ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം
അസുരക്ഷിതമായ ഭൂമിയിൽ തന്റെ പുത്രൻ പിറവിയെടുത്തപ്പോൾ തന്നെ സൂര്യദേവൻ അവന് ഒരു ദിവ്യ കവചം നൽകി. കർണന്റെ കവചം തന്റെ പുത്രനായ അർജുനന് ഭീഷണിയാണെന്ന് വന്നപ്പോൾ ഇന്ദ്രൻ ആ കവചം ഇല്ലാതാക്കി. "സ്വചന്ദമൃത്യുവായി ഭവിക്കട്ടെ " എന്ന് പുത്രനെ അനുഗ്രഹിച്ച ശന്തനു മഹാരാജാവ് ഭീഷ്മരുടെ പ്രാണന് ദിവ്യകവചം ചമച്ചു. അന്തമായ പാതിവ്രത്യബോധം നിമിത്തം സ്വയം അന്ധത്വം വരിച്ചു കഴിഞ്ഞ ഗാന്ധാരി സ്വന്തം പുത്രമ് ജീവൻമരണ പോരാട്ടത്തിനിറങ്ങുന്നുവെന്നറിഞ്ഞു ഒരിക്കൽ തുറന്ന കണ്ണുകളിലൂടെ ദുര്യോധനന്റെ ശരീരത്തിലേക്ക് തന്റെ സഞ്ചിതശക്തി സന്നിവേശിപ്പിച്ചു. ഭാഗികമായാണെങ്കിലും മാതാവിൽ നിന്ന് ദുര്യോധനനു രക്ഷാകവചം ലഭിച്ചു. അന്നും ഇന്നും മക്കൾക്ക് രക്ഷാകവചം തീർത്തു കൊടുക്കുവാൻ മാതാപിതാക്കൾ തങ്ങലാകും വിധം യത്നിക്കുന്നു.
നാം പലരാൽ സംരക്ഷിക്കപെടുന്നവരാണ്. എന്നാൽ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെ പറ്റി പലപ്പോഴും നമ്മൾ ബോധാവാനമാരല്ല. അർജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരു ദിവ്യ ശിരോരത്നത്താൽ ശോഭിതനായിരുന്ന ഗുരുപുത്രനായ അശ്വഥാമാവിനെ എളുപ്പത്തിൽ തോല്‍പ്പിക്കാൻ കഴിയില്ലെന്ന് അർജുനന് അറിയാമായിരുന്നു. എന്നാൽ പല പ്രഗൽഭരുമായും ഏറ്റുമുട്ടുമ്പോൾ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അർജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷൻ ശൂലവും പേറിക്കൊണ്ട് തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങൾക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തിൽ വധിക്കപ്പെട്ടവർ " അര്‍ജുനന്റെ കരങ്ങളാൽ വീരഗതി പ്രാപിച്ചവർ " എന്ന് ഉത്ഘോഷിക്കപ്പെട്ടു. ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരിൽ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അർജുനനെ ചിന്താകുഴപ്പത്തിലാക്കി. തുടർന്ന് ഭഗവാൻ വ്യാസൻ അർജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങൾ വിശദീകരിച്ചു. തന്റെ മുന്നിൽ അഗ്നി പോലെ പടർന്നു നിന്നിരുന്ന വീര പുരുഷൻ സാക്ഷാൽ ശ്രീപരമേശ്വരനായിരുന്നുവെന്നു അർജുനന് ബോധ്യപ്പെട്ടു. തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അർജുനൻ തിരിച്ചറിഞ്ഞു. ഇത്തരം അനുഭവങ്ങൾ പിന്നീടും അർജുനനുണ്ടായി.
അർജുനന്റെ ശിരസ്സ് ലക്ഷ്യമാക്കി വന്ന നാഗാസ്ത്രത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണൻ തേർതട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അർജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവർ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അർജുനന്റെ രഥം നയിച്ച് പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണൻ അര്ജുനനോട് ഗാണ്ടീവവും ആവനാഴിയും എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാൻ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അർജുനൻ ശ്രീകൃഷ്ണനെ അനുസരിച്ചു. അർജുനൻ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണൻ രഥത്തിൽ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകൾ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അർജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണൻ പറഞ്ഞു : "വാസ്തവത്തിൽ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".
താൻ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണൻ തന്റെ ദിവ്യരക്ഷാകവചമാണെന്നും അർജുനന് ഞെട്ടലോടെ തിരിച്ചറിഞ്ഞു. രാത്രിയിൽ വിജയാഘോഷം നടത്താൻ മുതിർന്ന പാണ്ഡവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച ശ്രീകൃഷ്ണൻ അവരെ ഇരുളിന്റെ മറവിൽ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു. ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയിൽ വെന്തുവെന്നീരായി. നടുക്കുന്ന ആ ദൃശ്യം കാണും വരെ പാണ്ടവർക്ക് ശ്രീകൃഷ്ണന്റെ നടപടികളിൽ അമർഷവും നീരസവും നിരാശയും ഉണ്ടായിരുന്നു. ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തിൽ വിജയിച്ചിട്ടു വിജയോന്മാധം പ്രകടിപ്പിക്കാൻ അനുവദിക്കാമ് മോണം ആച്ചരിപ്പിച്ചു ഇരുട്ടിൽ തപ്പിതടഞ്ഞ് തങ്ങളെ ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണൻ ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവർ അനുഭവിച്ചറിഞ്ഞു..
നന്മനിറഞ്ഞ മനസ്സുള്ളവരൊക്കെ ഈശ്വരന്റെ ദിവ്യമായ പരിരക്ഷക്ക് അർഹരാണ്. അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങൾ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു. ഋജുവായ മനസ്സുള്ളവരെ അദ്ദേഹം ശരിയായ ദിശയിലേക്ക് നയിക്കുന്നു. പാലാഴി പോലെ ശുദ്ധിയുള്ള മനസ്സിന്റെ നിർമലമായ ഉള്ളറകളിൽ നിന്നും ശംഖനാദം പോലെ ഭഗവാന്റെ വചനാമൃതം പ്രവഹിക്കുന്നു. അതിനെ നമുക്ക് ധിക്കരിക്കാതിരിക്കാം. ദിവ്യരക്ഷാകവചതിനുള്ളിൽ വിശ്വാസത്തോടെ പ്രവേശിക്കാം..
No comments:
Post a Comment