ഉത്തങ്കൻ അഥവാ ഉദങ്കൻ
വേദൻ എന്ന മഹർഷിയുടെ ശിഷ്യനാണ് ഉത്തങ്കൻ. ഒരിക്കൽ ഉത്തങ്കനെ ആശ്രമം ഏല്പിച്ചു വേദൻ ദേശസഞ്ചാരത്തിനു പോയി. ഗുരു ഏല്പിച്ച കർത്തവ്യം കൃത്യമായി നിർവ്വഹിച്ചു ഉത്തങ്കൻ. മടങ്ങിവന്ന ഗുരു ഉത്തങ്കനിൽ അതീവ പ്രസന്നനായി. ഗുരുകുല വിദ്യാഭ്യാസം പൂർത്തികരിച്ച ഉത്തങ്കനോട് ഗുരുപത്നിയുടെ ആവശ്യമറിഞ്ഞ് ഗുരു ദക്ഷിണ സമർപ്പിക്കാൻ ഗുരു ആവശ്യപ്പെട്ടു. ഗുരുപത്നി ആവശ്യപ്പെട്ടതോ പൗഷരാജപത്നിയുടെ കാതിലെ കുണ്ഡലങ്ങൾ. ദക്ഷിണ എന്തായാലും അത് സമർപ്പിച്ചേ മതിയാകൂ. അതിനായി ഉത്തങ്കൻ യാത്രയായി. വഴിയിൽ ഉത്തങ്കന് ഒരു കാളക്കാരൻറ നിർദ്ദേശത്താൽ കാളചാണകവും കാളമൂത്രവും കുടിക്കേണ്ടി വന്നു. രാജധാനിയിലെത്തി രാജ്ഞിയുടെ കുണ്ഡലങ്ങൾ യാചിച്ച ഉത്തങ്കന് കുണ്ഡലങ്ങൾ കൊടുത്തതിനൊപ്പം ഇത് തക്ഷകൻ മോഹിച്ച കുണ്ഡലങ്ങളാണ് അതിനാൽ പോകുമ്പോൾ കരുതൽ വേണമെന്ന ഉപദേശവും രാജ്ഞി നല്കി. രാജാവിനരികിലെത്തിയ ഉത്തങ്കനെ രാജാവ് ഭക്ഷണത്തിന് ക്ഷണിച്ചു. എന്നാൽ ഭക്ഷണം തണുത്തതും അതിൽ ഒരു മുടിനാരും കണ്ടതിൽ കോപിച്ച് ഉത്തങ്കൻ രാജാവിനെ ശപിക്കുകയും രാജാവ് തിരിച്ചു ഉത്തങ്കനെ ശപിക്കുയും ചെയ്തു. കോപം അടങ്ങിയപ്പോൾ രണ്ടു പേരും ശാപം പിൻവലിച്ചു. മടക്കയാത്രയിൽ കൈകാൽ കഴുകാൻ വേണ്ടി കുണ്ഡലങ്ങൾ ഒരു കല്ലിൽ വച്ചതും ഒരു നാഗസന്യാസി ആ കുണഡലങ്ങൾ അപഹരിച്ച് ഓടി. നാഗസന്യാസിയെ പിൻന്തുടർന്ന് നാഗലോകത്ത് എത്തിയ ഉത്തങ്കന് പല വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകുകയും അഗ്നി ചിറകുകളുള്ള ഒരു കുതിര ഉത്തങ്കനെ സഹായിക്കുകയും ചെയ്തു. അതുകൊണ്ട് ഉത്തങ്കൻ കുണ്ഡലങ്ങൾ വീണ്ടെടുത്ത് ഗുരുപത്നിക്ക് ദക്ഷിണ സമർപ്പിച്ചു. ശേഷം തൻറെ വിചിത്ര അനുഭവങ്ങൾ ഗുരുവിനോട് പറഞ്ഞു. ഗുരു അവയുടെ പൊരുൾ പറഞ്ഞു കൊടുത്തു. തക്ഷകനോടുളള പക അടങ്ങാത്ത ഉത്തങ്കൻ ജനമേജയ മഹാരാജാവിനെ കൊണ്ട് തൻറെ പിതാവായ പരീക്ഷിത്തിനെ തക്ഷകൻ ദംശിച്ചു മൃതിയടഞ്ഞതിൻറെ പ്രതികാരമായി സർപ്പസത്രം എന്ന യാഗം ചെയ്യിപ്പിച്ചു. ഉജ്ജാലകം എന്ന ആശ്രമത്തിൽ വസിക്കുമ്പോൾ വിഷ്ണു ക്ഷേത്രത്തിലെ സ്വർണ്ണതകിടു മോഷ്ടിച്ച വേടന് മോക്ഷം ലഭിക്കാൻ കാരണക്കാരനാകുകയും ചെയ്തു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഉതങ്കോപാഖ്യന കർത്താവായ ഉത്തങ്ക മഹർഷിയാണ് ഇത് എന്നു കരുതി പോരുന്നു.
ഗൗതമശിഷ്യനായ ഒരു ഉതങ്കൻ എന്ന മഹർഷിയെ കുറിച്ചും പറയുന്നുണ്ട്. ഇവിടെ അഹല്യ, സൗദാസൻ എന്ന നരഭോജിയായ രാജവിന്റെ പത്നിയുടെ രത്നകുണ്ഡലങ്ങളാണ് ആവശ്യപ്പെട്ടത്.
കൗരവ പാണ്ഡവന്മാരെ രജ്ഞിപ്പിക്കാൻ കഴിയാതിരുന്ന ശ്രീകൃഷ്ണ ഭഗവാനെ ശപിക്കാനൊരുങ്ങിയ ഉതങ്കമുനി ഭഗവാൻറെ വിശ്വരൂപം കണ്ടു നമിച്ചു. ഉതങ്കൻ സഞ്ചരിക്കുന്ന മരുഭൂമിയിൽ കൃഷ്ണ ധ്യാനത്താൽ മഴപെയ്യുമെന്ന് വരം സിദ്ധിച്ച മുനി തൻറെ മുന്നിൽ ദാഹജലവുമായി വന്ന ചണ്ഡാലവേഷധാരിയായഇന്ദ്രനിൽ നിന്നും ജലം സ്വീകരിച്ചതുമില്ല. എന്നാൽ ഭഗവാൻ ഉതങ്കമുനി സഞ്ചരിക്കുന്ന മരുഭൂമികളിൽ ഉതങ്കക്കാറുകൾ മഴപെയ്യിക്കുമെന്ന് വരവും നല്കി.
No comments:
Post a Comment