം മുതല്‍ ഗൃഹപ്രവേശം വരെയുള്ള ചടങ്ങുകള്‍ നടത്തുകയുള്ളൂ എന്നാണ് അനുഷ്ഠാനം. മുമ്പൊക്കെ ഈ കീഴ്വഴക്കങ്ങളെ പാടേ അനുസരിച്ചവരാണ് വയനാട്ടുകാര്‍. ഇതെല്ലാം ഇപ്പോഴും കൃത്യതയോടെ കാത്തുവെയ്ക്കുകയാണ് വടക്കെ വയനാട്ടിലെ കോഴിയോട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെല്ലാം. മുതിരേരിയിലെ നാനാജാതി മതസ്ഥരും ഈ ആചാരത്തെ ഇന്നും തെറ്റിക്കാറില്ല. ചോതി നാളില്‍ മുതിരേരിക്കാവില്‍ നിന്നും വാളുമായി കൊട്ടിയൂരിലേക്കു ക്ഷേത്രം തന്ത്രി പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ 27 ദിവസം ഈ കാവിലേക്കും ആര്‍ക്കും പ്രവേശനമില്ല ശിവലിംഗം തുളസിയിലയിട്ടു മൂടിയാണ് തന്ത്രി വാളുമായി പടിയിറങ്ങുക. തുടര്‍ന്നു ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം മുള്ളുവെച്ച് അടയ്ക്കുകയാണ് പതിവ്. അടിയാന്‍മാരുടെ നാട്ടുഗദ്ദികയടക്കം കൊട്ടിയൂരില്‍നിന്നും മുതിരേരിക്കാവിലേക്കു വാള്‍ മടങ്ങി വന്നതിനുശേഷം മാത്രമാണ് നടക്കുക. കൊട്ടിയൂരിലെ ഇളനീരാട്ടത്തിനുശേഷമുള്ള തൃക്കലശാട്ടം കഴിഞ്ഞാണ് അവിടെനിന്നും വാളിന്റെ മടക്കം ഇവിടെനിന്നും വാള്‍ കൊണ്ടുപോകുന്നതിനായുള്ള ഉപാസനകളെല്ലാം പൂര്‍ത്തിയാക്കി ധ്യാനത്തിലിരിക്കുന്ന തന്ത്രി വെളിപാടുണ്ടാകുമ്പോള്‍ വാളുമായി വയനാടന്‍ മലമടക്കുകള്‍ കയറുകയായി. തിരികെ കൊട്ടിയൂരിലെത്തുന്ന വാള്‍ ആദ്യദിവസം ശിവലിംഗത്തിനരികില്‍ വെയ്ക്കും. അന്നേദിവസം വാള്‍ പട്ടിണിക്കിടുക എന്നാണ് ഇതിനുള്ള വിശേഷണം. ഇതിനുശേഷമാണ് അടുത്ത ഒരാണ്ടിലേക്കുള്ള പൂജാവിധികള്‍ക്കായി ക്ഷേത്രനട തുറക്കുക വയനാടിന്റെ ആത്മീയവഴികളില്‍ വേറിട്ടതാണ് മുതിരേരിക്കാവിന്റെ ആചാരങ്ങളെല്ലാം. ഇന്നും ആധുനികതയിലേക്കു വഴിമാറാത്ത പ്രകൃതിയോടു ഏററവും അടുത്തു നില്‍ക്കുന്നതാണ് കാവും പരിസരങ്ങളും. പതിവുതെറ്റിക്കാതെ വാളുപോക്കിനു കാവിലെത്തി മടങ്ങുന്നതും വയനാട്ടിലെ ഹൈന്ദവ കുടുംബങ്ങളുടെ ശീലമാണ്. പ്രകൃതിഭാവങ്ങളുമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കൊട്ടിയൂര്‍ ക്ഷേത്രം ജനനിബിഡമാകും. ഓലമേഞ്ഞ പര്‍ണശാലകളും ഓടപ്പൂക്കളുമായി മഴയില്‍ കുതിര്‍ന്ന കൊട്ടിയൂര്‍ അമ്പലത്തില്‍ ദര്‍ശനംനടത്തുകയെന്നതും നിയോഗമായി കാണുന്നവരായിരുന്നു മുന്‍ തലമുറകളെല്ലാം. കാലം മുന്നേറുമ്പോഴും ഈ ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ ആരാധനാലയത്തെയും ഇന്നു തിരക്കുകൊണ്ട് മൂടുന്നത്. നെയ്യാട്ടവും ഇളനീരാട്ടവും കഴിഞ്ഞാണ് ഇവിടെ നിന്നുമുള്ള വിശ്വാസികളുടെ മടക്കയാത്രകള്‍.
കുറ്റിയാടി ജാതിയൂർ മഠത്തിൽ നിന്നുള്ള അഗ്നിവരവ് പിന്നെയൊന്ന്. വാൾ ഇക്കരെ ക്ഷേത്രത്തിൽ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തിൽ 5 കർമ്മി്കൾ ചേർന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും.ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മൺതാലങ്ങളിൽ നെയ്യ് ഒഴിച്ചാണ് . രാവിലെ കോട്ടയം എരുവട്ടിക്ഷേത്രത്തിൽനിന്നു് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാൽ “നാളം തുറക്കൽ എന്ന ചടങ്ങാണ്. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തർക്ക് പ്രസാദമായി നല്കുനന്നു
മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭാണ്ടാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ, ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.
ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരൽവള കഴുത്തിലണിഞ്ഞ് ചെറിയ തെരികയിൽ നെയ്ക്കുടം തലയിലേറ്റിയാണ് വരുന്നത്.
അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം ഉള്ളൂ..
നെയ്യാട്ടം കഴിഞ്ഞാൽ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകൾ എത്തിക്കുന്നത്. ഇതിനായി അവർ വിഷു മുതൽ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവിൽ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവർക്ക് കിരാത മൂർത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവർ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീർ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകർമ്മങ്ങൾ കഴിഞ്ഞാൽ ഇളംനീർ വെപ്പിനുള്ള രാശി വിളിക്കും. ഇതോടെ ഭക്തന്മാർ സ്വയം മറന്ന് ഇളനീർ കാവോടുകൂടി വാവലി പുഴയിൽ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു. ആ ദിവസം ഭക്തർ ആയിരക്കണക്കിന് ഇളനീരുകൾ ശിവലിംഗത്തിനു മുമ്പിൽ സമർപ്പിക്കും. അതിന്റെ പിറ്റേ ദിവസം മേൽശാന്തി ഇളനീർ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയുന്നു.
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവൻ കോപാകുലനായിരിക്കും, കോപം തണുക്കാൻ നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തു കൊണ്ടിരിക്കും.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കിൽ ആലിഒംഗന പുഷ്പാഞജലി. വിഗ്രഹത്തെ കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകൻ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തിൽ തല ചേർത്തു നില്ക്കും സതി നഷ്ടപ്പെട്ട ശ്രീപരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങ്.
ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാർവതിയേയും എഴുന്നെളിയ്ക്കും
മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്
ഈ കലങ്ങൾ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകർമ്മ ങ്ങൾ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളിൽ 1000 കുടം അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളിൽ കലശലാട്ടവും നടക്കും. അതിനു മുൻപായി ശ്രീകോവിൽ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു.
പിന്നെ അക്കരെ കൊട്ടിയൂരിൽ അടുത്ത വർഷത്തെ ഉത്സവം വരെ ആർക്കും പ്രവേശനമില്ല...
ഒറ്റപ്പിലാൻ
ॐ➖➖➖➖ॐ➖➖➖➖ॐ
കൊട്ടിയൂർ മഹാദേവ ക്ഷത്രത്തിലെ ‘'പൂണൂലില്ലാത്ത തന്ത്രി” എന്നറിയപ്പെടുന്നയാളാണ് ഒറ്റപ്പിലാൻ സ്ഥാനികൻ. കുറിച്യ വിഭാഗക്കാരനായ ഒറ്റപ്പിലാന്റെ പുർവികനാണ് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണു വിശ്വാസം. കൊട്ടിയൂർ വൈശാഖ ഉത്സവംആരംഭിക്കും മുൻപ് ഒരു കിഴിയിൽ ദക്ഷിണ നൽകി ഒറ്റപ്പിലാനിൽനിന്ന് മണിത്തറ ഏറ്റുവാങ്ങിയാണ് ചടങ്ങ് ആരംഭിക്കുന്നത്. 27 നാൾ നീളുന്ന കൊട്ടിയൂർ ഉൽസവത്തിനു മുന്നോടിയായി നടക്കുന്ന നീരെഴുന്നള്ളത്തിനു മുൻപു ക്ഷേത്രസങ്കേതം കാണിച്ചുകൊടുക്കാൻ മുൻപേ നടക്കുന്ന ഒറ്റപ്പിലാനാണ് അക്കരെ കൊട്ടിയൂർ മണിത്തറയിൽ ആദ്യം പ്രവേശിക്കുന്ന വ്യക്തി.
നീരെഴുന്നള്ളത്തിനും പ്രക്കൂഴത്തിനുംഒറ്റപ്പിലാന്റെ നേതൃത്വത്തിൽ അടിയാള സമുദായ സ്ഥാനികർ തണ്ണീർകുടി ചടങ്ങ് നടത്തും. കൊട്ടേരിക്കാവ്, മന്ദംചേരിയിലെ മലക്കാരി ദേവസ്ഥാനം എന്നിവിടങ്ങളിലെ തന്ത്രിയും കാർമികനും ഒറ്റപ്പിലാനാണ്. അക്കരെ മലോൻ ദൈവസ്ഥാനത്തും ഒറ്റപ്പിലാന് കാർമികത്വമുണ്ട്.
ഇതിനു സമീപമാണ് ഒറ്റപ്പിലാന്റെ കയ്യാല(പർണശാല). നീരെഴുന്നള്ളത്തിനു ശേഷം അക്കരെ ക്ഷേത്രം തിരുവഞ്ചിറയിലേക്ക് വാവലിപ്പുഴയിൽനിന്ന് വെള്ളം തിരിച്ചുവിടുന്നതും ഒറ്റപ്പിലാനാണ്. ഉൽസവകാലത്തേക്ക് അവകാശികൾക്ക് താമസിക്കാനുള്ള പർണശാലകൾ കെട്ടിമേയാനുള്ള ചുമതലയും ഒറ്റപ്പിലാനുണ്ട്. തൃത്തറയിലെ അഭിഷേക കർമങ്ങൾക്കു മുന്നോടിയായി മുളകൊണ്ടുള്ള പാത്തിവയ്ക്കൽ (നിർഗമന നാളം) നിർവഹിക്കുന്നതും ഇദ്ദേഹം തന്നെ.
ഉൽസവത്തിലെ ഗൂഢകർമ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടാവും. ഉൽസവം കഴിഞ്ഞു മടങ്ങുന്ന ആചാര്യൻമാർ ഒരുചെമ്പ് നിവേദ്യം വേവിച്ചുവച്ചിരിക്കും. അവിടെ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ മധ്യമ കർമങ്ങൾ നടക്കും. പിന്നീട് ക്ഷേത്രഭൂമി ഒറ്റപ്പിലാന്റെ അധീനതയിലായിരിക്കും. അടുത്തവർഷത്തെ ഉൽസവം വരെയുള്ള 11 മാസക്കാലം ഒറ്റപ്പിലാനു മാത്രമെ അക്കരെ പ്രവേശനമുള്ളൂ. മനങ്ങാടൻ കേളപ്പൻ ആണ് ഇപ്പോഴത്തെ ഒറ്റപ്പിലാൻ.
മണത്തണ
ॐ➖➖➖➖ॐ➖➖➖➖ॐ
കൊട്ടിയൂരുമായി ബന്ധപ്പെട്ട മിക്ക ചടങ്ങുകളും മണത്തണ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 14 ക്ഷേത്രങ്ങള്‍ ഉള്ള ക്ഷേത്രഗ്രാമമാണിത്. കൊട്ടിയൂര്‍ എത്തുന്നതിന് 14 കിലോമീറ്റര്‍ ഇപ്പുറത്താണ് ഈ ഗ്രാമം. ഇവിടുത്തെ നഗരേശ്വരംക്ഷേത്രത്തിനടുത്തുള്ള ഗോപുരത്തില്‍ നിന്നാണ് കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനചടങ്ങായ ഭണ്ഡാരംഎഴുന്നള്ളത്ത് പുറപ്പെടുന്നത്. ഉത്സവശേഷം ഭണ്ഡാരങ്ങള്‍ ഇവിടേക്ക് തിരിച്ചെഴുന്നള്ളിക്കും.
നെയ്യമൃത് സംഘങ്ങളും ഇളനീര്‍ സംഘങ്ങളും മണത്തണ കേന്ദ്രീകരിച്ച് കൊട്ടിയൂരിലേക്ക് കാല്‍ നടയായി നീങ്ങുന്നു. മണത്തണയിലെ പ്രധാനക്ഷേത്രങ്ങളായ ചപ്പാരം ദുര്‍ഗ്ഗാക്ഷേത്രം. ശ്രീ കുണ്‌ഠേന്‍ ക്ഷേത്രം, കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രം, നഗരേശ്വരം എന്നീ ക്ഷേത്രദര്‍ശനങ്ങള്‍ കൂടി കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഒരേക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പുതിയകുളം ആണ് മണത്തണയുടെ മറ്റൊരാകര്‍ഷണം. ഈ കുളക്കരയില്‍ ഒരു ഗണപതി ക്ഷേത്രമുണ്ട്. കുളത്തിന്റെ കിഴക്കേ കരയിലാണ് കുളങ്ങരയത്ത് ക്ഷേത്രം. കൊട്ടിയൂരിലേക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് ഈ കുളത്തിലെ സ്‌നാനം തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. കൊട്ടിയൂര്‍ ക്ഷേത്ര ഐതീഹ്യവുമായി ഈ കുളം ബന്ധപ്പെട്ടിരിക്കുന്നു. പഴശ്ശിരാജാവിന്റെ ഒളിവുജീവിതത്തിനും ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിനും സാക്ഷിയായ ഗ്രാമമാണിത്.
ഓടപ്പൂവ്
ॐ➖➖➖➖ॐ➖➖➖➖ॐ
ദക്ഷന്റെ താടിയുടെ പ്രതീകമാണ്. ഇതു് കടകളിൽ നിന്നാണ് വാങ്ങാവുന്നത്, അല്ലാതെ ക്ഷേത്രത്തിൽ നിന്നു തരുന്നതല്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നു.
ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്.
രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
പ്രത്യേകതകൾ
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രകൃതിയോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ഉത്സമാണ്.
ഒരുപാട് ജാതിക്കാർക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്.വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഇവിടെ അണിചേരും.
ഉത്സവം നടത്താൻ ചുമതലക്കാരായ വിവിധ സമുദായക്കാർ ഒരേ സ്ഥലത്താണ് താമസിക്കുന്നത് .
ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്.
ബ്രാഹ്മണ സ്ത്രീകള്ക്ക് കൊട്ടിയൂരിൽ പ്രവേശനമില്ല.
കൂടാതെ രാജകുമാരന്മാര്ക്കും ഇവിടെ പ്രവേശനമില്ല.
എത്തിച്ചേരാവുന്ന വഴികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കണ്ണൂരിൽ നിന്ന് 70 കിലോമീറ്റർ തെക്കുകിഴക്കും തലശേരിയിൽ നിന്ന് 64 കിലോമീറ്റർ വടക്കുകിഴക്കുമാണ് കൊട്ടിയൂർ. രണ്ടിടത്തു നിന്നും കൂത്തുപറമ്പ്- നെടുമ്പൊയിൽ -കേളൂകം വഴി കൊട്ടിയൂരിൽ എത്താം.
വയനാടുനിന്നും വരുന്നവർ ബത്തേരി - മാനന്തവാടി - ബോയ്സ് ടൗൺ - പാൽച്ചുരം - അമ്പയത്തോടു് വഴി കൊട്ടിയൂർ എത്താം.
No comments:
Post a Comment