അഹംഭാവം
അഹംബോധത്തിന് മുറിവേല്‍ക്കുമ്പോള്‍, നാം ആദ്യം, അക്രമത്തിന് മുതിരുന്നു. പഞ്ചേന്ദ്രിയങ്ങളില്‍നിന്നും, മനസ്സില്‍നിന്നും വിഷം വമിക്കുന്നു. അത് ചുറ്റുമുള്ള ജനങ്ങളേയും, ബന്ധങ്ങളേയും എല്ലാം ചുട്ടുകരിച്ചെന്നുവരും. മുറിവേറ്റ അഹംഭാവത്തിനേക്കാള്‍ ഹാനികരമായി മറ്റൊന്നില്ല. അവസാനം, വിഷമെല്ലാം തീര്‍ന്ന് ക്ഷീണിക്കുമ്പോള്‍, നാം ദൈവേഛയ്ക്ക് കീഴടങ്ങുന്നു. അഹംഭാവം ഇല്ലാതാകുമ്പോള്‍, ദൈവത്തിന്‍റെ സ്നേഹം അനുഭവപ്പെടുന്നു.
കാളിയമർദ്ദനത്തിൽ കാളിയന്‍ നമ്മെ പ്രതിനിധീകരിക്കുന്നു. സര്‍പ്പത്തിന്‍റെ ആയിരം ഫണങ്ങള്‍ നമ്മുടെ ബഹുമുഖമായ അഹംബോധമാണ്. കൃഷ്ണന്‍റെ ഓരോ ചവിട്ടും, കൂടെക്കൂടെ നമ്മുടെ അഹംഭാവത്തിന് ഏല്‍ക്കുന്ന അടിയാണ്. അവ നമ്മുടെ അഹങ്കാരത്തെ തകര്‍ത്ത്, നമ്മെ സര്‍വ്വശക്തന്‍റെ അരികിലേയ്ക്ക് അടുപ്പിക്കുന്നു. അഹന്ത നമ്മെ ദൈവത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഏറ്റവും വലിയ തടസ്സങ്ങളില്‍ ഒന്നാണ്. ഓരോരുത്തരുടെയും ജീവിതത്തില്‍, നിര്ബ്ബന്ധിതവും, അനിവാര്യവുമായി എത്തുന്ന വിപത്തുകളില്‍ക്കൂടി, വിധി അഹംകാരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ക്ക് ഇത് ജീവിതത്തില്‍ പലതവണ സംഭവിക്കുന്നു. ഓരോരുത്തരുടെയും വഴി ഏതാണ് എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. വഴി ആത്മീയം ആണെങ്കില്‍, ഇത് കൂടുതല്‍ തവണ സംഭവിക്കുന്നു. ഒരാള്‍ മോചനത്തിന്‍റെ പാതയില്‍ ആണെങ്കില്‍, വിധി എല്ലാ ബന്ധങ്ങളേയും തുടര്‍ച്ചയായി നശിപ്പിക്കുന്നു. വിധി എല്ലാം അപഹരിച്ച്, അയാളെ നഗ്നനാക്കുന്നു. മാര്‍ഗ്ഗം ഏതായാലും, വിധി നടത്തുന്ന, അഹംബോധത്തിന്‍റെ നാശം ഒഴിവാക്കാനാകില്ല. ആര്‍ക്കും അതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. നമുക്ക് ഒഴിവാക്കാനാകാത്ത ഒരാളില്‍നിന്ന് ഇത് സംഭവിക്കുമ്പോള്‍ നമ്മുടെ ശാന്തത നഷ്ടപ്പെടുന്നു. നാം കുറ്റപ്പെടുത്തുന്നു, ആക്രോശിക്കുന്നു. നാം വിഷം തുപ്പുന്നു. ഇതാണ് നമ്മുടെ പ്രകൃതി. അവസാനം നിസ്സഹായതാബോധംകൊണ്ട് നാം ദൈവത്തിന്‍റെ കാല്‍ക്കല്‍ ശരണം പ്രാപിക്കുന്നു. അപ്പോഴെങ്കിലും നാം ദൈവത്തെ ഓര്‍ക്കുന്നു.
അങ്ങനെ, കൃഷ്ണന്‍, മനുഷ്യസ്വഭാവത്തെക്കുറിച്ചും, അഹംഭാവത്തെ നശിപ്പിക്കെണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഒരു സുന്ദരമായ പാഠം ലോകത്തിനെ പഠിപ്പിച്ചു.
No comments:
Post a Comment