ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 April 2021

ശിവകീർത്തനം

ശിവകീർത്തനം

ഉരഗമാല്യഭൂഷിതാ!
വൃഷഭവാഹനാ! ശിവാ!
അചല! പാർവ്വതീശ! നി-
ന്നടിതൊഴുന്നു ഞാനിതാ!

ചുടലഭസ്മലേപിതാ!
മദനനിഗ്രഹാ! പരാ!
അമര! ചന്ദ്രശേഖരാ!
തുണയെനിക്കു നീ സദാ!

കളഭചർമ്മധാരകാ!
സകലലോകനായകാ!
അനലനേത്ര! ശങ്കരാ!
ദുരിതനാശകാ!തൊഴാം!

തടിനിയേന്തിടും ശിര-
സ്സതിലൊളിക്കു ചന്ദ്രികാ-
സ്മിതമണിഞ്ഞ ശർവ്വ! നി-
ന്നരികിലെന്നെ ചേർക്കണേ!

പരമഭക്തിയോടെ ഞാൻ
വ്രതമെടുത്തിടാം ശിവാ!
സദയമേകണേ ഭവാ!
വരമെനിക്കു നീ മുദാ!

പശുപതേ! ജപിച്ചിടാം,
നമഃശിവായ ഞാൻ സദാ!
സകലപാപനാശകാ!
കൃപതരേണമേ,യജാ!

ശിവ!ശിവാ! ശുഭംകരാ!
ഹര!ഹരാ! നിരാമയാ!
മൃതിതടുക്കണേ! ഹരാ!
യമനുകാലനാം പരാ!

തവപദം മുകർന്നിടാ-
നടിയനിന്നു കൂവള-
ത്തിലകണക്കെ വീണിതാ!
തവകടാക്ഷമേകണേ...

No comments:

Post a Comment