ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2024

കണിക്കൊന്നയുടെ ഔഷധ ഗുണങ്ങൾ

കണിക്കൊന്നയുടെ ഔഷധ ഗുണങ്ങൾ 

വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം.  

കണിക്കൊന്നയാകമാനം ഔഷധമാണ്. ആയുർവേദത്തിൽ ഇപ്രകാരമാണ് ഗുണങ്ങൾ അടയാളപ്പെടുത്തുന്നത്. 

പട്ട, ഫലത്തിന്റെ മജ്‌ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാം.

കണിക്കൊന്നയുടെ ഔഷധഗുണം പ്രാചീന കാലത്തുതന്നെ അറിയപ്പെട്ടിരുന്നു. ശുശ്രുത - ചരക പൈതൃകങ്ങിലൊക്കെ ഈ സസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. കണിക്കൊന്നയിൽ വിരേചന ഗുണമാണ് മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ത്വക് രോഗങ്ങൾക്ക് കൺകണ്ട മരുന്നും. 
അതിനാൽ കണിക്കൊന്നയ്ക്ക് ശരീരകാന്തി വർധിപ്പിക്കാൻ കഴിയും. 

സോറിയാസിനെ ശമിപ്പിക്കാനുള്ള കഴിവും ഈ പൂവിനുണ്ട്. കോശതലങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ കണിക്കൊന്ന സഹായിക്കുന്നു. 

ഉണങ്ങാത്ത വ്രണങ്ങൾ, മുഴകൾ, വാതരക്‌തം, ആമവാതം, മഞ്ഞപ്പിത്തം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്‌ഥകളിൽ കണിക്കൊന്ന ഉപയോഗിക്കാറുണ്ട്. 

നീരിനെ വിലയിപ്പിക്കാനും കരൾ സംരക്ഷണത്തിനും വിഷജന്തുക്കളുടെ കടിയേറ്റുണ്ടാകുന്ന നീരും വേദനയും മാറാനും മരുന്നായി പ്രയോഗിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, ജ്വരം, കുഷ്‌ടം, പ്രമേഹം എന്നീ അവസ്ഥകളിലും കണിക്കൊന്ന ഫലവത്തായ ഔഷധമാകാറുണ്ട്

കണിക്കൊന്നയുടെ പാകമായ കായ്‌കൾ മണലിൽ ഒരാഴ്‌ച സൂക്ഷിച്ചെടുത്ത് വെയിലിൽ ഉണക്കി പൾപ്പെടുത്ത് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ച് വിരേചന ഔഷധമായി ഉപയോഗിക്കാമെന്ന് ചരക സംഹിതയിൽ കൽപ്പസ്‌ഥാനത്ത് പറയുന്നു.

 കൊന്നക്കായയുടെ കുരുകളഞ്ഞ് മാംസഭാഗം പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മലബന്ധം, അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്‌ക്ക് ഫലപ്രദമാണ്.

ഇല കഷായം വച്ച് കറിയുപ്പ് ചേർത്ത് കൊടുത്താൽ കന്നുകാലികളുടെ പനി ഭേദമാകും.

 കണിക്കൊന്നയുടെ പട്ടയ്‌ക്ക് വൈറസുകൾക്കും ബാക്‌ടീരിയയ്‌ക്കും ഫംഗസിനുമെതിരെ പൊരുതാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. 

തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. 

പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണത്രെ.

മലക്കെട്ട്

 കൊന്നയുടെ തോല്‍ ഇടിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ ചൂടാക്കി രാവിലെ കുടിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്

ചൊറിച്ചലിന്

 കൊന്നയുടെ ഇല ചതച്ചരച്ച് അതിന്റെ നീരെടുത്ത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. മുറിവുള്ള ഭാഗത്ത് പുരട്ടിയാലും ഗുണകരമാകും.

വാതരോഗം

വാത സംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്.
 
NB:- മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക.

No comments:

Post a Comment