ക്ഷേത്ര അടിയന്തിര വാദ്യത്രയങ്ങളിൽ (തിമില, വലന്തല, ചേങ്ങില) പ്രധാനിയായ ഒരു വാദ്യമാണ് ചേങ്ങില. ഘനവാദ്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന വൃത്താകൃതിയിലുള്ള ഈ വാദ്യം വെള്ളോട് (ഓട്, പിത്തള, വെളുത്തീയം എന്നിവ കൂട്ടിച്ചേർത്ത്) ഉപയോഗിച്ച് ആണ് നിർമിക്കുന്നത്. അറ്റത്തുള്ള രണ്ടു ദ്വാരങ്ങളിലൂടെ ചരട് കോർത്ത് ഇടതുകയ്യിലെ തള്ളവിരലിൽ അണിഞ്ഞാണ് ഈ വാദ്യം കൊട്ടുന്നത്. കൊട്ടാനായി കോലുപയോഗിക്കുന്നു (തെങ്ങിന്റെ ഉണങ്ങിയ "കോഞ്ഞാട്ട").
"ണാം" എന്ന തുറന്ന ശബ്ദവും "ണ" എന്ന അടഞ്ഞ ശബ്ദവും വ്യക്തമായി ധ്വനിപ്പിച്ചുകൊണ്ടു പാണികൊട്ടിനു നിർബന്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില. കൂടാതെ ശീവേലി, ശ്രീഭൂതബലി, ഉത്സവബലി, ശുദ്ധിക്രിയകൾ, കലശപൂജ, അഭിഷേകങ്ങള്‍, കൊട്ടിപ്പാടിസേവ, കഥകളിപ്പദം എന്നിവയിലെല്ലാം ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില.
വലിയപാണി കൊട്ടുമ്പോള്‍ മരത്തിനോളം പ്രാധാന്യം ചേങ്ങിലയ്കുമുണ്ട് . അക്ഷരമാത്രകളിലധിഷ്ടിതമായ മരപ്പാണിയില്‍, മരം കൊട്ടുന്നയാള്ക്കു തുണയായ് കൈകളുടെ ഗതിവിഗതികള്‍ കൃത്യമായി കാണിച്ചുകൊടുക്കുന്നതില്‍ ചേങ്ങിലക്കാരന് സുപ്രധാനചുമതലയുണ്ട്.
മന്ത്രോച്ചാരണങ്ങൾ കൊണ്ടും, മണിനാദം കൊണ്ടും പൂജാരി ഈശ്വര ചൈതന്യത്തെ ഉണർത്തുമ്പോൾ, കൊട്ടിപ്പാടിസേവയിൽ കിർത്തനങ്ങൾ പാടി ഇടയ്കയുടെയും, ചേങ്ങിലയുടെയും ശ്രവണസുന്ദര ശബ്ദം കൊണ്ട് മാരാർ ഈശ്വരനെ സേവിക്കുന്നു. ക്ഷേത്ര അടിയന്തിര വദ്യങ്ങളില് "ഏറ്റവും ശുദ്ധിയുള്ള ഒരേ ഒരു വാദ്യം" എന്ന പ്രത്യേകതകൊണ്ടാവാം ഉൽസവബലി, കലശം എന്നിവയുടെ താന്ത്രിക ചടങ്ങുകൾക്ക് അവസാനം മാരാർ ദക്ഷിണ വാങ്ങുന്നത് ചേങ്ങിലയിൽ ആണ്.
No comments:
Post a Comment