സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയുന്നത് എന്ത് കൊണ്ട്...?
സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയാറുണ്ട്, സന്ന്യാസധര്‍മത്തെ പാരമഹംസ്യധര്‍മമെന്നും പറയാറുണ്ട്. കൂടാതെ ജീവന്റെ പര്യായമായും പലപ്പോഴും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്. ചിലപ്പോള്‍ ഈശ്വരനെന്ന അര്‍ത്ഥത്തിലും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്. എങ്കിലും ജീവന്റെ പര്യായമായിട്ടാണ് മിക്കവാറും ഹംസശബ്ദം പറഞ്ഞുവരാറ്. ശരീരാഭിമാനം വിട്ടു ജീവാഭിമാനിയായിത്തീര്‍ന്നിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് സന്ന്യാസിയെ ഹംസനെന്ന് പറയുന്നത്. ജീവാഭിമാനവുംവിട്ട് ആത്മാഭിമാനിയായിത്തീരുമ്പോള് പരമഹംസനെന്നും പറയുന്നു. അരയന്നപ്പക്ഷിയുടെ പര്യായമായ ഹംസശബ്ദം ജീവനെന്ന അര്ത്ഥത്തിലെങ്ങനെ വാച്യമായി എന്നുള്ളതാണറിയേണ്ടിയിരിക്കുന്നത്. അതിനെ പര്യാലോചിക്കാം.
വെളുത്ത രണ്ടുചിറകുകളെ വിടര്‍ത്തി വിശാലമായ വിഹായസ്സില്‍ സ്വച്ഛന്ദം പറന്നു വിഹരിക്കുന്നതും, സ്വര്‍ഗത്തിലെ മാനസസരസ്സില്‍ വിശ്രമിച്ചു താമസിക്കുന്നതുമായ ഒരു പക്ഷിയാണ് അരയന്നം അല്ലെങ്കില്‍ ഹംസം എന്ന് സങ്കല്പം. അതുപോലെ പ്രാണാപാനന്മാരാകുന്ന രണ്ടു ചിറകുകളെ വിടര്‍ത്തി ഹൃദയാകാശത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ജീവനാകുന്ന പക്ഷി മാനസമാകുന്ന സരസ്സില്‍ വിശ്രമിക്കുകയും താമസിക്കുകയും ചെയ്യുന്നു. വിജ്ഞാനസ്വരൂപമായ സത്വഗുണം തന്നെ വെളുപ്പുവര്ണ്ണം പക്ഷങ്ങളെക്കൊണ്ടാണ് പക്ഷിയായിത്തീര്ന്നത്. അതുപോലെ പ്രാണപാനന്മാരുടെ ചലനംകൊണ്ടാണ് ജീവത്വവും നിലനില്‍ക്കുന്നത്. പക്ഷങ്ങള്‍ മുറിഞ്ഞാല്‍ പക്ഷിത്വം എപ്രകാരം ഇല്ലാതാവുന്നുവോ, അതുപോലെ പ്രാണാപാനന്മാരടങ്ങിയാല്‍ ജീവത്വവും ഇല്ലാതായി. പക്ഷങ്ങളില്ലാതായാല് പക്ഷിത്വമില്ലാതായെങ്കിലും പക്ഷിയെന്ന് പറഞ്ഞാല്‍ പക്ഷങ്ങളല്ല; പക്ഷങ്ങളെ ധരിച്ചുകൊണ്ടിരിക്കുന്ന സത്യമാണ്. ഇതുപോലെ പ്രാണപാനന്മാരില്ലെങ്കില് ജീവത്വമില്ലാതായെങ്കിലും.
ജീവനെന്നുപറഞ്ഞാല് പ്രാണപാനന്മാരല്ല; ഏതൊരു ശക്തിയുടെ സാന്നിദ്ധ്യംകൊണ്ട് പ്രാണാപാനന്മാരുണ്ടാവുകയും ചലിക്കുകയും ചെയ്യുന്നുവോ അതു ജീവന്. ജീവനുണ്ടെന്നുള്ള തെളിവ് പ്രാണപാനന്മാര് തന്നെ. ജീവനില്ലെന്നതിന്റെ തെളിവും പ്രാണാപാനന്മാരുടെ അഭാവംതന്നെ. പ്രാണാപാനന്മാര്‍ അടങ്ങി ജീവത്വം ലയിക്കുന്നപക്ഷം ഈശ്വരത്വം പ്രകാശിക്കുമെന്നുള്ളതും പ്രസിദ്ധമാണ്. എന്നാല്‍ പ്രാണാപാനന്മാര്‍ അടങ്ങാനുള്ള മാര്‍ഗമെന്താണ്? ശരീരത്തില്‍ ജീവനുള്ളേടത്തോളംകാലം പ്രാണാപാനന്മാര്‍ ചലിച്ചുകൊണ്ടിരിക്കും. അത് സ്വഭാവമാണ്. ജീവന് പോയിക്കഴിഞ്ഞാല്‍ പിന്നെ ഈ ശരീരത്തില്‍ വെച്ച് ഈശ്വരത്വം കിട്ടലും ഇല്ലല്ലോ. അപ്പോള്‍ ശരീരത്തില്‍ ജീവനുള്ളപ്പോള്‍ത്തന്നെ പ്രാണാപാനന്മാര്‍ അടങ്ങണം. ഇതാണാവശ്യം. അതിന് മാര്‍ഗമെന്ത്?
പക്ഷി പറക്കാതിരിക്കണമെങ്കില്‍ എന്തുവേണം? ചിറകു മുറിച്ചുകളഞ്ഞാല് പോരെ? പോരാ. കാരണം ചിറകുമുറിച്ചുകളഞ്ഞാല് പറക്കാന്‍ കഴിവില്ലാതായി എന്നല്ലാതെ പറക്കാനുള്ള ഇച്ഛയും പ്രയ്തനവും ഇല്ലാതാവുന്നില്ല. ഇതുപോലെ പ്രാണായാമംകൊണ്ടോ മറ്റോ പ്രാണനെ അടക്കിയാലും അത് താല്ക്കാലികവും ഹഠവുമാണ്. നിര്‍ബന്ധംകൊണ്ട് തല്ക്കാലം അടങ്ങുന്നു എന്നല്ലാതെ ചലിക്കാനുള്ള വാസനയും പ്രയത്നവും ഇല്ലാതാകുന്നില്ല. ചിറകുണ്ടായിരിക്കെത്തന്നെ യാതൊരു നിര്‍ബന്ധവും കൂടാതെ സ്വാഭാവികമായി പക്ഷി പറക്കാതാവണം. അതാണേറ്റവും നിര്‍ദ്ദോഷമായ മാര്‍ഗ്ഗം. അതുപോലെ പ്രാണാപാനന്മാരുണ്ടായിരിക്കെത്തന്നെ യാതൊരു ഹഠമായ സാധനയുംകൂടാതെ സ്വാഭാവികമായി അവ ചലിക്കാതാവണം. അതാണേറ്റവും നിര്‍ദ്ദോഷവും സുഖകരവുമായ മാര്‍ഗ്ഗം. പക്ഷേ, അത് സാധിക്കേണ്ട എന്നാണെങ്കില്‍, സാധിക്കും. ഏറ്റവും എളുപ്പത്തില്‍ സാധിക്കാം.
എങ്ങനെയെന്നാല്‍ പക്ഷി അടങ്ങിയിരിക്കാതെ പല സ്ഥലത്തേയ്ക്കും പറന്നു കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? പറക്കലോ പറക്കാതിരിക്കലോ പക്ഷിയുടെ സ്വാഭാവികവൃത്തി? പറക്കാനോ പറക്കാതിരിക്കാനോ പ്രയത്നം വേണ്ടത്? പറക്കാനാണ് പ്രയത്നം വേണ്ടതെന്ന് പറയേണ്ടിവരും. അപ്പോള്‍ സ്വാഭാവികവൃത്തി പറക്കലല്ല; പറക്കാതിരിക്കലാണ്. ഇതുമാതിരി പ്രാണാപാനന്മാരുടെ സ്വാഭാവിക വൃത്തി ചലിക്കലോ ചലിക്കാതിരിക്കലോ? ഏതിനാണ് പ്രയത്നം വേണ്ടതെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. പക്ഷെ, വളരെക്കാലത്തെ നിത്യപരിചയംകൊണ്ട് മറിച്ചനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നേ ഉള്ളൂ. അപ്പോള്‍ പ്രാണാപാനന്മാരുടെ സ്വാഭാവികവൃത്തി നിശ്ചലതയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ പിന്നെ എന്തുകൊണ്ടാണിതെപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത്?
സ്വാഭാവികതയില്‍നിന്ന് വ്യത്യാസപ്പെട്ട ഒരുമാറ്റം സംഭവിക്കണമെങ്കില്‍ എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കണമല്ലോ. അതെന്തായിരിക്കും? പക്ഷിയുടെ സ്വാഭാവികവൃത്തി വെറുതെ അടങ്ങിയിരിക്കലാണെങ്കില് എന്തിനത് എപ്പോഴും അങ്ങിങ്ങുപറന്നുകൊണ്ടിരിക്കുന്നു? ആഗ്രഹങ്ങളെക്കൊണ്ട് പക്ഷിക്ക് പല ആഗ്രഹങ്ങളും അപ്പപ്പോള്‍ തോന്നിക്കൊണ്ടിരിക്കുന്നു. അവയെ നിറവേറ്റാന്‍ പറന്നുകളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പറന്നു ക്ഷീണിക്കുമ്പോള്‍ അത് ഒരിടത്തിരുന്ന് വിശ്രമിക്കുകയും ചെയ്യുന്നു. ഇതുപോലെ ജീവന്റെ പലതരത്തിലുള്ള ആഗ്രഹപരമ്പരകളാണ് പ്രാണാപാനന്മാരുടെ ചലനത്തിനു കാരണം. കുറെ ചലിച്ചു ക്ഷീണിക്കുമ്പോള്‍ ജീവനാകുന്ന പക്ഷിയും മനസ്സാകുന്ന സരസ്സില്‍ വിശ്രമിക്കുന്നു. അതുതെന്ന ഉറക്കം. ഒന്നിലും അണുപോലും ആഗ്രഹമില്ലാതായിക്കഴിഞ്ഞാല് പ്രാണാപാനന്മാരടങ്ങി. പ്രാണാപാനന്മാരടങ്ങിയാല്‍ ജാഗ്രദവസ്ഥയും, സ്ഥൂലപ്രപഞ്ചത്തിന്റെ അനുഭവവും ഇല്ലാതായി. അപ്പോള്‍ സ്വപ്നസുഷുപ്തികളും ഇല്ലാതായി.
എങ്ങനെയെന്നാല്‍ വിശ്രമമാണ് ഉറക്കമെന്ന് പറഞ്ഞുവല്ലോ. പ്രയത്നം ഉള്ളപ്പോഴല്ലേ വിശ്രമത്തിന്റെ ആവശ്യം? പ്രയത്നമേ ഇല്ലെങ്കില്‍ നിത്യവിശ്രമത്തിന്റെ ആവശ്യം? പ്രയത്നമോ ഇല്ലെങ്കില്‍ നിത്യവിശ്രമമാണല്ലോ. അപ്പോള്‍ പ്രത്യേകമായൊരു വിശ്രമം ആവശ്യമില്ല. പ്രയത്നസ്വരൂപമായ ജാഗ്രദവസ്ഥ ഇല്ലാതാവുമ്പോള്‍ നിത്യവിശ്രമസ്വരൂപമായ തുരീയാവസ്ഥ സ്ഫുരിച്ചു. പിന്നെ പ്രത്യേകവിശ്രമമാകുന്ന സ്വപ്നസുഷുപ്തികളുടെ ആവശ്യമേ ഇല്ല. എപ്പോഴും നിര്‍വൃതി സ്വരൂപമായ നിത്യവിശ്രമം തന്നെ. ഇതാണ് ഹംസനെന്ന കല്പനയിലെ ചമല്‍ക്കാരം. ഈ ദശയില്‍ എത്തിയ ആളെയാണ് ഹംസനെന്ന് പറയുന്നതും. ഇടയ്ക്കിടയ്ക്കുള്ള ഈ അനുഭവം സ്ഥിരമായിക്കഴിഞ്ഞാല്‍ അദ്ദേഹം പരമഹംസനുമായി.
ഇത്രത്തോളം മനസ്സിലാക്കി അനുഷ്ഠിച്ചു സ്വാനുഭൂതി വരുത്താനാണ് ഹംസപരമഹംസ ശബ്ദങ്ങളില്കൂടെ മഹാത്മാക്കള്‍ ഉല്ബോധിപ്പിക്കുന്നത്. ആത്മസാക്ഷാത്ക്കാരത്തിനുള്ള ഏത് സാധനയും തീവ്രവൈരാഗ്യം വന്നതിനുശേഷമാണാരംഭിക്കേണ്ടത്. എന്നാല്‍ വളരെ വേഗത്തില്‍ ഫലിക്കും. വൈരാഗ്യം ദൃഢപ്പെട്ട് ഇഹപരങ്ങളായ ലോകങ്ങളിലുള്ള ഒന്നിലും അല്‍പ്പംപോലും ആഗ്രഹമില്ലാതാവുന്നതുവരെ അതിനുവേണ്ടിത്തന്നെയാണ് ഒരാള്‍ പ്രയത്നിക്കേണ്ടത്. ആഗ്രഹം ലേശമെങ്കിലും ഉള്ളപ്പോള്‍ പ്രാണന് ചലിച്ചുകൊണ്ടിരിക്കും. പ്രാണന് ചലിക്കുമ്പോള്‍ മനസ്സും ബുദ്ധിയും അടങ്ങി സത്യം പ്രകാശിക്കുന്നതുമല്ല.
പ്രാണാപാനമയമാണീ ജഗത്ത്. ശരീരത്തിലെ പ്രാണാപാനന്മാരടങ്ങിയാല്‍ ജഗത്ത് മുഴുവന്‍ അടങ്ങി. എങ്ങനെയെന്നാല്‍ ഊര്‍ദ്ധ്വഭാഗം പ്രാണനും അധോഭാഗം അപാനനുമാണ്. വലത്തുഭാഗം പ്രാണനും ഇടത്തുഭാഗം അപാനനുമാണ്. പുരുഷന് പ്രാണനും സ്ത്രീ അപാനനുമാണ്. പകല്‍ പ്രാണനും രാത്രി അപാനനുമാണ്. വെളുത്തപക്ഷം പ്രാണനും കറുത്തപക്ഷം അപാനനുമാണ്. ഉത്തരായണം പ്രാണനും ദക്ഷിണായനം അപാനനുമാണ്. ജനനം പ്രാണനും മരണം അപാനനുമാണ്. ഇങ്ങനെ ദ്വന്ദ്വങ്ങളൊക്കെത്തന്നെ പ്രാണാപാനന്മാരാണ്.
അപ്പോള്‍ പ്രാണാപാനന്മാരടങ്ങിയാല്‍ ഇവയെല്ലാമില്ലാതായി. പിന്നെ എന്തു പ്രപഞ്ചമാണ്? അതിനാല്‍ വൈരാഗ്യത്തെ ദൃഢപ്പെടുത്തുകയാണ് ആദ്യം ഒരാള്‍ ചെയ്യേണ്ടത്. വൈരാഗ്യം ദൃഢപ്പെട്ടുകഴിഞ്ഞാല്ത്തന്നെ മനസ്സിന് ഉന്മേഷവും വീര്യവും ധീരതയും കൈവരും. അപ്പോള്‍ ധ്യാനം ആരംഭിക്കാം. ജീവഭാവത്തെയാണാദ്യം ധ്യാനിക്കാന്‍ തുടങ്ങേണ്ടത്. വിദ്യുച്ഛക്തിയുടെ സാന്നിദ്ധ്യംകൊണ്ട് വിളക്ക് കത്തുകയും പങ്ക തിരിയുകയും ചെയ്യുംപോലെ, ആഗ്രഹത്തോടും അഭിമാനത്തോടുംകൂടിയ ഏതൊരു ചൈതന്യത്തിന്റെ സാന്നിദ്ധ്യം ഹേതുവായിട്ട് പ്രാണാപാനന്മാര്‍ ചലിക്കുകയും അത് ഹേതുവായി മറ്റെല്ലാ പ്രപഞ്ചവ്യാപാരങ്ങളും നടക്കുകയും ചെയ്യുന്നുവോ, അതുതന്നെ ജീവന്. ശരീരത്തില്‍ പ്രത്യേകമായി ഒരുസ്ഥാനത്തേയും ഓര്‍മിക്കാതെ വിശാലമായ ചിദാകാശത്തില് ജീവചൈതന്യത്തെ നിരന്തരം ധ്യാനിക്കാന്‍ തുടങ്ങിയാല്‍ അതുവരെയുണ്ടായിരുന്ന നിലയൊക്കെ പോവും. താനേ പ്രപഞ്ചത്തില്‍നിന്ന് പൊന്താനും ദിവ്യതയിലേയ്ക്കുയരാനും തുടങ്ങും. അങ്ങനെ അതില്‍ ദൃഢത കിട്ടുമ്പോള്‍ ഹംസത്വം സിദ്ധമാവും. ക്രമേണ പരമഹംസപദത്തിലേയ്ക്കുയര്ന്ന് ജന്മസാഫല്യത്തേയും പ്രാപിക്കും.
എന്നാല്‍ പ്രാരംഭദശയില്‍ ഒരാള്‍ ചെയ്യേണ്ട അഭ്യാസക്രമമല്ല ഇവിടെ പറഞ്ഞത്. ജപം, കീര്‍ത്തനം, പൂജ തുടങ്ങിയ ക്രിയാമാര്ഗ്ഗാനുഷ്ഠാനംകൊണ്ടും, സ്വാദ്ധ്യായം, സത്സംഗം, വേദാന്തവിചാരം, സ്വരൂപധ്യാനം എന്നിവയെക്കൊണ്ടും മനസ്സിന് ശുദ്ധിയും വിശാലതയും വീര്യവും കൈവന്ന ഒരുയര്‍ന്ന സാധകന് അനുഷ്ഠിക്കേണ്ടക്രമമാണ് പറഞ്ഞത്. ആ നില വരാത്തവര്‍ ആദ്യം അത് കൈവരുത്താനാണ് ശ്രമിക്കേണ്ടത്.
സ്വാമി ജ്ഞാനാനന്ദസരസ്വതി
No comments:
Post a Comment