എന്താണ് വിഷു? എന്നാണ് വിഷു ?
വിഷുവിന്റെ സമയം ആകുമ്പോള് അല്പം പോലും കൊന്നപ്പൂ കിട്ടാനില്ലല്ലോ ഭഗവാനെ !! പൂവെല്ലാം മീനം ആകുമ്പോഴേയ്ക്കും തന്നെ വിരിഞ്ഞു കൊഴിഞ്ഞങ്ങു പോകും. ഇത്തരമൊരു പരാതി കുറച്ചു വർഷങ്ങളായി വിഷു ആഘോഷിക്കുന്നവരിൽ ഭൂരിഭാഗം പേരും പറഞ്ഞിട്ടുണ്ടാകും. കണിക്കൊന്നയുടെ കാര്യത്തിൽ മാത്രമല്ല, തുലാവർഷക്കാലത്ത് മഴ കുറയുന്നു, പകരം കാറ്റ് വീശുന്നു എന്നതടക്കം കലികാലത്തിലെ കാലാവസ്ഥയ്ക്ക് ഒട്ടും വ്യവസ്ഥയില്ല എന്ന പരാതി ഇപ്പോൾ സ്ഥിരവുമാണ്. സത്യത്തിൽ വ്യവസ്ഥ ഇല്ലാതായത് കാലാവസ്ഥയ്ക്കാണോ, അതോ നമ്മുടെ കണക്കു കൂട്ടലുകൾക്കോ ? കലണ്ടറിലെ മലയാളം ഡേറ്റുകളും, നാളുകളും മാത്രം നോക്കി ഞാറ്റുവേലയും, സംക്രാന്തിയും കണക്കു കൂട്ടാൻ ശീലിച്ച ജനങ്ങളോട് നിസ്സംശയം പറയാം പിഴച്ചിട്ടുള്ളത് നമ്മുടെ കണക്കു കൂട്ടലുകളാണ്. കണിക്കൊന്നയുടെ കാര്യത്തിലും പിഴച്ചത് ഈ കണക്ക് തന്നെയാണ്.
ഭൗമോപരിതലത്തിൽ നിന്നും വീക്ഷിക്കുമ്പോൾ ഉള്ള സൂര്യന്റെ ദിശയെ അടിസ്ഥാനമാക്കി ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ രണ്ടു അയനങ്ങളായി വർഷത്തിനെ തിരിച്ചിട്ടുണ്ട്. സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേയ്ക്ക് കടക്കുന്ന ദിനങ്ങളെ സംക്രാന്തികൾ എന്ന് വിളിക്കുന്നു. അതെ പോലെ തന്നെ സൂര്യന്റെ അയനങ്ങളിൽ വ്യത്യാസം വരുന്ന രണ്ടു ദിനങ്ങളെ മഹാവിഷുവം (മേഷാദി) എന്നും അപരവിഷുവം (തുലാദി) എന്നും വിളിക്കുന്നു. കലണ്ടറിൽ കാണുന്ന ജ്യോതിഷത്തെ തൽക്കാലം മാറ്റി നിർത്തുക. ജ്യോതിഷത്തിനു പകരം ജ്യോതിശാസ്ത്രം എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കാം. ഖഗോളോർജ്ജതന്ത്രം അഥവാ ആസ്ട്രോ ഫിസിക്സ് എന്നൊരു ശാഖയുണ്ട് ആസ്ട്രോണമിക്ക്. അത് പ്രകാരം സൂര്യൻ ഭൂമിക്ക് നേർരേഖയിൽ ഉള്ള മേഷാദി എന്ന സാങ്കല്പിക ബിന്ദുവിൽ എത്തുന്ന ദിനമാണ് മഹാവിഷുവം. മഹാവിഷുവത്തിനു ശേഷം സൂര്യൻ അതെ സാങ്കല്പിക വൃത്തത്തിൽ മേഷാദിയുടെ നേരെ വിപരീത ബിന്ദുവിൽ എത്തുന്ന ദിനം അപരവിഷുവം എന്നും വിളിക്കപ്പെടുന്നു. ദിനവും, രാത്രിയും തുല്യമായ ദിനമെന്നതാണ് വിഷുവത്തിനു പ്രത്യേകതയും. ജ്യോതിശാസ്ത്ര പ്രകാരം കുറച്ചു ശതാബ്ദങ്ങൾക്ക് മുൻപു വരെ സൂര്യൻ മേഷാദിയിൽ പ്രവേശിച്ചിരുന്നത് മേടം രാശിയിൽ വെച്ചായിരുന്നു. കാർഷിക കേരളത്തിലെ ഉത്സവങ്ങൾ എല്ലാം തന്നെ വിത്തിറക്കൽ, വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടവ ആയിരുന്നതിനാൽ തന്നെ മേടത്തിലെ മഹാവിഷുവവും, മേടം, കർക്കിടകം, തുലാം, മകരം ഇത്യാദി സംക്രാന്തികളും കാർഷിക കേരളത്തിന് വിശേഷദിവസങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നെ മഹാവിഷുവം മേടത്തിൽ ആഘോഷിച്ചു. കൃഷിയുമായുള്ള ബന്ധം ഇല്ലാതായത് പോലെ തന്നെ മലയാളികൾക്ക് വിഷുവ ദിനവുമായുള്ള ബന്ധവും കാലക്രമേണ ഇല്ലാതായി. അതിനാൽ തന്നെ ഇപ്പോൾ മേഷാദിയിൽ സൂര്യൻ പ്രവേശിക്കുന്നതിനേക്കാൾ, മേടം രാശിയിലേയ്ക്കുള്ള പ്രവേശനമാണ് നമുക്ക് പടക്കം പൊട്ടിക്കാനും, കൈനീട്ടം നൽകാനും ഉള്ള ആഘോഷവും.
സൂര്യസ്ഥാനം ഭൂമിക്ക് നേരെ മുകളിൽ എത്തുന്ന മഹാവിഷുവം മേടത്തിൽ നിന്ന് മാറി മീനം രാശിയിലും , തെക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന കർക്കിടകസംക്രമം ഇടവം രാശിയിലും, വീണ്ടും ഭൂമിയുടെ നേർരേഖയിൽ എത്തുന്ന അപരമഹാവിഷുവം (തുലാവിഷു) കന്നിയിലും ആണിപ്പോൾ കലണ്ടർ അടിസ്ഥാനത്തിൽ സംഭവിക്കുന്നത്. ഈ മാറ്റം സംഭവിച്ചിട്ടു കാലം കുറച്ചേറെയായി താനും. എന്തുകൊണ്ടീ മാറ്റം സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയും അതിന്റെ അച്ചുതണ്ടിനുള്ള 23.5 ഡിഗ്രി ചെരിവും ഇതിനെല്ലാം പുറമേ, പുരസ്സരണം എന്ന പ്രതിഭാസവുമാണ് ഈ കാലമാറ്റങ്ങൾക്കെല്ലാം കാരണമാകുന്നത് എന്നാണു ഉത്തരം. സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വർഷം കൊണ്ട് പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക് സെക്കന്റ്) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 72 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. ഇതിനു തെളിവ് അന്വേഷിക്കുന്നവർ ധ്രുവനക്ഷത്രത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ധ്രുവപ്രദേശങ്ങളുടെ സ്ഥാനത്തിനും മാറ്റം വന്നതായി കാണാൻ സാധിക്കും.
ദക്ഷിണധ്രുവത്തിൽ മഞ്ഞുരുകുന്നതും, മറ്റു പല രാജ്യങ്ങളുടെയും ഋതു ചക്രങ്ങളിൽ വ്യതിയാനം ഉണ്ടായി കൊണ്ടിരിക്കുന്നതും എല്ലാം ഈയൊരു മാറ്റത്തിന്റെ കൂടി ഫലമാണ്. ഉഷ്ണം കൂടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളും ശൈത്യം ബാധിച്ചു തുടങ്ങിയ രാജ്യങ്ങളും ഈ മാറ്റത്തിന്റെ തെളിവാണ്. അഥവാ കലണ്ടർ നോക്കി മലയാളി ആഘോഷിക്കുന്ന വിഷു യഥാർത്ഥമല്ല എന്ന് ചുരുക്കം. നക്ഷത്രരാശികളെ മാത്രം അടിസ്ഥാനമാക്കി കണക്കു കൂട്ടുന്ന ഇവിടുത്തെ ജ്യോത്സ്യന്മാർ ഇപ്പോൾ പറയുന്ന മാസക്കണക്കുകൾ അനുസരിച്ചല്ല സൂര്യരാശിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും. അതുകൊണ്ടു തന്നെ പഞ്ചാംഗം നോക്കി വിത്തിറക്കാനോ, വിളവെടുക്കാനോ ഇരുന്നാൽ അത് നഷ്ടം മാത്രമേ നൽകുകയുമുള്ളൂ. നമ്മുടെ മേടരാശിയും, സൂര്യായനം അടിസ്ഥാനമാക്കി പഞ്ചാംഗം നിർമ്മിച്ച ബാബിലോണിയക്കാരുടെ മേടരാശിയും തമ്മിലുള്ള അന്തരം നോക്കുക. ഏരീസ് എന്ന സൂര്യരാശി ആരംഭിക്കുന്നത് മാർച്ച് 20 നാണു. നക്ഷത്രഫലം നോക്കുന്നവരുടെ രാശി ആരംഭിക്കുന്നത് ഏപ്രിൽ 14/ 15 നും. മകരവിളക്കിന് നമ്മുടെ നാട്ടിൽ മകരവിഷുവം എന്നാൽ മകരം ഒന്നും, മഹാവിഷുവം മേടം ഒന്നും, കർക്കിടകവിഷുവം കർക്കിടകം ഒന്നും, തുലാവിഷുവം തുലാം ഒന്നും എന്നുമായി സെറ്റ് ചെയ്തിരിക്കുകയാണ്. വിശ്വാസികൾക്ക് മുന്നിൽ ചൂണ്ടിക്കാണിക്കുന്ന രുദ്ര നക്ഷത്രത്തെ ധനുമാസം മുതലേ നല്ല തെളിച്ചത്തോടെ നമുക്ക് കാണാവുന്നതുമാണ്. മകരവിളക്ക് ദിവസം മാത്രമായി ഉദിക്കുന്ന ഒന്നല്ല അത് എന്നതാണ് സത്യവും. ഒരു സിറ്റിങ്ങിനു പതിനായിരങ്ങൾ വാങ്ങിക്കുന്ന കൊടികെട്ടിയ ജ്യോത്സ്യന്മാർ, ക്ഷേത്രമൂർത്തികളുടെ തന്തമാരായ തന്ത്രിമാർ എല്ലാം ഉണ്ടായിട്ടും ഇത്തരം അയനാന്തരങ്ങൾ ഭക്തർഹളെ അറിയിക്കുന്നില്ല എന്നതാണ് സംശയമെങ്കിൽ, ഉത്തരം അവർക്കും കാണാപ്പാഠം പഠിച്ച ശ്ലോകങ്ങൾക്കു പുറമെ എന്തെങ്കിലും അറിവ് വേണ്ടേ എന്ന മറുചോദ്യവുമാണ്. ഈ അറിവില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ് ഹൈന്ദവക്ഷേത്രങ്ങളിലെ നട തുറപ്പും, ദീപാരാധനയും. മേൽപ്പറഞ്ഞ രണ്ടും ഉദയാസ്തമനകളെ അടിസ്ഥാനമാക്കി സമയക്രമം ചിട്ടപ്പെടുത്തിയവ ആണ്. പക്ഷെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇവ രണ്ടിനും നിശ്ചിതസമയം തീരുമാനിച്ചു വെച്ചിരിക്കുന്നതും കാണാം. ഇക്കാലത്ത് സൂര്യാസ്തമനം നോക്കിയിരിക്കാൻ മാത്രം ആർക്കാണ് സമയവും ഉള്ളത് ? ടൈം ടേബിൾ അനുസരിച്ചു ജീവിക്കുന്ന മനുഷ്യന്റെ ദൈവത്തിനും സമയനിഷ്ഠ ഉണ്ടാകേണ്ടതുണ്ട്.
പ്രകൃതിയ്ക്ക് അനുസൃതമായി ജീവിതം ചിട്ടപ്പെടുത്തിയ നമ്മുടെ പൂർവീകർ തങ്ങളുടെ ഉപജീവനമാർഗത്തെ സംബന്ധിക്കുന്ന കാലാവസ്ഥകൾക്ക് അനുസരണമായി ഉത്സവങ്ങളെ നിശ്ചയിച്ചു. പ്രകൃതിയെ മാനിച്ചു ജീവിച്ചവന്റെ സംസ്കാരം, വൈദീകതയിൽ ഊന്നിയ ഹിന്ദു മതമായി പരിണമിച്ചപ്പോൾ ഉണ്ടായ ഒരു മാറ്റം പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് പോലും തിയതി നിശ്ചയിച്ചു നൽകി എന്നതാണ്. ശരിയായ കണക്ക് സൂര്യനെ നോക്കി സമയം പറഞ്ഞിരുന്ന, വിളവിറക്കുന്ന കാലവും വിളവെടുപ്പും നിശ്ചയിച്ചിരുന്ന കർഷകന്റെ ആയിരുന്നു. പണ്ട് കാലത്തെ പഞ്ചാംഗവും ഇതേ പോലെ സൂര്യന്റെ സഞ്ചാരം അടിസ്ഥാനമാക്കി എഴുതിയുണ്ടാക്കുന്ന ശൈലി ആയിരുന്നു എന്ന് മാത്രമല്ല അതിന്റെ ഉപയോഗവും കാർഷികമേഖലയ്ക്ക് വേണ്ടി മാത്രമായിരുന്നു. പ്രകൃതിയുടെ ഘടകങ്ങളിൽ ഈശ്വരീയത കണ്ടു അവയെ സംരക്ഷിക്കുന്ന നാകശൈലി മന്ത്രം ചൊല്ലി മഴ പെയ്യിക്കുന്ന വൈദീക ശൈലിക്കു വഴി മാറിയപ്പോൾ ജ്യോതിഷം എന്നൊരു കച്ചവടമേഖല ഉയർന്നു വരികയും ചെയ്തു. ശകുനങ്ങളുടെയും ഭാഗ്യനിർഭാഗ്യങ്ങളുടെയും കണക്ക് നിരത്തി അവർ വിവരമില്ലാത്ത അഭ്യസ്തവിദ്യരുടെ ഭയത്തെയും ആർത്തിയെയും മുതലെടുത്തു. ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നാണെന്ന് വരെ യാതൊരു സങ്കോചവുമില്ലാതെ അവർ തട്ടിവിട്ടു. കണ്ണുമടച്ചു നടത്തുന്ന പ്രവചനങ്ങളിലെ പിഴവുകൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ, ജ്യോതിഷത്തിൽ പറയുന്നതിൽ പകുതി മാത്രം സത്യമാകട്ടെ എന്ന് ശിവൻ ശപിച്ച കഥയും പ്രചരിപ്പിച്ചു.
ഇക്കാലഘട്ടത്തിൽ സൂര്യായനങ്ങൾ അനുസരിച്ച് കലണ്ടർ ഘടന മാറ്റുക സാധ്യമല്ല. അത് അത്യന്താപേക്ഷിതമായ ഒരു വസ്തുതയുമല്ല. പക്ഷെ ഇത്തരം വിശേഷദിനങ്ങളിൽ വിശിഷ്ഠത കാണുന്ന ജനങ്ങളോട് സംക്രമദിനങ്ങളുടെ മാറ്റം അറിയിക്കാവുന്നതാണ്. ചുരുങ്ങിയ പക്ഷം വിശ്വാസികളുടെ പണം കൊണ്ട് അരി വാങ്ങുന്നവർ അതിനു ബാധ്യസ്ഥരുമാണ്. അതുമല്ലെങ്കിൽ സ്വന്തം വിശേഷദിനങ്ങളുടെ അടിസ്ഥാനതത്വം എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമം വിശ്വാസികളിൽ നിന്നും ഉണ്ടാകണം. വിശ്വാസി എന്ന് പറഞ്ഞാൽ തന്നെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വിശ്വസിക്കുന്നവൻ എന്നായി മാറിയ കാലത്ത് ഇത്തരമൊരു മാറ്റത്തിനും സാധ്യതയില്ല. വിഷുവങ്ങൾ മാറിയാലും രാശികൾ മാറുന്നില്ലല്ലോ എന്നൊരു വാദം വിശ്വാസികൾ ചോദിക്കാം പക്ഷെ അവർ ആലോചിക്കേണ്ടത്, സൂര്യനും നക്ഷത്രമണ്ഡലങ്ങളും അല്ല ഭൂമിയാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നാണു. അത് മനസ്സിലാക്കി പഞ്ചാംഗം ഉണ്ടാക്കാൻ ഇന്നാട്ടിലെ ജ്യോതിഷികൾ തലകുത്തി നിന്നു ശ്രമിച്ചാൽ പോലും സാധിക്കണം എന്നുമില്ല. എന്നോ എഴുതി തയ്യാറാക്കി വെച്ച പഞ്ചാംഗം നോക്കിയാണ് ഇത്രയും കാലം കച്ചവടം നടത്തിയതും. അടിസ്ഥാനം തന്നെ പിഴച്ചു പോയൊരു കണക്കും നിരത്തി ഭൂതഭാവി വർത്തമാനങ്ങളെ പ്രവചിക്കുവാൻ കഴിയുന്നവർക്ക് എത്ര മാത്രം വിശ്വാസ്യത ഉണ്ടാകും എന്നാലോചിക്കുക. ഇല്ലാത്ത ചൊവ്വയുടേയും, കേതുവിന്റെയും ദോഷങ്ങളുടെ പേരിൽ അൾട്രാ മോഡേൺ യുവത്വങ്ങൾ വരെ വിവാഹം നടക്കുന്നൊരു സമൂഹമാണിത് എന്നും ഓർക്കണം. ഓരോ ഗ്രഹങ്ങൾക്കും ഭൂമിയിൽ സ്വാധീനമുണ്ട്. ചന്ദ്രനും വേലിയേറ്റവും തമ്മിലുള്ള ബന്ധം പോലെ എന്നൊരു വാദം കാലങ്ങളായി കേൾക്കുന്നതുമാണ്. സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങൾക്കും തങ്ങളുടേതായ കാന്തികപ്രഭാവങ്ങൾ ഉണ്ടെന്നു തന്നെ സമ്മതിക്കുന്നു, പക്ഷെ ഭൂമിയുടെ ഡിഗ്രി മാറ്റം ഓരോ കാലത്തിലും മാറുമ്പോൾ, ഈ പറയുന്ന ചൊവ്വയും, ബുധനും എല്ലാമായുള്ള ദൂരങ്ങളിലും മാറ്റം വരും. എന്നോ എഴുതി വെച്ച കണക്കുകൾക്ക് വേണ്ടി വാദിക്കും മുൻപ് അങ്ങിനെയും ചിന്തിച്ചാൽ മതി. ഒരു ഗ്രഹവും അവയെ നിരീക്ഷിക്കുന്നവരിൽ ചിലരുടെ അല്ലാതെ ആരുടേയും ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരുന്നില്ല.
നാട്ടിലെ കൃഷിക്കാർക്ക് അഭ്യസ്തവിദ്യരെക്കാൾ വിവേകം ഉള്ളതുകൊണ്ട് തന്നെ കൃഷി സംബന്ധിയായ കാര്യങ്ങൾക്ക് പഞ്ചാംഗം അവർ നോക്കാറില്ല. അവരെ സഹായിക്കാൻ കാലാവസ്ഥാ നിരീക്ഷണ മേഖലയുമുണ്ട്. വീടിന്റെ മുറ്റത്തൊരു മുളക് തൈയ്യോ, മാവോ മാത്രം നടുന്നവരാണ് പഞ്ചാംഗം നോക്കാൻ ഓടുന്നതും. ആസ്ട്രോണമിക് സർവേയെ അടിസ്ഥാനപ്പെടുത്തി പഞ്ചാംഗം കാലാകാലങ്ങളിൽ നവീകരിച്ചാൽ കാലാവസ്ഥാ കണക്കുകളിൽ അവ കൃത്യമാകും. ഏതു വസ്ത്രം ധരിച്ചാൽ ലോട്ടറി അടിക്കും, ഏതു ദൈവത്തിനു സംഭാവന കൊടുത്താൽ കോടീശ്വരൻ ആകും എന്നിവയൊന്നും അറിയാൻ സാധിക്കില്ല എന്ന് മാത്രം.
ആഘോഷങ്ങളുടെ ആധിക്യമുള്ള ഇക്കാലത്ത് ഓണവും, വിഷുവും മാത്രമല്ല എല്ലാ ആഘോഷങ്ങളും എല്ലാ അർത്ഥത്തിലും കേവലം പരസ്യങ്ങളുടേതു മാത്രമാണ്. മാർക്കറ്റിന്റെ ചലനം അനുസരിച്ചു ആഘോഷിക്കപ്പെടുന്ന ആഘോഷങ്ങൾ. കാർഷിക കേരളത്തിന്റെ സാംസ്കാരിക തനിമ എന്നതിനേക്കാൾ ഹൈന്ദവ ആഘോഷങ്ങൾ എന്ന ലേബലിലേയ്ക്ക് ഓണവും, വിഷുവും എല്ലാം മാറ്റിയെഴുതപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ ആചാരങ്ങളുടെയും, ആഘോഷങ്ങളുടെയും അടിസ്ഥാന ആശയങ്ങളേക്കാൾ, ആഘോഷിക്കാൻ ഒരു ദിനം എന്ന വസ്തുതയ്ക്കു തന്നെയാണ് മുൻതൂക്കവും. ഇതിനെല്ലാം ഉപരി വിഷു തങ്ങളുടെ നാടിന്റെ സംസ്കാരമാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ സ്വയം ആലോചിക്കുക എന്താണ് നിങ്ങളുടെ വിഷു ? എന്നാണു നിങ്ങളുടെ വിഷു ?
“അല്ലയോ അച്ഛാ കാർമേഘങ്ങൾ ആണ് നമുക്ക് മഴ നൽകുന്നത്, ആകാശത്തു മറഞ്ഞിരിക്കുന്നു എന്ന് കരുതുന്ന ഇന്ദ്രനോ മറ്റു ദേവതകളോ അല്ല. ഗോകുലത്തിലെ ജനത ജീവിക്കുന്നത് ഗോക്കളാൽ ആണ്. ഗോക്കൾക്ക് ഭക്ഷണം നൽകുന്നത് പ്രകൃതിയും. ആ പ്രകൃതിയെ മനസ്സിൽ നിനച്ചു, ഞാൻ ഗോകുലത്തിനും, ഗോക്കൾക്കും തുണയായ ഗോവർദ്ധനത്തെ പൂജിക്കുന്നു – (ഭാഗവതം – ദശമസ്കന്ധം)…..”
No comments:
Post a Comment