ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 50

കമ്പരാമായണം കഥ

അദ്ധ്യായം :- 50

യുദ്ധകാണ്ഡം തുടർച്ച....

രാവണവധവും അതോടുകൂടി യുദ്ധാവസാനവും അറിഞ്ഞ സീത ത്രിജടയുമൊന്നിച്ച് ശിംശാപച്ചോട്ടിൽത്തന്നെയിരിക്കുകയായിരുന്നു. വിഭീഷണനും ഹനുമാനും ശ്രീരാമാനുവാദത്തോടുകൂടി സീതയെ ദേവസന്നിധിയിലെത്തിക്കാൻ അശോകോദ്യാനത്തിൽച്ചെന്നു. ഹനുമാനെക്കണ്ട് സന്തുഷ്ടയായ സീത വിഭീഷണനെ കണ്ട് അല്പമൊന്നമ്പരന്നു. ഉടനെ ത്രിജട പറഞ്ഞു അത് തന്റെ അച്ഛനാണെന്നും ശ്രീരാമദേവ ഭക്തനാണെന്നും ഇപ്പോഴത്തെ ലങ്കാധിപനാണെന്നും.

വിഭീഷണനും ഹനുമാനും അടുത്ത് ചെന്ന് ശ്രീരാമദേവ നിർദ്ദേശം അറിയിക്കുകയും ത്രിജടയോട് ദേവിയെ കുളിപ്പിച്ച് പുതുവസ്ത്രം അണിയിച്ച് ഒരുക്കിനിർത്താൻ ത്രിജടയെ ഏർപ്പെടുത്തുകയും ചെയ്തു. സീതാദേവിക്ക് ഒരുക്കത്തിൽ വൈമുഖ്യമുണ്ടായെങ്കിലും അപ്സരസ്സുകളും ശചിദേവിയും സീതയ്ക്ക് ആഭരണങ്ങൾ സമർപ്പിച്ചു. അവയെല്ലാം അണിഞ്ഞ സീതാദേവി സാക്ഷാൽ ലക്ഷ്മീദേവിയെപ്പോലെ പരിലസിച്ചു. അനസൂയ സീതയ്ക്ക് സമ്മാനിച്ചതും സുഗ്രീവൻ ഹനുമാൻ വശം കൊടുത്തയച്ചതുമായ മുടിപ്പൂവും ഹനുമാൻ അടയാളം നല്കിയ ശ്രീരാമമുദ്രമോതിരവും സീത ധരിച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.  സീതയെ ത്രിജടയോടൊപ്പം പല്ലക്കിലിരുത്തി , മറ്റു ചില രാക്ഷസരാജകുമാരികളുടെ അകമ്പടിയോടെ ശ്രീരാമസമീപത്തേയ്ക്ക് ആനയിച്ചു. സീതയെ കാണാൻ വാനരന്മാർ ബഹളം കൂട്ടി. അതു കണ്ട് " സീതയുടെ വാഹനം തുറന്നിടുക എല്ലാവരും അവരുടെ മാതൃദേവതയെ സ്വതന്ത്രമായി കണ്ടുകൊളളട്ടെ "   എന്ന ശ്രീരാമാജ്ഞയനുസരിച്ച് അങ്ങനെ ചെയ്തു. സീത ശ്രീരാമനോടടുക്കുന്തോറും വിരഹസങ്കടം മാഞ്ഞുകൊണ്ടിരുന്നു.

എന്നാൽ ശ്രീരാമദേവമുഖത്ത് ശങ്ക നിഴലിച്ചു. അതു കണ്ട് സീതയുടെ മുഖം മ്ലാനമായി. ഏറ്റവും അടുത്തെത്തിയ സീതയെ കണ്ടു രാമൻ മുഖം തിരിച്ചു. സീത അമ്പരന്നു പോയി. എങ്കിലും പറഞ്ഞു " നാഥാ! നമസ്കാരം. " രാമദേവൻ മൗനിയായി തന്നെയിരുന്നു. വിഭീഷണൻ  സീത വന്നു നിൽക്കുന്നു എന്ന് അറിയിച്ചു.  അപ്പോൾ "വിഭീഷണാ! നിന്റെ ജ്യേഷ്ഠത്തിക്കിഷ്ടമെന്തോ അതു സാധിച്ചു കൊടുത്തു കൊൾക" എന്ന് രാമൻ കല്പിച്ചു.  ഇതുകേട്ട് ചുറ്റും നിന്നവർ പരിശ്രമിച്ചു പോയി. ഉടൻ സീതാദേവി "ലക്ഷ്മണാ ; ഒരു ചിതയുണ്ടാക്കിത്തരിക; ഭർത്തൃശങ്കിതയായ സ്ത്രീ ജീവിച്ചിരിക്കരുത് , ഞാൻ ഈ സന്നിധിയിൽ തന്നെ അന്തർദ്ധാനം ചെയ്തുകൊളളാം"..

ദയനീയമായി ശ്രീരാമനെ നോക്കിയ ലക്ഷ്മണനോട് "ആ നടക്കട്ടേ" എന്നൊരാജ്ഞ രാമദേവനിൽ നിന്നും ഉണ്ടായി.  എല്ലാവരും വിഷമത്തിലായി. എങ്കിലും ലക്ഷ്മണൻ വാനരന്മാരുടെ സഹകരണത്തോടുകൂടി ചിതയൊരുക്കി തീയുജ്ജ്വലിപ്പിച്ചു. സീതാദേവി ശ്രീരാമനെ പ്രദക്ഷിണം ചെയ്തിട്ട് നേരെ നടന്നു തീകുണ്ഡത്തിനടുത്തെത്തി. അഗ്നിപ്രവേശമാചരിച്ച് അപ്രത്യക്ഷമായി.

അല്പം കഴിഞ്ഞപ്പോൾ തീജ്ജ്വാലയേക്കാൾ തിളക്കമുള്ള ഒരു സ്ത്രീ രൂപം,  ആ രൂപത്തെക്കാൾ തെളിച്ചമുളള മറ്റൊരു നാരീരൂപത്തെത്താങ്ങിയെടുത്ത് കൊണ്ട് തേജോരൂപനായ ഒരു പുരുഷനാൽ അനുഗതമായി അഗ്നികുണ്ഡത്തിൽ നിന്നുയർന്ന് വന്ന് ശ്രീരാമദേവസന്നിധിയിൽച്ചെന്നു നിന്നു. ആ മൂവർ സ്വാഹദേവിയും സീതാദേവിയും അഗ്നിഭഗവാനുമായിരുന്നു.

അഗ്നി പറഞ്ഞു " ശ്രീരാമദേവ! സീതാദേവിയുടെ പാതിവ്രത്യാഗ്നി ഞങ്ങളെയും അനന്തരം ലോകങ്ങളെയും നിശ്ശേഷം ദഹിപ്പിക്കും. അങ്ങ് ദേവിയെ സ്വീകരിച്ച് ഞങ്ങളെയും ലോകത്തെയും അനുഗ്രഹിക്കണം.

ശ്രീരാമൻ പറഞ്ഞു അഗ്നിദേവാ! ഒരു കൊല്ലക്കാലത്തോളം സീതയെ ഭദ്രമായി സൂക്ഷിച്ച് ഇപ്പോൾ തിരിച്ചേല്പിക്കുന്ന ഭവാന് നന്ദിയരുളുന്നു.

അഗ്നി പറഞ്ഞു അങ്ങേയ്ക്ക് വിജയം രാവണവധം ലോകാവസാനം വരെ അങ്ങയുടെ നാമം നിലനിർത്തും  സീതാദേവീ... ഞങ്ങൾ പോകട്ടെ.

ബ്രഹ്മദേവൻ പറഞ്ഞു രാമദേവാ! അവിടുന്നു പാലാഴിയിൽ വച്ച് പറഞ്ഞതു പോലെ ദുഷ്ടശിക്ഷയും ശിഷ്ടരക്ഷയും നിർവ്വഹിച്ചു അവിടുന്നു ലോകോത്തരപതിവ്രതാരത്നമായ സീതാദേവിയെ പരിഗ്രഹിച്ചനുഗ്രഹിക്കുക.

ശിവ ഭഗവാൻ പറഞ്ഞു ഈ മഹാകർമ്മത്തിൽ അങ്ങയെ ആദ്യയമായി സഹായിച്ചരുളിയ സതീകുലശിരോമാലികയായ സീതാദേവിയെ സ്വീകരിക്കുക. രണ്ടു പേർക്കും ക്ഷേമമാശംസിച്ചുകൊളളുന്നു.

ഇന്ദ്രദേവൻ ഭഗവാന് നന്ദി അറിയിച്ചു. ശേഷം അങ്ങ് ഉടനെ അയോദ്ധ്യയിലെത്തി രാജ്യഭാരം ഏറ്റുവാങ്ങി.  അനേകവർഷക്കാലം പ്രജാപാലനം ചെയ്ത് സുഖമായി വാണരുളുക.

ശ്രീരാമൻ സാകൂതമായെന്നു മന്ദഹസിച്ച ശേഷം സീതയെ സ്വീകരിച്ചു.

അനന്തരം സീതാരാമലക്ഷ്മണന്മാർ അയോദ്ധ്യയിലേയ്ക്കുളള നിവർത്തനയാത്രയ്ക്ക് സന്നദ്ധരായി.  തന്റെ സൗഹാർദ്ദ സല്കാരങ്ങളേറ്റ് , ലങ്കയിൽത്താമസിച്ച് വിശ്രമിക്കണമെന്ന് വിഭീഷണൻ വിനീതമായപേക്ഷിച്ചിട്ടും ശ്രീരാമൻ അതിനനുകലിച്ചില്ല. തനിക്ക് അടുത്ത ദിവസം അയോദ്ധ്യയിലെത്തേണ്ടതാണെന്നും അല്ലെങ്കിൽ ഭരതൻ ദേഹത്യാഗമനുഷ്ഠിക്കുമെന്നും അറിയിച്ചു.

യാത്രയെ കുറിച്ച് ചിന്തിച്ചപ്പോൾ വിഭീഷണൻ പറഞ്ഞു പുഷ്പകവിമാനം ഉപയോഗിക്കാമെന്നും  അത് തുടർന്ന് ശ്രീരാമാധീനമായിത്തന്നെയിരിക്കട്ടേയെന്നും വിഭീഷണൻ പറഞ്ഞു. യാത്രയ്ക്ക് ഉപയോഗിച്ച ശേഷം കുബേരസന്നിധിയിലയയ്ക്കാമെന്ന് രാമൻ പറഞ്ഞു.

തുടരും .....

കമ്പരാമായണം കഥ :- 49

കമ്പരാമായണം കഥ

അദ്ധ്യായം :- 49

യുദ്ധകാണ്ഡം തുടർച്ച....

നിരായുധനായ രാവണനോട് രാമൻ പറഞ്ഞു  സീതയെ തിരികെ നല്കുക അല്ലെങ്കിൽ  കൂടുതൽ കരുതലോടും പൂർവാധികം ആയുധസാമഗ്രികളോടും , സമ്പൂർണ്ണസൈന്യസന്നാഹങ്ങളോടും കൂടി സന്നദ്ധനായി നാളെ വരിക. നാളെ നിന്റെ സൈന്യത്തെ സംഹരിക്കുന്നില്ല. കാരണം നിന്റെ വംശത്തെ നിശ്ശേഷവിനാശം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ലങ്കാരാജ്യലക്ഷ്മീ ഇപ്പോൾ വിഭീഷണനെ സേവിക്കുകയാണ്. വാനരന്മാരെ  അകമ്പടി അയയ്ക്കാമെന്നും പറഞ്ഞു. അതു കണ്ട് ദേവതകൾ ഇപ്രകാരം പറഞ്ഞു.

സർവ്വേശ്വരനായ ശ്രീരാമനോട് രാവണൻ തിരിച്ചു പോവുകയാണ്. ഓരോ ചുവടുംവച്ച് സഞ്ചരിക്കുന്നത് കണ്ടാൽ തന്റെ ജീവിത യാത്രയിൽ ശേഷിച്ച മാർഗ്ഗദൂരം അളന്നെണ്ണുന്നതിനാവാം. ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് രാമശരം പിറകേ വരുന്നുണ്ടോ എന്നാകും. മുന്നിലേയ്ക്ക് നോക്കാത്തത് തോറ്റുചെല്ലുന്നതു കൊണ്ട് നാരീമണികൾ അവഞ്ജയോടെ നോക്കുന്നുണ്ടാകും എന്ന് കരുതിയാവാം. മാരുതിയുടെ ചവിട്ടേറ്റു രാവണന്റെ മുതുക് പതുപതാകിതച്ചു പോയി. കൈലാസം കോരിയെടുത്തമ്മാനമാടിയ കരബലം, ബാലകനായ ലക്ഷ്മണന്റെ ലഘുശരീരം അനക്കുന്നതിനുപോലും ഫലപ്പെടാതായി. രഘുനാഥന്റെ അസ്ത്രപ്രയോഗത്തിൽ രാവണൻ അശസ്ത്രനായിപ്പരിണമിച്ചു. സുഗ്രീവൻ മകുടഭംഗം വരുത്തിയതോടെ രാവണന്റെ ചന്ദ്രഹാസം പോലും നിസ്തേജമായിരിക്കയാണ്.

ശ്രീരാമദേവനോട് യുദ്ധം ചെയ്യാനെത്തിയപ്പോൾ അഹങ്കാരിയായ  രാവണൻ എല്ലാദിക്കുകളിലും നോക്കി ഞെളിച്ചു സഞ്ചരിച്ചു.  തോറ്റു മടങ്ങുമ്പോൾ തന്നെ ആരും കാണല്ലേ എന്ന വിചാരത്തോടും ലജ്ജാഭാരത്താൽ കുനിഞ്ഞ ശിരസ്സുകളോടും ഭൂപുത്രിയാൽ വിനാശം വന്നതു കൊണ്ടാവാം ഭൂമിയെ നോക്കി നടക്കുന്നത്.  ഈ അധിക്ഷേപങ്ങൾ സഹിച്ചു നടന്ന രാവണൻ നഗരവാസികൾ കാണാതിരിക്കാൻ സൂര്യാസ്തമയം വരെ പുറങ്കോട്ടയുടെ ഒഴിഞ്ഞ ഒരു കോണിൽ ഒളിച്ചിരുന്നു.

ബാലിയുടെ പുത്രൻ അംഗദൻ രാമദൂതനായി ഒരു സന്ധിസന്ദേശത്തിനു വന്നപ്പോൾ അഹങ്കാരം കാരണം നിരസിച്ചു  വാനരസേന ലങ്കാനഗരിയെ അവരോധിച്ചു. പ്രതിരോധ ശക്തികൾ നശിച്ചപ്പോൾ യുദ്ധത്തിനിറങ്ങിയ രാവണന്റെ സൈന്യങ്ങളെയെല്ലാം രാമൻ നശിപ്പിച്ചു. രാമന്റെ വൈഭവത്തിൽ രാവണന്റെ യുദ്ധംവൈദഗ്ദ്ധ്യം എല്ലാം നിഷ്പ്രഭമായി. എവിടെയും രാമനെ തന്നെ ദർശിക്കുന്നു. രാമൻ ബാണതൊടുമ്പോൾ ഒന്ന് എടുക്കുമ്പോൾ പത്ത് തൊടുക്കുമ്പോൾ നൂറ്, വിടുമ്പോൾ ആയിരം പായുമ്പോൾ ലക്ഷം കൊളളുമ്പോൾ കോടി. ശത്രുവധം കഴിഞ്ഞു തിരിച്ചു പോയി തൂണീരത്തിൽ വീഴുമ്പോൾ ഒന്ന്.  രാമന്റെ കരവേഗം അറിയാൻ പോലും സാധ്യമല്ല. യുദ്ധം തുടങ്ങുമ്പോൾ രാവണൻ മുകളിലും രാമൻ താഴെയും ആയിരുന്നു.  ഇപ്പോൾ രാമൻ മുകളിലും രാവണൻ താഴെയുമായി. രാമൻ വാഹനത്തിലിരിക്കുന്നതായി തോന്നി, വാഹനത്തിന്റെ ശക്തി നിമിത്തം അത് ഗരുഡനാണോ എന്ന് തോന്നി. രാമരാവണയുദ്ധം ദർശിക്കാൻ ബ്രഹ്മരുദ്രേന്ദ്രദികളായ അമർത്ത്യസംഘങ്ങൾ ആകാശത്തു വന്നു നിറഞ്ഞു.  ഇത്രയും മാല്യവാനോട് പറഞ്ഞ രാവണൻ മാല്യവാനോട് ചോദിച്ചു ഞാനെന്താണ് ചെയ്യേണ്ടത്. യുദ്ധത്തിന് പോകാൻ തന്നെ തീരുമാനിച്ചു. രാമൻ എന്നെ വധിച്ചോ, ഞാൻ രാമനെ വധിച്ചോ മാനഹാനിക്കു പരിഹാരമുണ്ടാകട്ടെ. മംഗളം ഭവിക്കട്ടെ എന്ന് ആശംസിച്ചു മാല്യാവാൻ യാത്രയായി.

രാവണൻ സൈന്യസമഗ്രതയോടും കൂടി യുദ്ധത്തിന് വന്നു. രാവണനോട് യുദ്ധം ചെയ്യാൻ ലക്ഷ്മണൻ അനുവാദം ചോദിച്ചെങ്കിലും രാമൻ അനുവാദം നല്കിയില്ല. ശ്രീരാമൻ വാനരസംഘത്തിന് രാക്ഷസസൈന്യത്തെ ഹിംസിക്കരുത് പ്രതിരോധിച്ചാൽ മതി നിർദ്ദേശം നല്കി. ഇന്നത്തെ യുദ്ധത്തോടെ ലങ്കയിൽ കലാപം അവസാനിക്കും. സുഗ്രീവനും ഹനുമാൻ അംഗദൻ മുതലായവർ രാക്ഷസസേനാനായകന്മാരെ വധിച്ചു സൈന്യങ്ങളെ കീഴടക്കി നിർത്തി.

രാമരാവണയുദ്ധം ആരംഭമായി. പത്തുകയ്യിലും വില്ലും പത്തുകൈയ്യിൽ അമ്പും ധരിച്ച് രാവണൻ യുദ്ധത്തിന് തയ്യാറായി. അമ്പും വില്ലും ധരിച്ച് യുദ്ധത്തിനായി നിലത്തു നില്ക്കുന്ന ശ്രീരാമനെ കണ്ടു ഇന്ദ്രൻ തന്റെ രഥം സാരഥിയായ മാതലിയോടുകൂടി ശ്രീരാമസവിധത്തിലേയ്ക്ക് അയച്ചു  രണ്ടു പേരും അസ്ത്രപ്രയോഗമാരംഭിച്ചു ഉത്തരോത്തരം മഹിമയേറിയ ദിവ്യസായകങ്ങൾ പരസ്പരം പ്രയോഗിച്ചു. ഒടുവിൽ ശ്രീരാമൻ ഐന്ദ്രബാണപ്രയോഗത്താൽ രാവണന്റെ അഞ്ചു തലകൾ അറുത്തു. അടുത്തതല മുറിക്കാൻ ബാണം തൊടുത്തപ്പോൾ മുറിച്ച തലകൾ മുൻ നിലയിലായി. തുടർന്ന് ഇരുപത് പ്രാവശ്യം ഇത് ആവർത്തിക്കപ്പെട്ടു. അപ്പോൾ ഒരു അശരീരീ ശ്രീരാമന്റെ കാതുകളിൽ  കേട്ടു. "രാവണൻ സ്വർഗ്ഗവിജയം നടത്തിയപ്പോൾ അമൃതപഹരിച്ച് ഒരു ചഷകത്തിലാക്കി വിഴുങ്ങിയത് നെഞചിനകത്തുണ്ട്. അതിനാൽ അമ്പുകൊണ്ട് ആ ചിമിഴ് പുറംതളളിയാൽ മാത്രമേ രാവണന് മൃതി സംഭവിക്കുകയുളളൂ. ആദിത്യഹൃദയമന്ത്രം ജപിച്ചു കൊണ്ട് ഗരുഡാസ്ത്രം പ്രയോഗിച്ചാൽ  രാവണന്റെ മാറിൽ നിന്നും അമൃത അളുക്ക് പുറത്താക്കാവുന്നതാണ്.

ഗരുഡാസ്ത്രം രാവണന്റെ വക്ഷസ്സിനെ ലക്ഷീകരിച്ച് പ്രക്ഷേപിച്ചു. ഉടനെ ആ അസ്ത്രം ഗരുഡരൂപം ധരിച്ച് രാവണന്റെ മാറു കൊത്തിത്തുളച്ച് അകത്തിരുന്ന അമൃതചഷകം തോണ്ടിയെടുത്ത്, തിരിച്ചു ശ്രീരാമ സഭീപത്തെത്തി. അദ്ദേഹത്തെ നമസ്ക്കരിച്ചു. രാമൻ ഗരുഡനെ അനുഗ്രഹിച്ചു. സുഗ്രീവാദികൾ ഗരുഡനെ സ്തുതിച്ചു.  ഗരുഡൻ അവരെ മന്ദസ്മേരപൂർവ്വം കടാക്ഷിച്ച് ശ്രീരാമന്റെ അനുവാദം  വാങ്ങി അമൃതചഷകവും കൊണ്ട് പറന്ന് വൈകുണ്ഠത്തിലേക്കു പോയി. രാവണൻ പെട്ടന്നപ്രത്യക്ഷനായി. വിഭീഷണൻ മുഖാന്തിരം അന്വേഷണം നടത്തി രഹസ്യമായി നികുംഭയിലെത്തി ഗുഹാമുഖത്തിൽ മണ്ഡോദരിയെ കാവലിരൂത്തി മഹാബിഭത്സമായ ഒരു ഹോമം നടത്തുകയായിരുന്നു.  ഹോമം നിർവിഘ്നസമാപ്തിയിലെത്തിയാൽ രാവണനെ ആർക്കും വധിക്കാനൊക്കുന്നതല്ല. രാമദേവനിർദ്ദേശപ്രകാരം സുഗ്രീവലക്ഷ്മണഹനുമദംഗദാദികൾ നികുംഭയിലെത്തി രാവണന്റെ ഹോമസമാധിക്കു ഭംഗം  വരുത്താൻ ശ്രമിച്ചു. അംഗദാദികൾ മണ്ഡോദരി ഉപദ്രവിച്ചു തുടങ്ങി.  മണ്ഡോദരി ഭർത്താവിനെ വിളിച്ചു വിലപിച്ചു.  ധ്യാനഭംഗപ്പെട്ട രാവണൻ വാനരകുലത്തെ ആട്ടിപ്പായിച്ചു. കപികളുടെ. ഉദ്ദേശം സഫലമായി.  യുദ്ധരംഗത്തെത്തിയ രാവണന് നേർക്ക് രാമദേവൻ മാഹേന്ദ്രബാണം അഭിമന്ത്രിച്ചയച്ചു. വൈഷ്ണവതേജസ്സു നിറഞ്ഞ  ആ ബാണം രാവണന്റെ പത്തു ശിരസ്സും ഒപ്പം ഖണ്ഡിച്ച്  രാവണൻ ജ്വലിപ്പിച്ച പൈശാചികഹോമാഗ്നിയിൽ തന്നെ വീഴ്ത്തി. അതോടുകൂടി രാവണന്റെ ഭൗതികദേഹം ഭൂമിയിൽ വീണു. ദേവന്മാർ പരമാനന്ദത്തിലായി. വാനരസേന രാവണന്റെ ശരീരം അവമാനിക്കാനൊരുങ്ങിയത് ശ്രീരാമൻ നിശ്ശേഷം തടഞ്ഞു നിർത്തി.  വിഭീഷണനും മണ്ഡോദരിയും വിലപിച്ചു.  അനന്തരം കാലതാമസത്തിനിടയാകാതെ ശ്രീരാമാനുവാദത്തോടുകൂടി രക്ഷോവംശോചിതമായ രീതിയിൽ സംസ്ക്കാരിദികർമ്മങ്ങൾ വിധിപ്രകാരം അനുഷ്ഠിച്ചു.

ഉടൻ തന്നെ ശ്രീരാമ നിർദ്ദേശപ്രകാരം ഇന്ദ്രപ്രേരണയനുസരിച്ച് വിശ്വകർമ്മാവ് ലങ്കയിൽ വന്നു ചേർന്നു. രാജനഗരിയുടെ കേടുപാടുകൾ തീർത്തു. മണ്ഡോദരിക്ക് ശാന്തജീവിതം നയിക്കാൻ ഒരു സ്വാത്വിക നന്ദിയും പണികഴിപ്പിച്ചു.

പിറ്റേന്ന്  ശ്രീരാമനിർദ്ദേശമനുസരിച്ച് ലക്ഷ്മണനും സുഗ്രീവഹനുമാദാദികളും ചേർന്ന് അനാഡംബരസ്ഥിതിയിൽ വിഭീഷണന് രാജ്യാഭിഷേകം നടത്തി

തുടരും .....

കമ്പരാമായണം കഥ :- 48

കമ്പരാമായണം കഥ

അദ്ധ്യായം :- 48

യുദ്ധകാണ്ഡം തുടർച്ച....

മാല്യവാന്റെ സോദരീപുത്രനാണ് പാതാളരാവണൻ. വിഷ്ണുവാനെ ഭയന്ന് പാതാളത്തിലഭയം തേടി അവിടെ ചക്രവർത്തിയായി കഴിയുകയാണ്. തപസ്സ് ചെയ്ത് ബ്രഹ്മാവിൽ നിന്നും 3 വരങ്ങൾ വാങ്ങി.  ഒരു വാഹനവും കൂടാതെ ആകാശഭൂപാതാളങ്ങളിൽ യഥേഷ്ടം സഞ്ചരിക്കുക. സകല മായാജാലവിദ്യങ്ങളും സ്വയം സ്വായത്തമായി വരിക. സ്വന്തം കൈവശമുള്ള ഭ്രമരാകൃതിയായ ഇന്ദ്രനീലരത്നം പിളർന്നാലല്ലാതെ തനിക്കു മരണം സംഭവിക്കാതിരിക്കുക. ഈ വരങ്ങളുടെ കഴിവുകൾ സ്വജനങ്ങളെ സഹായിക്കാനും അന്യജനോപകാരങ്ങൾക്കുമായി ഉപയോഗപ്പെടുത്തിവന്നു. പാതാളരാവണന് അതിക്രൂരനായ കുംഭോദരനെന്നൊരനുജനുമുണ്ട്.  ശ്രീരാമനോട് പരാജയപ്പെട്ട രാവണൻ പാതാളരാവണനെയും കുംഭോദരനേയും വരുത്തി.  കൂടിയാലോചന നടത്തി. പാതാളരാവണൻ യുദ്ധം ബുദ്ധിയല്ലന്നും മായാപ്രയോഗത്താൽ ശ്രമിക്കാമെന്നും പറഞ്ഞു.

അനന്തരം പാതാളരാവണനും കുംഭോദധരനും കൂടി ശ്രീരാമ പടകുടീരങ്ങളുടെ മുകൾ ഭാഗത്ത് എത്തി. പരിസരവീഷണം നടത്തിയ അവർ ഹനുമാൻ വാലുകൊണ്ട് കോട്ട പോലെ വളച്ച് രാമലക്ഷ്മണന്മാരെ അതിനുളളിലാക്കി  ഉയരത്തിൽ കാവലിരിക്കുന്നു. ജാംബവാൻ , അംഗദൻ , നളൻ, നീലൻ , വിവിദൻ, കുമുദൻ മുതലായവർ വാൽകോട്ടയ്ക്ക് ചുറ്റും ചുറ്റി നടന്നു പരിശോധന നടത്തുന്നു.  ഇതുകണ്ട് പാതാളരാവണൻ പാതാളത്തിലെത്തി ഊർദ്ധതുരംഗം സൃഷ്ടിച്ച്  ശ്രീരാമലക്ഷമണന്മാർക്ക് അരികിൽ എത്തി സമ്മോഹന ദിവ്യൗഷധം മണപ്പിച്ച് മയക്കി ആ തുരങ്കം വഴി പാതാളത്തിൽ മഹാകാളിയുടെ ക്ഷേത്രാങ്കണത്തിലെത്തിച്ചു.  ബാക്കി പ്രാഭാതത്തിനുമുൻപ് രാമലക്ഷ്മണന്മാരെ നരബലികൊടുക്കാൻ തയ്യാറായി.

ഹനുമാൻ സ്വന്തം വാൽക്കോട്ടയ്ക്കുളളിൽ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ടും പാതിരാത്രി നോക്കിയപ്പോൾ ശ്രീരാമലക്ഷ്മണന്മാരെ കാണാനില്ല. ഹനുമാൻ സ്വന്തം വാൽകോട്ട മാറ്റി നോക്കിയപ്പോൾ ഒരു തുരങ്കം മാത്രം അവിടെ കാണാനായി. വിഭീഷണൻ അവിടെ എത്തി. കാര്യം മനസ്സിലായ വിഭീഷണൻ,  സുഗ്രീവൻ, ഹനുമാൻ,  ജാംബവാൻ, അംഗദൻ മുതലായവർ തുരങ്കം വഴി കാളിക്ഷേത്രത്തിൽ എത്തി.  വിഭീഷണന്റെ ഉപദേശപ്രകാരം ഹനുമാൻ അന്തഃപുരത്തിൽ സൂക്ഷിച്ചിരുന്ന വരമണി തട്ടിയെടുത്തു. അനന്തരം ആ രത്നക്കല്ല് വായ്ക്കകത്താക്കി അടച്ചു പിടിച്ചു കൊണ്ട് പാതാളരാവണനോട് എതിർത്തു.  സമയനഷ്ടത്തിൽ അക്ഷമനായ ഹനുമാൻ വായിൽ കിടന്ന രത്നം കടിച്ചു പൊട്ടിച്ചു തുപ്പിയതോടൊപ്പം രാവണന്റെ നെഞ്ചിൽ ഒരിടി വച്ചു കൊടുത്തു.  ആ മായാരാക്ഷസൻ മറിഞ്ഞുവീണു മരണമടഞ്ഞു.  അംഗദൻ കുംബോദരനെ വധിച്ചു. മറ്റുരാക്ഷസനായകന്മാരെ മൃതിദേവതയ്ക്ക് ബലിനല്കി.

ജാംബവാന്റെ ഉജ്ജീവനൗഷധത്തിൽ രാമലക്ഷ്മണന്മാർ ഉണർന്നു. മറ്റു രാക്ഷസന്മാർക്ക് അഭയമേകി പാതാളരാവണന്റെ ഏകപുത്രനായ സുമാലിയെ പാതാളധിപസ്ഥാനത്ത് അഭിഷേകം നടത്തി.

സ്വന്തക്കാരും ബന്ധക്കാരും നശിച്ച രാവണൻ ചിന്താധീനനായി. ശ്രീരാമനിൽ നിന്നും തോൽവി വാങ്ങിയ രാവണൻ അന്തഃപുരത്തിലേയ്ക്കും പോയില്ല. ചിന്താധീനനായ രാവണന്റെ അരികിൽ മാല്യവാൻ എത്തിച്ചേർന്നു.  ഭീരുവിനെ പോലെ ഓടിഒളിക്കുന്നതെന്തിന് എന്ന് കേട്ട മാല്യവാനോട് രാവണൻ പറഞ്ഞു ആരുടെയും ഉപദേശം ചെവികൊളളാതെ നിർഭാഗ്യകരമായി പെരുമാറി.  ക്ഷേമപോക്ഷണം കൈവരത്തകകവണ്ണം മാർഗ്ഗോപദേശം നല്കാൻ രാവണൻ മാല്യവാനോട് അപേക്ഷിച്ചു.  രാവണൻ മാല്യവാനോട് ഇതുവരെയുളള സംഭവങ്ങൾ വിവരിച്ചു..

തുടരും .....

കമ്പരാമായണം കഥ :- 47

കമ്പരാമായണം കഥ

അദ്ധ്യായം :- 47

യുദ്ധകാണ്ഡം തുടർച്ച....

സീതയുടെ വിലാപം കേട്ടു വിഭീഷണ പുത്രി ത്രിജട വിവേകത്തോടെയും ശ്രദ്ധയോടും ദേവിയെ ആശ്വസിപ്പിച്ചു. "ദേവീ! അവിടുന്നു വിലപിക്കുന്നത് എന്തിന്? രാമദേവനോ ലക്ഷ്മണകുമാരനോ വാനരസേനയ്ക്കോ ആപത്ത് സംഭവിച്ചിട്ടില്ല . ഇത് അനുതാപം നിമിത്തമുളള ആലസ്യം മാത്രമാണ്.  അത് എന്റെ പിതാവിന്റെ മുഖഭാവത്തിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്.  അതു മാത്രമല്ല ഹനുമാനെ ഇവിടെ എങ്ങും കാണുന്നില്ല.  പ്രതിവിധാനത്തിന് ആ സ്വാമീ ഭക്തൻ എവിടെയോ പോയിട്ടുണ്ട്.  ദേവന് ആപത്തു സംഭവിച്ചിട്ടില്ല എന്നതിന് മറ്റൊരു ലക്ഷണവും കൂടിയുണ്ട്. നമ്മൾ ഇരിക്കുന്ന ഈ പുഷ്പകവിമാനം വിധവകളെ വഹിക്കയില്ല.  അത് സത്യമായ ഒരു ദിവ്യത്വമാണ്. ഭവതി ഇതിൽ ഇരിക്കുന്നുവല്ലോ അത് തന്നെ തെളിവാണ് രാമദേവന് ആപത്തു സംഭവിച്ചില്ല എന്നതിന്". ത്രിജടയുടെ ഈ വാക്കുകളിൽ ദേവി ആശ്വസിച്ചു.

അടുത്ത പ്രഭാതത്തിനു മുൻപ്,  ഔഷധങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ നാലൗഷധങ്ങളോടെ ഗിരിശൃംഗത്തെ തന്നെ കൊണ്ട് വന്നു ഹനുമാൻ.  ജാംബവാൻ ഔഷധങ്ങളെല്ലാം യുദ്ധഭൂമിയിലെല്ലായിടത്തും ഒന്നു കൊണ്ടു നടന്നു. മൃതസഞ്ജീവിനിയിൽതട്ടിപ്പരന്ന കാറ്റേറ്റ് , വീണു കിടന്ന സകലരും ജീവിച്ചെണീറ്റു. വിശല്യകരിണികൊണ്ട് , ദേശങ്ങളിൽ തറച്ചുകേറിയിരുന്ന ശല്യങ്ങളെല്ലാം നീങ്ങിപ്പോയി. ശല്യകരിണിയാൽ, ശരീരങ്ങളിലുണ്ടായിരുന്ന വ്രണങ്ങളെല്ലാം ഉണങ്ങിപ്പൊറുത്തു. സന്ധാനകരിണിയുടെ പ്രഭാവം കൊണ്ട് സകല മുറിവുകളും ചേർന്നുപിടിച്ചു.

നേരം വെളുത്തുപുലർന്നതോടു കൂടി ലക്ഷമണന്റെ നിർദ്ദേശപ്രകാരം സുഗ്രീവൻ വാനരസേനകളെ അണിനിരത്തി യുദ്ധസന്നദ്ധരാക്കി നിർത്തി. ഇന്ദ്രജിത്ത് മായായുദ്ധത്തിനായി തയ്യാറെടുത്തു.  ഒരൂ  മായാസീതയെ സൃഷ്ടിച്ച് തേരിലിരുത്തി യുദ്ധഭൂമിയിൽ കൊണ്ടു നിർത്തി ഇവൾനിമിത്തം ലങ്കയ്ക്ക് നാശം അതിനാൽ ഇവളെ ഇതാ വെട്ടിക്കൊല്ലുന്നു എന്നു പറഞ്ഞു മായാസീതയുടെ കണ്ഠം ഛേദിച്ചു കളഞ്ഞു.  പെട്ടെന്ന് മേഘനാദൻ അപ്രത്യക്ഷനുമായി.  ശ്രീരാമൻ ഒന്നു പകച്ചു.  ലക്ഷ്മണൻ അമ്പരന്നു.  സുഗ്രീവൻ ഭ്രമിച്ചു. ഹനുമാൻ വിഷമിച്ചു.

ഇത് കണ്ട് വിഭീഷണൻ കപടവിദ്യയാണെന്നും , ഇതിലാരും മയങ്ങിപ്പോകരുതെന്നും, ഇന്ദ്രജിത്തിവിടെ നിന്നും പോയി നികുംഭിലയിലെത്തി ഒരു മാരണഹോമം തുടങ്ങീട്ടുണ്ടെന്നും അതു മുഴവിച്ചാൽ അവനെ ആർക്കും കൊല്ലാനോ ജയിക്കാനോ സാധിക്കയില്ല . അതുകൊണ്ട് നാമിപ്പോൾ തന്നെ അവിടെയെത്തണമെന്നും പറഞ്ഞു.

ലക്ഷ്മണനും വിഭീഷണനും സുഗ്രീവനും ഹനുമാനും മറ്റു ചില വാനരവീരന്മാരും കൂടി നികുംഭിലയിലെത്തി. മാരണമായ ഹോമത്തിനിരിക്കുന്ന ഇന്ദ്രജിത്തിന്റെ ഭീഷണരൂപം കണ്ടു കപിവരന്മാർ അടുത്തുചെല്ലാനല്പം ഭയന്നുപോയി. ലക്ഷ്മണൻ വികലനാസ്ത്രങ്ങളയച്ച് ഹോമകുണ്ഡവും ഹോമദ്രവ്യങ്ങളും നശിപ്പിച്ചു.  ഹനുമാൻ മുതലായവർ പാറകളെറിഞ്ഞ് മേഘനാദന് ഇരിക്കപ്പൊറുതിയില്ലാതാക്കി. ആ അസഹിഷ്ണു കുലവില്ലുമായി പുറത്തേയ്ക്കിറങ്ങിവന്നു.

ഉടനെ ലക്ഷ്മണൻ "മന്ത്രം ചൊല്ലി" ക്കൊണ്ട് ഐന്ദ്രാസ്ത്രം തൊടുത്തു വിട്ടു.  ഈ സമയത്ത് ഇന്ദ്രൻ വജ്രത്തിന്റെ കാഠിന്യവും അഗ്നി സ്വന്തം തീക്ഷണതയും വായു തന്റെ വേഗതയും വിഷ്ണു സുദർശനത്തിന്റെ രൂക്ഷതയും രുദ്രൻ ശൂലത്തിന്റെ രൗദ്രത്വവും കാലൻ മൃതിദേവതയെയും ആ ഐന്ദ്രബാണത്തിൽ ആവാഹിച്ചു ചേർത്തു. അത്യുഗ്രമായിപ്പാഞ്ഞു ചെന്ന ബാണം തടയാൻ മേഘനാദനു കഴിഞ്ഞില്ല. ആ ബാണം ഇന്ദ്രജിത്തിന്റെ കണ്ഠമറുത്ത്  ശിരസ്സ് രാവണന്റെ കണ്ണുകൾക്ക് മുന്നിലൂടെപ്പറപ്പിച്ച് നികുംഭിലയിൽ ഇന്ദ്രജിത്ത് കത്തിച്ചിരുന്ന ഹോമാഗ്നിയിൽ വീഴ്ത്തി നിശ്ശേഷം ഭസ്മമാക്കി. കാറ്റടിച്ച് ആ ഭസ്മം ചിതറി സമുദ്രത്തിൽ വീണ് കലങ്ങിത്താണുപോയി.  ഇന്ദ്രജിത്തിന്റെ വേർപ്പെട്ട ശിരസ്സ് പതിവ്രതാരത്നമായ സുലോചന കണ്ഠത്തിൽ യോജിപ്പിച്ചാൽ പുനർജ്ജീവിക്കയും അയാളെ ആർക്കും കൊല്ലാനോ ജയിക്കാനോ സാധിക്കാതെയുമാകും.  അതാണ് ശിരസ്സ്  ഭസ്മമാക്കുകയും  കബന്ധദേഹം സമുദ്രത്തിൽ താഴ്ത്തിക്കളയുകയും ചെയ്തു

ശേഷം മുഴുവൻ രാക്ഷസസേനയും യുദ്ധധരണിയിൽ എത്തി ശ്രീരാമൻ അവരുമായി ഒറ്റയ്ക്ക് യുദ്ധം ചെയ്തു ആ സേനയെ നശിപ്പിച്ചു.   പിറ്റെദിവസം രാവണമന്ത്രിമാരായ മഹോദരപ്രഹസ്തന്മാർ മഹാസൈന്യങ്ങളോടുകൂടി യുദ്ധത്തിനെത്തി. മഹോദരനെ സുഗ്രീവനും പ്രഹസ്തനെ ലക്ഷ്മണനും രാക്ഷസസേനയെ വാനരസേനയും നാമാവശേഷമാക്കി.

ശേഷം രാവണൻ പത്നിമാരുമായി ആലോചിച്ചു അവശേഷിച്ച സകലസൈന്യങ്ങളോടൊപ്പം യുദ്ധത്തിനായി പുറപ്പെട്ടു. രാവണന്റെ വരവു കണ്ടു ലക്ഷ്മണൻ രാമനോട് രാവണനോട് യുദ്ധം ചെയ്യാൻ അനുമതി ചോദിച്ചു. ലക്ഷ്മണന്റെ അധ്യസ്തസ്ത്രത്താൽ വിഷമിച്ചു പോയ രാവണൻ മയൻ നല്കിയ വേൽ ലക്ഷ്മണന്റെ നേർക്ക് പ്രയോഗിച്ചു. വേൽ മാറിൽ തറച്ചുകേറിയ ലക്ഷ്മണൻ തൽക്ഷണം നിലം പതിച്ചു.

രാവണൻ ലക്ഷ്മണന്റെ ദേഹംതേരിൽക്കയറ്റി പോവാൻ ശ്രമിച്ചു. കുനിഞ്ഞു നിന്നു ലക്ഷമണന്റെ ശരീരം ഉയർത്താൻ ശ്രമിക്കുന്ന രാവണന്റെ മുതുകിൽ ഹനുമാൻ ആഞ്ഞൊരിടി കൊടുത്തു.  രാവണൻ ഞെട്ടിത്തെറിച്ച് മലച്ചു പോയി. ഉടൻ ഹനുമാൻ ലക്ഷമണനെയും എടുത്തു ശ്രീരാമനരികിലെത്തി. ശ്രീരാമൻ വേല് വലിച്ചൂരി. ലക്ഷ്മണനെ ഒന്നു തലോടിയിട്ട് വില്ലുമായി രാമൻ രാവണനോട് യുദ്ധത്തിനിറങ്ങി.   രാവണന്റെ കയ്യിലെ ആയുധങ്ങൾ എല്ലാം രാമദേവൻ മുറിച്ചു. നഷ്ടശസ്ത്രനും ക്ലിഷ്ടഖാത്രനുമായിത്തീർന്ന രാവണനോട് നിരായുധനായ നീ തിരികെ പോയി നാളെ സർവ്വവിധ ഒരുക്കത്തോടെ തിരികെ വരിക എന്ന് പറഞ്ഞു വിട്ടയച്ചു. അഭിഭാനഹാനിയോടു കൂടി മുഖവും താഴ്ത്തി സ്വന്തം രാജധാനിയിലേയ്ക്ക് തിരിച്ചു പോയി രാവണൻ.  തിരിച്ചത്തിയ ശ്രീരാമൻ ലക്ഷ്മണനരികിൽ വിഷമിച്ചിരിക്കേ ഹനുമാൻ" മൃതസഞ്ജീവിനി" യും  "സന്ധാനകരിണി" യും കൊണ്ട് വന്നു ചേർന്നു. ആ ദിവ്യൗഷധത്താൽ ലക്ഷ്മണൻ സുഖം പ്രാപിച്ചു.

തുടരും .....