ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 September 2017

ആറാട്ട്‌

ആറാട്ട്‌

പരമസമാധിയില്‍ ലയിച്ച ദേവന്‍ അമൃതവര്‍ഷണം നടത്തുന്ന സന്ദര്‍ഭത്തെയാണ്‌ ആറാട്ട്‌ എന്നുപറയുന്നുത്‌. പരമാനന്ദാവസ്ഥയിലാണല്ലോ യോഗശാസ്ത്ര പ്രകാരം അമൃതപ്രവാഹം നടക്കുന്നത്‌. മൂലാധാരത്തില്‍ മൂന്നരചുറ്റായിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണര്‍ന്ന്‌ ഷഡാധാരങ്ങളെ ഭേദിച്ച്‌ ശിവസാന്നിദ്ധ്യമായ സഹസ്രാരപത്മത്തില്‍ ചെന്ന്‌ ശിവന്‍ ശിവനില്‍ലയിക്കുമ്പോഴാണ്‌ പരമാനന്ദാവസ്ഥയെന്ന്‌ പറയുന്നത്‌. ആ സന്ദര്‍ഭത്തിലാണ്‌ ദിവ്യമായ അമൃതപ്രവാഹം നടക്കുന്നത്‌. ഈ അവസ്ഥയുടെ പ്രതീകമായിട്ടാണ്‌ ദേവനെ ജലാശയത്തിലേക്ക്‌ എഴുന്നെള്ളിച്ച്‌ ദിവ്യസ്നാനത്തിനായി സജ്ജമാക്കുന്നത്‌. ആറാട്ട്‌ നടക്കുമ്പോള്‍ ജലാശയം അമൃതപൂര്‍ണ്ണമാകുന്നു. ഈ സമയത്ത്‌ ദേവനോടൊപ്പം ഭക്തജനങ്ങളും ജലാശയത്തിലിറങ്ങി മുങ്ങിനിവര്‍ന്ന്‌ അമൃതാവസ്ഥ അനുഭൂതി പ്രദമാക്കണം. ദേവന്റെ ആറാട്ട്‌ സമയത്ത്‌ ജലാശയത്തില്‍ ആകാശഗംഗയുടെ സാന്നിധ്യമുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു.
ആറാട്ടിന്റെ ആദ്യ ചടങ്ങ്‌ യാത്രാഹോമമാണ്‌. അന്വാധാനം (ഹോമാഗ്നി തയ്യാറാക്കിയശേഷം അതില്‍ വിറകിടുക) മുതല്‍ ഇധ്മം വരെ ചെയ്ത്‌ ഹോമം നടത്തി പ്രസന്ന പൂജ ചെയ്ത്‌ ആറാട്ട്ബലി തൂകേണ്ട ഹവിസ്സിനെ പൂജിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ ഉഷഃപൂജ, നിത്യബലി തുടങ്ങിയവ പൂര്‍ത്തീകരിച്ചശേഷം ഉച്ചപൂജയ്ക്ക്‌ പീഠം പൂജിച്ച്‌ ആവാഹിച്ച്‌ സ്നാനം വരെ ഉപചാരങ്ങള്‍ ചെയ്ത്‌ അരി, ചെറുപയര്‍, ഉഴുന്ന്‌, യവം, സ്വര്‍ണ്ണം, മഞ്ഞള്‍, അഷ്ടഗന്ധം തുടങ്ങിയ പൊടിച്ച്‌ അവയെ ബിംബത്തില്‍ മുഴുവനായും തേയ്ക്കേണ്ടതാണ്‌. പിന്നെ നീരാഞ്ജനം ചെയ്ത്‌ ബലിബിംബത്തെ ദേവാഭിമുഖമാക്കി ഒരു പലകയില്‍ വച്ച്‌ അഭിഷേകം നടത്തണം. തുടര്‍ന്ന്‌ ഭൂതസംഹാരം, ശോഷണാദികള്‍ എന്നിവ നടത്തി വ്യാപകാംഗത്തിന്‌ ശേഷം പീഠം പൂജിച്ച്‌ മൂലബിംബത്തില്‍ നിന്ന്‌ പൂര്‍ണ്ണപുഷ്പാഞ്ജലി ചെയ്ത്‌ ദേവനെ തീര്‍ത്ഥയാത്രയ്ക്ക്‌ ക്ഷണിക്കേണ്ടതാണ്‌.
തുടര്‍ന്ന്‌ മൂലബിംബത്തില്‍ നിന്ന്‌ ചൈതന്യാംശത്തെ ആവാഹിച്ച്‌ ഉത്സവബിംബത്തിലാക്കി പാണികൊട്ടി വാഹനമന്ത്രവും ഉത്തിഷ്ഠമന്ത്രവും ചൊല്ലി പരികര്‍മ്മികളുടെ കൈയില്‍ തന്ത്രി ഉത്സവബിംബത്തെ നല്‍കുന്നു.
പിന്നീട്‌ ശ്രീഭൂതബലി മന്ത്രങ്ങള്‍ ചൊല്ലി ദ്വാസ്ഥന്മാര്‍, ദിക്പാലകന്മാര്‍, വാഹനം, ഗണപതി, ദക്ഷിണാമൂര്‍ത്തി, മാതൃക്കള്‍ തുടങ്ങി നിര്‍മ്മാല്യധാരി വരെ ബലിതൂകിയ ശേഷം സഭാദ്വാസ്ഥന്മാര്‍, വലിയ ബലിക്കല്ല്‌, ധ്വജദേവതകള്‍, വാഹനം (ധ്വജത്തില്‍) എന്നിവര്‍ക്ക്‌ ബലിതൂകി ശ്രീഘ്രബലി നടത്തി ക്ഷേത്രപാല ബലി നടത്തി, കൊടിമരച്ചുവട്ടില്‍ വന്ന്‌ വാഹനത്തിന്‌ പൂജ ചെയത്‌ ബലിതൂകി പ്രസന്നപൂജ ചെയ്തതിന്‌ ശേഷം ധ്വജ ചൈതന്യത്തെ ദേവനില്‍ ഉദ്വസിച്ച്‌ ഉത്സവബിംബത്തെ ആനപ്പുറത്തോ, രഥത്തിലോ, പല്ലക്കിലോ കയറ്റിവച്ച്‌ ഗോപുരദ്വാസഥന്മാര്‍ക്ക്‌ ബലിതൂകി വാദ്യഘോഷങ്ങളുടെയും ജയജയ ശബ്ദഘോഷത്തോടെയും അല്ലെങ്കില്‍ ഗോവിന്ദ നാമജപത്തോടെയും ഭക്തന്മാരുടെ അകമ്പടിയോടെ ആറാട്ട്‌ നടത്തേണ്ട ജലാശയത്തിലേക്ക്‌ ദേവനെ എഴുന്നള്ളിക്കേണ്ടതാണ്‌.
ജലാശയത്തിലെത്തിയാല്‍ അവിടെ പ്രത്യേകം സജ്ജമാക്കിയ ആറാട്ട്‌ കടവില്‍ ഉത്സവബിംബത്തെ ഒരു പീഠത്തില്‍ വയ്ക്കേണ്ടതാണ്‌. തന്ത്രി കുളിച്ച ശേഷം ദേഹശുദ്ധ്യാതി ക്രിയകള്‍ ചെയ്ത്‌ പീഠത്തെ പൂജിച്ച്‌ ആവാഹിച്ച്‌ വ്യാപകാംഗാദി ചെയ്ത്‌ ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്‌ ജലാശയത്തില്‍ പുണ്യാഹം തളിച്ച്‌ ഗംഗ, വരുണന്‍, ദേവന്‍ എന്നിവരെ ആവാഹിച്ച്‌ പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത്‌ ആചാര്യന്‍ നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന്‌ ബിംബവുമായി മൂന്നുതവണ മുങ്ങി ഉയരണം. പിന്നീട്‌ ബിംബത്തില്‍ മഞ്ഞള്‍ പൂശി ബിംബവുമായി അഘമര്‍ഷണസൂക്തം മൂന്നുരു ജപിച്ച്‌ മൂന്നുതവണ വീണ്ടും മുങ്ങി ഉയര്‍ന്ന്‌ പീഠത്തില്‍ എഴുന്നള്ളിച്ച്‌ വയ്ക്കുന്നു. പിന്നെ ആചാര്യന്‍ നൂതന വസ്ത്രത്തെ ധരിച്ച്‌ കാലും കഴുകി ബിംബത്തില്‍ വസ്ത്രാദി ഉപഹാരങ്ങള്‍ നല്‍കി മൂര്‍ത്തി പൂജയും ചെയ്ത്‌ നിവേദ്യം സമര്‍പ്പിച്ച്‌ വൈശ്യഹോമവും നടത്തുന്നു. തുടര്‍ന്ന്‌ ജലത്തില്‍ ബലിതൂകി പ്രസന്നപൂജയും തീര്‍ത്ഥചൈതന്യത്തെ ഉദ്വസിക്കുകയും ചെയ്തതിന്‌ ശേഷം ലയാംഗവും ചെയ്ത്‌ പ്രാര്‍ത്ഥിക്കേണ്ടതാണ്‌. 
ആറാട്ട്‌ കടവില്‍ നിന്ന്‌ നീരാജനം നടത്തി ബിംബത്തെ വാഹനത്തില്‍ വച്ച്‌ വേഗത്തില്‍ മതില്‍ക്കെട്ടിനകത്തേക്ക്‌ എഴുന്നെള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ വേഗത്തില്‍ മതില്‍കെട്ടിനകത്തേക്ക്‌ എഴുന്നള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ ശ്രീകോവിലില്‍ ചെന്ന്‌ ഉത്സവബിംബത്തിലെ ചൈതന്യത്തെ മൂല ബിംബത്തിലേക്ക്‌ ആവാഹിക്കുന്നു. തുടര്‍ന്ന്‌ കലശാഭിഷേകങ്ങള്‍ നടത്തി പരിവാരങ്ങള്‍ക്ക്‌ അവസ്രാവപ്രോഷണവും ശ്രീഭൂതബലിയും നടത്തുന്നു. ആചാര്യന്‍ പിന്നീട്‌ ആരോഹണം നടത്തിയ ധ്വജത്തെ മന്ത്രപുരസ്സരം അവരോഹണം നടത്തുന്നു. ഇതോടുകൂടി ഉത്സവം സമാപിക്കുന്നു.

28 September 2017

ശൂലിനീ ദേവി

ശൂലിനീ ദേവി

ദുർഗ്ഗയുടെ ഒരു  ഉഗ്രരൂപമാണ് ശൂലിനീദേവി. ഹിമാചൽപ്രദേശിൽ ദുർഗ്ഗാഭഗവതി ശൂലിനീരൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. കിഴക്കെ ഇന്ത്യയില് യുദ്ധദേവതയായിട്ടാണ് ശൂലിനി ആരാധിക്കപ്പെടുന്നത് . നരസിംഹത്തിന്റെ കോപം ശമിപ്പിക്കാൻ ശിവൻ ശരഭരൂപത്തിൽ അവതാരമെടുത്തപ്പോൾ ശരഭത്തിന്റെ ഒരു ചിറക് ശൂലിനിദേവി ആയിരുന്നു.
ശൂലിനിക്ക് കറുത്തനിറമാണ്. ആയുധങ്ങളോടുകൂടിയ എട്ട് കൈകൾ ഉണ്ട്. ദേവിയുടെ പ്രധാന ആയുധം ത്രിശൂലമാണ്. ഗദകൾ ധരിച്ച നാല് സേവകര് ദേവിയുടെകൂടെ ഉണ്ട്.
ശത്രുജയത്തിനും ഐശ്വര്യപ്രാപ്തിക്കും വേണ്ടിയാണ് ശൂലിനിദേവിയെ ആരാധിക്കുന്നത്. പിതൃദോഷം ഉള്ളവര് ശൂലിനിയെ ഉപാസിച്ചാൽ അവരുടെ ദോഷം നശിക്കും. ഭക്തസങ്കടങ്ങള് നശിപ്പിക്കുന്ന ഉഗ്രമൂർത്തിയാണ് ശൂലിനിദേവി. ഹിരണ്യകശിപുവിനെ വധിക്കുന്നതിന് വേണ്ടി മഹാവിഷ്ണു നരസിംഹരൂപം എടുത്തു. നരസിംഹരൂപിയായ വിഷ്ണു ഹിരണ്യകശിപുവിനെ കൊട്ടാരത്തിന്റെ പടികളിൽ കിടത്തി വധിച്ചു. അതിനുശേഷം ഹിരണ്യകശിപുവിന്റെ രക്തം കുടിക്കാൻ തുടങ്ങി. നരസിംഹത്തിന്റെ ക്രോധാവേശം എന്നിട്ടും അടങ്ങിയില്ല. നരസിംഹത്തിന്റെ ക്രോധം ശമിപ്പിക്കാൻ ദേവന്മാര് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോൾ പരമശിവൻ സിംഹം, പക്ഷി, മനുഷ്യൻ എന്നീ രൂപങ്ങള് കൂടിചേർന്ന ശരഭരൂപം കൈക്കൊണ്ടു. ശരഭത്തിന്റെ ഒരു ചിറക് ശൂലിനിയും മറ്റൊരു ചിറക് പ്രത്യംഗിരയും ആയിരുന്നു.

ശൂലിനീകല്പം, ശാരദാതിലകം തുടങ്ങിയ അനേകം തന്ത്രഗ്രന്ഥങ്ങളില് ശൂലിനി മന്ത്രസാധനയെകുറിച്ച് വിവരിച്ചിട്ടുണ്ട്. ശത്രുനാശത്തിന് ശൂലിനീഹോമം ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

പുരശ്ചരണം

പുരശ്ചരണം

മന്ത്രങ്ങൾ അനുഭവസിദ്ധമാകണമെങ്കിൽ പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു. ഏതൊരുസ്ഥലത്ത് ഇരുന്നാൽ മനസ്സിനു ഏകാഗ്രതകിട്ടുന്നുവോ ആ സ്ഥലത്തെ പുരശ്ചരണത്തിനു തിരഞ്ഞെടുക്കണം.

ഏതുമന്ത്രം സിദ്ധിവരുത്തണമെങ്കിലും പ്രാരംഭമായി പതിനായിരം സംഖ്യ ജപിച്ചിരിക്കണം. ഒരു മന്ത്രത്തിൽ. എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം സംഖ്യക്രമത്തിൽ ജപിച്ചുതീർക്കണം. പഞ്ചാക്ഷരമന്ത്രത്തിന് അഞ്ചുലക്ഷവും. അഷ്ടാക്ഷരമന്ത്രത്തിന് എട്ടുലക്ഷവും. രാമഎന്ന മന്ത്രത്തിന് രണ്ടുലക്ഷവും. ഗായത്രിമന്ത്രത്തിന് ഇരുപത്തിനാലുലക്ഷവും ജപിച്ചിരിക്കണം. ജപത്തിൽ പകുതി സംഖ്യതർപ്പണവും, അതിൽ പകുതി സംഖ്യ ഹോമവും, അതിൽ പകുതിയോ പത്തിലൊന്നോ കാൽ കഴുകി ഊട്ടും നടത്തണം, എന്നാലേ പുരശ്ചരണം പൂര്ത്തിയാവൂ.

തർപ്പണവും ഹോമവും, കാൽ കഴുകി ഊട്ടും നടത്താത്തപക്ഷം ഇരട്ടി സംഖ്യ ജപിച്ചാലും മതി. അതായത് പഞ്ചാക്ഷരത്തിന് 10ലക്ഷം, മറ്റുമന്ത്രങ്ങൾക്കും ഈ ക്രമത്തിൽ കണ്ടുകൊള്ളണം. മന്ത്രശോധനക്കുമുമ്പായി ആത്മശോധനചെയ്യണം. ആത്മശോധനകഴിയുമെങ്കിൽ മൂന്നലക്ഷമോ അഥവാ ഒരു ലക്ഷമോ എങ്കിലും അഭിലകഷിതമന്ത്രം ജപിച്ചതിനു ശേഷമേ പുരശ്ചരണത്തിന് ആരംഭിക്കാവൂ.

തുളസിയുടെ വൈശിഷ്‌ട്യം

തുളസിയുടെ വൈശിഷ്‌ട്യം

പദ്‌മപുരാണം ഉത്തരകാണ്ഡത്തില്‍ തുളസിയുടെ മഹത്വത്തെപ്പറ്റി എന്തെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌ ! കാര്‍ത്തികമാസത്തില്‍ തുളസിയുടെ ദര്‍ശനസ്‌പര്‍ശന പൂജകള്‍ കൊണ്ടു അന്നുവരെയുണ്ടായപാപം പരിഹരിക്കുപ്പെടും. തുളസികൊണ്ടുള്ള വിഷ്‌ണുപൂജ വൈകുണ്‌ഠ പ്രാപ്‌തിക്കു വഴിയൊരുക്കും. തുളസിയില്‍തട്ടി വരുന്ന കാറ്റിനു ദിവ്യൗഷധശക്തിയുണ്ട്‌. തുളസിച്ചെടി നിഴല്‍ വിരിക്കുന്ന സ്ഥാനത്തുവെച്ചു നടത്തുന്ന പിണ്ഡക്രിയ പിതൃക്കള്‍ക്കു പരമപ്രീതികരമാണ്‌. തുളസിത്തറയിലെ മണ്ണുകൊണ്ടു തിലകം തൊട്ടാല്‍ കലിബാധയകലും. ഇത്യാദി.

ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ഗണേശകാണ്ഡത്തില്‍ ഗണപതി തുളസിയെ കീര്‍ത്തിക്കുന്ന ഒരു ഭാഗമുണ്ട്‌.

പുഷ്‌പാണാം സാരഭൂതാത്വം
ഭവിഷ്യതിമനോരമേ!
കലാംശേന മഹാഭാഗേ!
സ്വയം നാരായണപ്രിയേ!
പ്രിതാത്വം സര്‍വ്വദേവാനാം
കൃഷ്‌ണസ്യഹി വിശേഷത:
പൂജാവിമുക്തിദാ നൃണാം
മമത്യാജ്യാച സര്‍വദാ,

തുളസിയുടെ മേന്മയെ അംഗീകരിക്കുന്ന ഗണപതി, തുളസി തനിക്കു വര്‍ജ്ജ്യയാണെന്നു പറയാന്‍ എന്താണാവോകാരണം?

അതിന് ഇങ്ങനെയും കഥ കേൾക്കുന്നുണ്ട്. 

ഗണപതിശാപം

രാധയുടെ ശാപമേറ്റ കൃഷ്‌ണപ്രീയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോൾ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ താൻ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം. 

ഇതിൽ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാൽ തനിയ്ക്കുള്ള പൂജകളിൽ തുളസിയില ഉൾപ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്കി. ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരൻ ദൈവങ്ങൾക്കു തന്നെ തോല്പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. എന്നാൽ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോല്പിയും സംഭവിയ്ക്കാമെന്ന വരമാണ് ലഭിച്ചത്.

ശംഖചൂഡന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്താല്‍ മൂന്നുലോകവും അടക്കി വാണു. ദേവന്മാര്‍ക്കു ഒരിടത്തും സ്ഥാനമില്ലാതായി. അവര്‍ പരമശിവനെ സമീപിച്ച്‌ അസുരഭരണമവസാനിപ്പിച്ചുകൊടുക്കണമെന്ന്‌ അപേക്ഷിച്ചു. പത്‌നിയായ തുളസിയുടെ പാതിവ്രത്യശക്തിയാണു ശംഖചൂഢനെ അജേയനാക്കിത്തീര്‍ക്കുന്നതെന്നും അവളുടെ ചാരിത്ര്യത്തിനു ഭംഗം വരുത്താതെ ശംഖചൂഡനെ നിഗ്രഹിക്കുക സാധ്യമല്ലെന്നും ശ്രീ പരമേശ്വരന്‍ ദേവന്മാരെ ധരിപ്പിച്ചു. അവര്‍ ശിവന്റെ നേതൃത്വത്തില്‍ മഹാവിഷ്‌ണുവിനെ സമീപിച്ചു വിവരം ധരിപ്പിച്ചു. അസുര നിഗ്രഹത്തിനു യാതൊരു പോംവഴിയുമില്ലെന്നുകണ്ട്‌ മഹാവിഷ്‌ണു ഒരു കപടതന്ത്രം തന്നെ കൈക്കൊണ്ടു. പുരാരിയായ ഇന്ദുചൂഢന്‍ സുരാരിയായ ശംഖചൂഡനോട്‌ ഏറ്റുമുട്ടുക. അതിനിടയില്‍ താന്‍ ശംഖചൂഡന്റെ കപട വേഷം പൂണ്ട്‌ തുളസിയുടെ ചാരിത്ര്യത്തിനുഭംഗം വരുത്തുക. ഇതായിരുന്നു മഹാവിഷ്‌ണു നിര്‍ദ്ദേശിച്ച കുതന്ത്രം. നിര്‍ദ്ദിഷ്‌ട്‌ തന്ത്രം രണ്ടും നിര്‍വഹിക്കപ്പെട്ടതോടെ ശംഖചൂഡന്‍ ഇന്ദുചൂഡനാല്‍ ഹതനായിത്തീരുകയും ചെയ്‌തു.

വഞ്ചിതയായി താന്‍ എന്നറിഞ്ഞ തുളസി വിഷ്‌ണുവിനെ ശപിച്ചു. “നീ ശിലാരൂപിയായിപ്പോകട്ടെ. ഒരവതാരത്തിലും സ്വശക്തി അറിയാതെ പോകട്ടെ”. പെട്ടെന്നു സമനിലകൈക്കൊണ്ട തുളസി ശാപം പിന്‍വലിച്ച്‌ മഹാവിഷ്‌ണുവിന്റെ പാദത്തില്‍ കുമ്പിട്ടും ഭഗവാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച്‌ ആശ്വസിപ്പിച്ചു. “ഭദ്രേ! പെട്ടെന്നു നീ നിന്റെ ഭൗതിക ശരീരം വെടിയും, ലക്ഷ്‌മിക്കുതുല്യമായ നില എന്നില്‍ നിനക്കു ഉണ്ടായിരിക്കുകയും ചെയ്യും നിന്റെ ശരീരം ഗണ്ഡകീനദിയായും തലമുടി കൃഷ്‌ണ തുളസിച്ചെടിയായും പരിണമിക്കും. നിന്റെ ഭര്‍ത്താവിന്റെ അസ്‌തികളില്‍ നിന്നു ശംഖും ഉണ്ടാകും. തുളസിയും ശംഖും എന്റെ ആരാധനയ്‌ക്കായി ഭക്തജനങ്ങള്‍ പ്രയോജനപ്പെടുത്തു. അങ്ങനെ തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിച്ചെടിയായും രൂപാന്തരപ്പെട്ടുവത്രെ.

പദ്മ പുരാണത്തില്‍ തുളസീചരിതം വ്യത്യസ്തമായിട്ടാണു പ്രസ്താവിച്ചിട്ടുള്ളത്. ജലന്ധരി പത്നിയായ വൃന്ദയുടെ സൗഷ്ഠവത്തില്‍ മഹാവിഷ്ണു മോഹിതനായതുകൊണ്ട് ദേവന്മാര്‍ വിഷ്ണുവിനെ ആ ഏര്‍പ്പാടില്‍ നിന്നും പിന്തിരിപ്പിക്കുവാന് പരമശിവനെ പ്രേരിപ്പിച്ചു. മോഹവും മോഹഭംഗവും പോലുള്ള സ്ത്രീപുരുഷവിഷയങ്ങളെല്ലാം മഹാമായയുടെ വകുപ്പില്‍പെട്ടവയാകയാല്‍ തനിക്കതില്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു ശിവന്‍  ഒഴിഞ്ഞുമാറി. ദേവകള്‍, മഹാമായയെ നേരിട്ട് കണ്ട് വിഷ്ണുവിന്റെ പരസ്ത്രീസംഗ ദോഷത്തെപ്പറ്റി നിവേദനം നടത്തി. മഹാമായ അതുകേട്ടു ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാന്‍ സത്വഗുണപ്രധിനിധീകരിച്ച് ഏകവദ്ഭാവം പൂണ്ട് നിങ്ങളുടെ മുമ്പില്‍ ആവിര്‍ഭവിച്ച് ദര്‍ശനംതരും. അതോടെ വിഷ്‌ണുവിനെ കുടുക്കിയ മായാമോഹവലയം മുറിയും”.
(മായയിൽ നിന്നും മോചനം യോഗമായയിൽനിന്നും)

മഹാമായ മൂന്നുദേവിമാരേയും പ്രതിനിധീകരിച്ച്‌ ഉടനടി മറ്റൊരു രൂപം കൈക്കൊണ്ടു ദേവകള്‍ക്കു ദര്‍ശനം അരുളി. ആ ദേവിരൂപം ദേവകള്‍ക്കു ഒരു മന്ത്രം ഉപദേശിച്ചു. ദേവകള്‍, ആ മന്ത്രം ജപിച്ചപ്പോള്‍ ദേവിയുടെ ശൗര്യംശത്തില്‍ നിന്നു തുളസിയും ലക്ഷ്‌മ്യാംശത്തില്‍നിന്നു പിച്ചിയും സ്വാഹാംശത്തില്‍ നിന്നു ആമലകിയും (നെല്ലി) ആവിര്‍ഭവിച്ചു.

മാതാതുളസീ ഗോവിന്ദ
ഹൃദയാനന്ദകാരിണി!
നാരായണസ്യപൂജാര്‍ത്ഥം
ലുനാമി ത്വാം നമോസ്തുതേ.
ത്വയാവിനാ മഹാഭാഗേ
സമസ്തം കര്‍മ്മനിഷ്ഫലം.
അതസ്തുളസി ദേവി ത്വാം
ചിനോമി വരദാഭവ.
ലവനോദ്ഭവദുഃഖം യദ്
ദേവി! തേഹൃദിവര്‍ത്തതേ
തല്‍ക്ഷമസ്വ ജഗന്മാത:
തുളസി ത്വം നമാമ്യഹം.

ഭഗവല്‍ പ്രിയയായ തുളസീമാതാവെ! അടിയന് ഈ പൂകിള്ളുന്നത് ദേവപൂജക്കാണ്. അവിടുത്തെ കൂടാതെയുള്ള പൂജാ കര്‍മ്മമേതും നിഷ്ഫലമാണു ദേവീ! അതുകൊണ്ടാണ് ഈയുള്ളവന് ഈ പൂ ശേഖരിക്കുന്നത്. അടിയനെ അനുഗ്രഹിക്കണെ! അടിയന്റെ കൈക്കുറ്റപ്പാടുകൊണ്ടു അവിടുത്തേക്കു തട്ടുന്ന നൊമ്പരമുണ്ടല്ലോ അത് ലോകമാതാവായ അവിടുന്നു ക്ഷമിക്കണേ!

സാധകന്റേ ഉള്ളിലെ കൈലാസം

സാധകന്റേ ഉള്ളിലെ കൈലാസം

ഓരോ മനുഷ്യനും  ഹിമാലയത്തില്‍ കയറേണ്ടതുണ്ട്. ഓരോ വ്യക്തിയും ഈ കൈലാസശൃംഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന സാധനാക്രമങ്ങളില്‍ മുഖ്യമാണ്  വ്രതം. ഭൗതിക ജഗത്തില്‍ ഹിമാലയം അങ്ങു വടക്കാണ്. എന്നാല്‍ ഓരോ സാധകന്റേയും ഉള്ളിലുമുണ്ട് മഞ്ഞണിഞ്ഞ ഈ മഹാപര്‍വ്വതം. അതിനു മുകളില്‍ അഥവാ ഭക്തന്റെ ഉള്ളിന്റെ ഉള്ളിലാണ് മാനസ സരസ്സും കൈലാസപര്‍വ്വതവും  വിരാജിക്കുന്നത്. അതിനും മുകളിലാണ് പാര്‍വ്വതീ പരമേശ്വരന്മാരുടെ വിഹാരമണ്ഡപം. അത് ഏറ്റവും ഉള്ളിലായിരിക്കുന്നു. അവരവരുടെ  ഉള്ളിലുള്ള ഹിമാലയമേറാനാണ്  വൃതചര്യകള്‍. ശുദ്ധീകരണം കൊണ്ടേ ഉള്ളിലേയ്ക്കുള്ള യാത്ര സുഗമമാകു. വ്രതങ്ങള്‍ ശരീര മനോബുദ്ധികളെ ശുദ്ധീകരിക്കുന്നു. ശ്രദ്ധയോടും ഭക്തിയോടും ചെയ്യപ്പെടുന്ന നാമജപവും ക്ഷേത്രദര്‍ശനവും പൂജാനുഷ്ഠാനങ്ങളും ഉള്ളിലെ ഹിമാലയത്തിനു മുകളിലേയ്ക്ക് ഭക്തനെ നയിക്കുന്ന ഗരുഡചിറകുകളാണ്. ഭക്തിയുടേയും ശ്രദ്ധയുടേയും തീവ്രത അനുസരിച്ചായിരിക്കും ഈ മലകയറ്റത്തിന്റെ വേഗത. ശ്രദ്ധയും ഭക്തിയും കുറഞ്ഞുപോകാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിത്യേനയുള്ള ക്ഷേത്രദര്‍ശനവും നാമജപാദികളുമെല്ലാം അതിനു സഹായിക്കും.

27 September 2017

ഗൃഹിണി

ഗൃഹിണി

ഗൃഹസ്ഥന്റെ അത്യുൽകൃഷ്ടമായിരിക്കുന്ന ധർമ്മം മുഴുവൻ ആചരിക്കുവാനുള്ള ശക്തിയാണ് ഗൃഹത്തിലെ ലക്ഷ്മി,  ഐശ്വര്യം. പ്രത്യക്ഷത്തിൽ ആ ഐശ്വര്യത്തെ ഗൃഹിണിയുടെ രൂപത്തിൽ തന്റെ ഭാര്യയുടെ രൂപത്തിൽ ആണ് കാണുക.  ഗൃഹലക്ഷ്മിയായിട്ട് അവർ വിളങ്ങുന്നു.  ഗൃഹത്തിൽ എല്ലാതരത്തിലുള്ള ഐശ്വര്യത്തിന്റെയും ധർമ്മത്തിന്റെയും ത്യഗത്തിന്റെയും മുഴുവൻ സമ്പൂർണ്ണമായിട്ടുള്ള സ്വരൂപമാണ് ആ ഗൃഹിണി. അത്തരത്തിലുള്ള ഗൃഹിണി ഒരു ഗൃഹത്തിൽ ഉണ്ടെന്നുവരികിൽ പിന്നെ അവിടെ  ഒന്നിന്നും ഒരു കുറവുവരില്ല, കുറവ് ഉണ്ടാവില്ല.

26 September 2017

പ്രാണാദിവായുക്കൾ

പ്രാണാദിവായുക്കൾ

സമാനവായു ആകാശാംശമാകയാല്‍ ആകാശത്തെപ്പോലെ ശരീരമദ്ധ്യമായ നാഭിസ്ഥാനത്തിരുന്ന് ഭക്ഷണസാധനങ്ങളെ സര്‍വ്വ അംഗങ്ങള്‍ക്കും പകുത്തുകൊടുക്കും.

വ്യാനവായു വായ്വംശമാകയാല്‍ വായുവിനെപ്പോലെ സര്‍വ്വഅംഗങ്ങളിലുമിരുന്ന് ശരീരത്തെ നിലനിര്‍ത്തും.

ഉദാനവായു അഗ്ന്യംശമാകയാല്‍ അഗ്നിയെപ്പോലെ കണ്ഠസ്ഥാനത്തിരുന്ന് ജഠരാഗ്നിയെ ജ്വലിപ്പിച്ച് അന്നപാനാദികളെ ഉള്ളിലേയ്ക്ക് കടത്തിക്കൊണ്ടിരിക്കും.

അപാനവായു ജലാംശമാകയാല്‍ ജലത്തെപ്പോലെ ഗുദസ്ഥാനത്തിലിരുന്നു മലമൂത്രവിസര്‍ജ്ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും.

പ്രാണവായു പൃഥ്വ്യംശമാകയാല്‍ ഭൂമിയെപ്പോലെ ഹൃദയസ്ഥാനത്തിരുന്ന് ഉച്ഛ്വാസനിശ്ശ്വാസങ്ങളെ ചെയ്യിക്കും.

വേറെ നാഗന്‍, കൂര്‍മ്മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ ഇങ്ങനെ അഞ്ച് ഉപവായുക്കള്‍ക്കൂടി ഉണ്ട്.

നാഗന്‍ ഛര്‍ദ്ദിയേയും,
കൂര്‍മ്മന്‍ വിക്കല്‍ ഏമ്പക്കം, കണ്ണടയ്ക്കല്‍ മിഴിക്കല്‍ ഇവയേയും,
കൃകലന്‍ തുമ്മല്‍ വലിവ് മുതലായവയേയും, ദേവദത്തന്‍ ചിരി, വചനം കോട്ടുവായ് ഇവയേയും ചെയ്യും.

ധനഞ്ജയനാകട്ടെ, പ്രാണന്‍ പോയശേഷവും ദുര്‍ഗ്ഗന്ധങ്ങളെ പുറപ്പെടുവിച്ചുകൊണ്ട്  ശരീരത്തിലിരുന്നു വീങ്ങി തലവിള്ളലിനെചെയ്യും.

പ്രാണാദിവായുക്കളഞ്ചും ആന്തരങ്ങളും, ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കു ഹേതുക്കളുമാകുന്നു. എന്നാല്‍ നാഗാദിപഞ്ചവായുക്കളാകട്ടെ, പ്രാണാദികളെ അപേക്ഷിച്ച് ബാഹ്യങ്ങളും വാഗാദി കര്‍മ്മേന്ദ്രിയങ്ങളുടെ ചേഷ്ടക്കു കാരണഭൂതങ്ങളുമാണ്.