ജടായു സ്തുതി
അഗണിതഗുണശാലിയും അപ്രമേയനും ഈ ജഗത്തിന്റെ ഉല്പത്തി-സ്ഥിതി-നാശങ്ങള്‍ക്ക് ആദിഹേതുവും പരമശാന്തരൂപനും പരമാനന്ദവും പരമാത്മാവുമായ രാമചന്ദ്രനെ ഞാന്‍ പ്രണമിക്കുന്നു.
മനോഹരമായ കടാക്ഷവിക്ഷേപങ്ങള്‍ കൊണ്ട് ദേവന്മാരെ ശുചിയാക്കുന്നവനും അവധിയില്ലാത്ത സുഖം നല്കുന്നവനും ഇന്ദിരാദേവിയുടെ മനോഹരനും ശ്യാമളനിറമുള്ളവനും ഉജ്വലമായ ജടയാകുന്ന കിരീടം ധരിച്ചവനും കോമളകരങ്ങളില്‍ വില്ലുമമ്പും ധരിച്ചവനുമായ രാമചന്ദ്രനെ ഞാനെപ്പോഴും നമിക്കുന്നു.
സംസാരമാകുന്ന വനത്തിന് കാട്ടുതീയായിട്ടുള്ള പുണ്യനാമത്തോടുകൂടിയവനും സംസാരത്തെ സൃഷ്ടിക്കുന്ന ബ്രഹ്മാവിന് ദേവനായിട്ടുള്ളവനും കോടിക്കണക്കിന് അസുരന്മാരെ നിഗ്രഹിച്ചവനും മനുഷ്യരൂപം ധരിച്ചവനും ശ്രീഹരിയുമായ ശ്രീരാമചന്ദ്രാ, അങ്ങയെ ഞാന്‍ എപ്പോഴും നമിക്കുന്നു.
സംസാരഭാവനയെ ഹനിക്കുന്ന ഭഗവല്‍സ്വരൂപവും ഭവഭയത്തെ ഇല്ലാതാക്കുന്നവനും മുനികളാല്‍ സേവിക്കപ്പെടുന്നവനും പരനും സംസാരഭാഗത്തെ കടക്കാനുള്ള കപ്പലായി ശോഭിക്കുന്ന ചരണങ്ങളോടുകൂടിയവനുമായ ഹേ രാമ, എപ്പോഴും ഭവനാശത്തിനായി ഞാന്‍ അങ്ങയെ പ്രണമിക്കുന്നു.
പാര്‍വതീ പരമേശ്വരന്മാരുടെ ഹൃദയത്തില്‍ വസിക്കുന്നവനും ഗിരിനായകനെ ധരിക്കുന്നവനും കാമദേവനെപ്പോലെ മനോഹരനും ദേവസമൂഹങ്ങളും അസുരന്മാരും ദേവേന്ദ്രനും കൂപ്പുന്ന പാദങ്ങളോടുകൂടിയവനുമായ രാമനെ ഞാന്‍ സദാ നമിക്കുന്നു.
പരധനത്തില്‍നിന്നും പരസ്ത്രീകളില്‍നിന്നും സദാ ദൂരത്തില്‍ വസിക്കുന്നവനും അന്യന്മാരുടെ ഗുണവും അന്യരുടെ ഐശ്വര്യവും കണ്ട് പ്രസന്നരാകുന്നവരും നിരന്തരം പരോപകാരികളുമായ മഹാത്മാക്കളാല്‍ സേവിക്കപ്പെടുന്നവനുമായ ഹേ രാമ, നിന്നെ ഞാന്‍ നിരന്തരം പ്രണമിക്കുന്നു.
മനോഹരമായ മന്ദഹാസത്താല്‍ ശോഭിക്കുന്ന മുഖകമലത്തോടുകൂടിയവനും, ഭക്തന്മാര്ക്ക് സുലഭമായിട്ടുള്ളവനും ഇന്ദ്രനീലകല്ലുപോലെ നീലവര്‍ണവും സൗന്ദര്യമുളളവനും വെള്ളത്താമരപ്പൂപോലെ മനോഹരമായ നേത്രങ്ങളോടുകൂടിയവനും മഹാദേവനും പരമഗുരുവുമായ രാമനെ ഞാന്‍ പ്രണമിക്കുന്നു.
ജലം നിറച്ച പലതരം പാത്രങ്ങളില്‍ ഒരേ സൂര്യന് പ്രതിബിംബിക്കുന്നതുപോലെ സത്യ-രജോ-തമോഗുണങ്ങളോടുകൂടി അങ്ങുതന്നെ വിഷ്ണു- ബ്രഹ്മാ- മഹാദേവന് എന്നീ മൂന്നുരൂപങ്ങളില്‍ ശോഭിക്കുന്നു. ദേവരാജനായ ഇന്ദ്രനും സ്തുതിക്കുന്ന രാമനായ അങ്ങയെ ഞാന്‍ പ്രണമിക്കുന്നു.
അങ്ങയുടെ ദിവ്യരൂപം കോടിക്കണക്കിന് കാമദേവന്മാരെക്കാള്‍ സുന്ദരമാണ്. ജന്മനാശാദികളില്ലാത്തതാണ്. ചിന്മയവും ജഗന്മയവും നിര്‍മ്മലവുമാണ്.
ധര്‍മ്മകര്‍മ്മങ്ങള്‍ക്കാധാരവും എന്നാല്‍ ഒന്നിലും ആധാരമല്ലാത്തതുമാണ്. ഒന്നിനോടും മമതയില്ലാത്തതും ആത്മാവില്‍ രമിക്കുന്നതുമായ ഹേ രാമ, ഞാന്‍ നിന്നെ സദാ പ്രണമിക്കുന്നു.
സ്തുതി കഴിഞ്ഞ് ജടായു വിമാനത്തില്‍ വൈകുണ്ഠം പ്രാപിച്ചു.
No comments:
Post a Comment