രാമായണ വിശകലനം - 06
സേതു ബന്ധനം:- സംസാര സാഗര മദ്ധ്യത്തിലാണ് ലങ്കാ പുരവും, രാവണ കോട്ടയും. അതായത് ലങ്കയും, രാവണനും, വിഭീഷണനും, കുംഭകർണ്ണനുമെല്ലാം നമ്മളിൽ തന്നെ സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവിയായ ബ്രഹ്മത്തെ അന്യാധീനത്തിൽ നിന്ന് തിരച്ചെടുക്കുവാൻ വേണ്ടിയണ് സേതുബന്ധനം നിർമ്മിക്കുന്നത്. നമുക്ക് എങ്ങോ നഷ്ടപ്പെട്ടു പോയ ബ്രഹ്മജ്ഞാനം, ആനന്ദം എന്നിവ വീണ്ടെടുക്കണമെങ്കിൽ സംസാര സാഗരം മറി കടക്കേണ്ടതായിട്ടുണ്ട്. സംസാര സാഗരം നീന്തി കടക്കണമെങ്കിൽ പരമ ഭക്തനായ ഹനുമാന്റെ വഴിയാണ് ഒന്നാമത്തെ മാർഗ്ഗം. പ്രാണായാമ ക്രിയ വഴി അർപ്പണ ബോധത്തിൽ നിന്ന് ലഭിച്ച ഊർജ്ജം അവലംബിച്ച് മല പോലെ വളർന്ന് ഇച്ഛാശക്തിയുടെ ബലത്തിൽ ഏകാഗ്ര മനസ്സോടെ ഒറ്റ കുതിപ്പു കൊണ്ട് മറു കര താണ്ടാം. എന്നാൽ സാധാരണകാർക്ക് ഈ മാർഗ്ഗം സുഗമമല്ല. അവർക്ക് സംസാര സാഗരം മണ്ണും കല്ലും ഇട്ടു നികത്തി കൊടുത്തു കൊണ്ടു വേണം അക്കരെ പ്രാപിപ്പിക്കുവൻ. സേതു ബന്ധിക്കുന്നതിലേക്ക് വാനര സേന ഏക മനസ്സോടെ പ്രയത്നിക്കുന്നു. അക്കൂട്ടത്തിൽ നിസ്സാര ജീവിയായ അണ്ണാൻ പോലും എല്ലാം മറന്ന് സഹായിക്കുന്നതായി കാണാവുന്നതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും, മനസ്സും സാക്ഷാൽക്കാര പ്രാപ്തിക്കായി ഏകീഭവിച്ച് പ്രയത്നിക്കേണ്ടതാകുന്നു എന്ന് സാരം. വനരന്മാർ സ്വതവേ ചാഞ്ചാട്ടക്കാരാണ്. അതുപോലെ നമ്മുടെ മനസ്സും മഹാ ചാഞ്ചാട്ടക്കാരനാണ്. ചാഞ്ചാട്ടക്കാരായ കുരങ്ങന്മാർ കാര്യ സാദ്ധ്യത്തിനായി ഏക മനോഭാവത്തോടെ യത്നിച്ചു.
രാവണ കോട്ട നമ്മുടെ ഉള്ളിൽ തന്നെയാണ്. കാമ ക്രോധാദികളുടെ ചക്രവർത്തിയായ രാവണൻ അവിടെയാണ് വാഴുന്നത്. സത്വ പ്രകൃതിയെ രാവണൻ ബലാൽക്കാരേണ അടക്കി ഭരിക്കുന്നു. ആയതിനാൽ നാം കോട്ടക്കകത്തു കയറി ഇതിന്റെ അതിബലവും, സ്വാധീനവും മനസ്സിലാക്കണം. നമ്മുടെ ഇച്ഛാശക്തിയുടെ ബലം കൊണ്ട് അതിനെ അളക്കുവാൻ കഴിയണം. അതിനെ തകർക്കുവാൻ കഴിയുമോ എന്നറിയണം. പന്നീട് സദുപദേശരൂപേണ സന്ധി മാർഗ്ഗം ആരായണം. അവസാനം ഒരു യുദ്ധത്തിനു തന്നെ ഒരുങ്ങണം. യുദ്ധത്തിനു മുമ്പ് വിഭീഷണനെപ്പോലെയുള്ള സാത്വീക ഗുണഭാവ വികരങ്ങളെ നമ്മുടെ തുണക്കായി കൂട്ടാം. പിന്നെ നമുക്ക് ചിറ കെട്ടി പൂർത്തിയാക്കണം. ശരീരമാകുന്ന ക്ഷേത്രത്തിലെ ഓരോ അണുവിന്റേയും ഇച്ഛാശക്തി ഏകോപിച്ച് ലങ്കാപുരിയിലെ കോട്ടയിലേക്ക് പ്രവേശിക്കണം. കന്മഷത്തിന്റേയും, കാമ ക്രോധാദികളുടേയും കൊട്ടത്തളങ്ങൾ ഓരോന്നായി തകർക്കപ്പെടണം. മുക്തി നേടണം. ഈ യുദ്ധത്തിൽ പ്രകൃതിയിലെ സർവ്വ ശക്തികളുടേയും സഹായം അത്യാവശ്യമാണ്. അവ നമുക്ക് ലഭ്യവുമാണ്. യുദ്ധാനന്തരം ജ്ഞാന വിദ്യയാകുന്ന സീതയെ നമുക്ക് ലഭിക്കുന്നു. അങ്ങിനെ ലഭിച്ച വിദ്യയാകുന്ന സീതയെ ഒന്നും കൂടി അഗ്നി ശുദ്ധി വരുത്തി സത്യത്തിലേക്ക് എത്തി ചേരാവുന്നതാണ്. ഇതാണ് സീതയുടെ അഗ്നി പ്രവേശനം. സത്യം എക്കാലത്തും സത്യം തന്നെയാണ്. എന്നാൽ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുവാൻ, കണ്ടെത്തുവാൻ ആധുനിക ശാസ്തത്തിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രം വളരാത്തതു കൊണ്ട് അതിനു കഴിഞ്ഞില്ല. എന്നു വെച്ച് ശാസ്ത്രത്തിനു കഴിയാത്തതു കൊണ്ട് അതിനു വിധേയമാകാത്തതു കൊണ്ട് യാഥാർത്ഥ്യം ഒരിക്കലും പിഴയാകുന്നില്ല...
No comments:
Post a Comment