എന്താണ് സനാതനധര്‍മ്മം❓
ഭാഗം - 01
സനാതന ധര്‍മ്മം ആദിയും അന്തവുമില്ലാത്തതും, ദേശകാലങ്ങള്‍ക്കതീതവും, തത്ത്വ ജ്ഞാനത്തിലൂറിയതുമായ മൂല്യങ്ങളുടെ ആകെത്തുകയാണ്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ ഭാവനയോ, സംഭാവനയോ അല്ല. മറിച്ച്, കാലാകാലങ്ങളായി പരമ്പര പരമ്പരകളായി കൈമാറി വന്ന ഒരു സംസ്കാരത്തിന്റെ തായ്വേരാണ്.
അര്‍ജ്ജുനനോട് ഗീതോപദേശത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞു, ഞാന്‍ പറയുന്നത് എന്റെ അഭിപ്രായമല്ല, ഇതെല്ലാം വേദോപനിഷത്തുക്കള്‍ പറയുന്നതാണ്, എന്ന്.
"വേദോപനിഷദോ ഗാവോ ദോഗ്ദാ"
എന്ന് ഭഗവദ്ഗീതയെ പ്രശംസിച്ച് ആചാര്യന്മാര് പാടിയിട്ടില്ലേ. ഭഗവദ് ഗീത വോദോപനിഷത്തുകളെന്ന പശുക്കളെ കറന്നെടുത്ത പാലാണ് എന്നര്‍ത്ഥം. നമ്മുടെ പൂര്‍വ്വികന്മാരാല്‍ ഏത് മഹത്തായ ധര്‍മ്മം ആചരിക്കപ്പെട്ടുവോ ആ ധര്‍മ്മത്തെത്തന്നെ നീയും ആചരിക്കൂ എന്ന് കൃഷ്ണന് അര്‍ജ്ജുനനോട് ഗീതയില്‍ ഉപദേശിക്കുന്നു.
ഉപനിഷത്തുകളില്‍ ഈ ധര്‍മ്മത്തെക്കുറിച്ച് ആരാണ് പറഞ്ഞരിക്കുന്നതെന്നറിയാന്‍ അങ്ങോട്ട് ചെന്നാല്‍ അതിലും കാണാം,
"ഇതി ശുശ്രുമ ധീരാണാം യേ നസ്തത് വിചചക്ഷിരേ"
എന്ന്. താന്‍ ശിഷ്യന്മാര്ക്ക് പറഞ്ഞ് കൊടുക്കുന്നതൊക്കയും തനിക്ക് ഉപദേശിച്ച് തന്നിട്ടുള്ള ആചാര്യന്മാരില് നിന്നും താന്‍ കേട്ടിട്ടുള്ളതാണ് എന്ന് ഗുരു ശിഷ്യന്മാരോട് പറയുന്നു. നോക്കൂ, എത്രയെത്ര തലമുറകളായി കൈമാറി വന്നതാണ് ഈ അമൂല്യ ജാഞാനം.
ലോകത്തില്‍ എഴുതപ്പെട്ടതില്‍ വച്ച് ഏറ്റവും പഴയത് എന്ന് കണക്കാക്കപ്പെടുന്ന അറിവിന്റെ ആദ്യത്തെ സ്രോതസ്സാണ് ഋഗ്വേദം. ഋഗ്വേദം എഴുതപ്പെട്ടത് എന്നാണെന്ന് പോലും മനുഷ്യന് കണക്കാക്കാനായിട്ടില്ല. അത്രയ്ക്കും പ്രാചീനമായ ഋഗ്വേദവും തുടങ്ങുന്നത് ഇങ്ങനെയാണ്.
"അഗ്നിഃപൂര്‍വ്വേഭിര്‍ഋഷിഭിരീഡ്യോ ന്യൂതനൈരുത
സ ദേവാം ഏഹ വക്ഷതി "
അര്‍ത്ഥം ഇങ്ങനെയാണ്:
"പ്രാചീനകാലത്ത് മഹര്‍ഷിമാര്‍ ആരെ ഉപാസിച്ചിരുന്നുവോ ഇന്നും മഹര്‍ഷിമാര്‍ ആരെ സ്തുതിക്കുന്നുവോ ആ അഗ്നിയെ ദേവഗണങ്ങള്‍ യജ്ഞത്തിലേക്ക് ക്ഷണിക്കുന്നു."
അതിപ്രാചീനമായ ഋഗ്വേദം പറയുന്നു അതിലും പ്രാചീനരായ മഹര്‍ഷിമാരാല്‍ ആചരിക്കപ്പെട്ടതാണ് ഞങ്ങളും ആചരിക്കുന്നത് എന്ന്. എന്റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ, ഇത്രയും പാരമ്പര്യമുള്ള, ഇത്രയും ശക്തമായ അടിത്തറയുള്ള ഒരു സംസ്കാരത്തിലാണ്, ധര്‍മ്മത്തിലാണ് ഞാനും പിറന്നിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ ആനന്ദവും, അത്ഭുതവും , അഭിമാനവും കൊണ്ട് പുളകിതനാകുന്നു.
ഈ ധര്‍മ്മത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയാണ് പ്രവാചകനെന്ന് പറയാനാകുമോ ?
തീര്‍ച്ചയായും അങ്ങിനെ പറയാനാകില്ല. കാരണം സനാധന ധര്‍മ്മം വ്യക്ത്യാധിഷ്ഠിതമല്ല, തത്ത്വാധിഷ്ഠിതമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിപ്രായം ഒരിക്കലും പരിപൂര്‍ണ്ണമാകില്ല. ഒരു ഗുരുവും പൂര്‍ണ്ണനല്ല എന്ന് വ്യാസമഹര്‍ഷി പറഞ്ഞത് ഓര്‍ക്കുക. ഒരു വ്യക്തിയെ അടിസ്ഥാനമാക്കി ആരെങ്കിലും എന്തെങ്കിലും ആചരിക്കുകയാണെങ്കില്‍ അത് മതമാണ്, ധര്‍മ്മമല്ല.
വ്യക്ത്യാധിഷ്ഠിതമായതൊന്നും സമൂഹത്തിന് നന്മ ചെയ്യില്ല. അവര്‍ പറഞ്ഞ തത്ത്വങ്ങള്‍ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഋഷിവര്യന്മാരെല്ലാവരും ചെയ്തത് സനാതനതത്ത്വ പ്രചാരണമായിരുന്നു. അവരൊന്നും ഈ ധര്മ്മത്തിന് അപ്പുറം ഒന്നും പറഞ്ഞിട്ടില്ല. കാരണം ഈ ധര്‍മ്മം എല്ലാ നദികളേയും ഉള്‍ക്കൊള്ളുന്ന കടലുപോലെ ശാന്തഗംഭീരമായിരുന്നു.
ദൈവമുണ്ട് എന്ന ആശയത്തെ പ്രചരിപ്പിച്ച ബാദനാരായണനെ ഈ ധര്‍മ്മം മഹര്ഷിയെന്നു വിളിച്ചു. ആത്മീയ തത്ത്വത്തിലൂന്നിയ ചിന്തകളുയര്‍ത്തിയ കപിലനേയും ഈ ധര്‍മ്മം മഹര്‍ഷി പദം കൊടുത്ത് ആദരിക്കുന്നു. ഇനി, ദൈവമേ ഇല്ല എന്ന് വാദിച്ച ചാര്‍വാകനും നമുക്ക് ചാര്‍വാക മഹര്‍ഷി തന്നെ. ഭൌതികതയുടെ തലത്തിലേക്ക് വന്നാല്‍ കാമശാസ്ത്രമെഴുതിയ വാത്സ്യായനനും നമുക്ക് മഹര്‍ഷി തന്നെയാണ്. ഈ ധര്‍മ്മത്തില്‍ പ്രത്യേകമായി ഒരു പ്രാവചകന്റെ ഒരാവശ്യവുമില്ലതന്നെ.
No comments:
Post a Comment